മലയാളം, തെലുങ്ക്, തമിഴ്... ദൃശ്യത്തിന്റെ മൂന്നു പതിപ്പുകളും ചിത്രീകരിച്ച കയ്‌പ്പക്കവല

Kaypakavala-Drishyam
SHARE


ഞാനും എന്‍റെ സുഹൃത്തും സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളുടെ സംഭാഷണങ്ങളാവട്ടെ, സിനിമകളെയും ഞങ്ങൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെയും ചുറ്റിപ്പറ്റിയും. അത്തരമൊരു സംഭാഷണത്തിനിടയിലാണ് മലയാള ചലച്ചിത്രമായ ‘ദൃശ്യ’ത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ച ‘കയ്‌പ്പക്കവല’ എന്ന പേര് ഉയര്‍ന്നു വരുന്നത്.

Kaypakavala-Celluloid-Fame-Drishyam1

'നിനക്കറിയാമോ' ഞാൻ പ്രതീക്ഷയോടെ നോക്കിയപ്പോൾ അദ്ദേഹം തുടര്‍ന്നു, 'മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്നു പതിപ്പുകളും അവിടെയാണ് ചിത്രീകരിച്ചത്, ഇത് കയ്‌പ്പക്കവലയെ ജനപ്രിയമാക്കി'. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കയ്പ്പക്കവലയിലേക്കുള്ള മഴ നനഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു ഞങ്ങള്‍. എങ്ങും മഴ പെയ്തുണ്ടായ പച്ചപ്പ്‌ കാണാം. റോഡിന്‍റെ ഒരു വശത്ത് ഉയരമുള്ള റബ്ബർ മരങ്ങളും മറുവശത്ത് മലങ്കര ഡാമുമാണ്. മരങ്ങൾക്കപ്പുറത്ത് മൂടൽ മഞ്ഞ് വിരിച്ച കുന്നുകള്‍.

Kaypakavala-Celluloid-Fame-Drishyam

മുട്ടത്തെ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളേജ് കഴിഞ്ഞ് മലങ്കര റിസർവോയറിന്‍റെ അറ്റത്ത് കൂടി ഞങ്ങൾ കയ്പ്പക്കവലയിൽ എത്തി.

kaypakavala

കവല എന്നു പറഞ്ഞാല്‍ ജംഗ്ഷൻ എന്നാണര്‍ത്ഥം. അപ്പോള്‍ എന്‍റെ കണ്മുന്നില്‍ കണ്ടത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു. സിനിമയിൽ, ഈ സ്ഥലം ‘രാജാക്കാട്’ എന്ന പേരില്‍ ഒരു പോലീസ് സ്റ്റേഷനും ഒരു ചെറിയ ടീഷോപ്പും മറ്റു രണ്ടു ഷോപ്പുകളും ഉള്ള ഒരു ചെറിയ ജംഗ്ഷനായിട്ടാണ് കാണിക്കുന്നത്. എന്നാല്‍ യാഥാർത്ഥ്യം അതിൽ നിന്ന് വളരെ അകലെയായിരുന്നു. നാലു റോഡുകൾ കൂട്ടിമുട്ടുന്ന ഈ ജംഗ്ഷനിൽ ഉണ്ടായിരുന്ന വെറും രണ്ടു കെട്ടിടങ്ങളും താൽക്കാലിക മരക്കുടിലുകളും ഒരു കടയും അടച്ചിട്ടിരുന്നു.

മൂന്നു പതിപ്പുകളിലും കാണിക്കുന്ന, നായകന്‍റെ ഉടമസ്ഥതയിലുള്ള 'കേബിൾ ടിവി ഷോപ്പാ'യി സിനിമാ നിർമ്മാതാക്കൾ മാറ്റിയെടുത്തത് ഈ കെട്ടിടമാണ്, "എന്‍റെ സുഹൃത്ത് പറഞ്ഞു. ചായക്കടയും പോലീസ് സ്റ്റേഷനും സെറ്റിട്ടതായിരുന്നു. ഒറ്റരാത്രികൊണ്ട് പ്രദേശം മുഴുവനും സിനിമാ പ്രവർത്തനങ്ങള്‍ നിറഞ്ഞ ഒരു ചെറിയ പട്ടണമായി രൂപാന്തരപ്പെട്ടത് ഒരു തവണയല്ല, മൂന്നു തവണയായിരുന്നു. സുഹൃത്ത് തുടര്‍ന്നു.

ആ പച്ചപ്പിലൂടെ മലങ്കര റിസർവോയറിനടുത്തേക്ക് ഞങ്ങള്‍ അൽപം നടന്നു. മൂന്നു പതിപ്പുകളുടെയും അവസാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. ദൂരെയായി മൂടൽമഞ്ഞു നിറഞ്ഞ കുന്നുകൾ മനോഹരമായി കാണപ്പെട്ടു. കറുത്ത സ്ലേറ്റില്‍ ഏതോ വികൃതിക്കുട്ടി വരച്ച വെള്ളവര പോലെ കുന്നിൻ മുകളിലൂടെ ഒഴുകുന്ന ഒരു വെള്ളച്ചാട്ടം കണ്ടു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയൊക്കെ ആയപ്പോള്‍ ചീവീടുകളുടെയും പക്ഷികളുടെയും ശബ്ദം മാത്രമേ അവിടെ ഞങ്ങള്‍ കേട്ടുള്ളൂ. പച്ച നിറമുള്ള പുല്‍ക്കൊടികള്‍ മഴ വീണു കുതിര്‍ന്നിരുന്നു. റോഡിൽ വാഹനങ്ങളുടെ ശബ്ദമുണ്ടായിരുന്നില്ല. ഒരു മനുഷ്യനെപ്പോലും കാണാനില്ല. ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാൻ പോലും തോന്നാത്തവിധം ശാന്തമായിരുന്നു അവിടം.

അവിടെ നില്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലൂടെ ആ സിനിമാ രംഗങ്ങൾ അനേകം തവണ വീണ്ടും വീണ്ടും കടന്നുപോയി, ചുറ്റുമുള്ള നിശബ്ദമായ ഹരിതാഭയില്‍ കണ്ണുകൾ ശാന്തമായി വിശ്രമിച്ചു. അപ്പോഴേക്കും തിരിച്ചു പോകാനുള്ള സമയമായി. തിരിച്ചുപോകുന്ന വഴിയില്‍ ഒരു വാൻ മാത്രമാണ് ഞങ്ങള്‍ കണ്ടത്. അതിശയകരമെന്നു പറയട്ടെ, 'അന്വേഷണാത്മകത കൂടുതലുള്ള' വൃദ്ധന്മാരെയൊന്നും എവിടെയും കണ്ടില്ല. അവരൊക്കെ ചിലപ്പോള്‍ ഉച്ചമയക്കത്തിലായിരുന്നിരിക്കാം.

ഒരിക്കല്‍ അവിടെ ഞങ്ങള്‍ വീണ്ടും പോകും.

കയ്പ്പക്കവലയിലെത്താന്‍

തൊടുപുഴ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കയ്പ്പക്കവല. കയ്പ്പക്കവലയിൽ എത്താൻ നിങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടാവേണ്ടത് ആവശ്യമാണ്.

മറ്റു വിവരങ്ങള്‍

ഈ പ്രദേശത്ത് കടകളൊന്നുമില്ല. മനോഹരവും ശാന്തവുമായ ഒരു ചെറിയ ജംഗ്ഷൻ മാത്രമാണ് ഇത്. പിക്നികിനായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലം ആണെങ്കിലും പരിസരം മലിനപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക.

English Summary: Kaypakavala Celluloid Fame Drishyam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA