ADVERTISEMENT

മൂന്നാർ ∙ മൂന്നാറിലേക്കൊരു സമ്പൂർണ ടൂർ പാക്കേജ് കെഎസ്ആർടിസി വക! തമാശയല്ല, സംഗതി അടിപൊളിയാണ്. യാത്രയും താമസവും സൈറ്റ് സീയിങ്ങും മുതൽ ടെന്റ് ക്യാംപിങ് വരെ ഒരുക്കിവച്ചാണ് കെഎസ്ആർടിസി മൂന്നാറിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. അതും വളരെ തുച്ഛമായി തുകയ്ക്ക്. മൂന്നാറിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കെഎസ്ആർടിസി ആരംഭിച്ച പദ്ധതികളാണിവ. സാധാരണക്കാർക്കും കുറഞ്ഞ തുകയ്ക്ക് മൂന്നാർ–മറയൂർ പ്രദേശങ്ങൾ മുഴുവൻ കണ്ടാസ്വദിക്കാൻ കെഎസ്ആർടിസിയുടെ പുതിയ പദ്ധതികൊണ്ട് സാധിക്കും. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ കെഎസ്ആർടിസി ടൂറിസം പ്രയോജനപ്പെടുത്തിയത്. 

നമുക്ക് പാർക്കാൻ ആനവണ്ടികൾ...

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസി ബസിൽ താമസിക്കാനുള്ള സൗകര്യമാണ് ആദ്യം ഒരുങ്ങിയത്. കഴിഞ്ഞ ഓക്ടോബറിലാണ് പരീക്ഷണാ‍ർഥം കെഎസ്ആർടിസി സ്ലീപ്പർ കോച്ച് ബസുകൾ തുടങ്ങിയത്. സംഗതി സഞ്ചാരികളങ്ങ് ഏറ്റെടുത്തു. നാൽപതിനായിരത്തോളം ആളുകൾ ആറുമാസംകൊണ്ട് കെഎസ്ആർടിസി ബസിൽ അന്തിയുറങ്ങിയ. പുതിയ എസി ബസിലാണ്, ഒരേസമയം 16 പേർക്കു താമസ സൗകര്യമൊരുക്കിയത്. ഇത്തരത്തിലുള്ള 3 ബസുകൾ മൂന്നാർ ഡിപ്പോയിലുണ്ട്.

ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ഒരാൾക്കു മാത്രം കിടക്കാവുന്ന കംപാർട്മെന്റുകളാണ് ബസിലുള്ളത്. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം.  ഇതിനായി ടോയ്‌ലറ്റുകൾ നവീകരിച്ചു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ചു ബസ് വൃത്തിയാക്കി അണുനശീകരണം നടത്തി അടുത്ത ഗ്രൂപ്പിനു കൈമാറും. മേൽനോട്ടത്തിനായി രണ്ടു ജീവനക്കാരുമുണ്ട്.

munnar-tent

ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി ആവശ്യമെങ്കിൽ 50 രൂപ അധികം നൽകണം. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണം അടച്ച് വൈകിട്ട് 5നു ബസിൽ പ്രവേശിക്കാം. ഡിപ്പോയിൽത്തന്നെ‌യാണു രാത്രി ബസുകൾ നിർത്തിയിടുന്നത്. 16 കിടക്കകളാണ് ഒരു ബസിൽ ഉള്ളതെങ്കിലും 1600 രൂപ നൽകി ഒന്നോ രണ്ടോ പേർക്കു മാത്രമായും ഇവ ബുക്ക് ചെയ്യാം. സമീപത്തു ഭക്ഷണശാലകളും ഉണ്ട്.   

മൂന്നാറിലെ തണുപ്പ്, വിൻഡോ സീറ്റ്, ഇളയരാജാ പാട്ട്

കൊടുംതണുപ്പിൽ കോടമഞ്ഞിനിടയിലൂടെ കെഎസ്ആർടിസി ബസിൽ മൂന്നാർ ചുറ്റിക്കാണാൻ അവസരം കിട്ടിയാലോ? ഐവ!! കെഎസ്ആർടിസി പ്രേമികൾക്കു സന്തോഷം നൽകുന്ന വാർത്തയുമായാണു ഈ പുതുവർഷത്തിൽ കെഎസ്ആർടിസി എത്തിയത്. പറഞ്ഞപോലെ തന്നെ സൈറ്റ് സീയിങ് ബസ് റെഡി. മൂന്നാറിലെ മാട്ടുപ്പെട്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ ചുറ്റിക്കറങ്ങി കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കിയ പ്രത്യേക സർവീസാണ് സൈറ്റ് സീയിങ് ബസുകൾ. 50 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുന്നത്. ഒരു ദിവസം മുഴുവൻ മൂന്നാർ ചുറ്റിക്കറങ്ങുന്നതിന് വെറും 250 രൂപയാണ് ടിക്കറ്റ് വില. രാവിലെ 9ന് മൂന്നാർ ഡിപ്പോയിൽ നിന്ന് തുടങ്ങി ഫൊട്ടോപോയിന്റ്, മാട്ടുപ്പെട്ടി, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ വരെയാണ് സർവീസ്. പിന്നീട് വൈകിട്ട് 4 മണിക്ക് തിരികെ ഡിപ്പോയിലെത്തും. മറയൂർ, കാന്തല്ലൂർ മുഴുവൻ ഒരു ദിവസം ചുറ്റിക്കറങ്ങുന്നതിന് ഒരാൾക്ക് 300 രൂപയാണു ടിക്കറ്റ് നിരക്ക്. രാവിലെ 9.30നു പഴയ മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിക്കുന്ന സർവീസ് ഉച്ചകഴിഞ്ഞ് കാന്തല്ലൂരിലെത്തും. എട്ടാംമൈൽ, ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ്, മുനിയറകൾ, കാന്തല്ലൂരിലെ പച്ചക്കറി, പഴവർഗ തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം. കാന്തല്ലൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന ബസ് 5ന് മൂന്നാറിലെത്തും. 

ടെന്റടിച്ചു കൂടാം, കെഎസ്ആർടിസിയിൽ

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് ടെന്റ് ക്യാംപിങ് സംവിധാനമാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭം പഴയമൂന്നാറിൽ കെഎസ്ആർടിസി സ്റ്റേഷന്റെ പരിസരത്ത് ദേശീയപാതയോരത്തെ യൂക്കാലിത്തോട്ടമാണ് ടെന്റ് ക്യാംപിങ്ങിന് ഉപയോഗിക്കുന്നത്. 4 പേർക്കു വീതം താമസിക്കാവുന്ന 2 ടെന്റുകളാണ് ഇപ്പോൾ ഒരുക്കുന്നത്. ഒരാൾക്ക് 200 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റ് മുഴുവനായി എടുത്താൽ 700 രൂപ നൽകിയാൽ മതി. ഈ സംരംഭം വിജയമായാൽ കൂടുതൽ ടെന്റുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞു.

വിളിക്കാം : mnr@kerala.gov.in മെയിൽ ഐഡി വഴിയും 9447813851, 04865 230201 ഫോൺ നമ്പർ വഴിയും ഈ സേവനങ്ങളെല്ലാം ബുക്ക് ചെയ്യാം. 

English Summary: Ksrtc Tent Service Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com