50 ശതമാനം വരെ വാടക ഇളവ്, ഡിസംബറിലെ തണുപ്പ്; ഈ അവധിക്കാലം മൂന്നാറിലാക്കിയാലോ?

munnar-xmas-trip
കൊളുക്കുമല
SHARE

ക്രിസ്മസും പുതുവർഷവും ദാ ഇങ്ങെത്താറായി...ഡിസംബറിന്റെ കുളിരിൽ അവധി ദിനങ്ങൾ അടിച്ചുപൊളിക്കാൻ ഒരു ട്രിപ്പ് പോയാലോ? അതും എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള ഇടുക്കിയിലേക്ക്...സഞ്ചാരികളെ വരവേൽക്കാൻ മഞ്ഞിന്റെ മേലങ്കി പുതച്ചു സുന്ദരിയായി ചിരിച്ചു നിൽക്കുകയാണ് ഇടുക്കി. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന കാഴ്ചകളാണെങ്ങും. ഈ ക്രിസ്മസിന് കേക്കിന്റെയും വീഞ്ഞിന്റെയും രുചികൾക്കൊപ്പം ഇടുക്കിയുടെ സൗന്ദര്യക്കാഴ്ചകളും നുകരാം.

കുളിരുവിൽക്കും മൂന്നാർ

നിരക്ക് കുറച്ചും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും മൂന്നാർ ടൂറിസം മേഖല ക്രിസ്മസ്–പുതുവത്സരആഘോഷങ്ങൾക്കായി ഒരുക്കം തുടങ്ങി. 50 ശതമാനം വരെ വാടക ഇളവാണ് പല ഹോട്ടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ഡിസംബർ പകുതി മുതൽ മുറി വാടക നിരക്കുകളിൽ 20 ശതമാനം വർധന ഉണ്ടായിരുന്നു. എന്നാൽ അതും ഈ വർഷമില്ല. ക്രിസ്മസ്–പുതുവത്സരവുമായി ബന്ധപ്പെട്ട് ആഘോഷങ്ങളൊന്നും ഹോട്ടലുകളിൽ ഒരുക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ചിന്നാറിലെ കാട്ടാനക്കൂട്ടം കാണാനേറെയുണ്ട് മറയൂരിൽ

മൂന്നാറിന്റെയും ഉദുമൽപേട്ടയുടെയും കവാടമായ മറയൂരിൽ വിനോദസഞ്ചാരികൾക്ക് ആകർഷകമായ സ്ഥലങ്ങളാണ് ഉള്ളത്. തമിഴ്നാട് വഴി എത്തുമ്പോൾ ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, റോക്ക് പെയിന്റിങ് എന്നിവയുൾപ്പെടെ മറയൂർ ചന്ദനക്കാടും, വെള്ളച്ചാട്ടവും, വന്യമൃഗങ്ങളെയും കാണാം.

munnar-xmas-trip1
ചിന്നാറിലെ ആനക്കൂട്ടം

മറയൂരിലെ ചന്ദനക്കാട് ശിലായുഗത്തിന്റെ അവശേഷിപ്പുകളായ മുനിയറകൾ, ഗുഹാചിത്രങ്ങൾ, ചന്ദനക്കാടുകൾ, രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്ക്, ശർക്കര നിർമാണം, കിഴക്കോട്ടൊഴുകുന്ന പാമ്പാർ നദി, ഇരച്ചിൽപാറ വെള്ളച്ചാട്ടം, ആനക്കോട്ടപ്പാറ പാർക്ക്, കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, ശീതകാല പച്ചക്കറി തോട്ടങ്ങൾ, ഭ്രമരം വ്യൂ പോയിന്റ്, ഒറ്റമല ജീപ്പ് സവാരി, കച്ചാരം വെള്ളച്ചാട്ടം എന്നിങ്ങനെ നീളുന്നു കാഴ്ചകൾ.

ഡാം കണികണ്ട് ഹിൽവ്യൂ പാ‍ർക്ക്

ഇടുക്കി, ചെറുതോണി, അണക്കെട്ടുകളുടെ മനോഹാരിത നേർക്കു നേർ കാണാനാകുന്ന ഹിൽ വ്യൂ പാർക്ക് സന്ദർശിക്കാതെ ഇടുക്കിയിലെത്തുന്ന സഞ്ചാരികൾ മടങ്ങാറില്ല. അണക്കെട്ടുകൾ നിറകുടമായതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിൽ അധികൃതർ കൂടുതൽ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. 20 രൂപയാണ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്. കുട്ടികൾക്ക് 10 രൂപയും. ഫോട്ടോഷൂട്ടിനും വിഡിയോ ചിത്രീകരണങ്ങൾക്കും പ്രത്യേക നിരക്ക് വേറെയുണ്ട്. ‌

ഡാം കാണാം, ബോട്ടിങ്ങും നടത്താം

munnar-xmas-trip2
ഇടുക്കി ഹിൽവ്യു പാർക്ക്

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെ സഞ്ചാരികൾക്കു മുന്നിൽ അടഞ്ഞ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ കവാടങ്ങൾ ഇനിയും തുറന്നിട്ടില്ല. ഡാമിൽ അലർട്ടുകൾ നിലവിൽ ഇല്ലാത്തതിനാൽ അടുത്ത ആഴ്ച മുതൽ ശനി, ഞായർ ദിവസങ്ങളിലും അവധി ദിനങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

മുൻ വർഷങ്ങളിലേതു പോലെ ഇക്കൊല്ലവും ക്രിസ്മസ്, ന്യൂ ഇയർ സീസണ് മുന്നോടിയായി   സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയേക്കുമെന്നു ഹൈഡൽ ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ ഇടുക്കി തടാകത്തിൽ വനംവകുപ്പ് നടത്തുന്ന ബോട്ടിങ്  ഇപ്പോഴും നടക്കുന്നുണ്ട്. 20 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടാണ് ഇടുക്കി തടാകത്തിൽ സവാരി നടത്തുന്നത്.

munnar-xmas-trip4

കിടുവാണ് കൊളുക്കുമല

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമല ഒരുങ്ങി. മാസങ്ങളായി മഴയും മഞ്ഞും കാരണം കൊളുക്കുമലയിലെ സൂര്യോദയക്കാഴ്ച സഞ്ചാരികൾക്ക് അപ്രാപ്യമായിരുന്നു. മഴ മാറിയതോടെ ആകാശം തെളിഞ്ഞ് കൊളുക്കുമലയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നു സഞ്ചാരികൾ പറയുന്നു. 

എത്തിച്ചേരാൻ

munnar-xmas-trip3
കൊളുക്കുമലയിൽ നിന്നുള്ള സൂര്യോദയ കാഴ്ച

തേക്കടിയിൽ നിന്നെത്തുന്നവർക്ക് പൂപ്പാറ വഴി ചിന്നക്കനാലിലെ സൂര്യനെല്ലിയിൽ എത്തിയ ശേഷം കൊളുക്കുമലയ്ക്ക് പോകാം. മൂന്നാറിൽ വരുന്നവർക്ക് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം വഴി ചിന്നക്കനാലിൽ എത്തിച്ചേരാം. ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്ന് 12 കിലോമീറ്റർ ദുർഘടപാതയിലൂടെ ജീപ്പിൽ സഞ്ചരിച്ചു വേണം കൊളുക്കുമലയിൽ എത്തിച്ചേരാൻ. 2000 രൂപയാണ് ജീപ്പ് വാടക.

കാൽവരിമൗണ്ടിലെ കാഴ്ചകൾ

കോവിഡ് പ്രതിസന്ധിക്ക് നേരിയ കുറവ് വന്നതോടെ കാൽവരിമൗണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ആളുകളുടെ വരവ് വർധിച്ചു തുടങ്ങി. ജലസമൃദ്ധമായ ഇടുക്കി അണക്കെട്ടിന്റെ വിദൂര കാഴ്ച സന്ദർശകരെ ഏറെ ആകർഷിക്കുന്നു. നിലവിൽ ശനി, ഞായർ ദിവസങ്ങളിലാണ് കാൽവരിമൗണ്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്.

എൻട്രി ഫീസിൽ പിഴിഞ്ഞ് ഹൈഡൽ ടൂറിസം 

സന്ദർശകർക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസത്തിന്റെ ‘ഡബിൾ ഷോക്ക്’. മാട്ടുപ്പട്ടിയിലെ സൺമൂൺവാലി ബോട്ടിങ് സെന്ററിൽ പ്രവേശിക്കുന്നതിനു സന്ദർശകരുടെ ടിക്കറ്റ് നിരക്ക് 40 രൂപയാക്കി കുത്തനെ കൂട്ടി. ഇവിടെ പ്രവേശനത്തിന് മാത്രമായിട്ടാണ് ഇത്രയും വലിയ നിരക്ക്. പാർക്കിലുള്ള കൗബോയ് പാർക്കിൽ കയറാനും ബോട്ടിങ്ങിനുമായി വരുന്നവരിൽ നിന്നും ഇതേ തുക ഈടാക്കുകയാണ്. 100 മീറ്റർ നടന്ന് ഡാമിന്റെ തീരത്തേക്ക് നടന്നു പോകുന്നതിനു മാത്രമാണ് ഈ ഫീസ്.

വാഹനം പാർക്ക് ചെയ്യുന്നതിന് വേറെ നിരക്കാണ്. സന്ദർശകർക്ക് ഇരിപ്പിടമോ ശുചിമുറിയോ  ഒന്നും ഒരുക്കാതെയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. പാർക്കിൽ 400 രൂപയാണ് മുതിർന്നവർക്കുള്ള നിരക്ക്. എൻട്രി പോയിന്റിൽ 40 രൂപ വാങ്ങിയെന്നു പറഞ്ഞ് സന്ദർശകരും പാർക്ക് ജീവനക്കാരും തമ്മിൽ പലപ്പോഴും തർക്കവുമുണ്ടാകാറുണ്ട്.

ബോട്ടിങ് സെന്ററിൽക്കയറി റസ്റ്ററന്റിലേക്ക് പോകാൻ പോലും 40 രൂപ നൽകേണ്ട അവസ്ഥയാണ്. തിരക്കുള്ള ദിവസങ്ങളിൽ 1000 പേരാണ് സൺമൂൺവാലി ബോട്ടിങ് സെന്ററിലെത്തുന്നത്. അതേസമയം, മാട്ടുപ്പെട്ടിയുടെ അതേ പ്രകൃതിഭംഗിയുള്ള കുണ്ടള ഡാമിൽ വാഹനമില്ലാതെ പ്രവേശിക്കുന്നവരിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല.

അ‍ഞ്ചുരുളിയിലെ കാഴ്ചകൾ

അഞ്ചുരുളി തുരങ്ക മുഖത്തേക്കുള്ള പാതയുടെ വശത്ത് സുരക്ഷാവേലി നിർമിച്ചത് ഇത്തവണ ഇവിടെ എത്തുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നു. ഇടുക്കി അണക്കെട്ട് നിറഞ്ഞതിനാൽ വൃഷ്ടിപ്രദേശം പൂർണമായി വെള്ളത്തിനടിയിലായതാണ് അഞ്ചുരുളിയിലെയും പ്രധാന കാഴ്ച. കൂടാതെ ഇരട്ടയാറിൽ നിന്നു കൂടിയ തോതിൽ വെള്ളം ഒഴുകിയെത്തുന്ന അഞ്ചുരുളി തുരങ്ക മുഖത്തിന്റെ ദൃശ്യവും വേറിട്ട അനുഭവമാണ്.

തേക്കടിക്ക് വിട്ടാലോ..?

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കുറെക്കാലം വിജനമായിക്കിടന്ന തേക്കടിയിൽ കഴിഞ്ഞ ദിവസം ടൂറിസം പരിപാടികൾ പുനരാരംഭിച്ചു. ഞായറാഴ്ച രണ്ടായിരത്തോളം സഞ്ചാരികളെത്തി. ശനി, ഞായർ ദിവസങ്ങളിലാണ് ആളുകൾ കൂടുതലായി എത്തുന്നത്.

പാഞ്ചാലിമേട്

സമുദ്രനിരപ്പിൽ നിന്നു 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് വിനോദ സഞ്ചാരികളുടെ ഇഷ്ട  ഇടങ്ങളിലൊന്നാണ്. കോട്ടയം -കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നു നാലര കിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിൽ എത്താം. കോട്ടയത്തു നിന്ന് മുണ്ടക്കയം തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. പച്ചപ്പ്‌ നിറഞ്ഞ മൊട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ കാഴ്ചകളാണ് പാഞ്ചാലിമേടിനെ വ്യത്യസ്തമാക്കുന്നത്.

English Summary: Munnar - An Awesome Place to Visit This Christmas Season

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA