ADVERTISEMENT

വയനാടിന്റെ നെറുകയില്‍ കയറി ഹൃദയ തടാകം കാണണോ?. എങ്കിൽ ചെമ്പ്ര പീക്കിലേക്ക് വണ്ടി വിടാം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് സ്ഥലങ്ങളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര എല്ലാ വർഷവും സഞ്ചാരികളെക്കൊണ്ട് നിറയും. വയനാടിന്റെയും നീലഗിരിയുടെയും മധ്യത്തിലുള്ള ഈ കൊടുമുടിയിലേക്കുള്ള ട്രെക്കിങ് നവോന്മേഷം പകരുന്ന അനുഭവമാണ്. 

chembra-peak4
Image From Shutterstock

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്. ക‌ൽപ്പറ്റയ്ക്ക് അടുത്തുള്ള മേ‌പ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗൺ. മേപ്പാടിയിൽ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

chembra-peak1
Image From Shutterstock

ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചെമ്പ്രയും ഇഷ്ടപ്പെടും. ഇവിടെ ട്രെക്കിങ് നടത്താൻ അധികം പരിചയമൊന്നും ആവശ്യമില്ല. ഏകദേശം മൂന്നു മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടിവരുന്ന സമയം. ട്രെക്കിങ് തുടങ്ങി ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ വാച്ച് ടവര്‍ കാണാം. ഇവിടെ കയറി നിന്നാല്‍ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മികച്ച ദൃശ്യാനുഭവം ലഭിക്കും. 

ചെമ്പ്രയുടെ ഹൃദയത്തിലേക്ക്

ചെമ്പ്രയുടെ പ്രധാന ആകർഷണമ ഹൃദയതടാകമാണ്. വാച്ച് ടവറിൽ നിന്ന് വീണ്ടും രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹൃദയസരസ് എന്ന തടാകത്തിനരികില്‍ എത്തിച്ചേരാനായി. പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ തടാകം കാണാന്‍ മാത്രമായി ചെമ്പ്രമല കയറുന്നവരുണ്ട്. തടാകത്തിന്റെ കരയില്‍ കുറച്ചു സമയം വിശ്രമിച്ച് അവിടുത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിങ് തുടരാം. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാൽ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും. മൊത്തം നാലര കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും. 

chembra-peak2
Image From Shutterstock

എങ്ങനെ എത്താം

വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസില്‍ നിന്ന് ടിക്കറ്റുകളെടുക്കാവുന്നതാണ്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്‍‍‍വരയിലെങ്ങും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങള്‍ കാണാം. വയനാടിന്റെ മഞ്ഞണിഞ്ഞ നയന മനോഹര കാഴ്ചകൾ ആരെയും മോഹിപ്പിക്കും.

സന്ദർശിക്കാൻ മികച്ച സമയം 

മഴയുള്ള സമയത്ത് ട്രെക്കിങ് ബുദ്ധിമുട്ടായിരിക്കും. മഴയില്ലാത്ത കാലവസ്ഥയില്‍ ചെമ്പ്ര മനോഹരിയായിരിക്കും. 

കയ്യിൽ കരുതേണ്ടത്

ട്രെക്കിങ്ങിനിടെ ഭക്ഷണം പാചകം ചെയ്യാന്‍ സൗകര്യമില്ലാത്തതിനാൽ ഭക്ഷണം കൊണ്ടുപോകണം. മേപ്പാടിയിൽ നിന്നും ആവശ്യമുള്ള ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്തുക്കളും വാങ്ങുക. 

സുരക്ഷയും സുരക്ഷിതത്വവും 

ഫോറസ്റ്റ് ഗാർഡും ഗൈഡുകളും ലഭ്യമാണെങ്കിലും അനുവദനീയമായ സമയത്തിനുള്ളിൽ ട്രെക്കിങ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.

English Summary: Chembra peak - ideal place for trekking in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com