ADVERTISEMENT

കൊളഗപ്പാറ മലയുടെ മുകളില്‍ കയറാന്‍ പ്ലാനിങ് തുടങ്ങിയിട്ട് കുറച്ചു കാലമായി. ഓരോ തവണയും ഓരോ കാരണം കൊണ്ട് യാത്ര മുടങ്ങിപ്പോയി. ഒടുവില്‍ മലയുടെ മുകളില്‍ കയറണമെന്ന ആഗ്രഹം നടപ്പാക്കാന്‍ തീരുമാനിച്ചു. സുഹൃത്ത് തോമസാണ് കൊളഗപ്പാറയുടെ മുകളില്‍ കയറാമെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചിരുന്നത്. യാത്ര പോകാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു സുഹൃത്തായ ജിജിനേയും കൂട്ടാം എന്നായി. അവന്റെ കയ്യിലാണെങ്കില്‍ നല്ല ക്യാമറയുണ്ട്. കുറച്ചു ഫോട്ടോസ് എടുക്കാം. ഫെയ്‌സ്ബുക്കിലെയും വാട്‌സ് ആപ്പിലെയുമൊക്കെ ഡിപി മാറ്റിയിട്ട് കുറച്ചു കാലമായി. ഒത്താല്‍ ഈ പോക്കില്‍ ഡിപിയൊക്കെ മാറ്റാമെന്നും തോമസ് പറഞ്ഞു. പോരുന്നോ എന്നു ചോദിച്ചതും ജിജിനും റെഡി. ബൈക്കില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്നാളായതുകൊണ്ട് ബൈക്കില്‍ പോകാന്‍ സാധിക്കില്ല. അങ്ങനെ യാത്ര കാറിലാക്കി. കാറില്‍ രണ്ടു പേര്‍ക്കു കൂടി യാത്ര ചെയ്യാന്‍ സാധിക്കുന്നതിനാല്‍ സുരേഷിനെയും ജിന്‍സനെയും കൂട്ടാനും തീരുമാനിച്ചു. 

 

Kolagapparatrip4

സൂര്യോദയവും മഞ്ഞുവീഴുന്നതും കാണാനാണ് മലമുകളില്‍ കയറുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കെങ്കിലും യാത്ര പുറപ്പെട്ടാലേ സൂര്യോദയത്തിനു മുന്‍പ് മലമുകളില്‍ എത്താന്‍ സാധിക്കൂ. എന്നാല്‍ പുലര്‍ച്ചെ എണീക്കുക എന്നത് യാത്രാസംഘത്തിലെ ആര്‍ക്കും ശീലമില്ലാത്തതിനാല്‍ ആ സാഹസം വേണ്ടെന്നു വച്ചു. ഏഴുമണിക്കെങ്കിലും യാത്ര പുറപ്പെടാം എന്നായി. സൂര്യന്‍ ഉദിച്ച് ഉച്ചിയിലെത്തുന്നതിനു മുന്‍പ്, മഞ്ഞു മാഞ്ഞുപോകുന്നതിന് മുന്‍പ് മലമുകളിലെത്തുകയാണ് ലക്ഷ്യം. വിചാരിച്ചതിലും മുക്കാല്‍ മണിക്കൂറുകൂടി താമസിച്ച് യാത്ര പുറപ്പെട്ടു. ഇടയ്ക്ക് വഴിയില്‍ നിര്‍ത്തി പഴവും വെള്ളവും ബിസ്‌കറ്റും വാങ്ങി. 

 

Kolagapparatrip5

കല്‍പ്പറ്റ- ബത്തേരി റൂട്ടില്‍ മീനങ്ങാടി കഴിഞ്ഞ് കൃഷ്ണഗിരിയില്‍ നിന്നുമാണ് കൊളഗപ്പാറ മലയിലേക്ക് പോകുന്നത്. മലയുടെ അടുത്തെത്തി മെയിന്‍ റോഡ്  വിട്ട് വണ്ടി ചെറിയ വഴിയിലേക്ക് കയറി. കോണ്‍ക്രീറ്റ് ചെയ്ത വഴിയിലൂടെ അല്‍പ ദൂരം പോയപ്പോള്‍ രണ്ടായി തിരിഞ്ഞു, ഒരു വഴി മുകളിലേക്കും മറ്റേത് താഴേക്കും പോകുന്നു. സ്വാഭാവികമായും മുകളിലേക്കു പോകുന്ന വഴിയായിരിക്കും മലയുടെ അടിവാരത്തേക്കെന്ന അനുമാനത്തില്‍ ആ വഴിക്ക് തിരിച്ചു.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ തീരുമാനം തെറ്റായിരുന്നു എന്നു മനസ്സിലായി. വഴി ഒരു വീട്ടുമുറ്റത്ത് അവസാനിച്ചു. മുറ്റത്തു കയറ്റി വണ്ടി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടില്‍കിടന്ന പട്ടി ആഞ്ഞു കുരയ്ക്കാന്‍ തുടങ്ങി. ഒരു നിമിഷം ആ പട്ടിയെ തുറന്നു വിട്ടാല്‍ വണ്ടി പോലും കടിച്ചു കീറാനുള്ള ആവേശത്തിലായിരുന്നു അതിന്റെ കുര. വണ്ടിതിരിക്കുന്നതിനിടെ വാതില്‍പ്പടിയിലൂടെ ഒരു ചേച്ചി വന്ന് എത്തിനോക്കി. അതേസമയംതന്നെ മീന്‍കാരനും ആ വീട്ടിലേക്ക് കയറി വന്നു. മീന്‍കാരനാണു പറഞ്ഞത് താഴേക്കുള്ള വഴിയേയായിരുന്നു പോകേണ്ടിയിരുന്നതെന്ന്. വണ്ടി തിരിച്ചു പോരുമ്പോഴും ഇത്ര രാവിലെ ഇതാരാണെന്ന ചോദ്യവുമായി ആ ചേച്ചി വാതില്‍പ്പടിയില്‍ നില്‍പ്പുണ്ടായിരുന്നു. 

Kolagapparatrip-JPG

 

താഴേക്കുള്ള വഴി ഒന്നുരണ്ടു വളവ് തിരിഞ്ഞ് പിന്നീടങ്ങോട്ട് കയറ്റമായി. കുത്തനെയുള്ള കയറ്റം തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള വീട്ടില്‍ വണ്ടി നിര്‍ത്തിയിടാന്‍ തീരുമാനിച്ചു. മധ്യവയസ്‌കയായ ഒരു സ്ത്രീ വീട്ടില്‍ നിന്ന് ഇറങ്ങി വന്നു. വണ്ടി മുറ്റത്തിട്ടോട്ടേയെന്നു ചോദിച്ചപ്പോള്‍ അവര്‍ സന്തോഷത്തോടെ സമ്മതിച്ചു. 

 

Kolagapparatrip6

വെള്ളവും മറ്റു സാധനങ്ങളും എടുത്ത ശേഷം ഞങ്ങള്‍ കുന്നു കയറാന്‍ തുടങ്ങി. കുത്തനെയുള്ള കയറ്റം കയറി കോണ്‍ക്രീറ്റ് റോഡ് അവസാനിച്ചു. പിന്നീടങ്ങോട്ട് മണ്‍പാതയാണ്. അത് ചെന്നുചേരുന്നത് ഒരു വീട്ടുമുറ്റത്ത്. വീട് പൂട്ടിയിട്ടിരിക്കുന്നു. പഴയ, ഓടു മേഞ്ഞ വീട്. പച്ച പെയിന്റടിച്ച ഭിത്തിയില്‍ നിറയെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. കാക്കയും വേഴാമ്പലും മാനും മരങ്ങളും. അതിവിദഗ്ധനായ കലാകാരനാണ് ആ ചിത്രങ്ങളത്രയും വരച്ചതെന്ന് സ്പഷ്ടം. അത്രയ്ക്ക് മനോഹരങ്ങളായിരുന്നു അവ. വീടിന് പിന്നിലായി കൊളഗപ്പാറ തലയുയര്‍ത്തി നില്‍ക്കുന്നു. വീടിന്റെ ഒരു വശത്തുകൂടിയുള്ള വഴിയിലൂടെ ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. ഒന്‍പത് മണിയായിക്കാണും. മഞ്ഞു പോയിത്തുടങ്ങിയിട്ടില്ല. വഴിയിലെ പുല്‍തലപ്പുകളിലെല്ലാം മഞ്ഞുപറ്റിപ്പിടിച്ചു കിടന്നു. പാറക്കെട്ടുകള്‍ക്കിടയിലൂടെ ചെങ്കുത്തായ കയറ്റം കയറാന്‍ തുടങ്ങി. ഇടയ്ക്ക് കോടമഞ്ഞ് ഒഴുകിപ്പോകുന്നുണ്ട്. ആകാശം മേഘം നിറഞ്ഞിരുന്നതിനാല്‍ സൂര്യനെ കാണാന്‍ പോലുമുണ്ടായിരുന്നില്ല. മല കയറുന്നത് അത്ര സുഖകരമായിരുന്നില്ല. പാറക്കെട്ടുകളിലൂടെ കാട്ടുചെടികളെ വകഞ്ഞുമാറ്റിവേണം മുന്നോട്ടു പോകാന്‍. പാറക്കെട്ടുകളില്‍നിന്നു വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ട്. അടി തെറ്റിയാല്‍ തലയടിച്ചുവീഴും.

 

Kolagapparatrip2-JPG

മലകയറി മുകളിലെത്തിയപ്പോഴും മഞ്ഞു മാറിയിരുന്നില്ല. ക്ഷീണം മാറ്റാന്‍ വിശാലമായ പാറപ്പുറത്തിരുന്ന് അല്‍പനേരം വിശ്രമിച്ചു. മലയുടെ താഴ്‌വാരത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറിന്റെ ശബ്ദം ഇരമ്പമായി മലമുകളിലെത്തി. വയലിനും വാഴത്തോപ്പിനും നടുവിലൂടെ കടന്നു പോകുന്ന റോഡിലൂടെ വാഹനങ്ങള്‍ ഉറുമ്പുകളെപ്പോലെ അരിച്ചരിച്ചു നീങ്ങുന്നു. അങ്ങുദൂരെ കാരാപ്പുഴ ഡാമില്‍ വെള്ളം കെട്ടിക്കിടക്കുന്നു. കൃഷ്ണഗിരി സ്റ്റേഡിയം ഒരു കൊച്ചുമൈതാനം പോലെ കാണാം. കിഴക്ക് അമ്പുകുത്തി മലയും തെക്ക് ചെമ്പ്രമലയും തലയുയര്‍ത്തി നില്‍ക്കുന്നു. അങ്ങിങ്ങായി ചെറിയ കുന്നുകളും പാറക്കെട്ടുകളും. പാറ പൊട്ടിച്ച് നേര്‍പ്പകുതിയായി മാറിയ മലകള്‍ വലിയൊരു മുറിപ്പാടുപോലെ കാണപ്പെട്ടു. പാറ പൊട്ടിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊളഗപ്പാറ അവശേഷിക്കുന്നത്. ഇല്ലെങ്കില്‍ എന്നേ ഈ മലയും ഒരുപക്ഷേ  പൊട്ടിച്ചു തീര്‍ന്നേനേ. അങ്ങുദൂരെ വലിയൊരു പാറക്കെട്ടിനു മുകളില്‍ ചെറിയ പാറകള്‍ അടുക്കി ശില്‍പ്പം പോലെ തീര്‍ത്തിരിക്കുന്നു. ആരോകൊണ്ടുവന്നു വച്ചതുപോലെയായിരുന്നു ആ പാറകള്‍ നിലകൊണ്ടിരുന്നത്.

Kolagapparatrip1-JPG

 

Kolagapparatrip7-JPG

ഏറ്റവും ഉയര്‍ന്ന പാറയുടെ മുകളില്‍ ഒരു കുരിശുണ്ട്. കുരിശിനു മുകളില്‍ നീലാകാശത്തിലൂടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകളായി പാറി നടന്നു. കുരിശിനു താഴെയുള്ള ചെറിയ മരത്തിനു കീഴെ കുറച്ചു പയ്യന്‍മാര്‍ ഇരിക്കുന്നു. കാസര്‍കോട്ടുനിന്നു രാവിലെ വന്നു മലകയറിയവരാണ്. രണ്ടു മൂന്നു ദിവസത്തെ വയനാട് ട്രിപ്പിന് വന്നവര്‍ രാവിലെ തന്നെ മലകയറി ക്ഷീണിച്ചവശരായി. ഒരുപാട് സ്ഥലത്തു പോകാനുണ്ടെന്ന് പറഞ്ഞ് അധികം വൈകാതെ അവര്‍ സ്ഥലം വിട്ടു. അവര്‍ പോയശേഷം മരച്ചുവട്ടിലെ തണല്‍ ഞങ്ങള്‍ കയ്യേറി. കൊണ്ടുവന്ന പഴവും ബിസ്‌കറ്റും കഴിച്ച് അങ്ങകലെ മന്ദംമന്ദം ഒഴുകിപ്പോകുന്ന മേഘക്കെട്ടുകളെ നോക്കിയിരുന്നു. 

 

ഇതിനിടെയാണ് കുരിശിന്റെ താഴെയായി ബോട്ടിന്റെ ഒരു ബ്ലൂടൂത്ത് സ്പീക്കര്‍ ഇരിക്കുന്നത് കണ്ടത്. മലകയറി ക്ഷീണിച്ചു വരുന്നവര്‍ അല്‍പം മ്യൂസിക്ക് കേള്‍ക്കട്ടെ എന്നു കരുതി ദൈവം തമ്പുരാന്‍ കൊണ്ടുവച്ചാതാണോ സ്പീക്കര്‍ എന്ന ചോദ്യം സംഘത്തിലൊരാള്‍ ചോദിച്ചു. കേടായതുകൊണ്ട് ആരെങ്കിലും ഉപേക്ഷിച്ചതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. അല്ലെങ്കില്‍ മറന്നു പോയത്. എന്തായാലും സ്പീക്കര്‍ നല്ലതാണോ എന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. മൊബൈലിലെ ബ്ലൂടൂത്ത് ഓണ്‍ ചെയ്ത് കണക്ട് ചെയ്തു. മലമുകളിലെ കാറ്റിനെ ഭേദിച്ചുകൊണ്ട് സ്പീക്കര്‍ മുഴങ്ങുന്ന ശബ്ദത്തില്‍ പാടാന്‍ തുടങ്ങി.

 

മൂന്നൂനാല് പാട്ട് കേട്ടുകഴിഞ്ഞപ്പോഴാണ് സ്പീക്കര്‍ എന്തു ചെയ്യണമെന്ന ചോദ്യം ഉയര്‍ന്നത്. മുന്‍പേ മലയിറങ്ങിപ്പോയ കാസര്‍കോടുകാരുടേതാകാനാണ് സാധ്യതയെന്ന് അനുമാനിച്ചു. പക്ഷേ അവര്‍ ഇതിനകം തന്നെ മലയിറങ്ങിക്കഴിഞ്ഞിരിക്കും. കാസര്‍കോടുനിന്നു വന്നുവെന്നല്ലാതെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്പീക്കര്‍ അവരുടേതാണെന്നും ഉറപ്പില്ല. ഏതായാലും സ്പീക്കര്‍ കിട്ടിയെന്നറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാമെന്ന് തോമസ് പറഞ്ഞു. പക്ഷേ പോസ്റ്റ് അവര്‍ കാണണമെന്ന് ഉറപ്പില്ലല്ലോ. അല്ലെങ്കില്‍ സ്പീക്കര്‍ മലയടിവാരത്തുള്ള വീട്ടില്‍ ഏല്‍പിക്കാം. ആരെങ്കിലും അന്വേഷിച്ചെത്തിയാല്‍ നല്‍കാന്‍ പറയാം. അവര്‍ തിരികെ നല്‍കണമെന്നുറപ്പുണ്ടോ. ഇങ്ങനെ ഉറപ്പില്ലാത്ത കുറേ അഭിപ്രായങ്ങള്‍ നിറയുന്നതിനിടെ ഒരുത്തന്‍ പറഞ്ഞു: ‘ഒരുപാട് റിസ്‌ക് എടുക്കണ്ട സ്പീക്കര്‍ ഞാന്‍ വീട്ടില്‍ കൊണ്ടുപൊയ്‌ക്കോളാം’.

‘അത് ശരിയാവില്ല ഞാന്‍ കൊണ്ടുപൊയ്ക്കാളാം’ അടുത്തയാളുടെ മറുപടി. അതോടെ സംഘത്തിലെ അഞ്ചുപേരും സ്പീക്കര്‍ വീട്ടില്‍ കൊണ്ടുപോകാന്‍ വിശാലമനസ്‌കരായി. സ്പീക്കര്‍ ലഭിച്ചെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ തീരുമാനിച്ചു. എന്നാല്‍ സ്പീക്കര്‍ ആര് സൂക്ഷിക്കും എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതിനിടെ സൂര്യന്‍ ഉദിച്ചുയര്‍ന്ന് ചൂടുകൂടി. ഒടുവില്‍ മലയിറങ്ങാന്‍ തീരുമാനിച്ചു. 

മലകയറിയതിനേക്കാള്‍ ആയാസകരമായിരുന്നു ഇറക്കം.  പാറക്കെട്ടില്‍ അള്ളിപ്പിടിച്ചും കുറ്റിച്ചെടിയില്‍ പിടിച്ചും മലയിറങ്ങാന്‍ തുടങ്ങി. മലയിറങ്ങി പകുതിയായപ്പോള്‍ രണ്ടുപേര്‍ മലകയറി വരുന്നു. നേരത്തേ പരിചയപ്പെട്ട കാസര്‍കോട്ടുകാര്‍. ‘ബായി, ഒരു സ്പീക്കര്‍ കിട്ടിയോ?’ ആഞ്ഞു കിതയ്ക്കുന്നതിനിടെ ഈ വാക്കുകളും പുറത്തു വന്നു. വായില്‍കൂടി പതവരുന്ന അവസ്ഥയിലായിരുന്നു അവര്‍. ഒരു തവണ തന്നെ മല കയറിയാല്‍ കുഴമ്പിട്ടു തിരുമ്മേണ്ട സ്ഥിതിയാണ്.

 

അപ്പോഴാണ് രണ്ടു തവണ അടുപ്പിച്ച് മല കയറുന്നത്. സ്പീക്കര്‍ കിട്ടിയിട്ടുണ്ടെന്ന് അവരോട് പറഞ്ഞതും കാല്‍മുട്ടില്‍ കൈപിടിച്ച് കുനിഞ്ഞു നിന്ന ഒരുവന്‍ തല ഉയര്‍ത്തി നോക്കി. ‘നിങ്ങ മുത്തണ് ഭായ്’ അത്രയും പറഞ്ഞ് അവന്‍ വീണ്ടും ആഞ്ഞ് ശ്വാസം വലിച്ചു. സ്പീക്കര്‍ തിരികെ നല്‍കിയപ്പോള്‍ നിധി കിട്ടിയ സന്തോഷം. കിതപ്പ് കാരണം അധികം സംസാരിക്കാന്‍ സാധിക്കാതെ ഇരുവരും കൈ ഉയര്‍ത്തി കാണിച്ച് മലയിറങ്ങാന്‍ തുടങ്ങി. ഇനി  ജീവിതത്തില്‍ ഒരിക്കലും ആ സ്പീക്കര്‍ അവര്‍ മറന്നുവയ്ക്കാന്‍ ഇടയില്ല. അവര്‍ അല്‍പദൂരം മുന്‍പിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു പൊട്ടിച്ചിരി ഉയര്‍ന്നു. ഏതായാലും സ്പീക്കര്‍ ആരു സൂക്ഷിക്കുമെന്ന തര്‍ക്കം അതോടെ അവസാനിച്ചു. 

കാട്ടുപുല്‍ച്ചെടികളെ വകഞ്ഞുമാറ്റിക്കൊണ്ട് പാറയിടുക്കുകളിലൂടെ ശ്രമപ്പെട്ട് മലയിറങ്ങി. പേരറിയാത്ത, ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്ത ഏതൊക്കെയോ മരങ്ങളും പൂക്കളും കായ്കളും. പാറക്കെട്ടിനുമുകളില്‍ പറ്റിപ്പിടിച്ച് കള്ളിമുള്‍ച്ചെടിയും വളര്‍ന്നു നില്‍ക്കുന്നു. എല്ലാ യാത്രയിലും കൂടെക്കൊണ്ടു നടക്കാറുള്ള ചേക്കുട്ടിപ്പാവയെ തളിരിലത്തുമ്പില്‍ കെട്ടി തോമസ് ഫോട്ടോ എടുത്തു. ഇളംകാറ്റിലാടി ചേക്കുട്ടിപ്പാവ വിദൂരതയിലേക്ക് നോക്കി ചിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com