ADVERTISEMENT

ഹോളിവുഡ് സിനിമകളിലും പരമ്പരകളിലും കാണുന്നതുപോലെ മിനി-ഹോം ആയി സജ്ജീകരിച്ചിട്ടുള്ള വാനിൽ യാത്ര ചെയ്യാനുള്ള ആശയം നിങ്ങളെ എപ്പോഴും ആകർഷിച്ചിട്ടുണ്ടോ? ഇനി അത്തരം യാത്രകൾ കേരളത്തിൽ തന്നെ നടത്താം. കായലിലെ വഞ്ചിവീട് മാതൃകയിൽ വിനോദസഞ്ചാരത്തിനും താമസത്തിനുമായി കാരവൻ ടൂറിസം നയം സംസ്ഥാനത്ത് അവതരിപ്പിച്ചു. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ടൂറിസം കാരവനുകളും കാരവൻ പാർക്കുകളും അതിന്റെ ഭാഗമാക്കും.

luxecamper-1

∙ രാജ്യത്തെ കാരവൻ ടൂറിസം

ടെന്റുകൾക്ക് ഇനി ബൈ പറയാം. മരുഭൂമിയിലെയും കടൽതീരങ്ങളിലെയും ക്യാം‌പുകൾ കാരവനിലെത്തി. പഴയകാലങ്ങളിൽ ടെന്റ് കെട്ടി ക്യാംപ് ചെയ്തിരുന്നവർ ഇപ്പോൾ ആധുനിക സൗകര്യങ്ങളുള്ള കാരവനിലേക്ക് മാറിത്തുടങ്ങി. ഇന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ,  ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കാരവൻ ടൂറിസം കൂടുതലായിയുള്ളത്. പകർച്ചവ്യാധികളുടെ കാലത്ത് സാമൂഹിക അകലം പാലിക്കുന്ന സമയങ്ങളിൽ, കുടുംബവും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ അനുയോജ്യവും തികച്ചും സുരക്ഷിതവുമാണ് എന്നുള്ളത് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നു. വീട് വിട്ടു പോകുന്നതായി തോന്നുകയില്ല. സുരക്ഷിതമായി അകത്ത് സമയം ചെലവഴിക്കാം. ആഴ്ചാവധികളും അവധി ദിനങ്ങളും കാരവനിൽ കഴിച്ചുകൂട്ടുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കിടക്കാനുള്ള സൗകര്യം, ശുചിമുറി, അടുക്കള തുടങ്ങിയ എല്ലാ സൗകര്യവും ഉണ്ട്.

luxecamper-2

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ്, ക്യാംപർവൻ ക്യാംപ്സ് ആൻഡ് ഹോളിഡേയ്സ് ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ആഡംബര കാരവൻ ലക്‌സെ ക്യാംപർ ആരംഭിച്ചത്. ആഡംബര കാരവനുകൾ ഒരു ചെറിയ അപ്പാർട്ട്മെന്റ് പോലെ സജ്ജീകരിച്ചിരിക്കുകയാണ്. ലോഞ്ച്-കം-ബെഡ്‌റൂം, അടുക്കള, വിശ്രമമുറി, കിടക്ക, മൈക്രോവേവ്, ഇലക്ട്രിക് കെറ്റിൽ, ഗ്യാസ് ഹോബ്സ്, ടോസ്റ്റർ, ഇൻഡക്ഷൻ സ്റ്റൗ, ഫ്രിഡ്ജ്, ഫ്രീസർ, അടുക്കള, ഷവർ, ആധുനിക ടോയ്‌ലറ്റ്, മേൽക്കൂര എന്നിങ്ങനെ ആധുനിക വീട്ടിലെ സൗകര്യങ്ങൾ ഇതിലുണ്ട്. സോളർ പാനലുകൾ, സിസിടിവി ക്യാമറകൾ, സ്മാർട്ട് ടിവികൾ, ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം എന്നിവയും ഉൾപ്പെടും.

luxecamper-4

പരിസ്ഥിതി സൗഹൃദ ഉയർന്ന സുരക്ഷയുള്ള ലക്സെ ക്യാംപറുകളിൽ അഗ്നിശമന ഉപകരണങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും സോഫകളിലും കസേരകളിലും സീറ്റ് ബെൽറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കർണാടകയിലെ ഹംപി ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് ക്യാംപ് ചെയ്യാം. 25000 രൂപ മുതൽ 30000 രൂപ വരെയാണ് രണ്ട് പേർക്കുള്ള പ്രതിദിന ചെലവ്. സ്വയം ഡ്രൈവിങ് ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല. ഡ്രൈവർ, ഗൈഡ് എന്നിവർ‌ ഒപ്പമുണ്ടാകും.

carvan

∙ റീക്രിയേറ്റഡ് വെഹിക്കിൾ (ആർവി)

പല തരത്തിലുള്ള ആർവികളിൽ ഒന്നാണ് കാരവൻ. ആർവിയുടെ ഏറ്റവും സാധാരണമായ ഉപയോഗം യാത്ര ചെയ്യുമ്പോൾ താൽക്കാലിക താമസസൗകര്യമാണെങ്കിലും ചിലർ അവരുടെ താമസസ്ഥലമായി തന്നെ ഇവ ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളിൽ കാരവനിൽ താമസിക്കുന്ന അനേകം ആളുകൾ ഉണ്ട്. അമേരിക്കയിൽ മാത്രം ദശലക്ഷം ജനങ്ങളാണ് ആർവിയിലാണ് താമസിക്കുന്നത്. ആർ‌വിയിൽ താമസിക്കുന്നത് നിയമപരമാണെങ്കിലും, ‍ആർ‌വി പാർക്ക് ചെയ്യാനും ചില പ്രദേശങ്ങളിൽ എത്രനേരം പാർക്ക് ചെയ്യാനും കഴിയും എന്നതിന് നിയമങ്ങളുണ്ട്. അയൽ‌രാജ്യങ്ങളിലേക്ക് കാരവനിൽ യാത്ര ചെയ്യുന്നവരുമുണ്ട്. ഹോട്ടൽ മുറിക്കായി കഷ്ടപ്പെടുകയും വേണ്ട. കാരവനുകളുടെ എണ്ണം കൂടിയതോടെ അത് ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. പല രാജ്യങ്ങളിലും കാരവനുകൾ ക്യാം‌പ് ചെയ്യാൻ പ്രത്യേക പാർക്കിങ് സംവിധാനം ഉണ്ട്.

carvaa

ന്യൂഡൽഹി ആസ്ഥാനമായ കാർവാ ട്രാവലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 'ഫൈൻ', 'റെയർ' എന്നീ രണ്ട് കാരവനുകളാണ് വാടകയ്ക്ക് നൽകുന്നത്.

∙ 5 പേരെ ഉൾക്കൊള്ളുന്ന കാരവൻ 'ഫൈൻ' യാത്രയിൽ ആവശ്യമായേക്കാവുന്ന എല്ലാ വസ്തുക്കളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. അടുക്കള, പാത്രങ്ങൾ, കുടിവെള്ളം, മറ്റ് ആവശ്യങ്ങൾക്കായി 180 ലീറ്റർ വെള്ളം, വാഷ് റൂം, ക്യാംപിങ് ടെന്റുകൾ, പോർട്ടബിൾ മ്യൂസിക് സ്പീക്കർ, തലയണകൾ, പുതപ്പുകൾ എന്നിവയുണ്ട്. സ്ലീപ്പിങ് സ്ഥലത്തെ സംബന്ധിച്ചിടത്തോളം, ക്യാംപർ വാനിൽ ഒരു മാസ്റ്റർ ബെഡ്, 2 സോഫ-കം-ബെഡ്സ്, 2 ബെർത്ത് എന്നിവയുണ്ട്. സീലിംഗിലെ മനോഹരമായ എൽഇഡികൾ രാത്രിയിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നു. ഷവറിനൊപ്പം ഒരു വാഷ് റൂമും വാനിലുണ്ട്. വാനിനു പുറത്ത് തുറസ്സായ സ്ഥലത്ത് കുളിക്കാൻ ഷവർ സ്ഥാപിക്കാം.

carvaa-nice

∙ 3 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള, കാരവൻ 'റെയർ' സാഹസികത ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. ദുർഘടമായ റൂട്ടുകളിൽ പോലും വാനിൽ യാത്ര സാധിക്കും. അടുക്കള, പാത്രങ്ങൾ, കുടിവെള്ളം, മറ്റ് ആവശ്യങ്ങൾക്കായി 130 ലീറ്റർ വെള്ളം, വാഷ് റൂം, ക്യാംപിങ് ടെന്റുകൾ, പോർട്ടബിൾ മ്യൂസിക് സ്പീക്കർ, തലയണകൾ, പുതപ്പുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അടുക്കളയിൽ 5 കിലോഗ്രാം എൽപിജി സിലിണ്ടറും നിങ്ങളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ട്. ഉറങ്ങാൻ ഒരു സോഫ-കം-ബെഡ്, വാനിന്റെ എല്ലാ വശത്തുനിന്നും ബങ്ക് ബെഡ് ഉണ്ടാകും.

carvaa-rare

5 പേരുടെ കാരവനും 3 പേരുടെ കാരവനും പ്രതിദിനം 6,000 രൂപയും പ്രതിദിനം 5,500 രൂപയും ആണ് (ഡ്രൈവർ, ജിഎസ്ടി ഉൾപ്പെടെ). ഇന്ധനം, സംസ്ഥാനം, ടോൾ നികുതി എന്നിവ ഈ വിലയിൽ ഉൾപ്പെടുത്തിയിട്ടില്ല, അവ യാത്രക്കാർ വഹിക്കണം. ചെലവിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ പ്രതിദിന ചെലവ് 2,400 രൂപയാണ്. അതിൽ താമസം, യാത്ര, ഇന്ധനം, സംസ്ഥാന നികുതികൾ, റോഡ് നികുതികൾ, ഒരു കെയർ-കം-ഡ്രൈവർ ഉൾപ്പെടുന്നു. നിലവിലെ പാൻഡെമിക് കാലഘട്ടത്തിൽ, ഒരു സ്ഥലത്തേക്കുള്ള യാത്രയുടെ സുരക്ഷിതമായ മാർഗം കൂടിയാണിത്.

ഗുണങ്ങൾ

∙ യാത്ര ചെലവ് ലാഭിക്കാം.

∙ വീടിന്റെ സുഖസൗകര്യങ്ങൾക്കുള്ളിൽ യാത്ര ചെയ്യാം

∙ പരിമിതമായ വിഭവങ്ങളുടെ പ്രാധാന്യവും ഉപയോഗവും.

∙ ഒരുപാട് കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുന്നു

ദോഷങ്ങൾ

∙ പരിമിതമായ സ്ഥലത്ത് ക്യാംപ് ചെയ്യാൻ കഴിയില്ല.

∙ വെള്ളം വീണ്ടും നിറയ്ക്കുന്നതിൽ എപ്പോഴും ശ്രദ്ധിക്കണം

∙ മാലിന്യ ടാങ്ക് ശരിയായി വൃത്തിയാക്കണം

സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ പിന്തുടരുന്ന സാഹചര്യത്തിൽ വിനോദയാത്രകളിലും ശുചിത്വവും ഉറപ്പു വരുത്താൻ കാരവനുകൾ സഹായിക്കുന്നു. താമസച്ചെലവ്, പ്രാദേശിക ഗതാഗതം, സുരക്ഷ, ശുചിത്വം എന്നിവയുടെ ആശങ്ക ഒഴിവാക്കാനും മനുഷ്യ സമ്പർക്കം കുറച്ചും കാരവൻ വീടിന് തുല്യമാകുന്നു.

എആർഐ(ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ കാരവൻ ഉപയോഗിക്കാൻ സാധിക്കൂ. അതിൽ പറഞ്ഞിരിക്കുന്ന വസ്തുക്കൾ വാഹനത്തിൽ ഉണ്ടാവണം. ഇതിന് പുറമേയുള്ള മോഡിഫിക്കേഷൻ കാരവനിൽ അനുവദിക്കില്ലെന്നു കോഴിക്കോട് ആർ ടി ഒ ഇ.മോഹൻദാസ് പറഞ്ഞു.

English Summary: Kerala tourists could soon travel in luxury caravans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com