കാടറിഞ്ഞു താമസിക്കാം; കേരളത്തിന്റെ സ്ഫടിക നദിക്കരികെ

great-hornbill-resort-nilambur
SHARE

നിയമപ്രകാരമുള്ള മുന്നറിയിപ്പ്- ഈ സ്ഫടികനദി നാട്ടുകാരുടെ കുടിനീരാണ്. അമൂല്യമായ ജലം. നദിയിൽ ആഹാരപദാർഥങ്ങൾ കൊണ്ടുപോകുകയോ സോപ്പ് ഉപയോഗിച്ച് കുളിക്കുകയോ ചെയ്യരുത്. കുടിനീർ പൈപ്പുകൾ പൊട്ടിക്കുകയുമരുത്.

kottapuzha-river-nilambur-trip1

 “ശലഭങ്ങളുടെ ദേശാടനപാതയാണിത്. നൂറ്റാണ്ടുകളായി കല്ലുകളെ തല്ലിയും തലോടിയും മിനുസപ്പെടുത്തി ഒഴുകുന്ന കോട്ടപ്പുഴയുടെ മുകളിലൂടെ ഒഴുക്കിനനുകൂലമായിട്ടാണ് ശലഭങ്ങൾ പറന്നുപോകുക’’ ടി. കെ കോളനി എന്ന വനയോരഗ്രാമത്തിലെഗ്രേറ്റ് ഹോൺബിൽ റിസോർട്ടിലെ അർജുന്റെ ഈ വാക്കുകളായിരുന്നു മിറ്റിയോർ സ്റ്റാർട്ട് ചെയ്യാനുള്ള  റോട്ടറിസ്വിച്ച് തിരിച്ചത്. ഭാഗ്യമുണ്ടെങ്കിൽ മറ്റൊരു അത്‍‌‌ഭുതം കൂടി നിങ്ങൾക്കു കാണാനാകുമെന്ന രണ്ടാമത്തെ വചനമാണു ബൈക്കിന്റെ ആക്സിലറേറ്ററിൽ അമർന്നത്. വന്യതയിലേക്കു ബൈക്ക് യാത്ര. കാട്ടിലേക്കല്ല, മറിച്ച് കാടിന്റെ കയ്യകലത്തിലേക്ക്. 

നിലമ്പൂരിൽനിന്നു പൂക്കോട്ടുംപാടം വഴി ടി കെ കോളനിയിലേക്ക്. കോവിഡ് വിജനമാക്കിയ വഴി. അങ്ങുദൂരെ നീല പശ്ചിമഘട്ടം മിറ്റിയോറിനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. ഇരുവശവും പച്ചപ്പുനിറഞ്ഞ ടികെ കോളനി റോഡിലൂടെ പായുമ്പോൾ മഴ മിറ്റിയോറിനെ ഓവർടേക്ക് ചെയ്തു. മത്സരിക്കാൻ നിന്നില്ല. കാരണം കുറച്ചുസമയം മാത്രമേ മഴയുണ്ടാകൂ. പിന്നെ തെളിവെയിലായിരിക്കും. പെട്ടെന്നു കാലാവസ്ഥ മാറിമറിയും ടി കെ കോളനിയിൽ.

kottapuzha-river-nilambur-trip8

നിലമ്പൂരിൽ ചൂടല്ലേ, യാത്ര രസകരമാകുമോ എന്ന ശങ്കയെല്ലാം ഈ വഴിയിലൂടെ മുന്നോട്ടുപോകുമ്പോൾ, പിന്നിലേക്കു പാഞ്ഞുപോകും. നൂൽമഴ കൊള്ളണോ? സ്ഫടികജലത്തിൽ കുളിക്കണോ? പുഴയോരക്കാടുകൾക്കിടയിലൂടെ നടക്കണോ? സൈബർ സ്പേസിന്റെ ശല്യമില്ലാതെ പാറപ്പുറത്തു ധ്യാനിച്ചിരിക്കണോ? നിങ്ങൾ നിലമ്പൂരിന്റെ വനയോരഗ്രാമങ്ങളിലേക്കു വരിക. ടികെ കോളനി, കേരളാക്കുണ്ട്, ചോക്കാട്,  നെടുങ്കയംഎന്നിങ്ങനെ സ്ഥലങ്ങളേറെ. 

ഗ്രേറ്റ് ഹോൺബിൽ 

great-hornbill-resort-nilambur1

നിലമ്പൂരിൽ നിലവാരമുള്ള റിസോർട്ടുകളുണ്ടോ എന്ന ചോദ്യത്തിനുത്തരമാണ് ഗ്രേറ്റ് ഹോൺബിൽ. കോട്ടപ്പുഴയുടെ ചാരെ, പ്രകൃതിയോടിണങ്ങിയ കോട്ടേജുകളാണ് പ്രത്യേകത. ഉത്തരവാദിത്തത്തോടെ പുഴയിലിറക്കാനും മറ്റും ശ്രദ്ധിക്കുന്നജീവനക്കാരുടെ സഹായത്താൽ ഒന്നു ചുറ്റിനടന്നാൽ  കാട്ടിലെന്നവണ്ണം വിഹരിക്കുന്ന ശലഭങ്ങളെയും പക്ഷികളെയും കാണാം. 

വിശാലമായ മുറിയിലെ  മുളകൊണ്ടു നെയ്ത ഫർണിച്ചറുകൾക്കിടയിലൂടെ നടന്നു കണ്ണാടിവാതിൽ തുറക്കുന്നത് കോട്ടപ്പുഴയുടെ ആരവത്തിലേക്ക്. അപ്പുറം തലയുയർത്തിനിൽക്കുന്ന മലകൾ. നോക്കിനിൽക്കേ ആ മലകളെ മറയ്ക്കും മഞ്ഞ്.   

kottapuzha-river-nilambur-trip9

ശലഭങ്ങളുടെ ഗുഡ്സ് ട്രെയിൻ

കോട്ടപ്പുഴയിൽ ഒരിക്കൽ കുളിച്ചപ്പോൾ റിസോർട്ടിന്റെ ചെയർമാൻ പ്രസന്നന്റെ ഉള്ളിലേക്ക് ഈ നാടിന്റെ കുളിർമയാണ്  കയറിയത്. അതുകൊണ്ടുതന്നെ കോട്ടപ്പുഴയും മുകളിലെ കാടും ഒരുക്കുന്ന മായാ ജാലങ്ങൾ അദ്ദേഹത്തിനു വിവരിക്കാനേറെയുണ്ട്. അതിലൊന്നാണ് ശലഭങ്ങളുടെ ‘‘ഗൂഡ്സ് ട്രെയിൻ.’’ 

ഊട്ടി, കിന്നക്കൊരൈ, കൂനൂര് എന്നിടങ്ങളിലേക്ക് ആകാശദൂരം വളരെ കുറവാണ്, ടി കെകോളനിയിൽനിന്ന്. അവിടങ്ങളിൽനിന്നു സഹ്യപർവതം മറികടന്ന് ഇങ്ങെത്തുന്ന ഒരു ദേശാടനമുണ്ട്. പതിനായിരക്കണക്കിനു ശലഭങ്ങൾ നിരനിരയായി താഴോട്ടു സഞ്ചരിക്കുന്നത് അദ്ഭുതത്തോടെ നോക്കിനിൽക്കാനാകൂ എന്നു പ്രസന്നൻ അങ്കിൾ.

നോക്കിയാലും തീരാത്ത  ഒരു ഗൂഡ്സ് ട്രെയിൻ പോകുന്നതു പോലെയാണ് അവയുടെ ദേശാടനം എന്നു മകൻ അർജുൻ. ദിവസം മുഴുവൻ ഇങ്ങനെ ശലഭദേശാടനം കണ്ടിരുന്നിട്ടുണ്ട് ഇവർ. ഒരു പക്ഷേ, മറ്റേതൊരു സ്ഥലത്തും കിട്ടാത്ത ഭാഗ്യം. ഒക്ടോബർ ആണ് ദേശാടനസമയം.   

kottapuzha-river-nilambur-trip4

കാട്ടിലെ കലാവിരുന്ന് 

ടികെ കോളനിയിൽ നിങ്ങൾക്കുള്ള നൃത്തനൃത്യങ്ങൾ അവതരിപ്പിക്കുന്നതു പ്രകൃതി തന്നെയാണ്. കാറ്റുവളച്ചുനിർത്തിയ റബർമരങ്ങൾക്കും വെല്ലുവിളിച്ചുനിൽക്കുന്ന കമുകുകൾക്കും ഇടയിലെ പച്ചപ്പാണു വേദി. അവക്കിടയിലെ കറുത്തു മിനുസമാർന്ന കല്ലുകളാണ് ഇരിപ്പിടങ്ങൾ. നിങ്ങൾ ഇവിടെയെത്തുകയേ വേണ്ടൂ, ബാക്കിയെല്ലാം തുളപ്പൻകൈ കോളനി നോക്കിക്കൊള്ളും. ബാക്ക്ഗ്രൗണ്ട് സ്കോർ- കോട്ടപ്പുഴ. നടനം- പൂമ്പാറ്റകൾ. ഓർക്കസ്ട്ര- നൂറുകണക്കിനു കിളികൾ (അതിൽ മലബാർ വിസിലിങ്ത്രഷ് എന്ന ചൂളക്കാക്കയുടെ ചൂളമടിക്കു പ്രത്യേക പുരസ്കാരം നൽകണം). പ്രകൃതിയെ നോവിക്കാതെ പരിപാലിക്കുന്നതിനാൽ ആ കാടിന്റെ സന്തതി പരമ്പരകളെല്ലാം ഗ്രേറ്റ് ഹോൺബില്ലിൽ സന്ദർശകരാണ്. 

kottapuzha-river-nilambur-trip

പറമ്പിലെ ചക്ക പഴുത്തോ എന്നൊക്കെ നോക്കുന്നത് പുഴകടന്നെത്തുന്ന ആനകളാണ്. വഴിക്കിരുവശവും വൈദ്യുതവേലികൾ കാണുന്നതു വെറുതേയല്ല.നാടറിയുന്നൊരു എൻഫീൽഡ് മിറ്റിയോർ റിസോർട്ടിൽ പാർക്ക് ചെയ്ത് മറ്റൊരു റോയൽ എൻഫീൽഡിന്റെ പിന്നിലേക്കു കയറി. ടി കെ കോളനി സ്വദേശിയായ 

അഭിജിത്ത് ആണ് ഇനി നാടിനെ പരിചയപ്പെടുത്തുക. എൻജീനീയറിങ് ബിരുദധാരിയായ അഭിയെക്കാൾ നാടറിയുമെന്നു തോന്നും ക്ലാസിക് പോകുന്നതു കണ്ടാൽ.  കോട്ടപ്പുഴയുടെ തീരങ്ങളും പാലങ്ങളും കണ്ടത് ഈ ക്ലാസ്സിക്കുമായിട്ടാണ്.  അക്കരെയുള്ള എസ്റ്റേറ്റുകളിലേക്ക് തൂക്കുപാലമൊക്കെയുണ്ട്. നമ്മുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങ ളുമായി കാടിനും പ്രകൃതിക്കും നല്ല സാമ്യമുണ്ട് ടികെ കോളനിയിൽ. 

മേഘാലയത്തിലെ ഡൗകി എന്ന സ്ഥടിക നദിയുടെ ചെറുവകഭേദമാണ് കോട്ടപ്പുഴ. കുളിക്കാനിറങ്ങുന്നവരാരും കണ്ണാടിവെള്ളത്തിൽനിന്നു കയറിപ്പോരാൻ ആഗ്രഹിക്കാറില്ല. ചാലിയാറിന്റെ പോഷക നദിയാണ് കോട്ടപ്പുഴ. കാടരികെ ടി കെ കോളനിയുടെ മേൽഭാഗങ്ങൾ സൈലന്റ് വാലി ദേശീയോ

kottapuzha-river-nilambur-trip3

ദ്യാനത്തിന്റെ കരുതൽ വനമേഖലയാണ്.  അർധനിത്യഹരിതവനം ആണ് കൂടുതൽ. അച്ചനള എന്നിടത്ത് ഗുഹാനിവാസികളായ ചോലനായ്ക്കരുടെ സമൂഹമുണ്ട്. പക്ഷേ,  ഇപ്പോൾ സഞ്ചാരികൾക്ക് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിനു അപ്പുറത്തേയ്ക്കു മുകളിലേക്കു പ്രവേശനമില്ല. പുഴയിലിറങ്ങുക എന്നതു തന്നെയാണ് ടികെ കോളനിയുടെ ആകർഷണം.

kottapuzha-river-nilambur-trip5

കൂടെ പക്ഷി,ശലഭ നിരീക്ഷണവുമാകാം. അടിത്തട്ടുകാണുന്നതിനാൽ കുളിർജലത്തിൽ പേടികൂടാതെ ഇറങ്ങാമെന്നു കരുതരുത്. നല്ല ആഴമൊളിപ്പിച്ചാണ് കോട്ടപ്പുഴയൊഴുകുന്നത്. കുളിച്ചുകയറുമ്പോൾ കാലിൽ ഫിഷ്സ്പാ കോംപ്ലിമെന്ററിയാണ്. 

മിന്നാമിന്നികളുടെ കോളനി 

kottapuzha-river-nilambur-trip10

ലക്ഷക്കണക്കിനു മിന്നാമിന്നികളെ ഒന്നിച്ചുകാണുന്നിടമാണ് ടി കെ കോളനി. മഴയില്ലാദിവസങ്ങളിൽ മെയ്മാസത്തിൽ ചില കുന്നുകളാകെ മിന്നാമിന്നിച്ചെരാതുകളാൽ അലങ്കരിക്കപ്പെടും. അർജുൻ പറയാനിരുന്ന സർപ്രൈസ് ഇതായിരുന്നു. മഴയുണ്ടായിരുന്നതിനാൽ ഇത്തവണ മിന്നാമിന്നികൾ കുറവാണെന്നു നാട്ടുകാർ പറഞ്ഞു.

രാത്രി ബൈക്കുകളുമായി കുന്നുകയറിയപ്പോൾ അഭി തന്റെ ഹെഡ് ലാംപും എടുത്തു.ആനയിറങ്ങുന്നതു കാണാമല്ലോ. അങ്ങുദൂരെ താഴ്‌വാരത്തിൽ പൂക്കോട്ടുംപാടം അങ്ങാടിയുടെ ലൈറ്റുകൾ മിന്നാമിന്നികളെപ്പോലെ കണ്ടു. ഇല്ലിമുളംകാട്ടിലൊരു കൊച്ചു മിന്നാമിന്നി സമൂഹമുണ്ടായിരുന്നു. മറ്റുള്ളവരൊന്നും മിന്നിയില്ല. 

മിന്നാത്ത മിന്നികളെ അടുത്ത സീസണിൽ കാണാമെന്നുള്ളിൽ പറഞ്ഞാണ് കുന്നിറങ്ങിയത്. കോട്ടപ്പുഴയൊരുക്കുന്ന കാഴ്ചകൾ തന്നെ മനസ്സിൽ മിന്നുന്നുണ്ടേറെ. സുന്ദരമായ താമസമൊരുക്കിയ അർജുന് നന്ദിയർപ്പിച്ചുകൊണ്ട് ഗ്രേറ്റ് ഹോൺബില്ലിൽനിന്ന്  ഇറങ്ങുമ്പോൾ റിസോർട്ടിലെ ആൽത്തറയ്ക്കടുത്തു വന്നിരുന്നു വിടനൽകിയത് മലബാർ ഗ്രേ ഹോൺബിൽ! 

റൂട്ട് 

നിലമ്പൂർ-പൂക്കോട്ടുംപാടം- ടികെ കോളനി 20 കിലോമീറ്റർ. ശ്രദ്ധിക്കേണ്ടത്- പുഴയിൽ ഗൈഡിന്റെ സഹായമില്ലാതെ ഇറങ്ങരുത്. പുഴയിൽനിന്നു കല്ലുകൾ എടുക്കരുത്, പ്ലാസ്റ്റിക്-ഭക്ഷണ മാലിന്യം ഇട്ടുപോരരുത്. സോപ്പ് മുതലായവ ഉപയോഗിച്ചു കുളിക്കരുത്. നടക്കാനിറങ്ങുമ്പോൾ കുട കയ്യിൽ കരുതുക, പെട്ടെന്നു മഴപെയ്യും.

താമസസൗകര്യത്തിന്- ഗ്രേറ്റ് ഹോൺബിൽ റിസോർട്ട്-  8921062833 

www.greathornbillresorts.com 

പെട്രോൾ പമ്പ്- എടിഎം, 

kottapuzha-river-nilambur-trip7

ഹോസ്പിറ്റൽ- പൂക്കോട്ടുംപാടം (10km)

English Summary: Great Hornbill Resort in Nilambur

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA