ADVERTISEMENT

കേരളത്തിന്‍റെ രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പ്രിയപ്പെട്ടതാക്കുന്ന അനേകം കാര്യങ്ങളുണ്ട്. ലോകപ്രശസ്തമായ പദ്മനാഭസ്വാമി ക്ഷേത്രവും കോവളം ബീച്ചും തിരുവിതാംകൂറിന്‍റെ രാജകീയ പ്രൗഢമായ പാരമ്പര്യം വിളിച്ചോതുന്ന നിര്‍മിതികളും... അങ്ങനെയങ്ങനെ തിരുവനന്തപുരത്തിന്‍റെ പ്രത്യേകതകള്‍ എത്ര പറഞ്ഞാലും തീരില്ല. ഇക്കൂട്ടത്തിലേക്ക് ഈയിടെ കടന്നുവന്ന ഒരു കാഴ്ചയാണ് മ്യൂസിയം ഓഫ് ദി വേഡ്.

വെമ്പായത്താണ് ഈ മ്യൂസിയം ഉള്ളത്. ബൈബിള്‍ അറിവുകളുടെ നിധികുംഭമാണ് ഇവിടം. നഗരവാസികളെയും പുറത്തു നിന്നുള്ള സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ മ്യൂസിയത്തിനുള്ളില്‍ മനുഷ്യ ചരിത്രത്തിന്‍റെ വികാസമാണ് ആഘോഷിക്കപ്പെടുന്നത്. ബൈബിളിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമേ, ന്യൂമിസ്മാറ്റിക്, ഫിലാറ്റലിക് ഗാലറികളും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

dr-mathews-vergis

മ്യൂസിയത്തിനകത്തേക്ക് കടക്കുമ്പോള്‍ത്തന്നെ ലോബി ഏരിയയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 'അറിവിന്‍റെ വൃക്ഷ'മാണ് സ്വാഗതം ചെയ്യുക. ഗാർഡൻ ഓഫ് ഈഡൻ, ബാബൽ ടവർ എന്നിവയുടെ മോഡലുകളും കല്ലുകളില്‍ ആലേഖനം ചെയ്ത പത്ത് കൽപ്പനകളും ഇവിടെ കാണാം. കരകൌശല വസ്തുക്കളും ചരിത്രപരമായി പ്രാധാന്യമുള്ള മറ്റു നിരവധി കാര്യങ്ങളും ഇവയില്‍ ഓരോന്നിലും കാണാം.

വിവിധ ഭാഷകളിലായി മുന്നൂറോളം ബൈബിളുകളുടെ ഒരു ശേഖരം ഉൾക്കൊള്ളുന്ന ഇന്റർനാഷണൽ ബൈബിൾ മ്യൂസിയമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത്. 'വെല്ലം' എന്ന് പേരുള്ള മൃഗത്തോലില്‍ ഉള്ള ബൈബിള്‍, രാജകുടുംബങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള ലോഹ ബൈബിളിന്‍റെ ഒരു പകർപ്പ്, പോക്കറ്റ് ബൈബിൾ എന്നിവ ഉൾപ്പെടെ വിവിധ വസ്തുക്കളിൽ നിര്‍മിച്ച ബൈബിളുകള്‍ കാണാം. കൂടാതെ, ബൈബിളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന ചാർ‌ട്ടുകൾ‌, ബൈബിൾ‌ ടൈംലൈന്‍, പ്രശസ്ത ദൈവശാസ്ത്രജ്ഞരുടെ വ്യാഖ്യാനങ്ങൾ‌ എന്നിവയും ഇവിടെയുണ്ട്.

ബൈബിളുകളുടെ വിസ്മയ ശേഖരം; ശ്രദ്ധാകേന്ദ്രമായി ബൈബിള്‍ മ്യൂസിയം

മുന്നൂറോളം ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരമാണ് ബൈബിള്‍ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ വരെ ഈ അപൂര്‍വ ശേഖരത്തിലുണ്ട്. പഴയനിയമകാലം മുതലുള്ള പല കാഴ്ചകളും കൂടി ഉള്‍ച്ചേര്‍ത്താണ് സുവിശേഷ പ്രവര്‍ത്തകനായ ഡോ മാത്യൂസ് വര്‍ഗീസ് ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം രൂപകൽപന ചെയ്തിരിക്കുന്നത്.

bible-showcase-

ആദിയില്‍ വചനമുണ്ടായതുമുതലുളള ചരിത്രം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഏദന്‍ തോട്ടം മുതല്‍ ഗാഗുല്‍ത്താവരെ. കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ് പശുക്കുട്ടിയുടെ തോലില്‍ തീര്‍ത്ത അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുളള ഗേസ് ബൈബിള്‍. രാജാക്കന്മാര്‍ സമ്മാനം നൽകാന്‍ ഉപയോഗിച്ചിരുന്ന ഒരു വശത്ത് നാണയങ്ങളും മറുവശത്ത് വചനവുമുള്ള മെഡാലിയന്‍ ബൈബിള്‍... ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യ കാലത്തെ ബൈബിളുകള്‍... അമൂല്യ ശേഖരങ്ങളുടെ കലവറയാണ് ഈ വചന മ്യൂസിയം.

ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളുകള്‍, ഗോത്രഭാഷ മുതല്‍ ചെക്ക്, ഡച്ച് , അല്‍ബേനിയന്‍, ഇറ്റാലിയന്‍ തുടങ്ങി ഇരുന്നൂറ്റി എഴുപത് ഭാഷകളിലെ ബൈബിളുകള്‍ , കുട്ടികളുടെ ബൈബിളുകള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍ , പഠന സഹായികള്‍. യേശുവിന്റെ മുള്‍ക്കിരീട മാതൃകയും  യഹൂദ ആരാധനയിലുപയോഗിക്കുന്ന ആട്ടിന്‍ കൊമ്പുകൊണ്ടുണ്ടാക്കിയ കാഹളവും യഹൂദ ആരാധനയുടെ തന്നെ ഭാഗമായ തോറയുമെല്ലാം അത്യപൂര്‍വ കാഴ്ചകളാണ്.

സന്ദര്‍ശകര്‍ക്ക് എല്ലാ ദിവസവും രാവിലെ പത്തുമണി മുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കാം. 

അവലംബം: കേരള ടൂറിസം വെബ്സൈറ്റ്

English Summary: Museum Of The Word - Historical Museums in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com