പ്രളയം, കോവിഡ്, കടക്കെണി, നഷ്ടം 20 കോടി; ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്

mango-meadows
SHARE

'കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്' കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ എന്‍.കെ. കുര്യന്‍ ആരോടും ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയും. ആ ആത്മവിശ്വാസത്തിന് പിന്നില്‍ ഒന്നര പതിറ്റാണ്ട് നീണ്ട കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇന്ന് കോടികളുടെ കടക്കെണിയിലാണ് കുര്യന്റെ സ്വപ്‌ന സംരംഭമായ മാംഗോ മെഡോസ്. സര്‍ക്കാരുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ജപ്തി ഒഴിവാക്കാനാവൂ എന്ന ദുരവസ്ഥയിലേക്കാണ് കോവിഡ് ഇവരെ കൊണ്ടെത്തിച്ചിരിക്കുന്നത്.

പ്രളയങ്ങള്‍, കോവിഡ്... കടക്കെണി

പ്രവാസിയായിരുന്ന എന്‍.കെ കുര്യന്‍ കുടുംബത്തിന് താമസിക്കാനുള്ള അവധിക്കാല ഔട്ട് ഹൗസ് പോലെയാണ് ആദ്യം മാംഗോ മെഡോസിനെ കരുതിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിദേശ സഞ്ചാരികള്‍ വരെയുള്ളവര്‍ക്ക് വരെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ജൈവവൈവിധ്യ കേന്ദ്രമാക്കി ഇതിനെ അദ്ദേഹം വികസിപ്പിച്ചെടുക്കുകയായിരുന്നു.

nk-kurien

2018ലായിരുന്നു മാംഗോ മെഡോസ് ആരംഭിക്കുന്നത്. സന്ദര്‍ശകരുടെ തിരക്ക് മൂലം മാംഗോ മെഡോസിന് മുന്നില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കിയിട്ട കാലമായിരുന്നു അത്. ആ വര്‍ഷം എട്ട് കോടിക്ക് മേല്‍ വിറ്റുവരവുണ്ടായിരുന്ന മാംഗോ മെഡോസിന് ആദ്യ തിരിച്ചടി പ്രളയത്തിലാണ് സംഭവിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഒരു മാസത്തോളമാണ് വെള്ളം കെട്ടി കിടന്നത്. ഉപകരണങ്ങളും മറ്റും നശിച്ചു. അന്നത്തെ നഷ്ടം രണ്ട് കോടിയോളം രൂപയാണ് കണക്കാക്കിയത്.

mango-meadows1

2019ല്‍ പൂര്‍വാധികം ശക്തിയോടെ മാംഗോ മെഡോസ് വീണ്ടും ഉണര്‍ന്നു. വിറ്റുവരവ് 11 കോടി വരെയെത്തി. എങ്കിലും പ്രളയം മൂലമുണ്ടായ നഷ്ടം നികത്തുന്നതിന് ലഭിച്ച വരുമാനം ഉപയോഗിക്കേണ്ടി വന്നു. ബാങ്ക് വായ്പയുടെ തിരിച്ചടവുകള്‍ മുടങ്ങി. 2019ലെ പ്രളയവും മാംഗോ മെഡോസിനെ ബാധിച്ചു. ഒരു മാസത്തോളം അടച്ചിടേണ്ടി വന്നു. അക്കൊല്ലമുണ്ടായ നിപയെ തുടര്‍ന്നു നിരവധി ബുക്കിങ്ങുകള്‍ റദ്ദായി. 

2020 ജനുവരിയോടെ കോവിഡ് 19 ശക്തമായതാണ് മാംഗോ മെഡോസിനും എന്‍.കെ കുര്യനും വലിയ തിരിച്ചടിയാവുന്നത്. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു. അടച്ചിട്ടാല്‍ പോലും ഒരു മാസം ആറു ലക്ഷം രൂപ പ്രവര്‍ത്തനചിലവ് വരും. മൂന്നു വര്‍ഷത്തിനിടെ വരുമാന നഷ്ടം അടക്കം കണക്കാക്കിയാല്‍ ഇരുപതു കോടി രൂപ വരും. വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനാല്‍ ജപ്തിഭീഷണിയിലാണ്. ദൈനംദിന ചെലവുകള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിനും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. ടൂറിസം മേഖല ഒന്നാകെ നേരിടുന്ന പ്രതിസന്ധിയുടെ ചെറുപതിപ്പായി മാറിയിരിക്കുകയാണ് രാജ്യത്തിനാകെ മാതൃകയാകേണ്ട ഈ കാര്‍ഷിക തീം പാര്‍ക്ക് ഇപ്പോള്‍. 

mango-meadows2

പ്രതീക്ഷയായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച

മാംഗോ മെഡോസിനെ ആദ്യമായി പ്രശംസിച്ചതും ആദരിച്ചതും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും എന്‍.കെ കുര്യന്‍ ഓര്‍ക്കുന്നു. 2012ല്‍ പാര്‍ക്ക് തുറക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിക്കൊണ്ട് മാംഗോ മെഡോസിനെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട് അദ്ദേഹം. അന്ന് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ മാംഗോ മെഡോസിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. 27ന് സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. 

mango-meadows5

ടൂറിസം മേഖലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാവണമെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് എന്‍.കെ കുര്യന്‍ പറയുന്നത്. ബാങ്കുകളുടെ നിബന്ധന പ്രകാരം 2021 ജനുവരി വരെ വായ്പ തിരിച്ചടവു മുടങ്ങാത്ത സ്ഥാപനങ്ങള്‍ക്കാണ് (സ്റ്റാന്‍ഡേഡ് അക്കൗണ്ട്) മൊറട്ടോറിയം ലഭിക്കുക. വായ്പാ ഗഡുക്കള്‍ നേരത്തെ തന്നെ മുടങ്ങിയതിനാല്‍ തവണ വ്യവസ്ഥയില്‍ ഇനി തിരിച്ചടവു പറ്റില്ലെന്നാണു ബാങ്കുകളുടെ നിലപാട്. മുടങ്ങിയ തിരിച്ചടവ് ഒരുമിച്ചു നല്‍കി ലോണ്‍ തീർക്കണം എന്നാണ് നിര്‍ദേശം. പലിശയും കൂട്ടുപലിശയും മാത്രം ഏഴു കോടി രൂപയുണ്ട്. 

സര്‍ക്കാര്‍ ഇടപെട്ട് ഈ തുക ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ അനുമതി നേടിത്തരണമെന്നതാണ് ഈ സംരംഭകന്റെ മറ്റൊരു ആവശ്യം. അതല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണമുള്ള കെ.എഫ്.സി, കേരള ബാങ്ക്, കെ.എസ്.ഐ.ബി.സി എന്നീ സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിന്നു ഈ വായ്പ മൊത്തത്തില്‍ ഏറ്റെടുത്ത് തവണ വ്യവസ്ഥ പുനസ്ഥാപിക്കണം. പതിനായിരം കോടി ടൂറിസം മേഖലയ്ക്കു നീക്കിവച്ചുവെന്നു പ്രഖ്യാപിച്ച കെ.എഫ്.സിക്ക് ഇതിനു സാധിക്കുമെന്നാണു കരുതുന്നതെന്നും കുര്യന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

mango-meadows4

അതിര്‍ത്തികളില്‍ ആറ് തെങ്ങിന്‍തൈകള്‍ മാത്രമുണ്ടായിരുന്ന ആയാംകുടിയിലെ തരിശുനിലം ഒന്നര പതിറ്റാണ്ടില്‍ ലോകത്തിലെ ആദ്യ കാര്‍ഷിക തീംപാര്‍ക്ക് എന്ന നിലയിലേക്കെത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ വലിയ മനുഷ്യ അധ്വാനമുണ്ട്. അതിന് മൂലധനമായത് കുര്യനെന്ന സിവില്‍ എഞ്ചിനീയറുടെ 13 വര്‍ഷം നീണ്ട പ്രവാസ ജീവിതവുമാണ്. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സാവകാശം ലഭിച്ചാല്‍ തീര്‍ച്ചയായും സാധിക്കുമെന്ന ആത്മവിശ്വാസമാണ് എന്‍.കെ കുര്യന്റെ എക്കാലത്തേയും വലിയ കൈമുതല്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലം കാത്തിരിക്കുന്നത് കുര്യന്‍ മാത്രമല്ല മാംഗോ മെഡോസിനെ സ്‌നേഹിക്കുന്ന പരിസ്ഥിതി പ്രേമികള്‍ കൂടിയാണ്.

മനുഷ്യ നിര്‍മിത വനം

4800 സസ്യവര്‍ഗങ്ങള്‍, 700ലേറെ മരങ്ങള്‍, പൂവിടുന്ന 900 ചെടികള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 101 ഇനം മാവുകള്‍, 84 ഇനം പച്ചക്കറികള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണ് മാംഗോ മെഡോസ്. പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിച്ചെടികളും മാംഗോ മെഡോസിലുണ്ട്. 30 ഏക്കറില്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിറച്ച മനുഷ്യ നിര്‍മിത പ്രദേശത്തിന്റെ ലിംക ബുക്ക് ഓഫ് റെക്കോഡും യു.ആര്‍.എഫ് വേള്‍ഡ് റെക്കോഡും മാംഗോ മെഡോസിന്റെ പേരിലാണ്.  

ലോകത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമയും ബൈബിള്‍ ശില്‍പവും മാംഗോ മെഡോസിലാണ്. ഇവക്ക് പുറമേ വൃക്ഷകന്യക, പ്രണയ ജോഡികള്‍ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയും വരെയുണ്ട് ഇവിടുത്തെ പ്രതിമകളില്‍. പരശുരാമ പ്രതിമയോട് ചേര്‍ന്ന് കാവും ഒരുക്കിയിട്ടുണ്ട്. 

25 അടി നീളവും അത്ര തന്നെ വീതിയുമുണ്ട് ബൈബിള്‍ ശില്‍പത്തിന്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന 131 സസ്യങ്ങളാണ് ഇതിനോട് ചേര്‍ന്നുള്ള തോട്ടത്തിലുള്ളത്. നോഹയുടെ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന ഗോഫര്‍ മരവും മിശിഹായുടെ മുള്‍ക്കിരീടം നിര്‍മിക്കാന്‍ ഉപയോഗിച്ച ക്രൈസ്റ്റ് ത്രോണ്‍ എന്ന സസ്യവുമെല്ലാം ഈ തോട്ടത്തില്‍ കാണാനാകും. 

ഇവിടെ തന്നെയുള്ള നാടന്‍ ചായക്കടയിലേക്കും കള്ളുഷാപ്പിലേക്കും വേണ്ട വിഭവങ്ങള്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്. മീന്‍കുളത്തില്‍ മീന് ഭക്ഷണം നല്‍കാനുള്ള സൗകര്യപ്രദമായ വിധത്തില്‍ ഒരു പിരിയന്‍ പാലമുണ്ട്. നാണയമുണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന ലോഹത്തകിടുകള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മിച്ചിരിക്കുന്നത്. 

തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നല്‍കുകയുമാവാം. കൊതുമ്പുവള്ളവും പെഡല്‍ബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഒഴുകി നടക്കാം. ഫാം ചുറ്റിക്കാണുന്നതിനായി ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന റിക്ഷയും ആകാശവീക്ഷണത്തിനായി കേബിള്‍കാറും നിരീക്ഷണഗോപുരവും ഇവിടെയുണ്ട്.  കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളര്‍ത്തിയ തേയിലത്തോട്ടവും കൗതുകമാണ്. 

English Summary: Loss of Rs 20 crore; Mango Meadows under Threat of Confiscation

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA