കോടമഞ്ഞ് പുതച്ച കാളിമലയും കൊടുംവേനലിലും വറ്റാത്ത കാളിതീർത്ഥവും

Kalimala
By Badusha Nijoom/shutterstock
SHARE

ഏതോ പ്രണയഗാനത്തിനൊപ്പമെന്ന പോലെ നൃത്തം ചെയ്ത് പരന്നൊഴുകുന്ന കോടമഞ്ഞും മലനിരകളില്‍ നിന്നു മലനിരകളിലേക്ക് വേരുകള്‍ നാട്ടി ആകാശത്തെ ധ്യാനിച്ച്‌ നില്‍ക്കുന്ന വന്‍മരങ്ങളും പ്രാചീനതയുടെ ഗന്ധം വഴിയുന്ന വശ്യമായ സൗന്ദര്യവും ഒന്നുചേരുന്ന ഇടമാണ് കാളിമല. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയ്ക്ക് സമീപമാണ് ഈ മല സ്ഥിതിചെയ്യുന്നത്. 

നഗരത്തിരക്കുകളില്‍ നിന്നും മാറി അല്‍പ്പസമയം ശാന്തമായി ചിലവഴിക്കാനും കാടിന്‍റെ തണുപ്പും കാട്ടുജീവികളുടെ പരസ്പരമുള്ള കുശലാന്വേഷണങ്ങളുമെല്ലാം ആസ്വദിക്കാനുമെല്ലാം ഇഷ്ടമുള്ളവര്‍ക്ക് ഇവിടേക്ക് വരാം. മാത്രമല്ല, സമുദ്രനിരപ്പില്‍ നിന്നും മൂവായിരമടി മുകളിലേക്ക് ട്രെക്കിങ് നടത്തി, ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിയ കൊഴുപ്പുപാളികള്‍ എരിച്ചു കളയാം. എന്തായാലും ഈ യാത്ര മനോഹരമായ ഒരു അനുഭവമായിരിക്കും എന്നത് തീര്‍ച്ച.

*എവിടെയാണ് കാളിമല? 

സഹ്യപർവതത്തിന്‍റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല. തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കു സമീപം കേരള-തമിഴ്നാട് അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരത്തില്‍ നിന്നു ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

*മലമുകളിലെ ദേവി

കാടിന്‍റെയും മലനിരകളുടെയും ശാന്തതയില്‍ പ്രാചീനകാലത്തെങ്ങോ നിര്‍മിച്ച ഒരു ക്ഷേത്രമുണ്ട് കാളിമലയില്‍. പുരാതനമായ ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി. ഒരു ശാസ്താ ക്ഷേത്രവും ഇവിടെയുണ്ട്. കൂടാതെ, ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയും കാണാം. എത്രയാണ് ഇതിന്‍റെ പഴക്കമെന്നു നിശ്ചയമില്ല.

*സ്ത്രീകള്‍ പൊങ്കാലയിടുന്ന ക്ഷേത്രം

സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും കാളിമലയ്ക്കുണ്ട്. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെ പോലെ ഭക്തർ വ്രതം അനുഷ്ഠിച്ചു മല ചവിട്ടുന്നു. വർഷത്തിൽ ഒരിക്കൽ ചിത്രപൗർണമി നാളിൽ നടക്കുന്ന പൊങ്കാല ദിവസമാണ് ഏറ്റവും വിശേഷം. നിരവധി ആളുകള്‍ ഈ സമയത്ത് ഇവിടേക്ക് എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജയും ഉണ്ടാകാറുണ്ട്. 

*ചരിത്രവും വിശ്വാസവും ഇഴചേരുന്ന കാളിമല

കാളിമലയെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഒന്ന് അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടതാണ്. വരമ്പതിമലയിൽ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചിരുന്നത്രേ. ഇതില്‍ സന്തുഷ്ടനായ ധർമ്മശാസ്താവ് അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. അദ്ദേഹത്തിന്‍റെ തപഃശക്തി മൂലം മലമുകളിൽ ഒരു ഉറവ രൂപം കൊണ്ടു. അതില്‍ നിന്നും ഔഷധഗുണമുള്ള ജലം ഒഴുകി വരാന്‍ തുടങ്ങി. കൊടുംവേനലിൽപ്പോലും വറ്റാത്ത ഈ ഉറവ ഇന്നും ഇവിടെയുണ്ട്. 'കാളിതീർത്ഥം' എന്നാണ് ഭക്തര്‍ ഇതിനെ വിളിക്കുന്നത്. ഗംഗാതീർത്ഥം പോലെ പവിത്രമായാണ് വിശ്വാസികള്‍ ഇതിനെ കരുതിപ്പോരുന്നത്. ഇത് ശേഖരിച്ച് വീടുകളിൽ കൊണ്ടുപോയി രോഗശാന്തിക്കായി സൂക്ഷിക്കുന്നു. ചിത്രാപൗർണമി നാളിൽ പൊങ്കാല അർപ്പിക്കുന്നതും കാളിതീർത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സർപ്പം കല്ലായി കിടക്കുന്നുണ്ട് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

ചരിത്രവുമായി ബന്ധപ്പെട്ട മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്ന്, മാർത്താണ്ഡവർമ കൂനിച്ചിമലയിലെത്തിയെന്നും ഒരു ബാലന്‍റെ രൂപത്തിലെത്തിയ ധർമശാസ്താവ് മഹാരാജാവിനെ രക്ഷപ്പെടുത്തിയെന്നുമാണ് ആ കഥ. ഇതിനു പ്രത്യുപകാരമായി അദ്ദേഹം കരം ഒഴിവാക്കി പട്ടയം നല്‍കിയ 600 ഏക്കർ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു.

*പ്രവേശനം സൗജന്യം

മലയുടെ അടിവാരത്തില്‍ നിന്നും ആറു കിലോമീറ്ററോളം നടന്നു വേണം ക്ഷേത്രം സ്ഥിതിചെയ്യുന്ന കൊടുമുടിയില്‍ എത്താന്‍. ഇതില്‍ രണ്ടു കിലോമീറ്റര്‍ ദൂരം കാട്ടുവഴിയാണ്. കാളിമലയുടെ തെക്ക് വശം ഒഴിച്ചാൽ ബാക്കിയെല്ലാ ഭാഗത്തും അഗാധമായ ഗർത്തമാണ്. ഇടയ്ക്കിടെ വഴു വഴുത്ത പാറ കൂട്ടങ്ങളും കാണാം. 

ഒരു ദിവസത്തെ യാത്രക്ക് പറ്റിയ ഇടമാണ് ഇവിടം. യാത്രക്ക് പ്രത്യേക പാസോ ടിക്കറ്റോ ഒന്നും വേണ്ട, തികച്ചും സൗജന്യമായി മല കയറാം. അതിമനോഹരമായ അനുഭവമാണ്‌ കാളിമല ട്രെക്കിംഗ്. ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ ദൂരെയായി ചിറ്റാര്‍ തടാകത്തിന്‍റെ വശ്യമായ കാഴ്ച കാണാം. ചുറ്റും കോടമഞ്ഞില്‍ പൊതിഞ്ഞ മലനിരകളും പച്ചപ്പും മഴവെള്ളം പോലെ ശുദ്ധമായ വായുവുമെല്ലാം നല്‍കുന്ന അനുഭൂതി ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍, ഹൃദയം നിറഞ്ഞു കവിയുന്നത് നേരിട്ടറിയാം.

English Summary: Trip to Kalimala, Thiruvananthapuram

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA