മാമാങ്ക സ്മരണകളോടെ ചാവേർ ഭൂമി കാണാം

nilapadu-thar-4
SHARE

മാമാങ്കചരിത്രത്തിൽ ആവേശത്തിന്റെ അധ്യായം രചിച്ച  ചാവേറുകളുടെ ജന്മസ്ഥലം തേടി കോവിഡ് കാലത്തും ആരാധകരെത്തുകയാണ്. മരിക്കുമെന്നറിഞ്ഞിട്ടും സാമൂതിരിപ്പടയെ എതിരിടാൻ ആയുധമെടുത്തിറങ്ങിയ ചാവേറുകളുടെ ജന്മസ്ഥലം കാണാൻ കൂടുതൽ പേർ എത്താൻ കാരണം മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയും. കോവിഡിനു മുൻപിറങ്ങിയ സിനിമ കണ്ടവർക്ക് ഇപ്പോഴാണ് ചാവേർ ഭൂമി കാണാൻ അവസരം ലഭിക്കുന്നത്. 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തു പുതുമന, വയങ്കര, വേർക്കോട്ട്, ചന്ത്രത്തിൽ എന്നീ നാലു തറവാട്ടുകാരെയാണു ചാവേർ കുടുംബങ്ങൾ അഥവാ നാലുവീട്ടിൽ പണിക്കന്മാർ എന്നു വിളിച്ചിരുന്നത്. ഈ നാലുതറവാടുകളും ഇപ്പോൾ ഭാഗം വച്ചു പല താവഴികളായി പിരിഞ്ഞു. ചാവേറുകളായി ഒട്ടേറെ പേർ ഉണ്ടാകുമെങ്കിൽ നാലുവീട്ടിൽ പണിക്കന്മാരുടെ വീട്ടിൽ നിന്ന് ഒരാളെങ്കിലും എല്ലാക്കുറിയും ചാവേർ സംഘത്തെ നയിക്കാനുണ്ടാകും. ഈ തറവാടുകളിൽ ആൺകുഞ്ഞുങ്ങൾ ജനിച്ചാൽ തറവാട്ടിലെ കളരിയുടെ മുന്നിൽ കൊണ്ടുവന്നു കിടത്തുന്നൊരു ചടങ്ങുണ്ട്. ‘ഇവൻ വള്ളുവനക്കോനാതിരിക്കു വേണ്ടി ചാവേറാകൻ ജനിച്ചവനാണ്’ എന്ന പ്രഖ്യാപനമാണ് ആ ചടങ്ങ്.  തറവാട്ടിലെ ഏറ്റവും മികച്ച അഭ്യാസിയാണു കളരിയുടെ ചുമതലയേൽക്കുക. മെയ്യ് കണ്ണാകുന്നതുവരെയുള്ള അഭ്യാസം. ചൂണ്ടുമർമ്മവും നോക്കുമർമ്മവും പഠിച്ചുകഴിഞ്ഞാൽ അവൻ ചാവേറാകാൻ പ്രാപ്തനായി. പിന്നെ അടുത്ത മാമാങ്കത്തിനുള്ള കാത്തിരിപ്പാണ്. 

നാലിടത്തു നിന്നും ചാവേറുകൾ  പോകുമെങ്കിലും പുതുമനയിലെ മൂത്ത സ്ത്രീക്കായിരുന്നു വള്ളുവനാട്ടുരാജാവു പെങ്ങൾ സ്ഥാനം കൽപിച്ചു നൽകിയിരുന്നത്.

അവരെ  പുതുമന അമ്മ എന്നാണു വിളിക്കുക. രാജകുടുംബവുമായി അത്രയ്ക്ക് അടുപ്പമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥാനം നൽകിയിരുന്നത്. വള്ളുവക്കോനാതിരിയുടെ അരിയിട്ടുവാഴ്ച കഴിഞ്ഞാൽ ആദ്യം ഓണപ്പുടവ കൊടുക്കുക പുതുമന അമ്മയ്ക്കാണ്. വള്ളുവനാടു രാജവംശത്തിലെ ആരെങ്കിലും മരിച്ചാൽ പുതുമന അമ്മ വന്ന് ‘എന്റെ തമ്പുരാൻ തീപ്പെട്ടേ’ എന്നു പറഞ്ഞുകരയണം. അതൊരു ചടങ്ങാണ്. വള്ളുവനാടു രാജാവു താമസിച്ചിരുന്ന കുറുവ കോവിലകം പൊളിക്കുന്നതുവരെ ഇങ്ങനെയൊരു ചടങ്ങ് ഉണ്ടായിരുന്നു.

ചാവേറുകൾ മാമാങ്കത്തിനു പുറപ്പെടുമ്പോൾ അവസാനത്തെ ഉരുള ചോറുനൽകാനുള്ള അവകാശവും പുതുമന അമ്മയ്ക്കാണ്. മക്കരപ്പറമ്പ് കുറുവ വറ്റല്ലൂർ എന്ന സ്ഥലത്തെ പുതുമന തറവാട്ടിനു മുറ്റത്തുള്ള തറയിൽ വച്ചാണു ചാവേർച്ചോറു നൽകുക. അവസാനത്തെ വറ്റ്(ചോർ) നൽകുന്ന ഊര് എന്നാണ് വറ്റല്ലൂരിനർഥം.

മാമാങ്ക ഉത്സവത്തിനു സമയം കുറിക്കുമ്പോൾ തന്നെ വള്ളുവനാട്ടിൽ ചാവേർ കുടുംബങ്ങളിൽ ഒരുക്കങ്ങൾ ആരംഭിക്കും. ചാവേറാകാൻ തയാറുള്ള പോരാളികൾ രാജാവിനു മുന്നിലെത്തും. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തുള്ള നിലപാടുതറയിൽ വച്ചാണ് ചാവേറുകളെ തിരഞ്ഞെടുക്കുക. പിന്നീട് 41 ദിവസം ഇവിടെ ഭജനമിരിക്കും. അതിനു ശേഷം വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലെത്തി പാപനാശിനിയിൽ അവനവനുതന്നെ പിണ്ഡം വയ്ക്കും. വീണ്ടും തിരുമാന്ധാംകുന്നിലെത്തി ചാവേർവിളി നടത്തിയ ശേഷം പുതുമന തറവാട്ടിലെത്തും. കളരിത്തറയിൽ ഇരുന്നു പുതുമന അമ്മയിൽ നിന്നു അവസാനത്തെ ചോറുരുള വാങ്ങിക്കഴിച്ചാണു തിരുനാവായയിലേക്കു പുറപ്പെടുക. ചോറും വെളിച്ചെണ്ണയും ഉപ്പും കൂട്ടിക്കുഴച്ച ഉരുളയാണ് പുതുമന അമ്മ നൽകുക. തന്റെ കയ്യിൽ നിന്നു വാങ്ങിക്കഴിക്കുന്നത് അവസാനത്തെ ചോറുരുളയാണെന്നറിയാമെങ്കിലും ആ സങ്കടം മുഖത്തു കാണിക്കാൻ പാടില്ല. ‘പോയി ജയിച്ചുവരൂ’ എന്നാശംസിച്ചുകൊണ്ട് ആ ധീരരെ അവർ യാത്രയയ്ക്കും. 

ടിപ്പു സുൽത്താന്റെ പടയോട്ടം വന്നതോടെ മാമാങ്കം അവസാനിച്ചു. 1755ൽ ആണ് അവസാനത്തെ മാമാങ്കം നടന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത്. 12 വർഷം വീതമുള്ള കണക്കെടുക്കുമ്പോൾ 22 മാമാങ്കം കൂടി കഴിയേണ്ട കാലമായി. മാമാങ്കം അവസാനിച്ചെങ്കിലും പുതുമന നെച്ചിക്കാട്ടിൽ തറവാട്ടിലെ കളരിയും കളരിത്തറയും ഇപ്പോഴുമുണ്ട്. കളരിക്ക് എണ്ണൂറു വർഷം പഴക്കമുണ്ടെന്നാണു വിശ്വസിക്കുന്നത്. വള്ളുവനാട്ടിലെ ആയോധനാ സമ്പ്രദായമാണു ഇവിടെ പഠിപ്പിച്ചിരുന്നതെന്നാണ് പുതുമനതറവാട്ടിലെ ഇളമുറക്കാരനായ കൃഷ്ണദാസ് പറയുന്നത്. മർമ്മവിദ്യയ്ക്കായിരുന്നു പ്രാധാന്യം. നോക്കുമർമ്മം പഠിച്ചാലേ ചാവേറാകാൻ ഒരാൾ പാകമായി എന്നു കണക്കാക്കുക. 

1850നു ശേഷമാണ് ഇവിടുത്തെ കളരിയിലെ ആയോധന അഭ്യാസം അവസാനിപ്പിച്ചത്. രാമച്ചുണ്ണി പണിക്കർ എന്ന കാരണവരായിരുന്നു കളരി നിർത്താൻ തീരുമാനിച്ചത്. കുറച്ചു കൊല്ലങ്ങൾക്കുമുൻപാണു കളരി പുതുക്കിപണിതത്. 

English Summary: Mamankam Festival 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA