ADVERTISEMENT

യാത്രകളെ നെഞ്ചോടുചേർക്കുന്ന നടിയാണ് അനുമോൾ. അനുമോളുടെ ഇഷ്ടങ്ങളും ഓർമകളും എല്ലാം കോര്‍ത്തിണക്കിയാണ് 'അനുയാത്ര'യെന്ന ആശയം സാക്ഷാത്കരിച്ചിരിക്കുന്നത്. സിനിമയുടെ സൂപ്പർ ലൊക്കേഷനുകളിലൂടെയുള്ള യാത്രകളാണ് താരം പുതിയതായി പങ്കുവച്ചിരിക്കുന്നത്. അതും ഒറ്റയാത്രയിൽ വാഗമണ്ണും മൂന്നാറും ഫോർട്ടുകൊച്ചിയുമാണ് തിരഞ്ഞെടുത്തിയിരിക്കുന്നത്. അനുമോളുടെ ഏറ്റവും പുതിയ യാത്രാവിശേഷങ്ങളിലൂടെ ഒരു യാത്ര പോകാം.

∙ ആദ്യയാത്ര ഏഷ്യയുടെ സ്കോട്‌ലൻഡിലേക്ക്‌

സുഖകരമായ കാലാവസ്ഥയും പ്രകൃതിയുടെ വശ്യത നിറഞ്ഞ കാഴ്ചയുമായി സഞ്ചാരികളെ മാടിവിളിക്കുന്ന ഹിൽസ്റ്റേഷനിലേക്കാണ് അനുമോളുടെ ആദ്യയാത്ര. നിരവധി സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ള കുളിരണിഞ്ഞ വാഗമൺ സിനിമക്കാരെ മാത്രമല്ല വെഡിങ് ഫോട്ടോഗ്രാഫറുമാരുടെയും സഞ്ചാരികളുടെയും പറുദീസ തന്നെയാണ്. വാനില കൗണ്ടി ഹെറിറ്റേജ് പ്ലാന്റേഷിൽ നിന്നുമാണ് അനുമോളുടെ ലൊക്കേഷൻ യാത്ര ആരംഭിക്കുന്നത്. പുതിയ ജയസൂര്യ ചിത്രമായ വെള്ളം സിനിമയിലും ഈ പ്ലാന്റേഷൻ റിസോർട്ട് ലൊക്കേഷനായിട്ടുണ്ട്. കൂടാതെ പെൻഡുലം എന്ന സിനിമയിൽ അനുമോളുടെ കുട്ടിക്കാലത്തെ വീടായി ചിത്രീകരിച്ചതും ഇൗ റിസോർട്ട് തന്നെയാണ്. വാഗമണിനടുത്തുള്ള മാവാഡി ഹിൽസിലെ മീനാചിൽ നദിയുടെ ഉത്ഭവസ്ഥാനത്തോട് ചേർന്നാണ് ഇൗ പ്ലാന്റേഷനുള്ളത്.

∙ സൂയിസൈഡ് പോയിന്റ്

അടുത്ത യാത്ര സൂയിസൈഡ് പോയിന്റിലേക്കായിരുന്നു. ഫഹദ് ഫാസിൽ അഭിനയിച്ച ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ മിക്ക പാട്ടുകൾക്കും ഇതായിരുന്നു ലൊക്കേഷൻ. കൂടാതെ മറ്റു സിനിമകളിലും ഇവിടം ഷൂട്ടിങ്ങിനായി എടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഇൗ മനോഹര സ്ഥലത്താണ് പാരാഗ്ലൈഡിങ് നടക്കാറുള്ളത്. സീസൺ സമയത്ത് ആകാശപ്പറക്കലിനായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. വളരെ മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണിവിടം.

∙ പൈൻമരങ്ങളുടെ കാഴ്ച

വാഗമണ്ണിന്റെ പ്രധാന ആകർഷണമാണ് തട്ടുകളായി വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ. ധാരാളും സിനിമകൾ ഈ പൈൻമരക്കാട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. പൈൻമരത്തിന്റെ പൾ‌പ്പിൽ നിന്നുമാണ് കറൻസി ഉണ്ടാക്കുന്നത് അതൊകൊണ്ട് കാഴ്ചകൾക്കു മാത്രമല്ല ജീവിതത്തിലും പ്രാധാന്യമുള്ളതാണ് ഈ മരങ്ങളെന്ന് അനുമോൾ പറയുന്നു. അടുത്ത കാഴ്ച തങ്ങൾ പാറയായിരുന്നു. വളരെ വ്യത്യസ്തമായ രീതിയിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒരുമിച്ച് സമ്മാനിക്കുന്ന സ്ഥലമാണ് തങ്ങള്‍ പാറ. ഇതിനടുത്താണ് കുരിശുമല. അതിനപ്പുറം മുരുഗൻമലയാണ്. മുരുകൻ മയിൽ വാഹനത്തിൽ ഇവിടെ വന്നിറങ്ങി എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഒരു മുരുകക്ഷേത്രവും ഇവിടെ ഉണ്ട്.

∙ രാമന്റെ ഏദൻതോട്ടം

കുഞ്ചാക്കോബോബൻ അഭിനയിച്ച രാമന്റെ ഏദൻ തോട്ടം എന്ന സിനിമയുടെ ലൊക്കേഷനിലേക്കായിരുന്നു അടുത്ത യാത്ര. കാടിന് നടുവിലെ വാഗമൺ ഹൈറ്റ്സ് എന്ന മനോഹര റിസോർട്ട് ആണ് ഇത്.  ആർക്കും ഇഷ്ടപ്പെടുന്നതാണ് ഇവിടുത്തെ മനോഹാരിത. സമാധാനപരമായ അന്തരീക്ഷം ആരെയും ആകർഷിക്കും. 250 ഏക്കറിലേറെ വിശാലമായ ഹൈറ്റ്സിൽ അരുവികളും തടാകവും കാടും മലകളുമെല്ലാമുണ്ട്. താമസക്കാരുടെ സ്വകാര്യതയ്ക്കായി ഒരോ കോട്ടേജുകളും മാറിയാണ് നിലകൊള്ളുന്നത്. കാഴ്ചകൾക്കപ്പുറം ഒരുപാട് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരുപാട് സിനിമകൾ ഷൂട്ടിങ് ഇടമായ വാഗമണ്ണിലെ അറിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലേക്കായിരുന്നു അടുത്ത യാത്ര. ടീ എസ്റ്റേറ്റിനുള്ളിലുള്ള വീട്.

∙ കാണണം പരുന്തുംപാറ

ശാന്തമായ അന്തരീക്ഷവും നിബിഡ വനങ്ങളുടെ ദൃശ്യഭംഗിയും മലമൂടി ഇറങ്ങുന്ന കോടമഞ്ഞും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. കൂടാതെ മണ്ഡലകാലത്ത് മകരജ്യോതി ദർശിക്കാൻ അയ്യപ്പഭക്തരുടെ വലിയ നിരയും ഇവിടേക്ക് എത്തുന്നു. അകലെനിന്ന് നോക്കുമ്പോൾ ഒരു പരുന്തിന്റെ രൂപമാണ് ഇൗ മലക്ക് ദൃശ്യമാകുന്നത്, അതുകൊണ്ടാണ് പരുന്തുപാറ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.

∙ അമ്മച്ചികൊട്ടാരം

കുട്ടിക്കാനത്തിനടുത്തു സ്ഥിതി ചെയ്യുന്ന 'അമ്മച്ചി കൊട്ടാരവും അതിന്റെ പ്രൗഢിയും പഴമയുമെല്ലാം ഒരുപാട് സിനിമകളിൽ ചിത്രീകരിച്ചിട്ടുണ്ട്. കാർബണ്‍, ഇന്ദ്രിയം, പൈലറ്റ് പോലുള്ള ധാരാളം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ അമ്മച്ചി കൊട്ടാരം. അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്. തിരുവിതാംകൂർ രാജാവിന്റെ വേനൽ കാലവസതിയായിരുന്നു ഇത്. ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്.

∙ മൂന്നാർ

അഞ്ചുരളിയുടെ കാഴ്ചകളും ആസ്വദിച്ച് അനുമോളുടെ അടുത്ത ഡെസ്റ്റിനേഷൻ മൂന്നാറായിരുന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറും സിനിമ ഷൂട്ടിങ് ലൊക്കേഷൻ‌ കൂടിയാണ്. ടോപ്സ്റ്റേഷനും കുണ്ടല ലെയ്ക്കും കൊളുക്കുമലയും മാട്ടുപെട്ടി ഡാമുമൊക്കെ ഒരുപാട് സിനിമകളിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

∙ ഒറ്റമരം– ഗ്രേറ്റ് ഫാംസ്റ്റേ‍ഡ്

പൃഥ്വിരാജ് അഭിനയിച്ച അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന് ലൊക്കേഷനായിട്ടുള്ള ഇടമാണ് ഗ്രേറ്റ് ഫാംസ്റ്റേ‍ഡ്. പച്ചപ്പ് നിറഞ്ഞ കുന്നിന്റെ മുകളിൽ ശന്തസുന്ദരമായി പണിതുയർത്തിരിക്കുന്ന വളരെ മനോഹരമായ താമസ സ്ഥലമാണിത്. അവിടുത്തെ കാഴ്ചകൾക്കു ശേഷം ഇരവികുളം നാഷണൽ പാർക്കിലേക്കായിരുന്നു അനുവിന്റെ യാത്ര. അടുത്ത യാത്ര ഫോർട്ട്കൊച്ചി.

∙ ഫോർട്ട്കൊച്ചി ലൊക്കേഷൻ

ഫോർട്ട്കൊച്ചിയുടെ മിക്കയിടങ്ങളും ഒരുപാട് സിനിമകളിലും പ്രത്യക്ഷമായിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷനാണ് ഇവിടം. കേരളത്തിലെ എന്നതിനേക്കാൾ കൊച്ചിയിലെ ജൂതതെരുവ് ലോകപ്രസിദ്ധിയാർജ്ജിച്ച ഒന്നാണ്. മട്ടാഞ്ചേരിയിൽ സിനോഗാഗിന് സമീപത്തുള്ള തെരുവ് അറിയപ്പെടുന്നത് ജൂതത്തെരുവ് എന്നാണ്. 

ഈ ജൂത തെരുവിലൂടെ നടന്നാൽ സിനഗോഗിൽ എത്തിച്ചേരാം. പൂരാതന വസ്തുക്കളും കരകൗശല വസ്തുക്കളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി ഷോപ്പുകൾ ഇവിടെ കാണാം. ഫർണീച്ചറുകൾ, പല വിധങ്ങളായ ആഭരണങ്ങൾ അങ്ങനെ നിരവധി സാധ്യതകളുള്ള തെരുവ് കാൽനടയാത്രക്കാർക്കുള്ളതാണ്, വാഹനങ്ങൾക്ക് പരിധി വരെ നിയന്ത്രണമുണ്ട്. ഇവിടുത്തെ കച്ചവടക്കാരിൽ അധികവും ജൂതർ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് തന്നെ ഇപ്പോഴും നിലനിൽക്കുന്ന പുരാതന സിനഗോഗുകളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ സിനഗോഗ്. നിരവധി സിനിമകൾക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്.

English Summry: Celebrity Travel, Anumol Shooting Locations Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com