ADVERTISEMENT

സൈക്കിളിൽ ഹിമാലയവും ലഡാക്കും കയറുന്നത് സഞ്ചാരികൾക്കിടയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. പ്രകൃതിയെ മലിനമാക്കാതെ ആരോഗ്യ സംരക്ഷണത്തോടൊപ്പം കഴിയുന്നത്രയും ദൂരം താണ്ടുക, ബൈക്ക് മാറി സൈക്കിളിൽ ലോകം ചുറ്റുന്നവര്‍ ഇന്ന് നിരവധിയാണ്. കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് മുന്നില്‍ തടസം സൃഷ്ടിക്കുമ്പോള്‍ സൈക്കിളില്‍ സ്വപ്‌നങ്ങളുടെ ചിറകിലേറുകയാണ് കണ്ണൂർ സ്വദേശി വിവേക് രാമചന്ദ്രൻ.

vivek-trip3

കാസർഗോഡ് നിന്നു കന്യാകുമാരിയിലേക്കാണ് യാത്ര. ജൂൺ 27 ന് തുടങ്ങിയ സൈക്കിൾ യാത്ര ജൂലൈ 29 നാണ് അവസാനിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടി സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് വിവേക്. മഞ്ഞും മഴയും വെയിലും വകവയ്ക്കാതെയുള്ള ഇൗ ചെറുപ്പക്കാരന്റെ യാത്രയിൽ കാഴ്ചകൾ ആസ്വദിക്കുക എന്നതു മാത്രമല്ല ഉദ്ദേശം. വിവേക് വെഡിങ് ഫോട്ടോഗ്രാഫറാണ്. കൂടാതെ ഹ്രസ്വചിത്രങ്ങളുടെ നിർമാണത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സമകാലിക പ്രസക്തിയുള്ള  വിവേക് ചിത്രീകരിച്ച ഷോർട്ട് ഫിലിം ജനശ്രദ്ധയാകർഷിച്ചതുമാണ്. പാഷനായ ഹ്രസ്വ ചിത്ര നിർമാണത്തിന് മികച്ച ലൊക്കേഷൻ തേടുക എന്നതും ഇൗ യാത്രയിലെ ലക്ഷ്യമാണ്.

യാത്രയും അനുഭവങ്ങളും

എന്തുകൊണ്ട് സൈക്കിൾ തിരഞ്ഞെടുത്തുവെന്ന് ചോദിക്കുന്നവരോട് വിവേക് പറയുന്നതിങ്ങനെ, ഇന്ധനമില്ലാതെ ചെലവ് കുറഞ്ഞ യാത്രയ്ക്ക് സൈക്കിളാണ് നല്ലത്. അതുതന്നെയല്ല, ബൈക്കിലോ കാറിലോ യാത്ര ചെയ്യുന്ന അവസരങ്ങളിൽ കാഴ്ചകൾ സമാധാനത്തോടെ കണ്ടു പോകാൻ കഴിയില്ല, മറിച്ച് സൈക്കിളാണെങ്കിൽ പതിയെ കാഴ്ചകൾ ആസ്വദിച്ച് പ്രകൃതിയുടെ മായാദൃശ്യങ്ങളെ  മനസ്സിലെ ഫ്രെയ്മിലാക്കി യാത്ര ചെയ്യാം. കേരളത്തിനുള്ളിലെ അധികം അറിയപ്പെടാത്ത നിരവധിയിടത്തെ മനോഹരമായ സ്ഥലങ്ങൾ ആസ്വദിക്കാനായെന്നും വിവേക് പറയുന്നു. 

vivek-trip1

യാത്രയിലെ മറ്റൊരു അനുഭവം സുഹൃത്ത് സമ്പത്താണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. യാത്രയിൽ രാത്രി തങ്ങുന്നത് അവരുടെ വീടുകളിലായിരുന്നു.‌ പുതിയ സ്ഥലങ്ങൾ കാണാനായതും പുതിയ രുചിയറിയാനായതുമൊക്കെ മറക്കാനാവാത്ത അനുഭവങ്ങളാണ്. സൈക്കിൾ യാത്രയിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളും അനുഭവങ്ങളും കാഴ്ചകളുമൊക്കെ കോർത്തിണക്കിയ വ്ളോഗുകൾ ചെയ്യുന്ന സംത്യപ്തിയും വിവേകിനുണ്ട്. 

ആദ്യ സോളോ ട്രിപ്

കണ്ണൂരിൽ നിന്നും കശ്മീരിന്റെ കാഴ്ചയിലേക്കുള്ള ബുള്ളറ്റ് യാത്രയാണ് വിവേകിന്റെ ആദ്യ സോളോ ട്രിപ്. ഏറ്റവും ഉയരമുള്ള മോട്ടറബിൾ റോഡായ കർദുഗ്‍‍ലയിലേക്കും അവിടെ നിന്ന് കന്യാകുമാരി തുടർന്ന് കണ്ണൂരിലേക്കുമായിരുന്നു ബുള്ളറ്റ് റൈഡ്. 45 ദിവസം കൊണ്ട് 11500 കിലോമീറ്റർ താണ്ടിയുള്ള യാത്രയായിരുന്നു. നല്ല അനുഭവങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു അത്.

vivek-trip

ഇൗ യാത്ര അവസാനിക്കുന്നില്ല

യാത്രയെയും ജോലിയെയും ജീവനുതുല്യം സ്നേഹിക്കുന്ന വിവേകിന്റെ സഞ്ചാരം ഇവിടെ അവസാനിക്കുന്നില്ല. ഇനിയും പുതിയ കാഴ്ചകൾ തേടി പ്രകൃതിയുടെ കാണാമറയത്തേക്ക് യാത്ര ചെയ്യാനാണ് മോഹം. എത്ര തിരക്കാണെങ്കിലും വീണുകിട്ടുന്ന ഒഴിവ് സമയം വിവേക് യാത്രകൾക്കായി മാറ്റിവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം കോവിഡ് സീൻ ആക്കിയതിനാൽ യാത്രകൾ ഒഴിവാക്കേണ്ടി വന്നു. ഇൗ വർഷവും കൊറോണ പിടിമുറുക്കിയപ്പോൾ ലോക്ഡൗണായി. എന്നാൽ സൈക്കിളിൽ ഉൗരുചുറ്റാം എന്ന ചിന്തയിലെത്തി. ആ യാത്രയുടെ ആവേശമാണ് ഇൗ സ്വപ്നയാത്രയ്ക്ക് ചിറകുവിരിച്ചത്.

English Summary: Kasaragod to Kanyakumari Cycle Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com