ADVERTISEMENT

പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും ഹൃദയം കീഴടക്കുന്നതാണ്. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചു. കൊറോണക്കാലം ആയതിനാൽ മിക്കവരും യാത്രയ്ക്കായി ഏറ്റവും അടുത്തുള്ള ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധനേടിയിരിക്കുകയാണ് മീനുളിയാൻപാറ.തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. സമുദ്രനിരപ്പിൽ നിന്നു 3500 അടിയോളം ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഏറ്റവും മുകളിലായി 2 ഏക്കറോളം  വനമേഖലയാണ്.

 

പച്ചവിരിച്ച മരങ്ങളും ചെറിയ അരുവികളുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നത്. പാറമുകളിൽ നിന്നാൽ മൂന്നാർ മേഖല, അടിമാലി, മലയാറ്റൂർ പള്ളി എന്നീ പ്രദേശങ്ങൾ കാണാൻ സാധിക്കും. ഈ പാറയുടെ അടിഭാഗത്തിലൂടെ ലോവർപെരിയാർ പവർഹൗസ് പദ്ധതിയുടെ ടണൽ പോയിട്ടുണ്ട്. ഏകദേശം 16 കിലോമീറ്ററോളമുണ്ട് ടണൽ. സാഹസിക സഞ്ചാരികളുടെയും ഇഷ്ടയിടമാണ് ഇവിടം. ഏത് കാലാവസ്ഥയിലും ഇവിടം സന്ദർശിക്കാം. മല കയറുന്നതും എളുപ്പമാണ്. സാഹസിക വിനോദസഞ്ചാരത്തിന് കൂടുതൽ സൗന്ദര്യം പകരുന്നതിനാൽ മൺസൂൺക്കാലം ഈ സ്ഥലം സന്ദർശിക്കുന്നതാണ് ഉചിതം. സുന്ദരകാഴ്ചകൾ ആസ്വദിക്കാം.

 

വിദേശ ടൂറിസ്റ്റുകൾ ഒട്ടേറെ പേർ ഇവിടെ എത്തിച്ചേരാറുണ്ട്. ഇൗ സ്ഥലത്തിന്റെ പേരിനു പിന്നിൽ നിരവധി കഥകളുമുണ്ട്. മീനുളിയാൻ പാറ പഞ്ചപാണ്ഡവന്മാർ ഒളിച്ച് താമസിച്ച സ്ഥലമാണെന്നാണ് ഐതിഹ്യം. പെരിയാറിൽ നിന്ന് മീൻ ഒഴുകി വന്ന സ്ഥലം എന്നും പറയപ്പെടുന്നു. മീനുളിയാൻ പാറയിൽ മുനിയറകളുടെ അവശിഷ്ടങ്ങളും ചരിത്ര പ്രാധാന്യമർഹിക്കുന്നു. മഴയുള്ള ദിവസങ്ങളിൽ മൂടൽമഞ്ഞിൽ പൊതിയുന്ന ഇവിടം കാഴ്ചയിൽ മനോഹരിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com