ADVERTISEMENT

ഇതൊരു റിമൈൻഡർ ആണെന്നു കരുതിയാൽ മതി. മുൻപു നമ്മൾ നിർബാധം സഞ്ചരിച്ച വഴികളിലൊന്നിലൂടെ വീണ്ടുമൊരു യാത്ര.  ബൈക്കിനുമുണ്ടാകില്ലേ ആഗ്രഹങ്ങൾ എന്ന ചിന്തയാണ് ഈ റൂട്ട് തിരഞ്ഞെടുക്കാൻ കാരണം. എറണാകുളത്തുനിന്ന് ചാലക്കുടി വരെ ഹൈവേയിലൂടെ… പിന്നെ അതിരപ്പിള്ളിയിലേക്ക്. ചാലക്കുടി കഴിഞ്ഞാൽ പിന്നെ റബറൈസ്ഡ് റോഡിലൂടെ ചാഞ്ഞും ചെരിഞ്ഞും വണ്ടിയോടിക്കാമെന്നു നിങ്ങൾക്കറിയാം.

ezhattumugham-trip6

ഇപ്പോൾ തിരക്കു കുറവാണ്. അതുകൊണ്ടുതന്നെ ഇത്രനാൾ കൂട്ടിലകപ്പെട്ടതുപോലെ കിടന്നിരുന്ന ബൈക്കിന് ശാപമോക്ഷം കിട്ടിയ മട്ടായിരുന്നു. അതിരാവിലെ ഈ വഴി വരുമ്പോൾ സൂര്യൻ മരത്തലപ്പുകളിലൂടെ ഒളിഞ്ഞുനോക്കുന്നതു കാണാം. അതിസുന്ദരമാണ് ഈ വഴിതന്നെ.  വലതുവശത്ത് ചാലക്കുടിപ്പുഴ പരന്നൊഴുകുന്നുണ്ട്. അതിനിപ്പുറവും അപ്പുറവും എണ്ണപ്പനത്തോട്ടമാണ്.

ezhattumugham-trip5

അതിരപ്പിള്ളിയിലേക്ക് ഇപ്പോൾ സന്ദർശകരെ കടത്തിവിടുന്നില്ല. അതുകൊണ്ടുതന്നെ ബൈക്കേഴ്സ് തൊട്ടുപിന്നിലെ വ്യൂപോയിന്റിൽ നിർത്തി കാഴ്ചകൾ പകർത്തുന്നുണ്ടായിരുന്നു. തിരികെ ഏഴാറ്റുമുഖം വഴി പിടിച്ചു.

ezhattumugham-trip3

ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ട്. അതിസുന്ദരമായ കാഴ്ചകളാണ് പാലത്തിനിപ്പുറവും അപ്പുറവും നദിയുടേത്.

മുകളിൽ ചങ്ങാടത്തിൽമീൻപിടിക്കാൻ പോകുന്ന നാട്ടുകാർ. താഴെ എണ്ണപ്പനത്തോട്ടത്തിനരികിലൂടെ പരന്നൊഴുകുന്ന നീലജലം. ഇവിടെയൊരു കുളിയാകാം. ആൾക്കാർ കൂടുന്നതു ശ്രദ്ധിക്കണം. പലപ്പോഴും പൊലീസ് വന്ന് ആൾക്കാരെ ഓടിക്കാറുണ്ട് എന്നു നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

ezhattumugham-trip4

എണ്ണപ്പനത്തോട്ടത്തിലൂടെയാണ് നാം ഏഴാറ്റുമുഖത്തേക്കു പോകുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലൂള്ള തോട്ടത്തിലൂടെയുള്ള യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ ആനകളെ കാണും. ചെറിയ വഴിയാണ്. എണ്ണപ്പനകൾനിഴലുവിരിച്ചതിന്റെ കുളിർമയറിഞ്ഞു മെല്ലെ റൈഡ് ചെയ്യാം. വണ്ടിനിർത്തരുത് എന്നൊരു സൂചനാബോർഡ് എവിടെയോ കണ്ടു.

ചാലക്കുടിപ്പുഴയോടു സമാന്തരമായിട്ടാണ് നാം റൈഡ് ചെയ്യുക. പലയിടത്തും പലകാഴ്ചകളാണ് ഈ പുഴ നൽകുന്നത്. ചിലയിടത്തു കല്ലുകൾക്കിടയിലൂടെ നുരഞ്ഞുപതഞ്ഞൊഴുകുന്നു. താഴേക്കു പോകുമ്പോൾചില ദ്വീപുകൾ സൃഷ്ടിച്ചുകൊണ്ട് ആകാശത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ശാന്തമായി കിടക്കുന്നു…

തുമ്പൂർമുഴി ഡാമിലെ തൂക്കുപാലം സന്ദർശിക്കുന്നതും കോവിഡ് കാലം കഴിഞ്ഞുമതി. തൽക്കാലം നമുക്ക് വെറുതേ റൈഡ് ചെയ്തുപോകാം. അഞ്ചുകിലോമീറ്റർ ദൂരമുണ്ട് പ്ലാന്റേഷൻ അടങ്ങുന്ന ഈ അർധവനത്തിലൂടെയുള്ളയാത്ര. ചെക്ക്പോസ്റ്റ് കടന്നുകഴിഞ്ഞാൽ ഹോംസ്റ്റേകളുടെ ബോർഡുകൾ സഞ്ചാരികളെ കാത്തിരിപ്പുണ്ട്.

ezhattumugham-trip

ഇനി യാത്ര ജനവാസകേന്ദ്രങ്ങളിലൂടെയാണു യാത്ര. കനാലുകൾക്കരികു ചേർന്ന ചെറുവഴികൾ. നമ്മുടെ റൂട്ടിൽ അടുത്ത പോയിന്റ് മലയാറ്റൂർ. നീലത്തടാകത്തിനരികെ കുറച്ചുസമയം ചെലവിട്ടശേഷം മലയാറ്റൂർ മഹാഗണിത്തോട്ടവും അടച്ചിട്ടിട്ടുണ്ടായിരുന്നു.

അങ്ങോട്ടേക്കുള്ള വഴിയും ചെറിയൊരു കാനനപാതയുടെ ഫീൽ നൽകുന്നതാണ്. അടച്ചിട്ട ഗേറ്റുവരെ വണ്ടിയോടിച്ചാലും നഷ്ടമില്ല. കാരണം നമ്മൾ റൈഡ് ചെയ്യാൻ ഇറങ്ങിയതാണല്ലോ. കോടനാട്- പെരുമ്പാവൂർ വഴി പെരിയാറിന്റെ തീരങ്ങൾ കൂടി കണ്ടശേഷം തിരികെ എറണാകുളത്തേക്ക്. 

റൂട്ട്- എറണാകുളം- ചാലക്കുടി-അതിരപ്പിള്ളി-ഏഴാറ്റുമുഖം-മഞ്ഞപ്ര-മലയാറ്റൂർ-കോടനാട്-പെരുമ്പാവൂർ 

ആകെ ദൂരം 143 കിലോമീറ്റർ

ശ്രദ്ധിക്കേണ്ടത്- നദിയിൽ എല്ലായിടത്തും ഇറങ്ങരുത്.  ആൾക്കാർ കൂടുന്നിടത്തും സന്ദർശനം വേണ്ട. 

പ്ലാന്റേഷൻ റോഡിലൂടെ മാത്രം സഞ്ചരിക്കുക. അനധികൃതമായി എവിടെയും കയറാതിരിക്കുക.

ezhattumugham-trip2

അതിവേഗം അരുത്. പച്ചപ്പിലൂടെ ആസ്വദിച്ചു വണ്ടിയോടിക്കണമെന്നാഗ്രഹമുള്ളവർക്കും നഗരത്തിന്റെ ബഹളത്തിൽ നിന്നകന്ന റൂട്ട് വേണമെന്നുമുള്ളവർക്കാണ് ഈ പാത. 

English Summary: Most Scenic Bike Riding Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com