തുറക്കാത്ത ബീച്ചിലേക്ക് ഒഴുകിയെത്തി ജനങ്ങൾ, വടിയെടുത്ത് കളക്ടർ

kozhikode-beach
SHARE

പ്രവേശന അനുമതി നിഷേധിച്ചിട്ടും ഇന്നലെയും കോഴിക്കോട് കടപ്പുറത്തു ജനം ഒഴുകിയെത്തി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും നിരോധനാജ്ഞയും കാറ്റിൽപറത്തി ജനം നിറഞ്ഞപ്പോൾ നിയന്ത്രിക്കാനോ നടപടി എടുക്കാനോ പൊലീസോ മറ്റ് അധികാരികളോ തയാറായില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ നടപ്പാക്കുന്നതിൽ മറ്റു വകുപ്പുകൾ കാണിക്കുന്ന അലംഭാവത്തിന്റെ നേർക്കാഴ്ചയായി ബീച്ച് മാറി.

ഇന്നലെ ഉച്ച മുതൽ പ്രായമായവരും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ കടപ്പുറത്തെത്തി. പലരും കടലിൽ ഇറങ്ങി കുളിക്കുകയും കൂട്ടംകൂടി നിൽക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തവരും ബീച്ചിലുണ്ടായിരുന്നു. സ്ഥലത്തു പൊലീസ് ഉണ്ടായിരുന്നെങ്കിലും സന്ദർശകർക്കു നിർദേശം നൽകുകയോ നടപടി എടുക്കുകയോ ചെയ്തില്ല. വൈകിട്ട് മഴ പെയ്തതോടെ സന്ദർശകർ കുറഞ്ഞു. കഴിഞ്ഞ ദിവസം കാപ്പാട്, ബേപ്പൂർ ബീച്ചുകളിലാണു സന്ദർശകർക്ക് അനുമതി നൽകിയത്. അനുമതിയില്ലാത്ത കോഴിക്കോട് ബീച്ചിലും ജനങ്ങൾ എത്തിയിരുന്നു.

കോഴിക്കോട്, ബേപ്പൂർ ബീച്ചുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സന്ദർശകരെ വിലക്കി കലക്ടർ ഉത്തരവിറക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകൾ തുറന്നുകൊടുക്കാൻ നേരത്തെ കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നീട് കോഴിക്കോട് ബീച്ച് തുറക്കേണ്ടതില്ലെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി തീരുമാനിച്ചു.

എന്നാൽ, അതു വകവയ്ക്കാതെ വ്യാഴാഴ്ച കോഴിക്കോട് ബീച്ചിലും സന്ദർശകരെത്തി. കാപ്പാട്, ബേപ്പൂർ ബീച്ചുകളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ആളുകൾക്ക് പ്രവേശനം അനുവദിക്കാനായിരുന്നു നേരത്തെ കലക്ടർ ഉത്തരവിറക്കിയത്. ബേപ്പൂർ ബീച്ചിൽ അനുമതിയോടെയും കോഴിക്കോട് ബീച്ചിൽ അനുമതിയില്ലാതെയും വ്യാഴാഴ്ച ആയിരങ്ങളെത്തി.

കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കാതെ ആളുകൾ എത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്നു ബേപ്പൂർ സെക്ടറൽ മജിസ്ട്രേട്ടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണു കലക്ടർ പുതിയ ഉത്തരവിറക്കിയത്.

English Summary:  Tourists Flow in Kozhikode Beach

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA