വെള്ളച്ചാട്ടത്തിന് മുകളിലായി പ്രകൃതിയുടെ സ്വിമ്മിങ് പൂള്‍, കാട്ടരുവിയില്‍ നീരാടാന്‍ കാന്തന്‍പാറ വിളിക്കുന്നു

3
SHARE

ചൂടുകാലത്ത് കാട്ടരുവിയിലെ തണുത്ത വെള്ളത്തിലെ കുളി ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കും. ഉള്‍ക്കാട്ടിലെ പാറക്കെട്ടിലൂടെയും മരത്തണലുകളിലൂടെയും ചാടിത്തുള്ളിയാണ് അരുവിയൊഴുകുന്നത്. വെള്ളത്തിലേക്കു നോക്കി ചാഞ്ഞു നില്‍ക്കുന്ന മുളംതണ്ടുകള്‍ കാടിറങ്ങിവരുന്ന കാറ്റില്‍ ചാഞ്ചാടും. രണ്ടു കുന്നുകള്‍ക്കിടയിലെ ചെരുവിലൂടെയാണ് അരുവി ഒഴുകുന്നത്. പലയിടത്തും പാറക്കെട്ടിലൂടെ ചിന്നിച്ചിതറി പാല്‍ പോലെ വെള്ളം നുരഞ്ഞിറങ്ങുന്നു

വയനാട്ടിലെ മേപ്പാടിക്കടുത്ത് കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലായാണ് പ്രകൃതിയുടെ സ്വിമ്മിങ് പൂള്‍. ചൂടുകൂടുമ്പോള്‍ മുങ്ങിക്കുളിക്കാന്‍ പറ്റിയ സ്ഥലം. വലിയ കുന്നുകളും വളവുകളും ഇറക്കവുമുള്ള വഴിയിലൂടെ വേണം കാന്തന്‍പാറയെത്താന്‍. കാപ്പിത്തോട്ടത്തിനിടയിലൂടെയാണ് വഴി. വലിയൊരു കുന്നിറങ്ങി ചെല്ലുന്നത് കാന്തന്‍പാറയുടെ കവാടത്തിലേക്കാണ്. ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് കാന്തന്‍പാറ. വണ്ടി നിര്‍ത്തിയിടാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്.

5

ടിക്കറ്റ് എടുത്തു വേണം അരുവിക്ക് അടുത്തേക്ക് പോകാന്‍. ചെറിയൊരു വെള്ളച്ചാട്ടത്തിനു താഴെയാണ് കുളിക്കാന്‍ സൗകര്യമുള്ളത്. വെള്ളച്ചാട്ടത്തിനു തൊട്ടു താഴെയായി ആഴക്കൂടുതലുള്ളതിനാല്‍ അവിടേക്കു വിടില്ല. അവിടെ കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്. കയറിനിപ്പുറത്ത് അധികം ആഴമില്ലാതെ അരുവി ഒഴുകുന്നു. കുട്ടികള്‍ക്കടക്കം നിയന്ത്രണങ്ങളൊന്നുമില്ലാതെ വെള്ളത്തിലിറങ്ങാം. ആഴം കുറവായതിനാല്‍ നീന്തലറിയാത്തവര്‍ക്കും ധൈര്യത്തോടെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവരാം. 

2

കോവിഡ് കാലത്ത് മുടങ്ങിപ്പോയ യാത്രകള്‍ പലരും പുനരാരംഭിച്ചുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം കാന്തന്‍പാറയിലെത്തിത്തുടങ്ങി. എന്നാല്‍ മുന്‍പുണ്ടായിരുന്നത്ര തിരക്കൊന്നുമില്ല. അതിനാല്‍ വലിയ ബഹളങ്ങളൊന്നുമില്ലാതെ വനത്തോട് ചേര്‍ന്നൊഴുകുന്ന അരുവിക്കരയില്‍ സമയം ചെലവഴിക്കാം. 40 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കുട്ടികള്‍ക്ക് 20. രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെ പ്രവേശനമുണ്ട്. 

അരുവിയോടു ചേര്‍ന്ന് താഴേക്കിറങ്ങാന്‍ വഴി കെട്ടിയുണ്ടാക്കിയിരിക്കുന്നു. നടയിറങ്ങിച്ചെന്നാല്‍ വെള്ളച്ചാട്ടത്തിനു മുന്‍പിലെത്താം. വെള്ളച്ചാട്ടത്തിന് അടുത്തേക്ക് ഇറങ്ങാതിരിക്കാന്‍ മുളകൊണ്ടു വേലികെട്ടിയിരിക്കുന്നു. വേലിയുടെ അടുത്തു നിന്നാല്‍ അധികം ദൂരെയല്ലാതെ വെള്ളച്ചാട്ടം കാണാം. പാറക്കെട്ടിന് മുകളിലൂടെ പാല്‍ പോലെ താഴേക്ക് കുത്തിയൊഴുകുന്ന വെള്ളം. ഏറെക്കാലമായില്ല ഡിടിപിസി ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ട്. അതിന് മുന്‍പ് നാട്ടുകാരും വയനാട് ജില്ലക്കാരും മാത്രമായിരുന്നു ഇവിടെ എത്തിയിരുന്നത്. അന്ന് വെള്ളച്ചാട്ടത്തിന് തൊട്ടു താഴെ വരെ ആളുകള്‍ പോയിരുന്നു.

6

എന്നാല്‍ അവിടേക്ക് പോകുന്നത് അപകടമാണ്. പാറയിടുക്കുകളില്‍ കാല്‍ തെറ്റിവീണാല്‍ ചിലപ്പോള്‍ തിരിച്ചു കയറാനാവില്ല. മൂന്നാള്‍ വരെ താഴ്ചയുള്ള പാറക്കുഴികള്‍ വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. വെള്ളം കുത്തിയൊഴുകി പാറയ്ക്കടിയിലൂടെ ഏറെ ദൂരം ഒഴുകി വീണ്ടും മുകളിലെത്തും.  ഡിടിപിസി ഏറ്റെടുത്ത സമയത്ത് വെള്ളച്ചാട്ടം തുടങ്ങുന്നതിനു തൊട്ടു മുകളിലെത്തുന്നതിന് വഴിപോലെ കെട്ടിയുണ്ടാക്കിയിരുന്നു. കനത്ത മലവെള്ളപ്പാച്ചിലില്‍ അതെല്ലാം തകര്‍ന്നുപോയി. കുറച്ചു കോണ്‍ക്രീറ്റ് കുറ്റികള്‍ മാത്രമാണ് അവശേഷിക്കുന്നത്. മഴക്കാലത്ത് മലവെള്ളം അതിശക്തമായി ഒഴുകി വരും. അപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയും പതിന്‍മടങ്ങു വര്‍ധിക്കും. 

4

അരുവിയുടെ തീരത്ത് ധാരാളം മുളകളുണ്ട്. അരുവിക്ക് നടുക്കുള്ള പാറക്കെട്ടിലും മുള വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ചാഞ്ഞു നില്‍ക്കുന്ന മുള ഭംഗിയായി വെട്ടിയൊതുക്കി കെട്ടി വച്ചിരിക്കുന്നു. അരുവിയോട് ചേര്‍ന്ന് ജൈവ ഹാള്‍ ഉണ്ടായിരുന്നു. മുള വളച്ചുകെട്ടി അതിനടിയില്‍ ഇരിപ്പിടങ്ങള്‍ നിര്‍മിച്ച ഈ ഹാള്‍ വെയിലേല്‍ക്കാതെ വിശ്രമിക്കാനും യോഗം ചേരാനുമെല്ലാം  ഉപയോഗിച്ചിരുന്നു. എന്നാല്‍ മലവെള്ളപ്പാച്ചിലില്‍ ഇരിപ്പിടങ്ങളെല്ലാം ഒലിച്ചു പോയി. കുറച്ചു പേര്‍ക്ക് ഇരിക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്. അരുവിയിലേക്ക് നോക്കി തണുത്ത കാറ്റേറ്റ് അവിടെ ഇരിക്കാം. 

തെളിഞ്ഞ വെള്ളത്തില്‍ കൊച്ചുമീനുകളും വാല്‍മാക്രികളും പുളച്ചു നടക്കുന്നു. നൂറുകണക്കിന് വാല്‍ മാക്രികളാണ് വെള്ളത്തിലൂടെ കൂട്ടമായി നീങ്ങുന്നത്. ചില വാല്‍മാക്രികള്‍ക്ക് ചെറിയ തവളയുടെ അത്രയും വലിപ്പവുമുണ്ട്. വേനല്‍ കടുക്കുന്നതോടെ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞു വരും. കോവിഡ് കാലത്തെ മടുപ്പ് മാറ്റാനായി പ്രകൃതിഭംഗി തേടിയിറങ്ങുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് കാന്തന്‍പാറ. വനത്തിനുള്ളില്‍നിന്നു വരുന്ന തണുത്ത കാറ്റേറ്റ് വെള്ളച്ചാട്ടവും നോക്കിയിരുന്നാല്‍ നേരം പോകുന്നത് അറിയില്ല. വെള്ളച്ചാട്ടത്തിന് സമീപത്തായി മനോഹരമായ ഇരിപ്പിടങ്ങളും കെട്ടിയുണ്ടാക്കിയിരിക്കുന്നു. തണുത്ത വെള്ളത്തിലെ കുളിയും മുളംകാടിനു കീഴിലെ കുളിരും മനസ്സിന് ഉന്‍മേഷം നല്‍കും. എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലമായതിനാല്‍ കാന്തന്‍പാറയിലേക്കെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 

English Summary: Kanthanpara Waterfalls Wayanad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA