ADVERTISEMENT

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഒട്ടേറെ മനോഹര സ്ഥലങ്ങള്‍ നിറഞ്ഞ ജില്ലയാണ് ഇടുക്കി. ഇക്കൂട്ടത്തിലുള്ള ഒരു സ്ഥലമാണ് ചതുരംഗപ്പാറ. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയായാണ് ചതുരംഗപ്പാറ എന്ന ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. എങ്ങും പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാല്‍ കണ്ണില്‍ നിറയുന്ന മനോഹരകാഴ്ചകളുമെല്ലാം ചതുരംഗപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഇവിടം. 

പൂപ്പാറ എ‌ത്തുന്നതിന് മുൻപ്‌ ചതുരംഗപ്പാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്ത് ഇവിടെ എത്തിച്ചേരാം. തമിഴ്നാടിന്‍റെ സു‌ന്ദരമായ വിദൂര കാഴ്ചകൾ നൽകുന്ന വ്യൂപോയിന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹാരിതയാര്‍ന്ന ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും പട്ടണങ്ങളുടെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. മികച്ച രീതിയില്‍ കാറ്റു വീശുന്ന സ്ഥലമായതിനാൽ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

chathurangapara2
By johnygeorge/shutterstock

സമുദ്രനിരപ്പിൽ നിന്നു ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ എപ്പോള്‍ നോക്കിയാലും നന്നായി കാറ്റു വീശുന്ന ഒരിടം കൂടിയാണ് ഇവിടം. വിവിധ ആകൃതികളില്‍ കാണുന്ന പാറക്കൂട്ടങ്ങളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ട്രെക്കിംഗ് നടത്താന്‍ പറ്റുന്ന ഇടമാണെങ്കിലും അത്രയധികം തിരക്കുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല ഇവിടം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ് ഈയിടെയായി സഞ്ചാരികള്‍ കൂടി വരുന്നുണ്ട്. 

ചതുരംഗപാറയുടെ സമീപത്തെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് രാജപ്പാറ. ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ ശാന്തൻപാറ ഗ്രാമത്തിന് സമീപത്താണ് രാജപ്പാറ . കൊച്ചിയിൽ നിന്ന് ഇവിടേക്ക് ബസ് ലഭിക്കും കൊ‌ച്ചി - മൂന്നാർ - ശാന്തൻപാറ വഴി എത്തിച്ചേർന്നാൽ അവിടെ നിന്ന് 10 കിലോമീറ്റർ അകലെയായാണ് ചതുരംഗപാറ സ്ഥിതി ചെയ്യുന്നത്. അതിരാവിലെയോ, അല്ലെങ്കിൽ അസ്തമയ സമയമോ ആണ് ഇവിടം സന്ദർശിക്കാൻ  പറ്റിയ ഏറ്റവും മികച്ച സമയം.

English Summary: Chathurangapara View Point in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com