കൊച്ചിയിൽ ഇങ്ങനെയൊരു ബീച്ചോ? ഫോട്ടോഗ്രാഫർമാർ ഇൗ സ്ഥലം കണ്ടാൽ വിടില്ല

valappu-beach
SHARE

പച്ചപ്പു നിറഞ്ഞ കടലോരമാണ് വളപ്പ് ബീച്ചിന്റേത്. വളപ്പ് എന്നാൽ സ്ഥലം, പറമ്പ് എന്നൊക്കെയാണ് അർഥം. കടലിനോടു ചേർന്ന് ചെറുകാറ്റാടിക്കാടും തലപോയ മരങ്ങൾ ധ്യാനിച്ചുനിൽക്കുന്ന ഒരു മിനിയേച്ചർ ‘തേക്കടി’ യുമൊക്കെയായി സഞ്ചാരികൾക്ക് നല്ല അനുഭവമാണ് വളപ്പ് ബീച്ച് നൽകുക. 

എറണാകുളം നഗരത്തിൽനിന്നു ബീച്ചിലേക്കു പോകാം എന്നു പറയുമ്പോൾ ആദ്യമെത്തുന്ന പേരായിരുന്നു ചെറായി.  ചെറായിയെക്കാളും സുന്ദരമായ കടലോരങ്ങളെ കടലമ്മ തന്നെ ജനങ്ങൾക്കു തന്നു. അവിടെയൊക്കെ ജനം സായാഹ്നമാസ്വദിക്കാനെത്തുകയും ചെയ്തു. 

valappu-beach4

എന്നാൽ വളപ്പ് ബീച്ച് അത്ര പ്രസിദ്ധിയാർജിച്ചില്ല. കാറ്റാടിമരങ്ങൾ കടലിനെ മറച്ചതാണോ എന്നറിയില്ലെന്ന് ഒരു നാട്ടുകാരൻ തമാശ പറഞ്ഞു. ശരിയാണ്. ബീച്ചിലേക്ക് എത്തുമ്പോൾ പഞ്ചസാര മണലിനെക്കാളും കാഴ്ചയൊരുക്കുന്നത് പച്ചപ്പാണ്. ബീച്ച്റോഡിനു കുറുകെ ഒരു ചെറു തടാകം.അതിനപ്പുറം വളർച്ചയെത്തിയില്ലാത്ത കാറ്റാടിമരങ്ങൾ. ഈ ചെറുതടാകം- അത്ര ആഴമുള്ളതല്ല. എന്നാൽ ഇറങ്ങാമെന്നു കരുതിയാലോ…. അക്കളി വേണ്ട…  ഇതു ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന് എരുമകൾ. പോത്തുകളും എരുമകളും  നീരാടുന്ന ആ ചെറുജലാശയമാണ് വളപ്പ് ബീച്ചിനെ വ്യത്യസ്തമാക്കുന്നത്.   

ഫൊട്ടോഗ്രഫർമാർക്കും നല്ലൊരു ടെലി ലെൻസ് കയ്യിലുള്ളവർക്കും  വളപ്പ് ബീച്ച് മികച്ച ഫ്രെയിമുകൾ നൽകും. കടലിനും ജലാശയത്തിനും ഇടയിലെ പൂഴിപ്പരപ്പിലെ ചെറുമരങ്ങളോടു ചേർന്നു മറഞ്ഞുനിന്നാൽ കിളികൾ നിങ്ങളുടെ അടുത്തേക്കു വരും. നീർകാക്കകളുടെ നീരാട്ട് പകർത്താം. നാട്ടുവേലിതത്തകളുടെ ചിറകുവിടർത്തൽ അധികം ആയാസമില്ലാതെതന്നെ ഫ്രെയിമിലാക്കാം. വെയിൽ മൂത്താൽ കാറ്റുപിടിക്കുന്ന ചെറുമരങ്ങളുടെ തണലിൽ അഭയം തേടാം. 

valappu-beach5

സായാഹ്നമായാൽ അതിസുന്ദരമായ കടലോരത്തു നടക്കാം. നാട്ടുകാർ മുന്നറിയിപ്പുനൽകുന്നത് അവഗണിക്കരുത്. കാരണം, മണൽത്തിട്ട കഴിഞ്ഞ് കടൽ താഴെയാണ്. ഒരേ ലെവൽ അല്ലതീരവും കടലും.  ആർത്തലച്ചുവരുന്ന തിരയിൽനിന്ന് ഓടിമറയാൻ പറ്റാതെ വരാറുണ്ട് സഞ്ചാരികൾക്ക്. കടലിൽ ഇറങ്ങുന്നതും സൂക്ഷിച്ചുവേണം. 

valappu-beach3

വളപ്പ് ബീച്ച് ഇറങ്ങിക്കുളിക്കാനുള്ളതല്ലെന്ന് വലക്കാർ മുന്നറിയിപ്പുനൽകി.  മറ്റെല്ലായിടത്തും കടലിനും കടലിനോടു ചേർന്ന ഭാഗത്തിനുമാണ് ഭംഗിയെങ്കിൽ വളപ്പ് ബീച്ചിൽ തീരത്തെ പച്ചപ്പിനാണ്.  അങ്ങനെ കാറ്റാടികൾക്കിടയിലൂടെ ചുറ്റിനടക്കാനെത്തുന്നവരാണ് കൂടുതലും. 

എങ്ങനെയെത്താം?

എറണാകുളം ഹൈക്കോടതി ജങ്ഷൻ- ഗോശ്രീ പാലങ്ങൾ- വൈപ്പിൻ ലൈറ്റ് ഹൗസ്- വളപ്പ് ബീച്ച് - 10 കിലോമീറ്റർ ദൂരം

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

കുടിവെള്ളം, ചെറിയ ആഹാരസാധനങ്ങൾ എന്നിവ പട്ടണത്തിൽനിന്നു വാങ്ങിക്കൊണ്ടുപോകണം. 

(പ്ലാസ്റ്റിക് മാലിന്യം നമ്മളായിട്ട് അവിടെ നിക്ഷേപിച്ചു പോരരുത്. ഇപ്പോൾത്തന്നെ ആവശ്യത്തിനുണ്ട് തീരത്ത്)

സന്ധ്യമയങ്ങിയാൽ പിന്നെ വളപ്പ് ബീച്ചിൽ സമയം ചെലവിടരുത്.

നാട്ടുകാരുടെ ഉപദേശം അനുസരിക്കുക. ആ പരിസരം സഞ്ചാരികളെക്കാൾ അവർക്ക് അറിയാമെന്നതു തന്നെ കാരണം.

ചെറു ജലാശയത്തിൽ ഇറങ്ങരുത്. കെട്ടിക്കിടക്കുന്നതാണ്. പോരാത്തതിന് ചാണകം നിറഞ്ഞതുമാണ് (കൂടെ വന്നവരുടെ അനുഭവത്തിൽനിന്നു പറയുന്നതാണ്).

English Summary: Valappu Beach Ernakulam, photographer's paradise

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA