ADVERTISEMENT

വർക്കലയിൽനിന്നും വക്കത്തേക്ക് പോകുമ്പോൾ കേരളത്തിലെ മറ്റേതൊരു നാട്ടിൻപുറത്തേക്കും പോകുന്നതുപോലെയേ തോന്നിയുള്ളു. എന്നാൽ കായലിനു മീതെയുള്ള പാലം കയറിയപ്പോൾ കണ്ട പുലർകാലകാഴ്ച പിടിച്ചു നിർത്തിക്കളഞ്ഞു. വിശാലമായ കായലിന്റെ വിരിമാറിലൂടെ നീളൻ തുഴ ആഴത്തിൽ ഊന്നി നീങ്ങുന്ന വലിയ വള്ളമൊന്ന് പടിഞ്ഞാറേക്കു പോകുന്നു. മറ്റൊരു കൊച്ചു വള്ളം യാത്രക്കാരുമായി കായലിൽ അങ്ങകലെയല്ലാതെ കാണുന്നൊരു തുരുത്തിനെ ലക്ഷ്യം വച്ച് അലസമായി പോകുന്നു. ഇരുവശവും തെങ്ങും മറ്റു വൃക്ഷങ്ങളുമായി പച്ചപ്പിന്റെ തിളക്കം. ഒരു പകൽ നല്ല കാഴ്ചകൾ കണ്ട് ചിലവഴിക്കാൻ പറ്റിയ, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന കേരളത്തനിമയുള്ള നാടൻഗ്രാമമാണ് വക്കവും അഞ്ചുതെങ്ങും എന്നു കേട്ട് ഇറങ്ങിപ്പുറപ്പെട്ടത് വെറുതെയാവില്ല എന്ന് ഈ എൻട്രി സീൻ തന്നെ ഉറപ്പുതന്നു.

കായലിൽ സ്വർണം പോലൊരു ദ്വീപ്

കണ്ണിനു കുളിർമയും മനസ്സിന് ആനന്ദവും പകർന്ന ആ കാഴ്ച തന്ന സ്ഥലമാണ് പണയിൽക്കടവു പാലം. അഞ്ചുതെങ്ങു കായലിനെ മറികടന്ന് വക്കത്തെ വർക്കലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചുതെങ്ങ്, കടയ്ക്കാവൂർ തുടങ്ങിയ പ്രദേശങ്ങളെ വർക്കലയുമായി വളരെയേറെ അടുപ്പിക്കുകയും ചെയ്തു. പണയിൽക്കടവുപാലത്തിന്റെ തെക്കുവശത്താണ് വക്കം. പാലം ഇറങ്ങി അൽപം മുന്നോട്ടേക്കു നീങ്ങുമ്പോൾ ഇടതുവശത്തു സ്ഥിതി ചെയ്യുന്ന വക്കം പലാസോ എന്ന ഹോട്ടലിൽനിന്ന് യാത്ര ആരംഭിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഞങ്ങൾക്കു മാർഗദർശിയായി കൂടെ കൂടാമെന്നേറ്റിരുന്ന, സിദ്ധഡോക്ടർ കൂടിയായ ഡോ. അമൃത്ജൂഡിനെ അവിടെ കണ്ടുമുട്ടി.

village-tour3

അഞ്ചുതെങ്ങ് കായലും പാർവതി പുത്തനാറും അതിരിടുന്ന വക്കം ഒരു ഉപദ്വീപുപോലെയാണ്. ഒരു പ്രദേശത്തിന്റെ വക്കായതിനാലാണ് ‘വക്കം’ ആയതെന്ന് ഡോക്ടർ. തുലാവർഷപ്പെയ്ത്തിനുള്ള ഒരുക്കങ്ങൾ ആകാശത്ത് വട്ടംകൂട്ടവെ ഞങ്ങൾ ഞങ്ങൾ ഒരു തെങ്ങിൻതോപ്പിലൂടെ നോവ ബോട്ട്ക്ലബിന്റെ കടവിലേക്ക് നടന്നു. ആദ്യലക്ഷ്യം പൊന്നുംതുരുത്ത് എന്ന് ഗോൾഡൻ ഐലൻഡ്.

village-tour

ഊർജദായിനിയായ തുരുത്ത്

ഞങ്ങൾക്കായി പറഞ്ഞുറപ്പിച്ചിരുന്ന, നാലുപേർക്കു കയറാവുന്ന ഒരു ബോട്ടിൽ പൊന്നുംതുരുത്തിലേക്ക് പുറപ്പെട്ടു. അഞ്ചുതെങ്ങ് കായലിൽ, വക്കത്തിനും കായിക്കരയ്ക്കും ഇടയിലുള്ള ഭാഗത്ത് കാണപ്പെടുന്നൊരു തുരുത്താണ് പൊന്നുംതുരുത്ത്. ആൾത്താമസമില്ലാത്ത തുരുത്തിന്റെ കുറച്ച് ഭാഗം ഒരു ക്ഷേത്രസങ്കേതമാണ്.

ബാക്കി ഭാഗം ഒരു വ്യക്തിയുടേതും. എങ്കിലും ശാന്തമായ അന്തരീക്ഷവും ശുദ്ധമായ പ്രാണവായുവും ആഗ്രഹിച്ചെത്തുന്നവരെ ഇവിടേക്ക് രണ്ടുകൂട്ടരും സ്വാഗതം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിന്റെ വകയായി രണ്ടുഭാഗത്തുനിന്നും കടത്തുവള്ളം ഒരുക്കിയിട്ടുണ്ട്. ഇത് രാവിലെ 7.30 മുതൽ ഉണ്ടാവും. അഞ്ചേക്കറോളം വിസ്തീർണമുള്ള തുരുത്ത് വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമാണെന്ന് ദൂരെനിന്നുതന്നെ കാണാം. തുരുത്തിനെ ഒന്നു വലംവച്ച് ഞങ്ങൾ മറുവശത്തുള്ള ക്ഷേത്രക്കടവിലേക്കാണ് അടുത്തത്. പ്ലാവു പോലുള്ള മരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും സുലഭം. ചുവന്ന പൂക്കളും നന്നായി പഴുത്ത് ചുവന്ന പഴങ്ങളുമായി നിൽക്കുന്ന നാടൻ ചെത്തിയും ഒട്ടേറെയുണ്ട്.

village-tour1

ഒരു ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രമാണ് തുരുത്തിലെ ആത്മീയസങ്കേതമായി നിൽക്കുന്നത്. ഒരു ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രമാണെങ്കിലും സമീപപ്രദേശങ്ങളിൽനിന്നൊക്കെയും ഒട്ടേറെ ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട് ഇന്ന്. തുരുത്തിന്റെ ഒരു പാതി സഞ്ചാരികൾക്കായി മാറ്റി വച്ചതാണ്. തുരുത്തിലെത്തുന്നവർക്ക് അൽപനേരം പ്രകൃതിയുടെ ശുദ്ധസൗന്ദര്യത്തിലലിഞ്ഞ് ഇരിക്കാനും പച്ചപ്പിന്റെ മടിയിൽ വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. വളരെ നാമമാത്രമായ ഒരു തുക (അൻപതു രൂപ) പ്രവേശനഫീസായി വാങ്ങുന്നു എന്നു മാത്രം. ഒരു എയർ കണ്ടീഷണറിനും നൽകാനാവാത്ത സുഖശീതളമായ ഈ അന്തരീക്ഷം. ഇപ്പോൾ വർക്കലയിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾ, വിദേശീയരടക്കം പലപ്പോഴും ഇവിടേക്ക് എത്താറുണ്ടത്രെ. ക്ഷേത്രത്തിലെ നാഗരൂട്ടിന്റെ മുറുകുന്ന മേളത്തിനിടയിൽ, നൂലുപോലെ പൊഴിയുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞങ്ങൾ വീണ്ടും ബോട്ടിലേക്ക് കയറി.

വക്കം പെരുമ

ഇനി കരയിലൂടെ കായിക്കരയ്ക്കും അവിടെനിന്ന് അഞ്ചുതെങ്ങിനും പോകാനായിരുന്നു പരിപാടി. പോകുംവഴി വക്കത്തിന്റെ വക്കുകളെന്നോണം ചിലകടത്തു കടവുകളും കാണാമെന്ന് ഡോക്ടർ ഓർമിപ്പിച്ചു. അങ്ങനെയാണ് ആദ്യം കായിക്കര എന്ന ദേശത്തെ വക്കവുമായി ബന്ധിപ്പിക്കുന്ന കായിക്കര കടത്തിലേക്ക് പോകുന്നത്. കടത്തിന് തൊട്ടുമുൻപാണ് ഐഎൻഎ ഹീറോ വക്കം അബ്ദുൾ ഖാദറിന്റെ സ്മാരകം.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന 1942 കാലത്ത് മലയായിൽനിന്നും ചാവേറുകളായി ഇന്ത്യയിലേക്ക് വന്ന ഐഎൻഎ ഭടന്മാരിലൊരാൾ. മലബാറിൽവച്ച് ബ്രിട്ടിഷ് പൊലിസിന്റെ കൈയിൽ അകപ്പെട്ട് തൂക്കിലേറ്റപ്പെട്ട നാലുപേരിൽ ഒരാൾ. അതായിരുന്നു വക്കം അബ്ദുൾ ഖാദർ.

മലയായിൽ തൊഴിൽതേടി പോയ അബ്ദുൾ ഖാദർ അവിടെവച്ചാണ് ആദ്യം ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലും പിന്നീട് ഐഎൻഎയിലും ചേരുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ആ രക്തസാക്ഷിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മനാട്ടിലുണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. വക്കം ഖാദർ സ്മാരകവും കായിക്കര കടത്തും ഇറങ്ങിക്കടത്തും ഒക്കെ കണ്ട്, അഞ്ചുതെങ്ങിലേക്ക് ഞങ്ങൾ വണ്ടി വിട്ടു.

കുമാരനാശാൻ നടന്ന വഴികളിലൂടെ

ഇത്രത്തോളം വന്ന സ്ഥിതിക്കു കുമാരനാശാന്റെ ജന്മസ്ഥലവും അവിടത്തെ മ്യൂസിയവുംകൂടി കണ്ടിട്ടുപോകാമെന്നായി ഡോക്ടർ. വക്കത്തുനിന്നും മീരാൻ കടവുപാലം കടന്ന് അഞ്ചുതെങ്ങ് ജങ്ഷനിൽനിന്നും വലത്തേക്ക് പോയാൽ കായിക്കരയായി. ഇവിടെയാണ് കുമാരനാശാന്റെ ജന്മസ്ഥലം. അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തുതന്നെ ആശാൻ സ്മാരക അസോസിയേഷൻ സംരക്ഷിക്കുന്ന സ്മാരകം നിലനിൽക്കുന്നു. ഇതിനോട് ചേർന്ന് ഒരു ഓപൺ എയർ ഓഡിറ്റോറിയവും ആശാന്റെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും വെളിച്ചംവീശുന്ന മ്യൂസിയവും ലൈബ്രറിയും ഒക്കെയുണ്ട്. ആശാൻ വേൾ‍ഡ് പ്രൈസ് പുരസ്കാരം നൽകുന്നതും ഈ സ്മാരകമാണ്.

അഞ്ചുതെങ്ങ് കോട്ടയിൽ

തിരുവിതാംകൂറിന്റെ വാണിജ്യബന്ധങ്ങൾക്കു കരുത്തുപകരാൻ സേതുപാർവതി ബായി തമ്പുരാട്ടി പണിതീർത്ത പാർവതി പുത്തനാറിന്റെ ഓരം പറ്റി ഞങ്ങൾ അഞ്ചുതെങ്ങിലേക്കുള്ള യാത്ര തുടർന്നു. അഞ്ചുതെങ്ങ് ജങ്ഷനിൽനിന്നും അൽപദൂരം സഞ്ചരിച്ചാൽ മതി കോട്ടയിലേക്ക്. അധികം വീതിയില്ലാത്ത വഴിയുടെ ഇരുവശവും ചെറിയ കടകളും കച്ചവടങ്ങളും.

പൂർണരൂപം വായിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com