മലമുകളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാം; തേക്കിന്റെ നാട്ടിലേക്ക് യാത്രതിരിക്കാം

Nilambur-tourism-8
SHARE

വാസ്കോഡ ഗാമ നിലമ്പൂരിൽ കാൽ കുത്തിയത് എന്തിനായിരിക്കും? ടിപ്പുസുൽത്താന്റെ നിരീക്ഷണഗോപുരം നിലമ്പൂരിൽ എവിടെയായിരുന്നു? മാഷേ, ഗിയർ മാറ്റുമ്പോൾ ക്ലച്ച് അമർത്തണമല്ലേ? ഡ്രൈവിങ് പഠനകാലത്ത് ഇങ്ങനെ ആത്മഗതം ചെയ്യാത്തവർ കുറവായിരിക്കും.

Nilambur-tourism-9

പാതിക്ലച്ചിൽ ഗിയർ മാറുമ്പോഴുള്ള ശബ്ദകോലാഹലം ആശാൻമാരുടെ മുഖഭാവം മാറ്റിയിരുന്നത് ഓർക്കുന്നില്ലേ? കാലം, നിലമ്പൂരിനെ ചുറ്റിയൊഴുകുന്ന ചാലിയാറിലെ വെള്ളംപോലെ കല്ലായിപ്പുഴ തേടിപ്പോയപ്പോൾ ക്ലച്ച് അമർത്താതെ ഗിയർ മാറ്റാവുന്ന വാഹനമെത്തി. ഹ്യുെണ്ടയ് ഐ20 ഐഎംടി. വിപണിയിലെ ഈ പുതുതാരവുമായിട്ടാണ് കക്കാടംപൊയിൽ യാത്ര. തേക്കിനു പ്രസിദ്ധമായ നിലമ്പൂരിലാണ് ആദ്യദിനം.

Nilambur-tourism4

തേക്ക് വളർത്തിയ നാട്

തേക്ക് വളർത്തിയതിലൂടെ വളർന്ന നാടാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ. മലകൾക്കപ്പുറം നീലഗിരിക്കുന്നുകൾ. താഴ്‌വാരത്തിൽ ലോകത്തിലെ അത്യപൂർവ വനവൈവിധ്യം ഒളിപ്പിച്ചിരിക്കുന്ന കരിമ്പുഴ വന്യജീവിസങ്കേതം. ഒൻപതുനദികൾ കൂടിച്ചേർന്നൊഴുകുന്ന ചാലിയാർ നദി. ലോകത്തിലെ ആദ്യതേക്ക് തോട്ടം നിലമ്പൂരിലായതു യാദൃച്ഛികമല്ല. 

pic

തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാം എന്നാണല്ലോ ചൊല്ല്. കടൽവെള്ളത്തിനു പോലും ഈ തടിയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലത്രേ. കപ്പലുണ്ടാക്കാനായി തേക്കുതടി തേടിയാണ് വാസ്കോ ഡ ഗാമ നാനൂറുകൊല്ലം മുൻപ് ഇവിടെയെത്തിയത്. നിലമ്പൂരിലെ ചില കാഴ്ചകൾ പകർത്തിയാണ് ഐ 20, കക്കാടം പൊയിൽ എന്ന മലമുകളിലേക്കു കയറുക.

Nilambur-tourism1

നാടിനു നടുവിലെ കാട് 

നിലമ്പൂരിന്റെ ഇരട്ടയങ്ങാടിയായ ചന്തക്കുന്നിൽനിന്ന് പത്തു മിനിറ്റ് നടത്തമേ ബംഗ്ലാവു കുന്നിലേക്കുള്ളൂ. മാനത്തിന്റെ തൂണുകൾ പോലെ മഹാഗണികൾ. ടാറിട്ട ചെറുവഴിക്കിരുപുറവും കരിയിലക്കാട്. ചെങ്കൽ–കരിങ്കൽപാറക്കൂട്ടങ്ങൾക്കുമേൽ വീണുകിടക്കുന്ന ചെറുപൂക്കൾ. ഭീതിയില്ലാതെ കാടിന്റെ അനുഭവം നടന്നനുഭവിക്കാനും സല്ലപിച്ചിരിക്കാനും ഇവിടെ എത്തുന്നവർ ഏറെ. ഐ20 കയറ്റം കയറിച്ചെല്ലുമ്പോൾ തലയെടുപ്പോടെ ഡിഎഫ്ഒ ബംഗ്ലാവ് വരവേറ്റു. 

കാടാണ് നിലമ്പൂരിന്റെ സ്വത്ത്. ആ കാടിന്റെ നിയന്ത്രണം മുൻപ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറുടെ ഈ കെട്ടിടത്തിൽനിന്നായിരുന്നു. അതിനും മുൻപ് ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് സൈന്യത്തിന്റെ നിരീക്ഷണഗോപുരമായിരുന്നു ഇവിടം. ചുറ്റിയൊഴുകുന്ന ചാലിയാറിന്റെ കാഴ്ച കണ്ട് തൊട്ടടുത്തുള്ള ഡോർമിറ്ററിയിൽ താമസിക്കാം. നഗരത്തിനു നടുക്ക് 136 ഏക്കർ വിസ്തൃതിയിൽ ആണ് ഈ കാടുള്ളത്. വൻമരത്തലപ്പിന്റെ ഉയരത്തിൽ നടക്കാൻ തെൻമലയിലെ കനോപ്പി വാക്കിങ് മാതൃകയിലൊരു നടപ്പാതയും ഇവിടെയുണ്ട്. 

Nilambur-tourism6

തേക്ക് മ്യൂസിയത്തിലേക്ക്   

ലോകത്തിലെ ആദ്യ തേക്കുതോട്ടം, നിലമ്പൂരിലെത്തുംമുൻപ് കൊനോളിസ് പ്ലോട്ടിലേതാണ്. അവിടേക്ക് ജീപ്പ് സഫാരി ഒരുക്കുന്നുണ്ട് വനംവകുപ്പ്. നിലമ്പൂരിലെത്തിയാൽ ആദ്യം പോകേണ്ട ഇടങ്ങളിലൊന്നാണ് തേക്ക് മ്യൂസിയം. ലോകത്തെ ആദ്യ തേക്ക് മ്യൂസിയമാണിത്. 

Nilambur-tourism

കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI) കീഴിൽ 95 ൽ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ തേക്കുകാര്യങ്ങൾ മ്യൂസിയത്തിൽ കണ്ടറിയാം. അക്ബർ ചക്രവർത്തിയുടെ സമകാലീനനായ തേക്ക് തടിയുടെ പരിച്ഛേദം കൗതുകകരമാണ്. എല്ലാം ചുറ്റിനടന്നു കണ്ടു താഴേക്കിറങ്ങുമ്പോൾ കെഎഫ്ആർഐ സീനിയർ ശാസ്ത്രജ്ഞനും ഇൻ–ചാർജുമായ മല്ലികാർജുനസ്വാമി സംഘത്തിന്റെ കൂടെ വന്നു. 

Nilambur-tourism3

മ്യൂസിയത്തിന്റെ പിന്നിൽ മനോഹരമായ പൂന്തോട്ടമുണ്ട്. അവിടെയുള്ള ഓരോ ചെറുകാര്യങ്ങളും അദ്ദേഹം വിവരിച്ചുതന്നു. ജലസസ്യശേഖരത്തിൽ ആനത്താമര ശ്രദ്ധയാകർഷിക്കും. വെളളത്തിനു മുകളിൽ വിരിഞ്ഞുനിൽക്കുന്ന വലിയ ഇലകൾക്കുമേൽ സഞ്ചാരികൾ കല്ലുകൾ എടുത്തുവയ്ക്കുമത്രേ, ബലം പരീക്ഷിക്കാൻ. അത്യപൂർവമായ തെക്കേ അമേരിക്കൻ സസ്യമാണിത്. അതുകൊണ്ടുതന്നെ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം. പക്ഷേ, ആരോടു പറയാൻ? 

മൃതിയറകൾ

മുളന്തോട്ടത്തിലൂടെ നടന്നാൽ 2000 വർഷം മുൻപു മൃതശരീരം മറവു  ചെയ്തിരുന്ന ഇടം കാണാം. നടുവിൽ കരിങ്കല്ല്. ചുറ്റിനും ചെങ്കല്ലുകൾകൊണ്ടൊരു വൃത്തം. ഇതാണ് ഘടന.  അങ്ങനെയുള്ള രണ്ടു മൃതിയറകൾ അവിടെയുണ്ട്. മറയൂരിലെ മുനിയറകൾ പൊലൊരു പൈതൃക സ്വത്ത്. പിന്നെയും കാഴ്ചകളേറെ. നൂൽമഴകൊണ്ടു നനയ്ക്കപ്പെടുന്ന ഓർക്കിഡ് ശേഖരം, മ്യൂസിയപരിസരത്തുനിന്നുള്ള പദാർഥങ്ങൾ കൊണ്ടു നിർമിച്ച റെഡ് ഇന്ത്യൻ രൂപം, നീരീക്ഷണഗോപുരം, ഇണക്കുരുവികൾക്കു തണലേകാൻ ഇലച്ചാർത്തുകളുടെ കമാനങ്ങൾ, അത്യപൂർവ പുഷ്പശേഖരം, ഇഴപിരിയാപുല്ലാനിവള്ളികൾ നിറഞ്ഞ പാർക്ക്, ഗാംഭീര്യത്തോടെ വളരുന്ന ആനമുളകൾ.. മുളന്തണ്ടുകളിൽ കല്ലുകൊണ്ടുകോറിവരച്ചിടുന്നവർ ആധുനികകാലത്തെ ശിലായുഗജീവികളാണെന്നതിൽ സംശയമില്ല. കുടുംബവുമൊത്ത്  ഒരു ദിവസം കണ്ടുതീർക്കാനുണ്ട് തേക്ക് മ്യൂസിയം. ഉച്ചയോടെ അവിടെനിന്ന് ഇറങ്ങി. ഇനി കക്കാടം പൊയിലിലേക്ക്. 

ആഢ്യനാണ് ഈ  പാറ

ചന്തക്കുന്നിൽനിന്ന് ആഹാരം. അകമ്പാടം റോഡിലൂടെ കക്കാടംപൊയിൽ തേടി ഐ 20 യാത്ര തുടർന്നു. വഴിയിൽ വലത്തോട്ടുതിരിയാൻ കൊതിപ്പിച്ചുകൊണ്ട് ആഢ്യൻപാറ വെള്ളച്ചാട്ടത്തിന്റെ ബോർഡ്. വഴി നല്ലതാണ്. ആഢ്യൻ പാറയിലെത്തുമ്പോൾ ഇടതുവശത്തു പുഴ വരണ്ടുകിടപ്പുണ്ട്. 

വെള്ളം കുറവാണെന്നതിന്റെ സൂചന. തോർത്തും മറ്റും വിൽക്കുന്ന കടകൾക്കിടയിലൂടെ ടിക്കറ്റെടുത്ത് താഴേക്കു നടക്കണം. വെള്ളച്ചാട്ടത്തിന്റെ ഇരമ്പമൊന്നും കേൾക്കുന്നില്ല. പകരം ആർത്തുല്ലസിക്കുന്ന കുട്ടികളുടെ ശബ്ദം. തനിനാടൻ അമ്യൂസ്മെന്റ് പാർക്ക് ആണ് ആഢ്യൻ പാറ. ഒരു വൻപാറയ്ക്കുമുകളിലൂടെ പുഴ, അരഞ്ഞാണം കെട്ടിയതുപോലെ ഒഴുകുന്നുണ്ട്.

Nilambur-tourism7

 ആ ഒഴുക്കിനൊപ്പം

ഇരുന്നുകൊടുത്താൽ താഴെ പളുങ്കുജലത്തിൽ ചെന്നു ചാടാം. അടിത്തട്ടു കാണുന്നത്ര സ്ഫടികസമാനജലം. കുട്ടികളും സ്ത്രീകളും ഇങ്ങനെ പാറയിലൂടെ ഊർന്നിറങ്ങുന്നുണ്ട്. വെള്ളം കുറയുമ്പോഴാണ് ആഢ്യൻപാറയിൽ ആളിറങ്ങുക. അല്ലാത്തപ്പോൾ ആർത്തലച്ചുപാഞ്ഞ് ഭീതിപ്പെടുത്തുന്ന സ്വഭാവമാണ്. 

രണ്ടാൾ ഉയരത്തിൽ പക്കുകൾ (വാവട്ടം കുറഞ്ഞ കുഴികൾ) ഏറെയുള്ളതിനാൽ സൂക്ഷിച്ചുവേണം പാറയിലൂടെ നടക്കാൻ. ഒന്നു തെന്നിയാലും പണി പാളും. പക്ഷേ, സകുടുംബം സഞ്ചാരികൾ കുളിക്കാനെത്തുന്നുണ്ട് ആഢ്യൻ പാറയിൽ. കുളിച്ചുകയറുമ്പോൾ അവിൽമിൽക്കും സർബത്തും കുടിക്കാം. ഉപ്പിലിട്ട മാങ്ങാക്കഷണങ്ങൾ നുണയാം.  തിരിച്ച് അകമ്പാടത്തിലേക്ക്... 

ഇനി കുന്നു കയറാം

ക്ലച്ചില്ലാത്ത ഐ20 യുമായി കുന്നു കയറുന്നതെങ്ങനെ? പലപ്പോഴും ക്ലച്ച് താങ്ങി എടുക്കേണ്ട അവസ്ഥയുണ്ടാകാറുണ്ടല്ലോ നമ്മുടെ റോഡുകളിൽ. കക്കാടം പൊയിലിലേക്കുള്ള വഴി അത്തരത്തിൽ കയറ്റങ്ങളുള്ളതാണ്. ആഢ്യൻപാറയോടു വിടപറഞ്ഞ് തിരികെ അകമ്പാടമെത്തി. അവിടെനിന്നു വേണം കക്കാടം പൊയിൽ എന്ന മലയോരഗ്രാമത്തിലേക്കു പോകാൻ. ഐ 20 യുടെ വീതിയേറിയ സ്ക്രീനിൽ മാപ്പ് നോക്കുമ്പോഴാണ് രസം. ചുറ്റിനും കാടിന്റെ പച്ചനിറം. കുറുവൻ പുഴയോടു ചേർന്നാണു വഴി. ഈ ചെറുനദിയാണ്  തേക്കുതോട്ടം സ്ഥിതി ചെയ്യുന്ന കൊനോളീസ് പ്ലോട്ടിലേക്ക് എത്തിച്ചേരുന്നത്.

Nilambur-tourism11

വലതുവശത്ത് ആഴത്തിൽ പുഴയും ഇടതുവശത്ത് ചെറുകുന്നുകളും.  വൈകുന്നേരം ആനയിറങ്ങുമെന്നു നാട്ടുകാർ. രണ്ടു ചെറുചുരങ്ങളുണ്ട്. ഐ 20 കുത്തനെയുള്ള കയറ്റത്തു നിർത്തി, പരീക്ഷണത്തിനായി മുന്നോട്ടെടുത്തു. ആദ്യം കുറച്ചു പിന്നോട്ടുരുളുമെങ്കിലും ഇവൻ കയറുന്നുണ്ട്. ടർബോ ചാർജ് ചെയ്യാനായി കാത്തിരിക്കുന്നില്ല എൻജിൻ. മൂന്നുപേരായിരുന്നു കാറിൽ. ഫുൾലോഡിൽ കുത്തനെയുള്ള കയറ്റങ്ങൾ കയറിനോക്കണം എന്ന് ഫൊട്ടോഗ്രഫർ ലെനിൻ അഭിപ്രായപ്പെട്ടു. 

കോഴിപ്പാറ വെളളച്ചാട്ടം

കക്കാടം പൊയിൽ മലപ്പുറം–കോഴിക്കോട് ജില്ലയുടെ അതിർത്തിഗ്രാമങ്ങളിലൊന്നാണ്. കുടിയേറ്റക്കാരുടെയും വളർന്നുവരുന്ന റിസോർട്ടുകളുടെയും അങ്ങാടി. കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ ആകർഷണങ്ങളിലൊന്ന്. തണുപ്പുള്ള പ്രകൃതിയും മലമുകളിലേക്കുള്ള ട്രക്കിങ് പാതകളും സഞ്ചാരികളെ കക്കാടംപൊയിലിലേക്ക് ധാരാളമായി എത്തിക്കുന്നുണ്ട്. നിലമ്പൂരിൽനിന്നും അരീക്കോടുനിന്നും ബസ് സർവീസുകളുമുണ്ട്. (ലാസ്റ്റ് ബസിന്റെ സമയം ചോദിക്കാൻ മറക്കരുതേ!)വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ ചിരിയോടെ വാച്ചർ പ്രസാദേട്ടൻ ഇരിപ്പുണ്ട്. വാഹനം റോഡരുകിൽ പാർക്ക് ചെയ്യണം. 

പിന്നെ നൂറു മീറ്റർ നടപ്പാത. ഇതും ഒരു പാറയാണ്. ആഢ്യൻ പാറയെക്കാൾ ആഢ്യത്വമുണ്ട്. ഭീകരതയും.  പല തട്ടുകളിലായി പതിക്കുന്ന വെള്ളച്ചാട്ടക്കൂട്ടമാണ് കോഴിപ്പാറയിലേത്. ഒന്നു പരിചയമായിക്കഴിഞ്ഞാൽ സുരക്ഷിത ഇടം നോക്കിയിറങ്ങാം. മിടുക്കർ ആഴമുള്ള കയത്തിലേക്കു കൂപ്പുകുത്തി കുതിച്ചുയർന്നു നീന്തിത്തുടിക്കുന്നു. മറ്റുചിലർ വെള്ളച്ചാട്ടത്തിന്റെ മസാജിങ് അനുഭവിക്കാനായി ചേർന്നുനിൽപ്പുണ്ട്. മുകളിലെ തട്ടുവരെ നമുക്കു നടന്നു കയറാം. പക്ഷേ, ഏറ്റവും താഴേക്കു പോകരുത്. അവിടെ കമ്പികെട്ടിതിരിച്ചിട്ടുണ്ട്. ഒരു കൽച്ചാലാണ് കോഴിപ്പാറ. വശങ്ങളിൽ മൈലാഞ്ചിയിട്ടു ചുമപ്പിച്ച മുടിപോലെ വളരുന്ന ഉണക്കപ്പുല്ലു കയറിയ മലമുടി. 

ആ കുന്നുകളിൽ ആന വരാറുണ്ട്. കഴിഞ്ഞയാഴ്ച, ആനപ്പോരാട്ടത്തിലെ പരാജിതൻ താഴെ പുഴയിൽ ചെരിഞ്ഞിരുന്നു എന്ന് പ്രസാദേട്ടൻ പറഞ്ഞു. കലിതുള്ളും കുറവൻപുഴഅക്കാണും പാറകൾ വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചുതന്നു. അമ്പോ, ആനക്കല്ലുകൾ! അന്നിവിടെ  നിലവിട്ടുപായുകയായിരുന്നു കുറുവൻപുഴ. ഒരു അണക്കെട്ടുപോലുമില്ലാത്ത ചാലിയാറിലേക്ക് വെള്ളമെത്തിയപ്പോൾ നിലമ്പൂർ മുങ്ങിപ്പോയിരുന്നത് ഓർക്കുമല്ലോ... ആഴമില്ലാത്തിടത്ത് ഒരു കുളി പാസാക്കി കഴിഞ്ഞപ്പോൾ നേരം സന്ധ്യ. തണുപ്പ് കയറിത്തുടങ്ങുന്നുണ്ട്. സഞ്ചാരികൾ മടങ്ങുന്നു. വല്ലാത്തൊരു നിശ്ശബ്ദതയാണ് വേനലിൽ ആ സ്ഥലത്തിന്. 

വനംവകുപ്പിന്റെ നിയന്ത്രണത്തോടെ ട്രക്കിങ് ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. പഴശ്ശി വന്നു താമസിച്ചിരുന്നു എന്നു പറയപ്പെടുന്ന ഗുഹയും കക്കാടംപൊയിൽ ഭാഗത്തുണ്ട്. ഇപ്പോൾ പോകാനാകില്ലെങ്കിലും ഭാവിയിൽ ഇതൊരു ട്രക്കിങ് പോയിന്റ് ആയേക്കാം. ‘‘അരീക്കോട് വഴി പിടിച്ചാൽ വേഗമെത്താം. ഇനി നിലമ്പൂരിലേക്കു പോകേണ്ട’’– പ്രസാദേട്ടന്റെ ഉപദേശം സ്വീകരിച്ച് ഐ20 യിൽ മാപ്പ് സെറ്റ് ചെയ്തു. പതർച്ചയില്ലാത്ത ബോസ് സ്പീക്കറിൽ പാട്ടു കേട്ട് മലയിറക്കം. രണ്ടു ഡിജിറ്റൽ ഡിസ്പ്ലേയും വയർലെസ് ചാർജറുമുള്ള ഐ 20 ഇന്റീരിയർ കിടുവാണ്. ഗിയർ ഡൗൺ ചെയ്യണ്ട സമയം ഐ 20 സൂചന നൽകും. എൻജിൻ ഇടിച്ചുനിൽക്കുകയില്ലെന്നർഥം. ഹൈവേയിലൂടെയുള്ള  ആയാസമില്ലാത്ത നിശായാത്രയിൽ നിദ്രയെക്കാൾ പൊതിഞ്ഞുപിടിച്ചത് മുന്നിലെ സുഖകരമായ സീറ്റ് ആയിരുന്നു.

Nilambur-tourism-12

ട്രാവൽ നോട്ട്

പാറക്കൂട്ടങ്ങളിൽ സൂക്ഷിച്ചിറങ്ങുക. വൈകുന്നേരം പുഴയിൽ സമയം ചെലവിടരുത്.റൂട്ട്– എറണാകുളം–തൃശ്ശൂർ–പട്ടാമ്പി–പെരിന്തൽമണ്ണ–വണ്ടൂർ–നിലമ്പൂർ 183 കിലോ മീറ്റർ നിലമ്പൂർ–അകമ്പാടം–കക്കാടംപൊയിൽ 26കിലോ മീറ്റർ. താമസം–ഹോട്ടൽ ടാമറിൻഡ് (KTDC),കരിമ്പുഴ

English Summary: Nilambur tourism 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA