ADVERTISEMENT

പ്രകൃതിയുടെ പച്ചപ്പും നാടൻ വിഭവങ്ങളുടെ രുചിയും കോർത്തിണക്കിയ കൊച്ചു ഗ്രാമമാണ് കുമ്പളങ്ങി. സിനിമയിലൂടെ വിനോദസഞ്ചാരികളെ ആകർഷിച്ച ഇൗ നാട്ടിൻപുറം കൊച്ചിയിലാണ്. കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് എത്തിച്ചേരുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും അവധി ദിവസം കുടുംബവുമെത്ത് ആഘോഷമാക്കാൻ എത്തുന്നവരും കുറവല്ല. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും ആകർഷണവലയത്തിലാക്കും.

കൗതുക കാഴ്ചയായി ചീനവല

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രഭാതങ്ങളും സായാഹ്ന ദൃശ്യങ്ങളുമൊക്കെ സഞ്ചാരികള്‍ക്ക് അവിസ്മരണീയമാണ്. കായൽക്കരയില്‍ പ്രൗ‍ഢിയോടെ ഉയർന്നു നിൽക്കുന്ന ചീനവലകളുടെ വലുപ്പവും സുന്ദരമായ നിർമിതിയും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. വലകള്‍ ഉയർത്തുന്നതും താഴ്ത്തുന്നതും മാസ്മരികമായ ഒരു കാഴ്ചയാണ്. സന്ധ്യമയങ്ങുമ്പോൾ ചീനവലകൾ മീൻകൂട്ടങ്ങളെ തേടി കായലില്‍ കൂപ്പ്കുത്തുന്നു. 

kumbalangi-village-tourism

കുമ്പളങ്ങിയുടെ കരഭാഗത്തെ കായലില്‍ നിന്ന് വേര്‍തിരിക്കുന്ന കണ്ടൽക്കാടുകള്‍ ചെമ്മീൻ, ഞണ്ട്, മുത്തുച്ചിപ്പി, ചെറിയ മത്സ്യങ്ങൾ എന്നിവയുടെ പ്രജനന കേന്ദ്രമാണ്. മത്സ്യത്തൊഴിലാളികള്‍ വിനോദസഞ്ചാരികൾക്കായി വിവിധ മത്സ്യബന്ധന വിദ്യകൾ പ്രദർശിപ്പിക്കുന്നതും പതിവാണ്. 

വായിൽ കപ്പലോടും രുചി

കുടുംപുളിയിട്ട് വറ്റിച്ച കായൽ മീൻകറിയും കരിമീൻ പൊള്ളിച്ചതും ചെമ്മീൻ ഉലർത്തിയതും കപ്പയും എല്ലാം കിട്ടുന്ന നാടൻ ഭക്ഷണശാലകൾ കുമ്പളങ്ങിയിലുണ്ട്. പ്രകൃതിയുടെ തനതു കാഴ്ച ആസ്വദിച്ച് കൊണ്ട് വയറുനിറയെ രുചിയൂറും വിഭവങ്ങൾ ആസ്വദിക്കാം. ചുറ്റുമുള്ള കായൽഭംഗി കൺനിറയെ കണ്ട് രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന നിരവധി ‘ഹോം സ്റ്റേകളുമുണ്ട്.

kumbalangi-village-tourism3

കവര് പൂക്കുന്ന കുമ്പളങ്ങി

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് കായലിലെ നീലവെളിച്ചം പ്രസിദ്ധമാകുന്നത്. സിനിമയ്ക്കൊപ്പം ഹിറ്റയൊരു പ്രതിഭാസമാണ് കവര് അഥവാ കുമ്പളങ്ങി കായലിലെ നീലവെളിച്ചം. അത്രയ്ക്ക് മനോഹരമാണ് ആ ദൃശ്യ‌ം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ സീസൺ.

kumbalangi-village-tourism1

കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. ഇവ നേരിൽ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ യുവാക്കളാണ് രാത്രിയിൽ കുമ്പളങ്ങിയിൽ എത്തുന്നത്. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖല, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ് എന്നിവിടങ്ങളിലെ ഒഴുക്കില്ലാത്ത കായലിലും കെട്ടുകളിലും കവര് കാണാം. ഒറ്റപ്പെട്ട പ്രദേശമാണെങ്കിൽ കുറച്ചുകൂടി മനോഹരമായി ഇവ ദൃശ്യമാകും. വേനൽക്കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം.ചില ഭാഗങ്ങളിൽ ഫ്ലുറസെന്റ് നിറത്തിലും ഇത് കാണപ്പെടുന്നു. കായലിൽ ഉപ്പിന്റെ അളവ് കൂടും തോറും പ്രകാശവും വർധിക്കും. മഴക്കാലമായാൽ  ഇവ അപ്രത്യക്ഷമാകും. 

kumbalangi-village-tourism5

എങ്ങനെ എത്താം

കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. 

English Summary: Kumbalangi Village Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com