നട്ടുച്ചയ്ക്ക് 'കസേരപ്പാറ'യിലിരുന്ന് കോടമഞ്ഞ് ആസ്വദിക്കാം; വേറിട്ട കാഴ്ച

kaserapara
SHARE

സഞ്ചാരികൾ അധികമെത്താത്ത, എന്നാൽ സ്വർഗം താണിറങ്ങി വന്നതെന്നു തോന്നിപ്പിക്കുന്ന ഒരിടമാണ് കസേരപ്പാറ. നട്ടുച്ചയ്ക്കും കോടമഞ്ഞിനെ പുണർന്നിരിക്കുന്ന ഇവിടുത്തെ പ്രകൃതിയും തണുത്ത കാറ്റും ഏതൊരു സഞ്ചാരിയുടെയും മനമിളക്കും. വിനോദസഞ്ചാരികളെ കസേരപ്പാറയിലേക്കു ആകർഷിക്കുന്നതിനായുള്ള പദ്ധതികളുടെ ആലോചനയിലാണ് അധികൃതർ. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സഞ്ചാരികൾ ഇവിടേയ്ക്കും ഒഴുകിയെത്തും. 

കസേരപ്പാറയിലേക്കുള്ള യാത്ര അതിഗംഭീരമായ അനുഭവങ്ങളാണ് സമ്മാനിക്കുക. ടാറ്റായുടെ പേരിലാണ് ഇവിടുത്തെ തേയിലത്തോട്ടങ്ങൾ. അതിനു നടുവിലൂടെ നീളുന്ന ഏഴുകിലോമീറ്റർ ഓഫ് റോഡ് പാത സഞ്ചാരികളെ ഹരം പിടിപ്പിക്കും. മിക്കപ്പോഴും കോടമഞ്ഞു പുതച്ചിരുന്ന ഇവിടുത്തെ തേയില തോട്ടത്തിനു മുകളിൽ കാഴ്ചകൾ ആസ്വദിക്കാനായി കസേരയുണ്ട്. ആദ്യകാലത്തു ഇവിടെയെത്തിയ ബ്രിട്ടീഷുകാർ ഇവിടെയിരുന്നാണ് വശ്യതയാർന്ന ഈ ഭൂമിയിലെ കാഴ്ചകൾ ആസ്വദിച്ചിരിക്കുന്നത്. അങ്ങനെ കസേരയിട്ട് കാഴ്ചകൾ കാണാനിരുന്ന ഈ പാറ പിന്നീട് കസേരപ്പാറ എന്നറിയപ്പെടുകയായിരുന്നു. 

മലക്കപ്പാറ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിപ്പെടാത്ത ഇടമാണ് കസേരപ്പാറ. മൂന്നാറിനോട് കിടപിടിക്കുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രധാന ആകർഷണം. മാത്രമല്ല, മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വ്യൂപോയിന്റും ഇവിടെയുണ്ട്. ഇവിടുത്തെ മലമുകളിൽ നിന്നാൽ കാട്ടാനകളും കാട്ടുപോത്തുകളും വിഹരിക്കുന്ന അടിവാരത്തിലെ അസുലഭകാഴ്ചയ്ക്കു സാക്ഷികളാകാം. കൂടാതെ, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളും തമിഴ്‌നാട്ടിലെ കോയമ്പത്തൂരും ഈ മലമുകളിൽ നിന്നാൽ ദൃശ്യമാകും.

ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് ഡി ടി പി സി യുടെ ജംഗിൾ സഫാരി പുനരാരംഭിച്ചിട്ടുണ്ട്. ആ യാത്രയിലും കസേരപ്പാറ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ. അങ്ങനെയാണെങ്കിൽ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കാം. ഡി ടി പി സിയുടെ ചാലക്കുടി - മലക്കപ്പാറ ജംഗിൾ സഫാരിയ്ക്ക് ഒരാൾക്ക് 1200 രൂപയാണ് നിരക്ക് വരുന്നത്. ചാലക്കുടിയിൽ നിന്നും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര, തുമ്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ വഴി മലക്കപ്പാറ വരെ നീളും. രാത്രി എട്ടിന് ചാലക്കുടിയിൽ തിരിച്ചെത്തുകയും ചെയ്യും. ഓൺലൈൻ ആയാണ് ബുക്കിങ്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  കെ എസ് ആർ ടി സി യും ചാലക്കുടി - മലക്കപ്പാറ റൂട്ടിൽ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. പാതയുടെ അറ്റകുറ്റപണികൾ പൂർത്തിയായാൽ ഇവിടേയ്ക്ക് സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

English Summary: Visit kaserappara in Malakkappara Tourism Jungle Safari

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA