ADVERTISEMENT

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ എല്ലാ ഭംഗിയും കണ്ടാസ്വദിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടാകും. ആ പര്‍വ്വതശ്രേഷ്ഠന്റെ ഗാംഭിര്യം ഒന്ന് കാണാന്‍ അത്ര ദൂരത്തേയ്‌ക്കൊന്നും പോകേണ്ട,  വാല്‍പാറ വരെയൊന്ന് പോയാല്‍ മതി. തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ ഹില്‍സ്‌റ്റേഷനുകളിലൊന്നായ നല്ലമുടി പൂഞ്ചോലയിൽ എത്തിയാൽ ആനമുടി മലനിരകളുടെ യഥാര്‍ത്ഥ ചിത്രം കാണാം.

nallamudi-pooncholai

വാല്‍പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നല്ലമുടി പൂഞ്ചോല സ്ഥിതിചെയ്യുന്നത്. സ്വകാര്യ ടീ എസ്‌റ്റേറ്റായ നല്ലമുടി ടീ എസ്റ്റേറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നല്ലമുടി പൂഞ്ചോല വാല്‍പാറയിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. തേയില തോട്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന നല്ലമുടി വ്യൂപോയിന്റ്, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി കൊടുമുടി, വിശാലമായ തേയിലത്തോട്ടങ്ങള്‍, പച്ചപ്പ് നിറഞ്ഞ താഴ്‌‌‌‌വരകള്‍, പര്‍വതനിരകളുടെ കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ എന്നിവ കാണാനുള്ള ഏറ്റവും മികച്ച സ്ഥലമാണിവിടം. പ്രകൃതിയുടെ മനോഹരമായ കാഴ്ച ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. പ്രകൃതിയുടെ ശാന്തതയില്‍ മുഴുകി കുറച്ച് ശാന്തമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയൊരിടം കൂടിയാണ് നല്ലമുടി പൂഞ്ചോല.

nallamudi-pooncholai3

വ്യൂപോയിന്റിലേക്ക് എത്താന്‍ നല്ലമുടി എസ്റ്റേറ്റിലെ തേയിലത്തോട്ടങ്ങളിലൂടെ മുകളിലേക്ക് നടക്കണം. ടീ എസ്റ്റേറ്റിനു കുറുകെ ഒരു കിലോമീറ്റര്‍ നടന്നാല്‍, വാല്‍പാറയുടെ കാടന്‍ സൗന്ദര്യത്തിനും ഷോളയാര്‍ പര്‍വതങ്ങള്‍ക്കും സാക്ഷ്യം വഹിക്കാം. പച്ചനിറത്തിലുള്ള പര്‍വതനിരകളുടെയും നദീതടങ്ങളുടെയും വിശാലമായ കാഴ്ച യാത്രയിലുടനീളം കാണാം. യാത്രാമധ്യേ ആനകൂട്ടങ്ങള്‍ വന്നുനിന്നാല്‍ ഭയപ്പെടരുത്. കാരണം അവരുടെ സഞ്ചാരപദങ്ങളിലൂടെയായിരിക്കും നമുക്ക് കടന്നുപോകേണ്ടത്. 

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍, വ്യൂപോയിന്റിന് ചുറ്റും മേഘങ്ങളാല്‍ നിറഞ്ഞിരിക്കും. വ്യൂപോയിന്റിലേക്ക് നടക്കുന്തോറും ചുറ്റും വന്യജീവികളുടെ സാന്നിധ്യവും അറിയാന്‍ കഴിയും. മുകളിലെത്തിയാലുള്ള കാഴ്ച‌ വിവരിച്ചുനല്‍കാനാകില്ല.  ചിത്രകാരന്‍ തന്റെ ക്യാന്‍വാസി ല്‍കോറിയിട്ടിരിക്കുന്നതുപോലെയാണ് ആ കാഴ്ച. ആനമുടി മലനിരകള്‍ ആരെയും അതിശയിപ്പിക്കും. അവയുടെ ശിരസ്സില്‍ ചുംബിച്ചുനില്‍ക്കുന്ന മേഘപാളികള്‍. താഴെ അങ്ങിങ്ങായി കണ്ണിനിമ്പമേകി താഴേയ്‌ക്കൊഴുകുന്ന പാലരുവികള്‍, പച്ചപ്പുനിറഞ്ഞ മൊട്ടകുന്നുകള്‍,നോക്കേത്താദൂരത്തോളം പരന്നുകിടക്കുന്ന പ്രകൃതിയുടെ ഭംഗി.  കുടുംബവുമൊത്തോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര പോകാൻ പറ്റിയയിടമാണ് നല്ലമുടി പൂഞ്ചോല. 

 

English Summary: Nallamudi Poonjolai viewpoint 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com