6000 വർഷം പിന്നിലേക്ക്; ഗുഹാമനുഷ്യരുടെ വഴിയിലൂടെ യാത്ര പോകാം

Edakkal-Caves4
Image From Shutterstock
SHARE

ചരിത്രത്തിലേക്കുള്ള കവാടമാണ് എടക്കല്‍ ഗുഹ. ആറായിരം വര്‍ഷം മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ്. കാഴ്ചയുടെ മനോഹാരിത മാത്രമല്ല എടക്കല്‍ ഗുഹ, മനുഷ്യന്റെ ആവിര്‍ഭാവത്തിലേക്കുള്ള വിരല്‍ ചൂണ്ടല്‍കൂടിയാണ്. കുത്തനെയുള്ള കോണ്‍ക്രീറ്റ് പാത കയറിപ്പോകുമ്പോള്‍ കാപ്പിച്ചെടിയിലും ചെറുമരങ്ങളിലും വാനരന്‍മാര്‍ തൂങ്ങി നടക്കുന്നുണ്ടാകും. സൂക്ഷിച്ചില്ലെങ്കില്‍ കയ്യിലുള്ളത് തട്ടിപ്പറിച്ച് കടന്നുകളയും. 

വളഞ്ഞുപുളഞ്ഞു പോകുന്ന കോണ്‍ക്രീറ്റ് റോഡ് തീരുന്നിടത്താണ് ടിക്കറ്റ് കൗണ്ടര്‍. 30 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പല നാട്ടില്‍നിന്നും എടക്കല്‍ ഗുഹയിലേക്ക് ആളെത്തുന്നുണ്ട്. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. ബംഗളൂരുവിലും മൈസൂരുവിലുംനിന്നെല്ലാം ധാരാളം ആള്‍ക്കാര്‍ വന്നിരുന്ന സ്ഥലമായിരുന്നു എടക്കല്‍. ഇപ്പോള്‍ മലയാളി സന്ദര്‍ശകരാണ് ഭൂരിഭാഗവും. കര്‍ണാടക, കേരളത്തിലേക്കു യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതര സംസ്ഥാനക്കാരുടെയും വിദേശികളുടെയും വരവിനു തടസ്സമായത്.

Edakkal-Caves1

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞാല്‍ മുകളിലേക്ക് കല്‍പടവുകളാണ്. നല്ല ഭംഗിയില്‍ കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ പടവുകള്‍ കയറി കുറച്ചു ചെന്നാല്‍ ആദ്യത്തെ ഗുഹയുടെ അടുത്തെത്തും. ഈ ഗുഹയിലേക്ക് കയറാന്‍ അല്‍പം ബുദ്ധിമുട്ടാണ്. നൂണ്ടുവേണം ഗുഹയ്ക്കുള്ളിലേക്ക് കയറാന്‍. ചെറിയ ഗുഹയാണ് ഇത്. ഗുഹയുടെ ഉള്ളിലൂടെ പുറത്തേക്കിറങ്ങി വീണ്ടും മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. വലിയ പാറയില്‍ ചാരി വച്ചിരിക്കുന്ന കോണിയിലൂടെ വേണം മുകളിലേക്ക് കയറാന്‍. രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള ചെറിയ ഇടുക്കിലേക്കാണ് കയറി ചെല്ലുന്നത്. പിന്നേയും കുറേ ദൂരം മുകളിലേക്ക് പോകേണ്ടതുണ്ട്. 

Edakkal-Caves3

ചെങ്കുത്തായ ചെരിവായതിനാല്‍ പലയിടത്തും കോണി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ കയറി രണ്ടാമത്തെ ഗുഹയ്ക്ക് സമീപത്തെത്താം. അവിടെ അല്‍പം നിരന്ന സ്ഥലമുണ്ട്. മലകയറി ക്ഷീണിച്ച ആളുകള്‍ അവിടെയുള്ള പാറയുടെ മുകളില്‍ വിശ്രമിക്കുന്നു. വിദൂരക്കാഴ്ച കാണാന്‍ പറ്റിയ സ്ഥലമാണിത്. ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍. മേഘങ്ങള്‍ കൂട്ടമായി പറന്നു പോകുന്നു. അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലമുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ അപകടസാധ്യത വളരെ കൂടുതലും മറ്റു പ്രശ്‌നങ്ങളും ഉടലെടുത്തതോടെ പ്രവേശനം നിരോധിച്ചു.  

Edakkal-Caves

സ്‌റ്റെപ്പിറങ്ങി വേണം രണ്ടാമത്തെ ഗുഹയിലേക്ക് പ്രവേശിക്കാന്‍. വിശാലമായ സ്ഥലമാണ് ഉള്ളില്‍. നല്ല തണുപ്പാണ്. രണ്ട് പാറകളുടെ മുകളില്‍ മറ്റൊരു പാറ വന്ന് അടഞ്ഞാണ് ഗുഹ ഉണ്ടായത്. പാറയുടെ വിടവില്‍കൂടി വെളിച്ചം കടന്നുവരുന്നു. ഇരുവശത്തെയും പാറകളിലാണ് ലിഖിതങ്ങള്‍. 6000 വര്‍ഷം മുന്‍പു മനുഷ്യര്‍ ഈ ഗുഹ കണ്ടെത്തി ഇവിടെ ജീവിച്ചിരുന്നു എന്നത് തികച്ചും ആശ്ചര്യജനകമാണ്. അവര്‍ ഈ ഗുഹയിലെ പാറകളില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. അവരുടെ ശരീരപ്രകൃതിയെക്കുറിച്ചോ ജീവിതരീതിയെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ആയുധങ്ങളെക്കുറിച്ചോ കൃത്യമായ ധാരണയില്ല. എന്നാല്‍ 6 സഹസ്രാബ്ദം മുന്‍പ് ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി ഈ ലിഖിതങ്ങള്‍ ശേഷിക്കുന്നു.

English Summary: Edakkal Caves in Wayanad 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA