ADVERTISEMENT

ഒരു തവണ പുനർജനി നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടുമെന്നാണ് ഐതിഹ്യം. ഈ കഥ പിന്തുടർന്ന് ആയിരക്കണക്കിനാളുകൾ തിരുവില്വാമലയിൽ എത്താറുണ്ട്. പുനർജനിയുടെ പടിക്കലെത്തും വരെയുള്ള ഗ്രാമക്കാഴ്ചകളിൽ അവർ സങ്കടങ്ങളെല്ലാം മറക്കുന്നു. അതു തന്നെയായിരിക്കാം യാത്രികരുടെ മനസ്സിൽ പാപമോചനമായി കയറിക്കൂടുന്ന സുകൃതം.

പതിനെട്ടര കുന്നുകളും വില്വാദ്രിനാഥ ക്ഷേത്രവും ഭാരതപ്പുഴയുമാണ് തിരുവില്വാമലയുടെ ചൈതന്യം. നിറഞ്ഞൊഴുകുന്ന നിള കടന്ന് തിരുവില്വാമലയിലേക്കു പ്രവേശിക്കുമ്പോൾ നാട്ടിൻപുറത്തിന്റെ കൈവഴികൾ തെളിയുകയായി. പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും ഓടു മേഞ്ഞ വീടുകളും ചായക്കടകളുമാണ് വഴിയോരക്കാഴ്ച. വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ മതിൽക്കെട്ടുവരെ പഴമയുടെ പ്രൗഢി നിറഞ്ഞു നിൽക്കുന്നു.

പാപനാശത്തിന്റെ ഗുഹ

ഭാരതപ്പുഴയുടെ അരികെ കിഴക്കു പടിഞ്ഞാറായി നീണ്ടു കിടക്കുന്നതാണു ഭൂതമല. അതിനോടു ചേർന്നു നിൽക്കുന്ന വില്വമലയും മൂരിക്കുന്നും ചേർന്നതാണ് തിരുവില്വാമല. ഭൂതമലയും വില്വമലയും ചേരുന്നിടത്തുള്ള പാറക്കെട്ടിലാണ് പുനർജനി ഗുഹ. ക്ഷത്രിയരെ കൊലപ്പെടുത്തിയ പാപം തീർക്കാൻ പരശുരാമനും കൗരവരെ വധിച്ച പാപവുമായി പാണ്ഡവരും എത്തിയെന്നു പറയപ്പെടുന്ന തിരുവില്വാമല  ഐതിഹ്യം കൊണ്ടു സമൃദ്ധമാണ്. പരശുരാമനിൽ തുടങ്ങുന്ന കഥകൾ പുനർജനിയിലെ പാപമോചനത്തെ ആധാരമാക്കി നിലകൊള്ളുന്നു. കൊടും കാടുകളിലൂടെ ‘ട്രെക്കിങ് നടത്തിയ’ പുരാണ കഥാപാത്രങ്ങളെ പിന്തുടർന്നുള്ള യാത്രയാണ് പുനർജനി നൂഴൽ. വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസമാണ് ആചാര പ്രകാരം ഗുഹ നൂഴൽ. പാപമോചനം തേടി ഈ ദിവസം ആയിരക്കണക്കിനാളുകൾ തിരുവില്വാമലയിൽ എത്തുന്നു.

punarjani-noozhal1

തിരുവില്വാമലയിൽ നിന്നു പാലക്കാട് റോഡിൽ രണ്ടു കിലോമീറ്റർ നീങ്ങിയാൽ റോഡരികിൽ ഒരു ആൽത്തറ കാണാം. അവിടെ നിന്നാണ് പുനർജനിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ‘‘പ്രേതങ്ങൾക്കു മുക്തി കിട്ടാനായി പരശുരാമന്റെ അപേക്ഷ പ്രകാരം ദേവന്മാർ നിർമിച്ചതാണ് പുനർജനി.’’ ഗുഹാ തീർഥാടനത്തെക്കുറിച്ച് വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ മാനെജർ സുനിൽ കർത്താ പറഞ്ഞു തുടങ്ങി.

punarjani-noozhal3

‘ക്ഷേത്രത്തിൽ നിന്നു കാട്ടിലൂടെ അര മണിക്കൂർ‌ നടന്നാൽ ഗുഹയിലെത്താം. മലയുടെ ചെരിവിലൊരു അരുവിയുണ്ട് – ഗണപതി തീർഥം. ആണ്ടു മുഴുവൻ വെള്ളമൊഴുകുന്ന ഗണപതി തീർഥത്തിൽ കാൽ നനച്ച് മലയുടെ തെക്കു കിഴക്കു ഭാഗത്തേക്ക് നടന്നാൽ പാപനാശിനി തീർഥത്തിൽ എത്തും. ഈ അരുവിയിൽ ഗംഗാ സാന്നിധ്യമുണ്ടെന്നാണു വിശ്വാസം. തീർഥാടകർക്കു നടന്നു കയറാൻ പാപനാശിനിക്കരയിൽ ഇരുമ്പു കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്. പാപനാശിനിയിൽ കുളിച്ച ശേഷം അൽപ്പദൂരം നീങ്ങിയാൽ പുനർജനിയുടെ മുന്നിലെത്താം. ഒരാൾ പൊക്കമുള്ളതാണു ഗുഹാമുഖം. 

punarjani-noozhal2

ഗുഹാരംഭത്തിൽ കുറച്ചു ദൂരം കുനിഞ്ഞു നടക്കാം. അതു കഴിഞ്ഞാൽ ഇരുന്നു നിരങ്ങണം. കുറച്ചു കൂടി മുന്നോട്ടു പോയാൽ മലർന്നു കിടന്ന് ഇഴഞ്ഞു മാത്രമേ നീങ്ങാനാകൂ. മുന്നിലും പിന്നിലുമുള്ളവരുടെ കൈകാലുകളിൽ പിടിച്ചാണ് ഓരോരുത്തരും വഴി കണ്ടു പിടിക്കുക. ഗുഹാമുഖത്തു നിന്നു കിട്ടുന്ന വെളിച്ചത്തിന്റെ നാമ്പുകൾ മാത്രമാണ് വഴികാട്ടി. പുനർജനി നൂഴുന്നവർ ആ വെളിച്ചം ലക്ഷ്യമാക്കി ഇരുട്ടിലൂടെ നീങ്ങുന്നു. കമിഴ്ന്നു കിടന്ന് നിരങ്ങി നീങ്ങാവുന്ന സ്ഥലത്ത് എത്തുന്നതോടെ പകുതി വഴി പിന്നിടുന്നു. അവിടെ നിന്നുള്ള യാത്രയാണ് ഏറ്റവും കഠിനം. ഒന്നോ രണ്ടോ ചാൺ വട്ടമുള്ള ദ്വാരത്തിലൂടെ വേണം മുകളിലെത്താൻ. പുനർജനിയുടെ പുണ്യമെന്നാണ് ഈ ഭാഗത്തെ യാത്ര അറിയപ്പെടുന്നത്. ഗുഹ നൂഴ്ന്ന് പുറത്തെത്താൻ മുക്കാൽ മണിക്കൂർ വേണം. ’’ പുനർജനി ഗുഹ നൂഴുന്നതിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സുനിൽ കർത്താ വിശദമായി പറഞ്ഞു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com