ADVERTISEMENT

മലമ്പുഴയില്‍ ചെറാട് കുര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനാ സംഘം എത്തിയത് ദേശീയമാധ്യമങ്ങളില്‍ അടക്കം വളരെ പ്രാധാന്യത്തോടെ വന്ന വാര്‍ത്തയായിരുന്നു. അതോടെ മല കയറിയ ആർ.ബാബു എന്ന പാലക്കാട്ടുകാരന്‍ യുവാവ് താരമായി. അനുമതിയില്ലാതെ നിയന്ത്രിത പ്രദേശത്ത് അതിക്രമിച്ചു കയറിയത് തികച്ചും നിരുത്തരവാദപരമായ നടപടിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, തളരാതെ പിടിച്ചു നിന്ന ബാബുവിന്‍റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്ന നിരവധി ആളുകളും ഉണ്ട്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരും ബാബുവിനെ പ്രശംസകള്‍ കൊണ്ടു മൂടുകയാണ്.

ബാബുവിനെ കാണാന്‍ ബോബി മലമ്പുഴയില്‍ എത്തി. സ്നേഹ സമ്മാനമായി ബാബുവിന്  സ്വര്‍ണനാണയം സമ്മാനിക്കുകയും ചെയ്തു. ബാബുവിന്‍റെ മനോധൈര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ച ബോബി, ബാബുവിനൊപ്പം ഹിമാലയം കയറാനുള്ള പ്ലാന്‍ ഉണ്ടെന്നും അറിയിച്ചു. അതിനുള്ള പരിശ്രമം തുടങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ദിവസവും നിരവധിപേരാണ് തന്ന സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നതെന്നും അതിനാല്‍ തന്‍റെ ആത്മവിശ്വാസം ഉയര്‍ന്നതായും ബാബുവും പറഞ്ഞു.

രാജ്യമാകെ പാലക്കാട്ടേക്ക് ഉറ്റുനോക്കിയ ദിനങ്ങളായിരുന്നു ബാബുവിന്‍റെ രക്ഷാപ്രവര്‍ത്തനം നടന്ന ദിവസങ്ങള്‍. ബാബുവിനെ രക്ഷിക്കാനായി പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘമായിരുന്നു ഊട്ടിയില്‍നിന്ന് എത്തിയത്. കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ഒൻപതു പേരടങ്ങുന്ന ദൗത്യസംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. 45 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ബാബുവിനെ മുകളില്‍ എത്തിച്ചു.

ബാബുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബോബി വാചാലനായി. നമ്മള്‍ ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നടക്കുന്നതു വരെ പരിശ്രമം തുടരുക എന്ന ആശയമാണ് തന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും കാരണമായത്. മരണം തൊട്ടു മുന്നില്‍ കണ്ടിട്ട് പോലും പ്രതീക്ഷയോടെ വീണ്ടും കാത്തിരുന്ന ബാബുവിന്‍റെ മനോധൈര്യം ഏറെ ഇഷ്ടപ്പെട്ടു. ബാബുവില്‍ തന്നെ സ്വയം കാണാനായി. അങ്ങനെയാണ് ബാബുവിനെ നേരിട്ട് കാണാനുള്ള തീരുമാനം എടുത്തതെന്നും ബോബി പറഞ്ഞു.

വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത വന പ്രദേശമാണ് കുര്‍മ്പാച്ചി മല. വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പരിധിയിലാണ് ചെറാട് കൂര്‍മ്പാച്ചി മല. പുലിയും ആനയും കരടിയുമെല്ലാം പോലുള്ള വന്യമൃഗങ്ങളെ ഇവിടെ കാണാറുണ്ട്‌. അപൂര്‍വ്വയിനത്തില്‍പ്പെട്ട സസ്യജാലങ്ങളും ഇവിടെയുണ്ട്. പരിസ്ഥിതി സംരക്ഷണവും സുരക്ഷാ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. കൂര്‍മ്പാച്ചി മലയ്ക്ക് സമീപമാണ് മലമ്പുഴ ഡാം സ്ഥിതിചെയ്യുന്നത്.

ഗവേഷണത്തിനും മറ്റുമായി  എത്തുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം. കൂടാതെ, കൂര്‍മ്പാച്ചിയില്‍ സിനിമയ്ക്കും മറ്റുമായി ഷൂട്ടിങിനും അനുമതി നല്‍കാറുണ്ട്. മോഹന്‍ലാലും ജഗതിയും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രം, ‘യോദ്ധ’ ഇവിടെയാണ്‌ ചിത്രീകരിച്ചത്.

English Summary: Boby Chemmanur Plans Himalayan Trekking with Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com