മലയാള ഭാഷയുടെ വേരുകൾ തേടിയുള്ള യാത്ര

Trip-Calico---03
SHARE

‘‘നിർത്ത് നിർത്ത്, മാനാഞ്ചിറ മൈതാനമേ, മനുഷ്യർക്കുചുറ്റുമുള്ള പതിയിരിപ്പുകൾ... നിർത്ത് നിർത്ത്, തൊപ്പിയിൽനിന്നൊരായിരം കവിത പാറിക്കും നിന്റെ നാട്ടുപൊയ്പേച്ചുകൾ’’ പുതുവർഷം പിറന്നതിന്റെ ആഹ്ലാദങ്ങൾ കണ്ടുകണ്ട് മാനാഞ്ചിറ മൈതാനത്തിനുമുന്നിൽ നിൽക്കുമ്പോൾ മനസിലേക്കോടിവന്നത് ആ കവിതയിലെ വരികളാണ്. ലതീഷ് മോഹനെന്ന കവി 12 വർഷം മുൻപെഴുതിയ ‘ശശിധരനും ഞാനും തമ്മിലില്ലാത്തത്’ എന്ന കവിത. കവിതകളങ്ങനെയാണ്. ഒരിക്കൽ മനസിൽകയറിയിരുന്നാൽ അവസരം കിട്ടുമ്പോഴൊക്കെ ഓർമയിൽനിന്ന് തലയിട്ടുനോക്കും.

കവിതയേയും ഭാഷയേയും കുറിച്ച് മാനാഞ്ചിറ മൈതാനത്തിരുന്ന് ആലോചിക്കാൻ രസമാണ്. ഒരുകാലത്ത് മലയാള സാഹിത്യത്തെ നിർവചിച്ച എസ്.കെ.പൊറ്റെക്കാടും ഉറൂബും എൻ.വി.കൃഷ്ണവാരിയരും തിക്കോടിയനും യു.എ.ഖാദറുമൊക്കെ എത്രയെത്ര വൈകുന്നേരങ്ങളിൽ ഇവിടെവന്നിരുന്ന് കഥകൾ പറഞ്ഞുപറഞ്ഞു ചിരിച്ചിട്ടുണ്ട്. അതിനും ഏതാനും നൂറ്റാണ്ടുകൾക്കുമുൻപ് മലയാളത്തിന്റെ പല തലമുറകൾ ഇതിലെ കടന്നുപോയിട്ടുണ്ടാവാം. സാമൂതിരിയുടെ പട്ടത്താനത്തിനുവന്ന പതിനെട്ടരക്കവികൾ മാനാഞ്ചിറ സന്ദർശിക്കാതെ പോയിട്ടുണ്ടാവില്ല. എന്നാൽ മലയാളഭാഷയുടെ പിതാവായി നാം കരുതുന്ന  എഴുത്തച്ഛൻ തന്റെ ജീവിതകാലത്ത് എന്നെങ്കിലും മാനാഞ്ചിറ കണ്ടിട്ടുണ്ടാവുമോ? 

mananchirta-travel1

വെറുതേയൊരു രസത്തിന് ഗൂഗിൾ‍ മാപ്പെടുത്ത് എഴുത്തച്ഛന്റെ ജന്മദേശമായ തൃക്കണ്ടിയൂർ തപ്പിനോക്കി. 50 കിലോമീറ്ററോളം അകലെയാണ് തൃക്കണ്ടിയൂർ. ഒന്നര മണിക്കൂറുകൊണ്ട് എത്തിച്ചേരാവുന്ന ദൂരത്തിലാണ് തൃക്കണ്ടിയൂർ എന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. അവിടെവരെ ഒന്നു പോയി വന്നാലെന്താണെന്ന ചിന്തയാണ് മനസിലേക്ക് വന്നത്.

തുഞ്ചത്ത് എഴുത്തച്ഛൻ പിറന്ന മണ്ണ്. ശാരികപ്പൈതലിന്റെ കിളിക്കൊഞ്ചലിൽ  കിളിപ്പാട്ടു പിറന്നുവീണ നാട്. പക്ഷേ കയ്യിലുള്ളത് ഒൻപതുവർഷത്തോളം പഴക്കമുള്ളൊരു നീല ഹീറോ മാസ്റ്ററോ സ്കൂട്ടർ മാത്രമാണ്. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള യാത്ര ഈ സ്കൂട്ടറിൽ പോയാൽ വിവരമറിയും. പക്ഷേ ഒരു യാത്ര പോവാൻ തീരുമാനിച്ചാൽ പിന്നെ പോവാതിരിക്കരുത്. 

mananchirta-travel4

∙ കവിതയുടെ വഴി തേടി ഒരു യാത്രയുടെ തുടക്കം

വണ്ടി സ്റ്റാർട്ടു ചെയ്തു നേരെ പെട്രോൾ പമ്പിലേക്ക് കയറ്റി. 480 രൂപയ്ക്ക് പെട്രോളടിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. തൊട്ടടുത്ത ടയറുകടയിലേക്കു കയറി. ടയറിൽ ആവശ്യത്തിന് എയർ ഉണ്ടെന്ന് ഉറപ്പാക്കി. സമയം പതിനൊന്നരയാവുന്നു. ഇതാ അപ്രതീക്ഷിതമായ ഒരു യാത്ര തുടങ്ങുകയായി. ഒരു നിമിഷത്തെ ചിന്ത കൊണ്ട് എടുത്തുചാടിപ്പുറപ്പെടുന്ന യാത്ര.

മാനാഞ്ചിറയിൽനിന്ന് തെക്കോട്ട് പാളയത്തേക്കുള്ള റോഡിലൂടെ യാത്ര തുടങ്ങി. കല്ലായി റോഡിലൂടെ പന്നിയങ്കരയും മീഞ്ചന്തയും പിന്നിട്ട് ചെറുവണ്ണൂരിലേക്കെത്തുകയാണ്. പകലിനു ചൂടേറുന്നുണ്ട്.

mananchirta-travel3

ചെറുവണ്ണൂർ കഴിഞ്ഞ് വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു. ചാലിയാർ പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ പണിത പാലമുണ്ട്. ഫറോക്കിലെ പഴയ പാലം. ഉരുക്കുചട്ടക്കൂടുകൾ കൊണ്ട് പൊതിഞ്ഞൊരുപാലം. സമാന്തരമായി റെയിൽവേപ്പാലവുമുണ്ട്. ചരിത്രം ഈ പാലത്തിലെത്തുമ്പോൾ നിശ്ചലമായോ എന്നൊരു തോന്നൽ.

mananchirta-travel

പാലം കടന്നാൽ ഫറോക്ക് നഗരമാണ്. നമ്മളങ്ങോട്ട് പോവുന്നില്ല. പാലം കഴിഞ്ഞ് അൽപം മുന്നോട്ടുചെല്ലുമ്പോൾ ഇടത്തോട്ട് ഒരു റോഡ് തിരിയുന്നു. അതിലെ സ്കൂട്ടർ ഇടത്തോട്ടിറക്കി. താഴേക്കിറങ്ങി രണ്ടു പാലങ്ങൾക്കുമടിയിലൂടെ മറുവശത്തേക്ക് കടക്കുകയാണ്. അൽപം മുന്നോട്ടുചെല്ലുമ്പോൾ പോയകാലത്തിന്റെ പ്രതാപങ്ങളുമായി പഴയൊരു ഓട്ടുകമ്പനി തലയുയർത്തിനിൽക്കുന്നു. 

യാത്ര മുന്നോട്ടാണ്. വഴിയരികിലെ ബസ് സ്റ്റോപ്പുകളിൽ നാട്ടുകാരുടെ രസികത്തം കാണാം. ഒരു ബസ് സ്റ്റോപ്പിന് പുഞ്ചിരി ബസ് സ്റ്റോപ്പ് എന്നാണ് പേര്. അൽപം മുന്നോട്ടു ചെല്ലുമ്പോഴുള്ള ബസ് സ്റ്റോപ്പിന് പൊട്ടിച്ചിരി ബസ് സ്റ്റോപ്പെന്നാണു പേര് !

∙ ചൂടറിഞ്ഞ്, പുകഞ്ഞുപുകഞ്ഞ്

ചാലിയം കടന്ന് കടലുണ്ടിയിലേക്കെത്തുമ്പോൾ തീരദേശ ഹൈവേയിലേക്ക് കയറുകയായി. ഒരു നേർവര പോലെ നീണ്ടുകിടക്കുന്ന റോഡ്. നട്ടുച്ചച്ചൂടിൽ തിരക്കു കുറവാണ്. സ്കൂട്ടറെടുത്തുവന്നത് മണ്ടത്തരമായോ എന്നൊരു ചോദ്യം മനസിൽ തേട്ടിവരുന്നുണ്ട്. എന്തെങ്കിലുമാവട്ടെ. പരപ്പനങ്ങാടിയെന്ന ചെറുനഗരം പിന്നിട്ട് താനൂരെത്തി. കുഞ്ഞുകുഞ്ഞു നഗരങ്ങൾ. പാവം നാട്ടുമനുഷ്യർ. ബഹളങ്ങളില്ലാത്ത ആൾക്കൂട്ടങ്ങൾ. താനൂർ ശോഭാപറമ്പ് ക്ഷേത്രത്തിനുമുന്നിലലെത്തുമ്പോൾ ആഘോഷഭരിതമായ അന്തരീക്ഷമാണ്. ഉത്സവമാണെന്നുതോന്നുന്നു. ബലൂണും കളിപ്പാട്ടവും വിൽക്കുന്നവർ. മിഠായിവിൽപ്പനക്കാർ. പനംചക്കര കൊണ്ടുള്ള ജിലേബികൾ തിളയ്ക്കുന്ന എണ്ണയിൽനിന്ന് കോരിയെടുക്കുന്ന കച്ചവടക്കാർ. സ്ഥിരം ജിലേബിയുടെ നിറമോ രുചിയോയല്ല, പനംചക്കര കൊണ്ടുള്ള ജിലേബിക്ക്. ഇരുണ്ടനിറമാണ്, നാടൻ മധുരമാണ്. 

mananchirta-travel7

തിരൂർ സ്റ്റേഡിയത്തിനുസമീപത്തേക്കാണ് നേരെ ചെന്നുനിന്നത്. അത്യാവശ്യം ഗതാഗതക്കുരുക്കുള്ള നഗരമാണ് തിരൂർ. അകത്തേക്കു കയറിയാൽ പുറത്തേക്കിറങ്ങാൻ ശ്വാസംമുട്ടുന്നത്ര തിരക്കാണ് ചില സമയത്ത്.   നൂറ്റാണ്ടുകൾക്കുമുൻപുതൊട്ട് ഈ തിരൂരങ്ങാടി ഇതേപോലെ തിരക്കിലായിരുന്നുവത്രേ. ഇന്ത്യയിലെ ഏറ്റവും മികച്ച വെറ്റില വിൽപന നടക്കുന്നത് തിരൂർ അങ്ങാടിയിലായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. നൂറ്റാണ്ടുകൾക്കുമുൻപ് വെറ്റില തേടി തിരൂരിലെത്താത്ത വിദേശികളില്ല.

∙ തിരു ഊര്.. തൃക്കണ്ടിയൂര്...

വീതികുറഞ്ഞ നാട്ടുവഴികൾ പിന്നിട്ട് ചെന്നുനിന്നത് ഒരു കുളക്കരയിലാണ്. കുളക്കരയ്ക്കുമുന്നിലായി വലിയൊരു  ആൽമരം. ആൽത്തറയിലാരോ കിടന്നുറങ്ങുന്നുണ്ട്.കിഴക്കോട്ട് ദർശനമായി ഒരു ക്ഷേത്രമുണ്ട്. ചുറ്റും പച്ചപ്പുല്ലുനിറഞ്ഞ മുറ്റം. മരംകൊണ്ടുള്ള മച്ചിൽ പ്രായം കരവിരുതുകാണിക്കുന്നു. ഇതാണ് തൃക്കണ്ടിയൂർ ശിവക്ഷേത്രം. 

ക്ഷേത്രത്തിനു പിന്നിലെ വഴിയിലൂടെ ചുറ്റിക്കറങ്ങി. പഴയകാല നിർമാണ ശൈലിയിലുള്ള വീടുകൾ. കെട്ടിടങ്ങൾ. പിന്നെയും പ്രധാനപാത മുറിച്ചുകടന്ന് പടിഞ്ഞാറോട്ടായിരുന്നു യാത്ര. കേരളീയശൈലിയിൽനിർമിച്ച വലിയൊരു ഗോപുരം ഒരു വളവിനപ്പുറം തലയുയർത്തി നിൽക്കുന്നു. തുഞ്ചൻ സ്മാരകത്തിന്റെ പ്രവേശന കവാടമാണ്.

∙ ശാരികപ്പൈതലേ...

ഓടിക്കിതച്ചുവന്ന സ്കൂട്ടർ റോഡരികിൽ നിർത്തി. അകത്തേക്കു നടന്നു. ഇതാണാ മണ്ണ്. മലയാളഭാഷയുടെ പിതാവിന്റെ ഓർമകൾ നിലനിർത്താൻ പണിതുയർത്തിയ സ്മാരകം.

mananchira-travel-experience

ടിക്കറ്റെടുത്ത് അകത്തേക്ക് കയറുമ്പോൾ ആദ്യം കണ്ണിൽപെടുക, മൈതാനത്തിനപ്പുറത്തെ വലിയൊരു സ്റ്റേജാണ്. വലതു വശത്തായി തനികേരളീയ മാതൃകയിലുള്ള ഒരു കെട്ടിടം. മലയാളഭാഷാ മ്യൂസിയം.

∙ കാവ്യം സുഗേയം..

ചുറ്റിക്കറങ്ങി നടക്കുമ്പോൾ  ഇടതുവശത്തായി ഒരു വലിയ മണ്ഡപം കാണാം. വെങ്കലത്തിൽ തീർത്ത ഭീമാകാരമായ ഒരു പ്രതിമ. തുഞ്ഞത്തെഴുത്തച്ഛന്റെ കിളിപ്പാട്ടിലെ ശാരികപ്പൈതലിന്റെ ശിൽപമാണ്. തലയുയർത്തി നിൽക്കുന്ന തത്ത. തൊട്ടുമുന്നിൽ താളിയോലക്കെട്ട്. അതിനുമുകളിൽ നാരായം. എല്ലം വെങ്കലമാണ്. ശിൽപത്തിനുപിന്നിൽ മണ്ഡപത്തിനുതാഴെയായി അധ്യാത്മരാമായണം കിളിപ്പാട്ടിലെ ലക്ഷ്മണോപദേശത്തിലെ നാലു വരികൾ എഴുതി വച്ചിട്ടുണ്ട്. ‘‘ചക്ഷുഃശ്രവണ ഗളസ്ഥമാം ദർദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്ഥമാം ലോകവും 

ആലോലചേതസാ ഭോഗങ്ങൾ തേടുന്നു...’’

∙ സ്മാരകശിലകൾ...

മുന്നോട്ടുചെല്ലുമ്പോൾചുറ്റും പച്ചവിരിച്ചുനിൽക്കുന്ന മരങ്ങളാണ്. അതിനിടയ്ക്ക് വശങ്ങൾ കരിങ്കല്ലുകൊണ്ടു കെട്ടിസൂക്ഷിച്ചൊരു കുളം കാണാം. തുഞ്ചത്ത് എഴുത്തച്ഛൻ കുളിച്ചിരുന്ന കുളമാണിത്. കുളത്തിന്റെ കരയിൽ കയ്പ്പില്ലാത്ത ഇലകളുള്ള ആ കാഞ്ഞിരമരവുമുണ്ട്.

പിന്നെയും ചുറ്റിക്കറങ്ങിവന്നപ്പോൾ പ്രധാന സ്മാരകമമണ്ഡപത്തിനുമുന്നിലെത്തി. 1964 ജനുവരി 15നാണ് ഇവിടെ തുഞ്ചൻ സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്ന് പഞ്ചാബ് ഗവർണറായിരുന്ന പട്ടം.എ.താണുപ്പിള്ളയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒരൽപനേരം മരത്തണലിലിരുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തിലേക്കാണ് ചിന്തകൾ ചെന്നുനിന്നത്.

എഴുത്തിന്റെ രീതികളെ നിർവചിച്ച സൃഷ്ടികൾ.  ശുദ്ധ മലയാളത്തിൽ രചിക്കപ്പെട്ട കാവ്യങ്ങൾ. ‘കഥയമമ കഥയമമ’ പാടിപ്പാടി ശാരികപ്പൈതലിനെക്കൊണ്ട് പാടിപ്പിച്ച, ഒരിക്കലും പറഞ്ഞുതീരാത്ത അനേകമനേകം കാവ്യങ്ങൾ.

∙ ഭാഷയ്ക്കൊരു പിതാവോ?

പക്ഷേ തുഞ്ചത്താചാര്യന്റെ ചരിത്രമെന്താണെന്ന് ഇനിയും പൂർണമായും ചരിത്രകാരൻമാർക്കറിയില്ല. അദ്ദേഹത്തിന്റെ പേര് രാമാനുജൻ എന്നാണെന്നും കൃഷ്ണനെന്നാണെന്നും പല അഭിപ്രായങ്ങളുണ്ട്. പതിനഞ്ചാംനൂറ്റാണ്ടിന്റെ അവസാനം അന്നത്തെ വെട്ടത്തുനാട് രാജ്യത്തിൽപ്പെട്ട തൃക്കണ്ടിയൂരിലാണ് അദ്ദേഹം പിറന്നതെന്നാണ് കരുതപ്പെടുന്നത്.

ചെറുശ്ശേരിയെപ്പോലുള്ള കവികൾ തുഞ്ചത്താചാര്യനുമുൻപുതന്നെ മലയാള കവിത എഴുതിയവരാണ്. എന്നാൽ അവരെഴുതിയത് വട്ടെഴുത്ത് ലിപി ഉപയോഗിച്ചായിരുന്നുവത്രേ. 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി പ്രയോഗത്തിൽ കൊണ്ടുവന്നത് തുഞ്ചത്താചാര്യനാണെന്നാണ് കരുതപ്പെടുന്നത്. മണലിൽ ‘ഹരിശ്രീ ഗണപതയേ നമ’ എന്നെഴുതി വിദ്യാരംഭം കുറിക്കുന്ന രീതി അദ്ദേഹമാണ് തുടങ്ങിയതെന്നും കരുതപ്പെടുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ മലയാളഭാഷയുടെ പിതാവായി കണക്കാക്കുന്നത്. 

സഞ്ചാരിയായിരുന്നു തുഞ്ചത്താചാര്യൻ. അറിവുകൾ പുതുതലമുറയ്ക്കു പകർന്നുനൽകാൻ നിരന്തരം യാത്രയിലായിരുന്നുവെന്നു കരുതപ്പെടുന്നു. പാലക്കാട്ടെ ചിറ്റൂരിൽ അദ്ദേഹമെത്തിയെന്നും കരുതപ്പെടുന്നു. പെരിങ്ങോടും ആമക്കാവിലുമൊക്കെയായി അദ്ദേഹത്തിന്റെ പിന്മുറക്കാരുണ്ടെന്നാണ് വാമൊഴി.

∙കഥയമമ കഥയമമ

ഇനി തിരികെ യാത്രയാണ്. തൃക്കണ്ടിയൂരിന്റെ മണ്ണിൽനിന്ന് തിരികെയാത്ര.  വെട്ടത്തുനാടിന്റെ മണ്ണിൽനിന്ന് സാമൂതിരിയുടെ മണ്ണിലേക്കുള്ള യാത്ര. താനൂരും തൃക്കണ്ടിയൂരും ചാലിയവും തൃപ്രങ്ങോടും ചേർന്നതാണ് വെട്ടം അഥവാ വെട്ടത്തുനാട്. പ്രകാശഭൂപാലനെന്നായിരുന്നുവത്രേ വെട്ടത്തുനാട്ടിലെ ഭരണാധികാരിയെ വിശേഷിപ്പിച്ചിരുന്നത്. കഥകളിപ്രിയരായിരുന്നു വെട്ടത്തുനാടുവാഴികൾ. അവർ കഥകളിയിൽ വെട്ടത്തു സമ്പ്രദായം കൊണ്ടുവന്നുവെന്നാണ് കരുതുന്നത്. ‘പൊന്നാനി’യെന്നു വിളിക്കപ്പെടുന്ന പിന്നണിപ്പാട്ടുകാരെ കൊണ്ടുവന്നത് വെട്ടത്തുനാടുവാഴിയാണത്രേ. തുഞ്ചത്താചാര്യന്റെ മണ്ണുമാത്രമല്ല തിരൂർ. വെട്ടത്തുനാടിന്റെ മണ്ണിലാണ് മഹാകവി വള്ളത്തോളും പിറന്നുവീണത്.

വന്ന വഴിയിലൂടെ തിരികെ വരുമ്പോൾ സമയം വൈകിട്ട് അഞ്ചിനോടടുക്കുകയാണ്. കടലുണ്ടിപ്പാലത്തിൽ സഞ്ചാരികൾ അഴിമുഖം കണ്ട്, കടൽക്കാറ്റേറ്റു നിൽക്കുന്നുണ്ട്. ചാലിയത്തെത്തുമ്പോൾ വെട്ടത്തുനാടിന്റെ കഥയാണ് പിന്നെയും മനസിലേക്കുവന്നത്. ചാലിയത്തിന്റെ അതിരാണ് ചാലിയാർപ്പുഴ. ചാലിയാർ അറബിക്കടലിൽ ചേരുന്ന ഭാഗം. വെട്ടത്തുരാജാവിന്റെ കാലത്താണ്1521ൽ ചാലിയത്ത് കോട്ട പണിയാൻ പോർച്ചുഗീസുകാർക്കു സ്ഥലം വിട്ടുനൽകിയതത്രേ. ചരിത്രത്തെപിന്നിലുപേക്ഷിച്ച്, പഴയ കാവ്യങ്ങൾ പിറന്ന തൃക്കണ്ടിരിന്റെ മണ്ണിനെ പിന്നിലാക്കി തിരികെ കോഴിക്കോട്ടേക്കുവരികയാണ്. ഈ നഗരം പുതുകവിതകളുടേതാണല്ലോ. പുതുകവികളുടേതാണല്ലോ. കവികളെന്ന് അഭിനയിക്കുന്നവരുടേതു കൂടിയാണല്ലോ.

English Summary: Mananchira Travel Experience

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA