ADVERTISEMENT

നിങ്ങളുടെ സുഹൃത്തുക്കളെ കാണിക്കൂ, നിങ്ങളാരെന്നു ഞാൻ പറയാം- ഇതൊരു ചൊല്ലാണ്. വയനാട് തലപ്പുഴയിൽ കുന്നിൻചെരുവിലെ ഏകാന്തമായ ആ വീടിനെപ്പറ്റിയും പറയാം. വീടിന്റെ ചുറ്റുപാട് കാണിക്കാം, വീടിനെപ്പറ്റി നിങ്ങൾ പറയും ഉഗ്രൻ എന്ന്. 

Nature-Inn-Homestay-Wayanad7

പൊയിൽ എന്ന കാർഷികഗ്രാമത്തിലൂടെ, അരുവിയുടെ ഓരം ചേർന്ന് സഞ്ചരിച്ചാണ് കുന്നിൻചെരുവിലെ  നേച്ചർ ഇൻ വീട്ടിലെത്തേണ്ടത്. സഹായിയായ ജയിംസേട്ടന്റെ വീടിനു മുന്നിൽ വാഹനം പാർക്ക് ചെയ്യാം. പിന്നെ മുകളിലേക്ക് ചെങ്കൽ വെട്ടിയ ചെറു ‘ചുരം’. നടന്നു കയറാം എന്നു പറഞ്ഞപ്പോൾ കൂടെവന്ന സുഹൃത്ത് തന്റെ ക്വാളിസിനെ മുകളിലേക്ക് ഓടിച്ചു കയറ്റി. അമ്പട കേമാ, ക്വാളിസ് കുട്ടാ എന്ന് ജയിംസേട്ടന്റെ അഭിനന്ദനം.

Nature-Inn-Homestay-Wayanad4

ചെങ്കൽച്ചുമരുള്ള, മേൽക്കുര ഓടിച്ച് ഉള്ളിൽ ടൈൽ പതിപ്പിച്ച വീട്. രണ്ടു ബെഡ്റൂം. അത്യാധുനിക സൗകര്യങ്ങൾ. പിന്നിലേക്കു നടന്നാലോ… 

വനംവകുപ്പിന്റെ ‘ജണ്ട’-അഥവാ അതിർത്തിക്കല്ല്. ആ കാട് അങ്ങു കൊട്ടിയൂർ വരെ വ്യാപിച്ചുകിടക്കുന്നു എന്ന് ഗൂഗിൾ മാപ് കാണിച്ചുതന്നു. 

Nature-Inn-Homestay-Wayanad11

ഇനി ചുറ്റിനുമുള്ള കാഴ്ചകൾ കാണാം. ആന്റി ക്ലോക്ക് വൈസ് ആയി ക്യാമറ തിരിക്കാം. വീടിന്റെ വലതുവശത്ത് കാട് പാടശേഖരങ്ങളിലേക്ക് ഇറങ്ങിക്കിടപ്പുണ്ട്. മുകളിൽ മഞ്ഞ്. അതിനപ്പുറം നീലമലകളുടെ തലപ്പുകൾ കാണാം.

Nature-Inn-Homestay-Wayanad2

പാടത്തിനോടു ചേർന്ന ഒരു ചെറുമലയിലേക്കാണ് കാടിന്റെ തുടർച്ച കയറിച്ചെല്ലുന്നത്. മുൻപ് അവിടെ തേയിലക്കാടായിരുന്നു എന്ന് ജയിംസേട്ടൻ പറയുന്നു. ആ മലയിറങ്ങിയാൽ പച്ചപ്പാടങ്ങൾ.

Nature-Inn-Homestay-Wayanad6

പിന്നെയും ഇടത്തോട്ട് നീങ്ങിയാൽ വീടുകളും പൊയിൽ എന്ന ഗ്രാമവും. അവിടവിടെയായി വീടുകളുണ്ട്.  അതിനപ്പുറം വയനാടിന്റെ വാഗമൺ എന്നു പ്രസിദ്ധമായ മുനീശ്വരൻകുന്ന് അഥവാ മുനീശ്വരമുടി.  കഷണ്ടിപിടിച്ചതുപോലെയുള്ള മലമണ്ട. താഴെ സമൃദ്ധമായ മുടിപോലെ ചോലക്കാടുകൾ. ആ കുന്നിന്റെ തുടർച്ചയായി ഇടത്തോട്ട് മക്കിമലയുടെ ചെറുതലപ്പ് മരങ്ങൾക്കിടയിലൂടെ കാണാം. കാട്ടുപോത്തുകൾ മേയുന്നത് ഇവിടെയിരുന്നു കണ്ടിട്ടുണ്ട് എന്ന് ജയിംസേട്ടന്റെ സാക്ഷ്യം. 

Nature-Inn-Homestay-Wayanad3

മക്കിമലയുടെ കാഴ്ചയിൽനിന്നു താഴേക്കിറങ്ങിയാൽ ചെറിയൊരു തേയിലത്തോട്ടം. പിന്നെ നമ്മുടെ അതിർത്തിയായ കാട്. 

Nature-Inn-Homestay-Wayanad33

ഇത്രയുമാണ് വീടിന്റെ ചങ്ങാതിമാർ. അഥവാ ചുറ്റുപാട്. ഏകാന്തത, വന്യത എന്നിവ സുരക്ഷിതത്വത്തോടെ ആസ്വദിക്കാൻ നാച്വർ ഇൻ നല്ലതാണ്. രണ്ടുകുടുംബത്തിന് ലാവിഷ് ആയി താമസിക്കാം. തൊട്ടുതാഴെ താമസിക്കുന്ന ജയിംസേട്ടൻ തയാറാക്കുന്ന ആഹാരം രുചികരമാണെന്നു പറയാതെ വയ്യ. അവിടെത്തന്നെ കൃഷി ചെയ്തു തയാറാക്കിയ ഉണക്കക്കപ്പകൊണ്ടുള്ള വിഭവമായിരുന്നു ഞങ്ങൾക്കു നൽകിയത്. തേങ്ങയരച്ച മീൻകറിയും ആ കപ്പയും ആരുടെ നാവിലും ഏറെക്കാലം തങ്ങിനിൽക്കും. 

Nature-Inn-Homestay-Wayanad

രാത്രി, പൂമുഖത്തിരുന്നാൽ മഞ്ഞ് നിങ്ങളെ പൊതിഞ്ഞുപിടിക്കും. നിശാശലഭങ്ങൾ വെളിച്ചമന്വേഷിച്ച് വീടണയുന്നുണ്ട്. അവയുടെ എത്രയോ വിഭാഗം പറന്നുവന്ന് വീട്ടിലിരുന്നു. റാന്തൽ അണയ്ക്കുന്നതുപോലെ താഴ്‌‌‌വാരത്തിലെ വീടുകളിലെ വെട്ടം കെടുമ്പോൾ, മഞ്ഞ് ശബ്ദമില്ലാത്ത പട്ടാളം പോലെ വളഞ്ഞിട്ട് ആക്രമിക്കാനായി മുകളിലേക്കു കയറി വരുമ്പോൾ, ഒരു കാവൽഗോപുരം പോലെയുള്ള ആ കുന്നിൻമുകളിലെ പൂമുഖത്ത് ചങ്ങാതികളുമായി സംസാരിച്ചിരിക്കുക അവിസ്മരണീയമായ അനുഭവമാണ്. 

Nature-Inn-Homestay-Wayanad10

രാവിലെ ക്വാളിസ് തിരിച്ചിറക്കി. അരുവിയിലൊന്നു നീരാടി മുനീശ്വരമുടിയിലേക്കു പോകാം. 

Nature-Inn-Homestay-Wayanad8

സ്ഥലം-മാനന്തവാടിയ്ക്കടുത്ത് തലപ്പുഴ. 

റൂട്ട്-

മാനന്തവാടി- തലശ്ശേരി റോഡിൽ തലപ്പുഴയിൽനിന്നു തിരിഞ്ഞ് തവിഞ്ഞാൽ ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് മുന്നോട്ടുപോകുക. പൊയിൽ എന്ന ഗ്രാമത്തിലാണ് നേച്ചർ ഇൻ വീട്. 

ആഹാരം- 

വാങ്ങുകയാണെങ്കിൽ തലപ്പുഴയിലെ ഹോട്ടലുകൾ നല്ലതാണ്. നല്ല ഊണും മീൻകറിയും ബഷീറിക്കാന്റെ സിറ്റി മെസ് എന്ന ചെറിയ ഹോട്ടലിൽനിന്നു കഴിക്കാം. ഇലയിൽ മനസ്സുനിറയെ വിളമ്പിത്തരാൻ ഖദീജുമ്മയുണ്ട്.  നേച്ചർ ഇൻ വീട്ടിൽവച്ചു കഴിക്കാനാണെങ്കിൽ ജയിംസേട്ടനോട് മുൻകൂട്ടി പറഞ്ഞാൽ മതി. 

കൂടുതൽ വിവരങ്ങൾക്ക് -9747606780

English Summary: Nature Inn Homestay Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com