തിരുവനന്തപുരത്ത് വേളിക്ക് ഇനി കായൽ സൗന്ദര്യം കൂടാതെ കുട്ടിത്തീവണ്ടിയുടെയും ആകർഷണീയത. 20–ാം തീയതി മുതൽ തീവണ്ടി ഓടിക്കാനാണ് തീരുമാനം. 50 രൂപയായിരിക്കും നിരക്ക്. കുട്ടികൾക്ക് ഇളവുണ്ടാകും. കുട്ടിത്തീവണ്ടിയുടേയും അർബൻ ആൻഡ് ഇക്കോ പാർക്കിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാർക്കും ഇരുപതിനാണ് തുറക്കുക. ആദ്യകാല തീവണ്ടിയുടെ മാതൃകയിലാണ് കുട്ടിത്തീവണ്ടി. ആവി എൻജിനും കൃത്രിമ പുകയും ശബ്ദവും പ്രത്യേകതയാണ്. 40 മിനിട്ട് പാർക്കിന്റെ ഉൾപ്രദേശങ്ങളിലൂടെ 1.6 കിലോമീറ്റർ സഞ്ചരിക്കാം.
2 ജീവനക്കാരടക്കം 48 പേർക്കു സഞ്ചരിക്കാം. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ട്രെയിൻ പുറപ്പെടുന്ന സ്ഥലത്താണ് ടിക്കറ്റ് കൗണ്ടർ. പുരാതന രീതിയിലുള്ള 2 മിനി റെയിൽവേ സ്റ്റേഷനും പണിതിട്ടുണ്ട്. തുരങ്കവും കുളവും ലെവൽ ക്രോസിങ്ങും ഒരു വലിയ പാലവും 2 ചെറു പാലങ്ങളും സിഗ്നൽ സംവിധാനവും വോക്ക് വേകളുമുണ്ട്. റെയിൽവേക്കു വേണ്ടി നാരോ ഗേജ് എൻജിനുകൾ നിർമ്മിക്കുന്ന ബംഗ്ളൂരുവിലെ സാൻ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടീവ്സ് ആണു ട്രെയിൻ നിർമിച്ചത്. 9 കോടിയുടെ പദ്ധതി ടൂർ ഫെഡ്, ക്വയിലോൺ മിനിയേച്ചർ റയിൽവേ എന്നിവരുടെ സഹകരണത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രേക്ടേഴ്സ് സൊസൈറ്റിയാണ് നിർമിച്ചത്.
വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിലവിലുള്ള പാർക്ക്, നടപ്പാത, ഫ്ലോട്ടിങ് റസ്റ്ററന്റ്, പവലിയനുകൾ, ശിൽപങ്ങൾ എന്നിവ നവീകരിച്ചാണ് 4.99 കോടി രൂപ മുടക്കി വേളി അർബൻ പാർക്ക് തയാറാക്കിയത്. ജലാശയത്തിൽ നിർമ്മിച്ച 250 പേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റർ പ്രത്യേക ആകർഷണമാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എംഎൽഎ, മേയർ കെ.ശ്രീകുമാർ എന്നിവരും പങ്കെടുത്തു.