പീരുമേട്ടില്‍ മഞ്ഞും മഴയും മാത്രമല്ല; മദാമ്മക്കുളവും ടഗോര്‍ തലയുള്ള മലയും

parunthumpara
SHARE

നീലാകാശത്തിനടിയില്‍ മൂടല്‍മഞ്ഞിനിടയിലൂടെ മലഞ്ചെരിവുകളില്‍ തട്ടുതട്ടായി നട്ട കാപ്പിച്ചെടികളും തേയിലത്തോട്ടങ്ങളും ഏലക്കാടുകളുമെല്ലാം കാഴ്ചയുടെ വസന്തം തീര്‍ക്കുന്നു. നാസാരന്ധ്രങ്ങളിലൂടെ ഇക്കിളി കൂട്ടിക്കൊണ്ട് അകത്തേക്ക് അരിച്ചു കയറി രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന, സുഗന്ധവ്യഞ്ജനങ്ങളുടെ നാനാവിധ മണങ്ങള്‍. മഞ്ഞും മഴയും വിത്തുകളായി പതുങ്ങിയിരിക്കുന്ന തണുത്ത കാറ്റില്‍ രോമകൂപങ്ങള്‍ക്കുള്ളിലേക്ക് പതിയെ നനവോടെ പടര്‍ന്നിറങ്ങുന്ന ശാന്തത. ചെവിയിലാകട്ടെ, തുള്ളിച്ചാടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെ കളനാദം... പഞ്ചേന്ദ്രിയങ്ങളെ ഉത്സവത്തിലാറാടിക്കുന്ന പീരുമേട് എന്ന സുന്ദരിയെക്കുറിച്ച് എത്ര വര്‍ണ്ണിച്ചാലും തീരില്ല.

vagamon

ഇടുക്കി ജില്ലയില്‍ തേക്കടിക്ക് പോകുന്ന വഴിയിലാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട പീരുമേട്. കൊല്ലം -തേനി ദേശീയ പാതയില്‍, കോട്ടയത്തുനിന്ന് ഏകദേശം 7 5കി.മി. ദൂരത്തിലാണിത്. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള താലൂക്ക് എന്ന ഖ്യാതി കൂടിയുള്ള പീരുമേട്ടില്‍ സുഖകരമായ കാലാവസ്ഥയ്ക്കു പുറമേ മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും പുൽമേടുകളും നിരനിരയായി നില്‍ക്കുന്ന പൈൻ മരങ്ങളുമെല്ലാമുണ്ട്.

tagore-rock-parunthumpara

പ്രകൃതിസൗന്ദര്യം ആവോളം നിറഞ്ഞൊഴുകുന്ന പീരുമേട്ടില്‍ തികച്ചും രാജകീയമായ ഒരു അവധിക്കാലമാണ്‌ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ പ്രദേശത്തെ ചില പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍ ഇതാ.

panchalimedu


പാഞ്ചാലിമേട്

ശബരിമലയില്‍ തെളിയുന്ന മകരജ്യോതി ഇവിടെനിന്നു നോക്കിയാല്‍ വ്യക്തമായി കാണാം. എല്ലാ വര്‍ഷവും അതിനായി നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്. കോട്ടയത്തുനിന്നു വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴി ഇവിടെ എത്തിച്ചേരാം. സൂര്യോദയവും അസ്തമയവുമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍.

കുട്ടിക്കാനം സമ്മര്‍ പാലസ്

തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരമാണ് കുട്ടിക്കാനം സമ്മർ പാലസ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. ടാറ്റാ ടീ, ചിനാര്‍ എസ്റ്റേറ്റ് തുടങ്ങി പ്രമുഖ കമ്പനികളുടെ ടീ എസ്റ്റേറ്റുകള്‍ റോഡിനിരുഭാഗത്തുമായി കാണാം. പീരുമേട് എന്ന പേരിന് നിദാനമായ പീർ മുഹമ്മദ് എന്ന സൂഫി സന്യാസിയുടെ ശവകുടീരവും ദിവാന്‍റെ വസതിയും ഇവിടെയുണ്ട്. അറിയപ്പെടാത്ത രഹസ്യം, താവളം, പൈലറ്റ്, ഇന്ദ്രിയം, പാളയം, കാർബൺ തുടങ്ങി നിരവധി മലയാളം, തമിഴ് സിനിമകള്‍ ചിത്രീകരിച്ചതും ഈ കൊട്ടാരത്തിലാണ്.

പരുന്തുംപാറ

parunthumpara

പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് പ്രകൃതി രമണീയമായ പരുന്തുംപാറ ഗ്രാമം. മറ്റേതു വിനോദസഞ്ചാരകേന്ദ്രത്തോടും കിടപിടിക്കുന്ന മനോഹാരിതയുള്ള ഈ ഗ്രാമം, വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.

madammakkulam-waterfalls.jpg.image.845.440

മഹാകവി രവീന്ദ്രനാഥ ടഗോറിന്‍റെ തലയുമായി അദ്ഭുതകരമായ സാമ്യമുള്ള ‘ടഗോർ പാറ’യും നാലുപാടും കാണാവുന്ന മഞ്ഞുമൂടിയ മലനിരകളുമെല്ലാം സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. മോഹന്‍ലാല്‍ നായകനായ  ഭ്രമരം എന്ന സിനിമയുടെ ചില പ്രധാന ഭാഗങ്ങൾ ഇവിടെയാണ്‌ ചിത്രീകരിച്ചത്.

മദാമ്മക്കുളം

കുട്ടിക്കാനത്തുനിന്നു കട്ടപ്പന റൂട്ടിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ മദാമ്മക്കുളത്തിലേക്കുള്ള യാത്രയുടെ തുടക്കമായി. പിന്നെ മൺപാതയിലൂടെ ഓഫ്റോഡ് റൈഡ് നടത്തിയാല്‍ മലയിടുക്കുകൾക്കിടയിലൂടെ ഒഴുകി താഴേക്കു പതിക്കുന്ന മദാമ്മക്കുളത്തിനടുത്തെത്താം. ജീപ്പിലുള്ള ഓഫ് റോഡ് യാത്രയ്ക്ക് ഏറെ മികച്ച സ്ഥലമാണ് ഇവിടം. ബ്രിട്ടിഷ് ഭരണകാലത്ത് മാഡം റോബിൻസൺ എന്ന ഒരു ബ്രിട്ടിഷ് സ്ത്രീ കുളിക്കാന്‍ വന്നിരുന്ന കുളമായതിനാലാണ് ആ പേര് ലഭിച്ചത്.

അമൃതമേട്

കുരിശുമല എന്നും പേരുള്ള അമൃതമേട് ട്രെക്കിങ് നടത്താന്‍ ഏറെ അനുയോജ്യമായ സ്ഥലമാണ്. മാത്രമല്ല, ഒരു തീർഥാടന കേന്ദ്രവും കൂടിയാണ് ഇവിടം. ഈസ്റ്റർ സമയത്ത് യേശുക്രിസ്തുവിന്‍റെ അന്ത്യയാത്രയുടെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന കുരിശേന്തിയുള്ള കാല്‍നടയാത്രക്കായി നിരവധിപ്പേര്‍ ഇവിടെയെത്തുന്നു. ഏറ്റവും മുകളിലെത്തിയാല്‍ സ്വര്‍ഗ്ഗീയമായ കാഴ്ചകളും അനുഭൂതിയുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണിത്.

English Sumary: Places To Visit In Peermade

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA