ഇനി കുമരകത്ത് പോയാല്‍ ഒഴുകും കടയില്‍ നിന്ന് പിടയ്ക്കുന്ന പച്ചമീന്‍ വാങ്ങാം

Kumarakum-floating-fish
SHARE

കായലും കുളിരും കണ്ടല്‍ക്കാടുകളും കുഞ്ഞോളങ്ങളും കഥ പറയുന്ന കുമരകത്തേക്ക് അടുത്ത തവണ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും കാണേണ്ട ഒരു കാഴ്ച കൂടിയുണ്ട്. വേമ്പനാട്ടു കായലില്‍ സ്ഥാപിച്ച പുതിയ ഒഴുകുന്ന മീന്‍കട. കുമരകം കരിയില്‍ പാലത്തിനു സമീപമാണ് സഞ്ചാരികള്‍ക്ക് വിസ്മയമാകുന്ന ഈ കട ഉള്ളത്. കഴിഞ്ഞയാഴ്ചയാണ് കട തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

മടങ്ങിവരവിന്‍റെ പാതയില്‍ കുമരകം

കോവിഡ് മൂലം മാസങ്ങള്‍ നീണ്ട ലോക്ഡൗൺ കാലത്തിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ പന്ത്രണ്ടാം തീയതിയാണ് കേരളത്തില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പതിയെ പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് കുമരകം അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഒഴുകുന്ന മീന്‍കട പോലെയുള്ള കാഴ്ചകള്‍ മറ്റിടങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും കൗതുകം പകരുമെന്നാണ് കണക്കുകൂട്ടല്‍. ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ കുമരകത്ത് ഇപ്പോള്‍ സഞ്ചാരികളും വിവാഹഷൂട്ടുകളുമെല്ലാം ദിനം തോറും കൂടി വരുന്നുണ്ട്. അധികം വൈകാതെ തന്നെ നഷ്ടം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ ഉടമകളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുമായ ആളുകള്‍. 

ഇവരാണ് ആ മിടുക്കികള്‍

'ധനശ്രീ പച്ചമീന്‍ കട' എന്നാണ് ഈ ഒഴുകും കടയുടെ പേര്. കടല്‍, കായല്‍ മത്സ്യങ്ങള്‍ കൂടാതെ കോഴി, പോത്ത്, താറാവ് മുതലായവയും കടയില്‍ ലഭിക്കും. പൊങ്ങലക്കരി സ്വദേശികളായ ഞാവക്കാട്ടുചിറ വിനീതയും 18 - ൽച്ചിറ ശ്യാമയുമാണ് കടയുടെ ഉടമകള്‍. 

2018 ഡിസംബറിൽ അട്ടിപ്പിടികയിലായിരുന്നു ഇരുവരും മത്സ്യക്കച്ചവടം ആദ്യം തുടങ്ങിയത്. അന്ന് വിജയകരമായി വ്യാപാരം നടത്തിയതിന് പ്രോത്സാഹനമായി ലഭിച്ച പലിശ രഹിത വായ്പയായ ഒരു ലക്ഷം രൂപയാണ് പുതിയ കടയുടെ മുതൽ മുടക്ക്. വെള്ളത്തിനു മുകളില്‍ സ്ഥാപിച്ച കടയുടെ നിർമാണത്തിന് ഒന്നര ലക്ഷം രൂപയാണ് ചിലവു വന്നത്.

വനിതകള്‍ക്ക് മൂന്നുലക്ഷം വരെ ഗ്രാന്‍റ്

സംസ്ഥാന സര്‍ക്കാരിന്‍റെ തീരമൈത്രി പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ സംരംഭം. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍‌ നടപ്പാക്കിവരുന്ന പദ്ധതിയായ തീരമൈത്രി ചെറുകിട ബിസിനസ് സംരംഭങ്ങള്‍ വഴി സുസ്ഥിരവരുമാനം ഉറപ്പുനല്‍കുന്നു.

ഫിഷറീസ് വകുപ്പിന് കീഴില്‍  സൊസൈറ്റി ഫോര്‍  അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ അഥവാ 'സാഫി'ന്‍റെ കീഴില്‍ വനിതാക്കൂട്ടായ്മകള്‍ കെട്ടിപ്പടുത്താണ് തീരമൈത്രി പദ്ധതി നടപ്പാക്കുന്നത്. സുനാമിക്ക് പിന്നാലെ തീരദേശ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയതാണെങ്കിലും ഇതിന്‍റെ അപാരസാധ്യത മുന്നില്‍ക്കണ്ട് പദ്ധതിയുടെ മുഖംമിനുക്കിയെടുക്കുകയായിരുന്നു. പദ്ധതി പ്രകാരം നാല് വനിതകള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന് ചെറുകിട സംരംഭങ്ങള്‍ക്കായി പരമാവധി മൂന്നുലക്ഷം രൂപയുടെ ഗ്രാന്‍റ് ലഭിക്കും.

നേരിടാം, നിവര്‍ന്നു നില്‍ക്കാം

കോവിഡ് മൂലം സഞ്ചാരികളുടെ വരവ് കുറഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി കുറച്ച് മാസങ്ങൾക്ക് മുമ്പ് കുമരകത്തെ അവേഡ റിസോർട്ട് അവരുടെ നീന്തൽക്കുളം ഫിഷ് ഫാമാക്കി മാറ്റിയത് വാർത്തയായിരുന്നു. ജൂൺ മാസത്തിൽ 16,000 ത്തോളം കരിമീൻ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. ഇങ്ങനെയുള്ള വ്യത്യസ്തമായ സാമ്പത്തിക സംരംഭങ്ങള്‍ ആരംഭിച്ച് ദുര്‍ഘടമായ ഒരു കാലത്തെ നേരിടുകയാണ് കുമരകം.

English Summary: Floating Fish Stall in Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA