ADVERTISEMENT

കോഴിക്കോട്∙ സ്കൂബ ഡൈവിങിനിടെ സമുദ്രത്തിനടിയി‍ൽ എത്തുന്നവരെ ഞെട്ടിക്കാനായി കുറെ പ്രതിമകൾ... സ്വാതന്ത്ര്യ സമര ചരിത്രവും ഇടതു രാഷ്ട്രീയവുമെല്ലാം ആ പ്രതിമകളിൽ നിന്നു നമുക്ക് വായിച്ചെടുക്കാം. പുറത്തെത്തിയാൽ കണ്ടൽകാടുകൾക്ക് മുകളിലൂടെ നടക്കാം. ആകാശത്തെ തൊട്ടുരുമ്മി വലിയ ജയന്റ് വീലിൽ കറങ്ങാം... മുഴപ്പിലങ്ങാട് ബീച്ചിൽ നിന്ന് തുരുത്തിലേക്ക് കടൽകാറ്റേറ്റ് പാലത്തിലൂെട സഞ്ചരിക്കാം... ചൂണ്ടയിട്ട് മീൻ പിടിക്കാം.... ഇങ്ങനെ മലയാളിയുടെ കണ്ണ് തള്ളിക്കുന്ന ഒട്ടേറെ വിനോദ പരിപാടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ തുടങ്ങാനിരുന്നതാണ് ധർമടം – മുഴപ്പിലങ്ങാട് ടൂറിസം പദ്ധതി. 

Muzhappilangad1

235 കോടി രൂപ ‘കിഫ്ബി’ ഫണ്ട് ഉപയോഗിച്ച് വിഭാവനം ചെയ്തിരുന്ന പദ്ധതിക്ക് ഒരു വർഷത്തോളമായിട്ടും ഒന്നും സംഭവിച്ചില്ല. കൺസൽറ്റൻസി നൽകിയ റിപ്പോർട്ട് ഐഐടി മദ്രാസിന്റെ തുടർ പഠനത്തിന്് വിട്ടു. പരിസ്ഥിതി ആഘാത പഠനത്തിന് അൾട്രാടെക്ക് എന്ന ഏജൻസിയെയും ചുമതലപ്പെുടത്തി കാത്തിരിക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. പ്രാഥമികമായി ഈ ഏജൻസികളിൽ നിന്നു ലഭിക്കുന്ന പ്രതികരണങ്ങൾ അത്ര ശുഭകരമല്ലെന്നാണ് സൂചനകൾ.

Muzhappilangad

കൺസൽറ്റൻസി കരാറിലൂടെ തന്നെ ഏറെ വിവാദമായതാണ് ധർമടം മുഴപ്പിലങ്ങാട് ടൂറിസം പദ്ധതി. ഇന്ത്യയിൽ എങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത പദ്ധതികൾ ആവിഷ്കരിച്ച്, വിദേശത്തു നിന്നുള്ള കുറെ ചിത്രങ്ങളും പകർത്തി തയ്യാറാക്കിയ കൺസൽറ്റൻസി റിപ്പോർട്ട് വെറും ‘സ്വപ്നങ്ങളാണെന്ന്’ ആരോപണം ഉയർന്നിരുന്നു. കിഫ്ബിയുടെ മാനദണ്ഡം പോലും ലംഘിച്ച് ഉയർന്ന കൺസൽറ്റൻസി ഫീസ് ആണ് ഏജൻസിക്കു നൽകിയത്. പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയായി ആദ്യം ഇൻകെലിനെ തിരഞ്ഞെടുത്തിരുന്നെങ്കിലും പിന്നീട് ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെലപ്മെന്റ് കോർപ്പറേഷനെ ഏൽപിച്ചു. ഈ കോർപ്പറേഷൻ ഇപ്പോൾ തന്നെ 2.8 കോടി രൂപയുെട നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നഷ്ടത്തിലുള്ള സ്ഥാപനം നിർമാണ ജോലികൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് വ്യക്തവുമല്ല.

ഇതിനിടയിൽ ധർമടത്ത് തന്നെ 8 കോടി രൂപ മുടക്കി എകെജി പാ‍ർക്ക് സ്ഥാപിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തലശ്ശേരി ഹെറിറ്റേജ് ടൂറിസം പ്രൊജക്ട് ഒരു വശത്ത് പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം. ഇതിൽ മിക്ക ജോലികളും ഏറ്റെടുത്തിരിക്കുന്നത് കെഐഐഡിസി തന്നെയാണ്. ഈ വർഷം പൂർത്തിയാക്കേണ്ടതാണെങ്കിലും ഇതിൽ പല ജോലികളും തുടങ്ങിയിട്ടു പോലും ഇല്ല എന്ന് കെഐഐഡിയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനൊക്കെ പുറമെയാണ് ധർമടം കടൽത്തീരത്തെ സ്വപ്ന പദ്ധതി. 

Muzhappilangad3

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തുരുത്തിലേക്ക് നടപ്പാലവും കണ്ടൽക്കാടുകൾക്ക് മുകളിലൂടെ മരങ്ങളെ തൊട്ടറിഞ്ഞ് നടക്കാനുള്ള സൗകര്യവും റിപ്പോർട്ടിലുണ്ട്. പുഴ കടലിനോട് ചേരുന്ന ഭാഗത്ത്  മ്യൂസിക്കൽ ഫൗണ്ടനും ഏറ്റവും ഉയരം കൂടിയ ജയന്റ് വീലും ആണ് വലിയ ആകർഷണം.  സമുദ്ര തീരത്ത് കോൺക്രീറ്റിന്റെ വലിയ കെട്ടുകൾ വേണ്ടി വരുമെന്ന് റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തീര സംരക്ഷണത്തെ കുറിച്ച് ഗൗരവമായ പഠനം വേണ്ടി വരുമെന്ന് ചുരുക്കം. ആ പഠനത്തിനാണ് ഇപ്പോൾ ഐഐടി മദ്രാസിനെ ഏൽപിച്ചിരിക്കുന്നത് എന്ന് അധികൃതർ പറയുന്നു.

Muzhappilangad4

എന്നാൽ കൺസൽറ്റൻസിയുടെ രൂപകൽപ്പന ഐഐടി തള്ളിയോ എന്ന ചോദ്യത്തോട് അധികൃതർ പ്രതികരിക്കുന്നില്ല. ചെറിയ മാറ്റങ്ങൾ എല്ലാ ഏജൻസികളും നിർദേശിച്ചിട്ടുണ്ട് എന്നു മാത്രമാണ് മറുപടി. മുമ്പ് കടലാമകൾ മുട്ടയിടുന്ന ചെടികൾ ഈ തീരത്തുണ്ടായിരുന്നു. ഇപ്പോൾ അത് തീരെയില്ല. ഇത്തരം നാശനഷ്ടങ്ങൾ ഉണ്ടാക്കാത്ത രീതിയിലായിരിക്കും  പുതിയ പദ്ധതിയെന്നും കെഐഐഡിസി അധികൃതർ വ്യക്തമാക്കുന്നുണ്ട്. പക്ഷെ, പദ്ധതി നിർമാണം എന്നു തുടങ്ങുമെന്നോ, എന്നു തീർക്കാനാണ് നിശ്ചയിരിക്കുന്നതെന്നോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

Muzhappilangad6

‘സമുദ്ര തീര സംരക്ഷണം ഗൗരവമുള്ള വിഷയം ആയതിനാൽ ഐഐടി മദ്രാസിനെ പോലൊരു സ്ഥാപനത്തിന്റെ അംഗീകാരം ആവശ്യമാണ്. പാരിസ്ഥിതിക ആഘാത പഠനത്തിന് മറ്റൊരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രൂപരേഖയിൽ ചെറിയ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചും പരിശോധിച്ചുമായിരിക്കും തുടർ നടപടികൾ...’

എസ്.തിലകൻ

സിഇഒ, കെഐഐഡിസി

 

English Summary: Muzhappilangad Dharmadam Beach Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com