കാടിനു നടുവിലെ കൊട്ടാരത്തിൽ ഒരു റോയൽ ഹോളിഡേ, മറക്കില്ല ആ യാത്ര; നടൻ ഷാജു

Shaju-Sreedhar-travel
SHARE

‘യാത്രകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എവിടെപ്പോകുന്നു, എങ്ങനെ പോകുന്നു എന്നുള്ളതല്ല. ആരുടെ കൂടെ പോകുന്നു എന്നതിനാണ് പ്രാധാന്യം. മനസ്സിന് ഏറെ അടുപ്പമുള്ളവരെ തിരഞ്ഞെടുക്കുക എന്നതാണ് എന്റെ യാത്രയുടെ ആദ്യപടി.’– യാത്രകളോട് എന്നും കൂട്ടുകൂടാന്‍ ഇഷ്ടമുള്ള ഷാജുവിന്റെ വാക്കുകളാണ്. സിനിമകളിലും സീരിയലുകളിലും കുറേ നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കനായ ഷാജുവിന്റെ യാത്രാവിശേഷങ്ങളിതാ.

shaju-trip2

കൊറോണക്കാലത്തെ അതിരപ്പിള്ളി യാത്ര

കഴിഞ്ഞ വര്‍ഷം കൊറോണ എന്ന മഹാവിപത്തിനെ പേടിച്ച് അധികം പുറത്തേയ്‌ക്കൊന്നും ഇറങ്ങിയിരുന്നില്ല. ഷൂട്ടിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും മാത്രമായിരുന്നു യാത്രകള്‍. ഇളവുകൾ വന്നതോടെ കുടുംബത്തയും കൂട്ടി അതിരപ്പിള്ളിയിൽ പോയി. വളരെ ശാന്തമായൊരു യാത്ര. വഴിയില്‍ തിരക്കില്ല, വാഹനങ്ങളുടെ ബഹളമില്ല. താമസിച്ച ഹോട്ടലില്‍ ഞങ്ങള്‍ മാത്രം.

shaju-trip9

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് എതിര്‍വശത്തുള്ള ഒരു ഹോട്ടലായിരുന്നു. റൂമില്‍നിന്നു നോക്കിയാല്‍ വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം ആസ്വദിക്കാം. കൊറോണക്കാലത്ത് വീടിനുള്ളിൽനിന്നു പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന ആ യാത്രയിൽ അതിരപ്പിള്ളി സമ്മാനിച്ച അനുഭവം വാക്കുകളിൽ ഒതുക്കാനാവില്ല.

കാനന നടുവിലെ കൊട്ടാരം

മറക്കാന്‍ പറ്റാത്ത യാത്രയാണ് ഇടുക്കി ട്രിപ്പ്. രാജകീയയാത്രയായിരുന്നു. കാരണം മൊബൈൽ പരിധിക്കുമപ്പുറം ഒരു ശാന്തസുന്ദരമായ കൊട്ടാരവാസം. കാടിനു നടുവിൽ തേക്കടിയുടെ വനസൗന്ദര്യം മുഴുവൻ നുകരാൻ പാകത്തിന് തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ടൂറിസ്റ്റ് ബംഗ്ലാവിൽ ഒരു റോയൽ ഹോളിഡേ; അതും തിരക്കുകളെല്ലാം മാറ്റിവച്ചുകൊണ്ട്.  

shaju-trip5

ഞാനും കലാഭവന്‍ ഷാജോണും കോട്ടയം നസീറും ഞങ്ങളുടെ കുടുംബങ്ങളും ചേര്‍ന്ന് ഇടുക്കിയിലെ ലേക് പാലസിൽ പോയിരുന്നു.  ഒരു ചെറുദ്വീപിലെ ഹോട്ടലിലേക്ക് ബോട്ടിലാണ് എത്തുന്നത്. മറ്റൊരു സ്വർഗത്തിലെത്തിയ അനുഭവം. മൃഗങ്ങളെ തടയാനുള്ള ഗേറ്റും വേലിയും കിടങ്ങും മനോഹരമായ പുൽത്തകിടിയും കൃത്രിമക്കല്ലുകൾ പാകിയ നടപ്പാതയും തുളസിത്തറയും കടന്നാണ് കരിങ്കല്ലിൽത്തീർത്ത കൊട്ടാരത്തിന്റെ സിറ്റ് ഒൗട്ടിലെത്തിയത്. അവിടെ പരിമിതമായ റൂമുകളേയുള്ളു. അവിടെ നിന്നാല്‍ തടാകത്തിൽ വെള്ളം കുടിക്കാനെത്തുന്ന 

shaju-trip6

ധാരാളം കാട്ടുമൃഗങ്ങളെക്കാണാം. അവിടെ നിന്നുതന്നെ മീന്‍ പിടിച്ച് നമുക്ക് ഇഷ്ടമുള്ളതുപോലെ പാകം ചെയ്ത് നല്‍കും. വല്ലാത്തൊരു അനുഭവമായിരുന്നു അത്. കാടിനു നടുവിലെ ആ കൊട്ടാരത്തിലെ താമസം മറക്കാനാവില്ല. തേക്കടി വനത്തിൽ ഏറ്റവുമധികം മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നത് ലേക് പാലസിനു ചുറ്റുമുള്ള തടാകത്തിലാണ്. ഇന്ത്യയിൽത്തന്നെ വളരെ അപൂർവമായ, ഫോറസ്റ്റ് ലോഡ്ജ് എന്ന വിഭാഗത്തിൽപ്പെടുന്ന രാജകീയ ഹോട്ടലാണ് ലേക് പാലസ്.

മനസ്സിനെ തണുപ്പിക്കാന്‍ യാത്രകള്‍ 

ടെന്‍ഷനും വിഷമങ്ങളും തിരക്കുമെല്ലാം മറന്ന് മനസ്സ് ശാന്തമാകാൻ യാത്രകൾ ചെയ്യണം. ഏറ്റവും നല്ലത് ഒരു ഡ്രൈവ് പോവുകയാണ്. ഞാന്‍ തനിച്ചാണെങ്കിലും കുടുംബവുമൊത്താണെങ്കിലും ഒരു യാത്ര പോയാല്‍ 10 മിനിറ്റിനുള്ളില്‍ മനസ്സ് ശാന്തമാകും. ചെറിയ യാത്രയോ രണ്ടു മൂന്ന് ദിവസം നീണ്ട യാത്രയോ വേണമെന്നില്ല. ആര്‍ക്കൊപ്പം പോകുന്നുവെന്നതാണ് കാര്യം. 

shaju-trip8

ഈ കൊറോണക്കാലത്ത് മറക്കാനാവാത്ത ഒരു യാത്ര നടത്താനായി. ഞങ്ങള്‍ കുറച്ച് സിനിമാ, മിമിക്രി സുഹൃത്തുക്കളുടെ ഗ്രൂപ്പുണ്ട്. അതില്‍ നാദിര്‍ഷ, കലാഭവന്‍, ഷാജോണ്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, നോബി അങ്ങനെ പഴയ കുറേ സുഹൃത്തുക്കള്‍ എല്ലാവരും ഒരുമിച്ച കുട്ടിക്കാനം യാത്ര.  ഒരിക്കലും മറക്കാനാവില്ല അതിഗംഭീരമായ ആ യാത്ര.

shaju-trip

ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. ഈയടുത്ത് ഞങ്ങള്‍ കോഴിക്കോട് കാപ്പാട് ബീച്ചിലേക്കും യാത്ര നടത്തിരുന്നു. എന്റെ സുഹൃത്തിന്റെ ഷാപ്പ് എന്ന റസ്റ്ററന്റിലെ വിഭവങ്ങള്‍ ആസ്വദിക്കുകയായിരുന്നു ലക്ഷ്യം. രുചികരമായ വിഭവങ്ങളറിഞ്ഞുള്ള യാത്രയായിരുന്നു.

നമ്മുടെ നാടാണ് ഏറ്റവും മനോഹരി

ലോകത്തിന്റെ പല കോണിലേക്കും യാത്രാപോകാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ, സിംഗപ്പൂര്‍ അങ്ങനെ നീളുന്നു. പ്രോഗ്രാമിനായി പോകുന്നതുകൊണ്ട് നമ്മുടെ ഇഷ്ടത്തിന് സ്ഥലങ്ങള്‍ കാണാന്‍ സാധിക്കില്ല. പ്രോഗ്രാം ഇല്ലാത്ത ദിവസം ചുറ്റിയടിക്കാം. വിദേശത്തെ ഏത് സ്ഥലത്തേക്കാളും മനോഹരം നമ്മുടെ നാട് തന്നെയാണ്.  

shaju-trip4

ഞാന്‍ താമസിക്കുന്നത് പാലക്കാടാണ്. പ്രകൃതിയുടെ മനാഹര ദൃശ്യങ്ങൾ നിറഞ്ഞ ഒരുപാട് ഇടങ്ങൾ ഇന്നാട്ടിലുണ്ട്. മലമ്പുഴയെക്കുറിച്ച് തന്നെ പറയാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രികര്‍ എത്തുന്ന തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ്. മലമ്പുഴയ്ക്ക് ചുറ്റും റോഡുണ്ട്. അതിലൂടെ വണ്ടിയോടിച്ചുപോകാന്‍ തന്നെ രസമാണ്. കാട്ടിനുള്ളിലെ വഴികളാണെങ്കിലും നന്നായി പരിപാലിക്കുന്നതിനാല്‍ യാത്രാസുഖമുണ്ട്. ആ വഴിയിലെ ചെറിയ ചായക്കടകളില്‍നിന്നും നല്ല ചൂട് ചായയൊക്കെ കുടിച്ച് പോകുമ്പോഴുള്ള സുഖമൊന്ന് വേറെ തന്നെയാണ്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് അവിടെ പോകാന്‍ ഏറ്റവും നല്ലത്. 

എന്റെ ഇഷ്ടയിടം

യാത്രപോകാന്‍ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളാണ് ഊട്ടിയും കൊടൈക്കനാലും. പാലക്കാട്ടുനിന്നു മൂന്ന് മണിക്കൂര്‍ യാത്രയേ ഉള്ളു എന്നതിനാല്‍ എന്റെ സ്ഥിരം യാത്രകളിലൊന്നാണത്. തനിച്ചുള്ള യാത്ര എന്റെ ലിസ്റ്റിലില്ല. അതെനിക്ക് ഇഷ്ടവുമല്ല, കുടുംബവുമൊത്ത് അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യാത്രകൾ.

shaju-trip7

ഊട്ടിയിലേക്കാണ് യാത്ര എന്ന് പറയുമ്പോൾ ഭാര്യയും കുട്ടികളും മുഖം ചുളിക്കും,  മിക്കവാറും പോകുന്ന സ്ഥലമായതിനാല്‍ അവർ കണ്ടുമടുത്തു. ഉൗട്ടിയിലെത്തിയാൽ തിരക്കേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കില്ല. ഊട്ടിയുടെ ഉള്ളിലേക്ക് യാത്ര നടത്തും. മഞ്ഞൂര്‍ വഴി പോകുന്ന ട്രിപ്പുണ്ട്, കാടും മേടും കയറിയങ്ങനെ പോകുമ്പോള്‍ കാണാത്ത, അറിയാത്ത പുതുസ്ഥലങ്ങള്‍ പരിചയപ്പെടാന്‍ സാധിക്കും. 

മറക്കില്ല ഒരിക്കലും ശിരുവാണി ഡാമിനടുത്തെ താമസം

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് ശിരുവാണി അണക്കെട്ടും വെള്ളച്ചാട്ടവും. ഡാമിനടുത്ത് ഗവണ്‍മെന്റിന്റെ ഒരു ഗസ്റ്റ് ഹൗസുണ്ട്, അവിടെ താമസിച്ച ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. നല്ല നിലാവുള്ള രാത്രിയില്‍ ആ വീടിന്റെ മുറ്റത്ത് ഇരിക്കുന്നതിന്റെ സുഖം മറ്റെവിടെയും കിട്ടില്ല. മൊബൈലിന് റേഞ്ചില്ല, സോളര്‍ വൈദ്യുതിയായതിനാല്‍ അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. 

shaju-trip1

തണുത്ത വെള്ളത്തിലെ കുളിയും കുളിരുള്ള രാത്രിയിലെ ഉറക്കവുമെല്ലാം അവിസ്മരണീയമാണ്. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായി കുറച്ചു സമയം ചെലവഴിക്കാന്‍  മികച്ച സ്ഥലങ്ങളിലൊന്നാണിത്. 

പാലക്കാടിനെ മുഴുവന്‍ കാണണോ, നെല്ലിയാമ്പതിയുടെ നെറുകയില്‍ കയറിയാല്‍ മതി

നെല്ലിയാമ്പതിയുടെ നെറുകയില്‍ കയറി താഴേക്കു നോക്കിയാൽ പാലക്കാട് പട്ടണം കാണാം. ആ കാഴ്ച ജീവിതത്തിലെ ഏറ്റവും മനോഹരമായതാണ്. രാത്രിയിലാണെങ്കില്‍ ആ കാഴ്ചയ്ക്ക് സൗന്ദര്യം ഇരട്ടിയാകും.

നെല്ലിയാമ്പതിയുടെ മുകളിലുള്ള മമ്പാറ എന്ന സ്ഥലത്ത് നിന്നാല്‍ പാലക്കാട് മുഴുവന്‍ കാണാം. 

യാത്ര അവസാനിക്കുന്നില്ല

ഇനിയും ഒരുപാട് കാഴ്ച ആസ്വദിക്കുവാനുണ്ട്. എന്റെ യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല. അടുത്ത യാത്രയുടെ കാത്തിരിപ്പിലാണ്.

English Summary: Celebrity Travel,Shaju Sreedhar 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA