ADVERTISEMENT

ഗംഗയും നകുലനും രാത്രിയിൽ വന്നുകയറിയ, 'ഭാര്‍ഗവീനിലയം' പോലുള്ള ആ വീട് ഓര്‍മയില്ലേ? നാഗവല്ലിയെ തളച്ച മണിച്ചിത്രത്താഴിട്ട് പൂട്ടിയ മുറിയും മാന്തോപ്പിലേക്ക് തുറക്കുന്ന തെക്കിനിയുമെല്ലാമുള്ള ആ വീട് മലയാളികള്‍ എങ്ങനെ മറക്കാനാണ്? മധു മുറ്റവും ഫാസിലും ചേര്‍ന്ന് അണിയിച്ചൊരുക്കി ശോഭനയും മോഹന്‍ലാലും സുരേഷ്ഗോപിയും കെപിഎസി ലളിതയും ഇന്നസെന്റുമെല്ലാം തകര്‍ത്തഭിനയിച്ച 'മണിച്ചിത്രത്താഴ്' എന്ന സൈക്കോത്രില്ലര്‍ സിനിമ മലയാളികളുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ് എന്നുപറയാം. സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം, മാടമ്പിള്ളി മനയായി മേക്കപ്പില്ലാതെ 'അഭിനയിച്ച' ഹില്‍പാലസ് കൂടി മലയാളികളുടെ മനസ്സിലേക്ക് കടന്നുകയറി സിംഹാസനമുറപ്പിച്ചു. 

alummoottil-meda2

സിനിമയില്‍ കാണിക്കുന്നത് തൃപ്പുണിത്തുറയിലെ ഹിൽപാലസാണെങ്കിലും ശരിക്കുമുള്ള 'മാടമ്പിള്ളി മന'യുള്ളത് അങ്ങ് ആലപ്പുഴയിലാണ്. നാഗവല്ലിയുടെയും കാരണവരുടെയും കഥ ഉടലെടുത്ത ആ തറവാടാണ് ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടത്തുള്ള ആലുമ്മൂട്ടിൽ മേട. മണിച്ചിത്രത്താഴിന്‍റെ കഥയെഴുതിയ മധു മുട്ടത്തിന്‍റെ സ്വന്തം തറവാട്. ചരിത്രവും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന്, രാത്രികളില്‍ ഇരുളിന് കൂടുതല്‍ കറുപ്പ് പകരുന്ന കഥകള്‍ ഉറങ്ങുന്ന ആലുമ്മൂട്ടിൽ തറവാട്ടിലേക്ക് കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. 

രാജാവിനെക്കാള്‍ സമ്പന്നരായ തറവാട്ടുകാര്‍

അങ്ങേയറ്റം പ്രതാപത്തോടെ വാണ ഒരു ജന്മി തറവാടായിരുന്നു ആലുമ്മൂട്ടിൽ മേട. അതിസമ്പന്നരായിരുന്നു ഇവിടുത്തെ കാരണവന്മാര്‍. അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ചിരുന്നു.

രാജാവിനേക്കാള്‍ സമ്പത്ത് ഇവര്‍ക്കുണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. അന്നത്തെ കാലത്ത് പതിനായിരം രൂപയും പത്തുപറ നെല്ലും കരം നല്‍കിയിരുന്ന തറവാട്ടില്‍ അന്നത്തെ അത്യാഡംബരങ്ങളില്‍ ഒന്നായിരുന്ന കാര്‍ പോലും ഉണ്ടായിരുന്നു. രാജാവിന്‌ പോലും പിന്നീടാണ് കാര്‍ ലഭിച്ചത് എന്ന കാര്യം ഓര്‍ക്കണം.

alummoottil-meda1

തറവാട്ടിലെത്തുന്നത് എത്ര പേരായാലും ഏതു സമയത്തും ഭക്ഷണം നൽകാവുന്നത്ര സമൃദ്ധമായിരുന്നു ഇവിടത്തെ അടുക്കളയും ഊട്ടുപുരയും. മേടയിൽ പുരുഷന്മാരും എട്ടുകെട്ടിൽ സ്ത്രീകളും താമസിച്ചു. ജോലിക്കാർക്ക് താമസിക്കാനായി പ്രത്യേകമായി സൗകര്യമൊരുക്കിയിരുന്നു. 

മനോഹരമായ വാസ്തുവിദ്യ

ഇടതൂർന്നു വളർന്നു നിൽക്കുന്ന രണ്ട് കൂറ്റൻ മാവുകൾക്കിടയിലാണ് തറവാട്. കേരളത്തിന്‍റെ തനതായ വാസ്തുവിദ്യയാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കയറിച്ചെല്ലുമ്പോള്‍ തന്നെ എട്ടുകെട്ടും ധാന്യപ്പുരയും കാണാം. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും വശങ്ങളിലായി നിലവറയിലേക്ക് പ്രവേശിക്കുന്നതിനുള്ള രഹസ്യവഴിയും കാണാം. 

തറവാട്ടിലെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങള്‍

മധു മുട്ടത്തിനെ കൂടാതെ വേറെയും നിരവധി പ്രശസ്തര്‍ തറവാട്ടില്‍ നിന്നും ഉണ്ടായിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിലെ പ്രധാനിയായ ടികെ മാധവൻ, എ പി ഉദയഭാനു എന്നിവർ ആലും മൂട്ടിൽ കുടുംബാംഗങ്ങളാണ്. ശ്രീ നാരായണ ഗുരു പല പ്രാവശ്യം ഇവിടെ താമസിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. 

കൊടുംകൊലപാതകത്തിന്‍റെ കഥ

സിനിമയില്‍ കാണുന്നതുപോലെ നാഗവല്ലിയും കാരണവരും ഈ മേടയില്‍ വച്ചു കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നും അവരുടെ പ്രേതങ്ങള്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നും പലരും വിശ്വസിക്കുന്നു. എന്നാല്‍, അത് മധു മുട്ടത്തിന്‍റെ ഭാവനയില്‍ വിരിഞ്ഞ ഒരു കഥ മാത്രമാണ്. നാഗവല്ലി എന്നൊരു നര്‍ത്തകി ഇവിടെ ഉണ്ടായിട്ടേയില്ല. എന്നാല്‍, തറവാട്ടില്‍ ഒരു കാരണവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. 

മരുമക്കത്തായമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. അങ്ങനെയിരിക്കുമ്പോള്‍ തന്‍റെ സ്വത്തുക്കള്‍ സ്വന്തം മക്കള്‍ക്ക് എഴുതി നല്‍കാന്‍ കാരണവർ തീരുമാനിച്ചു. ഇതറിഞ്ഞ മരുമക്കൾ രഹസ്യമായി ഗൂഡാലോചന നടത്തുകയും തുടർന്ന് കാരണവരെ സംഘംചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. മേടയിലെ വിലയേറിയ വസ്തുക്കളെല്ലാം അവര്‍ കൈക്കലാക്കി. ഈ സമയത്ത് ഇതൊന്നുമറിയാതെ ഒരു വേലക്കാരി പെൺകുട്ടി അവിടേക്ക് കടന്നു ചെന്നു. തെളിവില്ലാതാക്കാനായി മരുമക്കള്‍ അവളെയും ആ മേടയിലിട്ടുതന്നെ വെട്ടിക്കൊന്നു എന്നാണ് കഥ. 

എന്നാല്‍ അധികം വൈകാതെ പ്രതികളെല്ലാം പിടിക്കപ്പെടുകയും അവര്‍ക്ക് വധശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് തറവാട്ടിൽ സ്ഥിരമായി ദുർനിമിത്തങ്ങൾ ഉണ്ടായി. കുടുംബാംഗങ്ങള്‍ ആരും അവിടെ താമസിക്കാന്‍ പിന്നീട് ധൈര്യപ്പെട്ടില്ല.  ഇതാണ് ആലുമ്മൂട്ടിൽ മേടയെ ചുറ്റിപ്പറ്റിയുള്ള കഥ.

English Summary: Alummoottil meda: haunted house that inspired movie 'Manichitrathazhu'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com