ADVERTISEMENT

തിരുവനന്തപുരത്ത് അമരവിളയിലുള്ള ചരിത്രമാളികയില്‍ നിന്നുമുള്ള മനോഹര ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് നടി പ്രിയങ്കാ നായര്‍. ഓഫ്‌വൈറ്റ് നിറത്തിലുള്ള ഓണപ്പുടവയണിഞ്ഞു നില്‍ക്കുന്ന പ്രിയങ്കയെ ഈ ചിത്രങ്ങളില്‍ കാണാം. ഒപ്പം ചരിത്രമാളികയുടെ കാഴ്ചയും കാണാം. 

തിരുവനന്തപുരം–കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകര കഴിഞ്ഞ് അമരവിളയ്ക്കടുത്താണ് ചരിത്രമാളിക. ഒരു ആധുനിക മ്യൂസിയം എന്ന് ഇതിനെ വിളിക്കാം. 36 സെന്റിൽ 22,200 ചതുരശ്ര അടി വിസ്തീർണത്തില്‍ പണിത മാളികയുടെ ഭൂമിക്കു മുകളിലുള്ളത്ര തന്നെ വിസ്തീർണം താഴെയുമുണ്ട്. പണ്ടത്തെ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന നാഞ്ചിനാടിന്‍റെ ഓര്‍മകള്‍ പേറുന്ന ഒട്ടേറെ വസ്തുക്കൾ ഇവിടെ കാണാം. 

അഭിലാഷ് എന്ന ചെറുപ്പക്കാരനാണ് ഈ വേറിട്ട സംരംഭത്തിനു പിന്നില്‍. ഏകദേശം 4800പുരാവസ്തുക്കളും 32 പ്രധാനപ്പെട്ട ഭാഗങ്ങളും ഇവിടെയുണ്ട്. കാവിളക്ക്, മയിൽവിളക്ക്, ശാസ്താവിളക്ക് തുടങ്ങിയ വിളക്കുകൾ, കരിങ്കല്ലിലും ഓടിലും ചെമ്പിലുമുള്ള വീട്ടുപകരണങ്ങള്‍, പുരാതന എഴുത്തോലകള്‍, എഴുത്താണികള്‍, അളവുതൂക്ക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. കൂടാതെ ഗാന്ധിജി കന്യാകുമാരിയിൽ വന്നപ്പോൾ സഞ്ചരിച്ച കാളവണ്ടി, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രൻ സഞ്ചരിച്ച കാളവണ്ടി, മുറ്റത്തുള്ള ചക്ക്, ചുമടുതാങ്ങി, ബൽജിയം നിർമിതമായ ആമമണി എന്നിവയെല്ലാം ഇവിടത്തെ കൗതുകക്കാഴ്ച്ചകളാണ്. കൂടാതെ, 27 ശിഷ്യൻമാർക്ക് ഒരേസമയം നിന്ന് അഭ്യസിക്കാനുള്ള സൗകര്യമുള്ള 41 കോൽ ചുറ്റളവുള്ള മണ്ഡലക്കളരിയും ഇവിടെയുണ്ട്. 

400 വർ‌ഷം മുൻപായാണ് യഥാര്‍ത്ഥത്തില്‍ ഈ മാളിക പണിതത്. പിന്നീട് നശിച്ചുപോയ മാളിക അഭിലാഷിന്‍റെ അപ്പൂപ്പന്‍റെ കാലത്ത് പുനഃസൃഷ്ടിക്കാൻ തുടങ്ങി. ഇടക്ക് നിന്നുപോയ പണികള്‍ പിന്നീട് 1990 കളിൽ പുനരാരംഭിച്ച് ഇന്നത്തെ രീതിയിലേക്ക് എത്തിക്കുകയായിരുന്നു. 

സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ചരിത്ര ഗവേഷണവും പഠനവുമായി ബന്ധപ്പെട്ടവർക്കും മാളിക കാണാം. 25 പേരെങ്കിലുമുള്ള ഗ്രൂപ്പുകളായാണ് പ്രവേശനം. 

English Summary: Charithra Malika History Museum in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com