കാടിന് നടുവിൽ ചിത്രശലഭങ്ങളുടെ വീട്

SHARE

വനത്തിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമുണ്ട്. കാടിനു നടുവിൽ തന്നെ. നിലമ്പൂർ തേക്ക് മ്യൂസിയത്തോടു ചേർന്നുള്ള ബട്ടർ ഫൈ ഗാർഡൻ. സീസൺ ആയതോടെ ഇപ്പോൾ ഇങ്ങോട്ട് പൂമ്പാറ്റകൾ കൂട്ടമായി പറന്നെത്തിത്തുടങ്ങി. ഇതോടെ തേക്ക് മ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും മനംകുളിർപ്പിക്കുന്ന കാഴ്ചയാണൊരുങ്ങിയിരിക്കുന്നത്. 

ഓരോയിനം പൂമ്പാറ്റകൾക്കും ഇഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിച്ചാണ് ബട്ടർ ഫ്ലൈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. നീലക്കടുവയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് കിലുക്കി, മുഞ്ഞ ചെടികളാണ്. ഗരുഡ ശലഭത്തിന് ഗരുഡക്കൊടി, കൃഷ്ണകിരീടം എന്നിവ. അരളി ശലഭത്തിന് അരളിച്ചെടിക്കു പുറമെ കോളാമ്പിച്ചെടിയോടും ഇഷ്ടമുണ്ട്. ആവണച്ചോപ്പൻ എന്നയിനത്തിന് ആവണക്ക് ചെടിയും പനവർഗങ്ങളുമാണ് പ്രിയം. മഞ്ഞപ്പാപ്പാത്തിക്ക് മല്ലികച്ചെടിയോടാണ് താൽപര്യം. വെള്ളിലത്തോഴിക്ക് മൊസാണ്ടയും വിറവാലന് തെച്ചിയും കൊങ്ങിണിയുമാണ് താൽപര്യം. 

nilambur

ഭക്ഷണത്തിനും മുട്ടയിടാനും പ്രത്യേകം ചെടികൾ തിരഞ്ഞെടുക്കുന്ന പൂമ്പാറ്റകളാണ് അധികവും. അതുകൊണ്ടു തന്നെ രണ്ടിനവും ഇവിടെ ശാസ്ത്രീയമായി നട്ടുവളർത്തിയിട്ടുണ്ട്. 

ഈ ചെടികളിൽ ചിലത് അവയുടെ ജീവൻ രക്ഷാ ഉപാധികൾ കൂടിയാണ്. കിലുക്കിച്ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതോടെ നീലക്കടുവയുടെ ശരീരം അരുചിയാകുകയും മറ്റു ജീവികൾ അതിനെ വേട്ടയാടുന്നതിൽ നിന്ന് രക്ഷയാകുകയും ചെയ്യുന്നുവെന്ന് അധികൃതർ പറയുന്നു. പൂമ്പാറ്റകളുടെ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും ഈ ചെടികളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗരുഡക്കൊടിയുടെ വകഭേദമായ ആഫ്രിക്കൻ കരളകം, യുറേറിയ തുടങ്ങിയ വിദേശ ചെടികളും ഇവിടെ നട്ടുവളർത്തുന്നുണ്ട്. 

അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവിടെ കൂടുതൽ ചിത്രശലഭങ്ങളും എത്തുന്നത്. ദേശാടനം നടത്തുന്ന ശലഭങ്ങളുടെയും ഇഷ്ടതാവളമാണിവിടെ. സീസൺ ആയാൽ ഗാർഡനെ പൊതിഞ്ഞ് ശലഭങ്ങളെത്താറുണ്ട്. നനഞ്ഞ മണ്ണിൽ നിന്നും ധാതുഘടകങ്ങൾ വലിച്ചെടുക്കാനായി പൂമ്പാറ്റകൾ കൂട്ടംകൂടി നടത്തുന്ന മഡ്പഡ്‌ലിങ് വേറിട്ട കാഴ്ചകയാകും. 

തേക്ക് മ്യൂസിയത്തിന് പിറകിലായി. 3 ഏക്കറോളം സ്ഥലത്താണ് ബട്ടർ ഫ്ലൈ ഗാർഡൻ. കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ജല സസ്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഉദ്യാനമൊരുക്കിയത്. നടപ്പാതയിൽ ചിലയിടങ്ങളിൽ പന്തൽ പോലെ വള്ളിച്ചെടികൾ പടർത്തിയത് സഞ്ചാരികൾക്കും ഏറെ ആനന്ദമാകും. 

നിലമ്പൂർ ടൗണിൽ നിന്ന് ഗൂഡല്ലൂർ റൂട്ടിൽ 3 കിലോമീറ്റർ അകലെയാണ് തേക്ക് മ്യൂസിയം. ഔഷധ സസ്യ ഉദ്യാനങ്ങൾ, പനകളുടെ തോട്ടം, മുളന്തോട്ടം,കള്ളിമുള്ള്, പന്നൽ, ഓർക്കിഡ് ചെടികളുടെ തോട്ടം, കുട്ടികളുടെ പാർക്ക്, വ്യത്യസ്തമായ രീതികളിലൊരുക്കിയ ഫൗണ്ടെയ്ൻ തുടങ്ങിയവും ഇവിടെയുണ്ട്.

 English Summary: special story on Nilambur Butterfly Garden

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA