ADVERTISEMENT

ഒന്നോ രണ്ടോ ദിവസത്തെ അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് വയനാട്. സമുദ്രനിരപ്പില്‍ നിന്നും 2300 അടി മുതല്‍ 6800 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വയനാട്ടില്‍ കേരളത്തിലെ സമതല പ്രദേശങ്ങളെ അപേക്ഷിച്ച് സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. വേനല്‍ചൂടില്‍ വലഞ്ഞിരിക്കുന്നവരില്‍ ആസ്വാദ്യകരമായ കുളിരു നിറക്കാന്‍ വയനാട് യാത്രക്കാവും. 

ഒരു പകല്‍ മാത്രം നീളുന്ന യാത്രകള്‍ക്കും യോജിച്ച നിരവധി സ്ഥലങ്ങളുണ്ടെന്നതാണ് വയനാടിന്റെ പ്രത്യേകത. താമരശ്ശേരി ചുരത്തിന്റെ അടിവാരത്തു നിന്നും ലക്കിടി വ്യൂ പോയിന്റിലേക്ക് ഏതാണ്ട് 14 കിലോമീറ്റര്‍ ദൂരവും ഒൻപത് ഹെയര്‍പിന്‍ വളവുകളുമുണ്ട്. 

വയനാടിന്റെ മണ്ണിലേക്ക്

വയനാടിന്റെ സ്വാഗത കവാടം കടന്ന് നേരെ ചെന്നെത്തുക ചങ്ങല മരത്തിന്റെ ചുവട്ടിലേക്കാണ്. ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്തിലേക്ക് എത്തിച്ചിരുന്നത് കുറ്റ്യാടി ചുരം വഴിയായിരുന്നു. 1700-1750 കാലത്ത് പണിയ ഗോത്രത്തിലെ മൂപ്പനായ കരിന്തണ്ടനാണ് താമരശ്ശേരി ചുരത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്തത്. 

Thamarassery-Churam
Image From Shutterstock

പിന്നീട് വഴി കാണിച്ച മൂപ്പനെ തന്നെ വെടിവെച്ചു കൊന്നു. പിന്നീട് ഈ വഴി പോയ യാത്രക്കാരെ കരിന്തണ്ടന്റെ പ്രേതം ശല്യപ്പെടുത്തിയെന്നും ഒടുവില്‍ കരിന്തണ്ടന്റെ പ്രേതത്തെ മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചുവെന്നാണ് പറയപ്പെടുന്നത്. മരം വളരുന്നതിന് അനുസരിച്ച് ചങ്ങലയും വളരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. താമരശ്ശേരി ചുരത്തിന്റെ ചരിത്രവും മിത്തും ഇഴപിരിഞ്ഞു കിടക്കുന്ന ചങ്ങല മരത്തില്‍ നിന്നും കഷ്ടി നാലു കിലോമീറ്ററേയുള്ളൂ പൂക്കോട് തടാകത്തിലേക്ക്. 

പൂക്കോട് തടാകം

സമുദ്രനിരപ്പില്‍ നിന്നും 2526 അടി ഉയരത്തിലാണ് ഈ പ്രകൃതി ഒരുക്കിയ ശുദ്ധജല തടാകമുള്ളത്. 13 ഏക്കറിലായി പരന്നു കിടക്കുന്ന പൂക്കോട് തടാകം ബോട്ട് യാത്രക്കും യോജിച്ച ഇടമാണ്. കാഴ്ചകൾ കണ്ട് തടാകത്തിന് ചുറ്റുമുള്ള നടപ്പാത വഴി ഒരു നടത്തവും ആകാം. കാട് അതിരിടുന്ന പ്രദേശങ്ങളായതുകൊണ്ടുതന്നെ കുരങ്ങുകള്‍ ഇവിടെയുണ്ട്. ഭക്ഷണ സാധനങ്ങള്‍ എന്തും കുരങ്ങുകള്‍ തട്ടിപ്പറിക്കാന്‍ സാധ്യത ഏറെയാണ്, സൂക്ഷിക്കണം. 

wayanad2
Image From Shutterstock

പെഡല്‍ ബോട്ടില്‍ തടാകം ചുറ്റാം,അക്വേറിയത്തിലെ മീനുകളെ കാണാം കൂട്ടത്തില്‍ ഫിഷ് സ്പായ്ക്കും അവസരമുണ്ട്. കുട്ടികള്‍ക്ക് പാര്‍ക്കില്‍ കളിക്കാനും മുതിര്‍ന്നവര്‍ക്ക് കുതിര സവാരി നടത്താനും സൈക്കിളില്‍ തടാകം ചുറ്റാനും കഴിയും. വയനാടന്‍ വിഭവങ്ങള്‍ നിറച്ചുള്ള കരകൗശല വില്‍പന ശാലയും പൂക്കോടുണ്ട്. രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. 

കുറുവ ദ്വീപ്

വയനാടിന്റെ ജില്ലാ ആസ്ഥാനമായ കല്‍പറ്റയില്‍ നിന്നും 40 കിലോമീറ്ററുണ്ട് കുറുവ ദ്വീപിലേക്ക്. കബനിയിലെ തുരുത്തുകളുടെ കൂട്ടമാണ് സഞ്ചാരികളുടെ വലിയ ആകര്‍ഷണമായ കുറുവ ദ്വീപ്. 950 ഏക്കറിലായി 150ഓളം ചെറു ദ്വീപുകള്‍ സവിശേഷമായ ആവാസ വ്യവസ്ഥ കൂടിയാണ്. 

kuruva-island

ശാന്ത സുന്ദരമായ പ്രകൃതിയിലൂടെ ദീര്‍ഘമായ നടത്തം ആസ്വദിക്കാനും പുഴയിലെ മുള ചങ്ങാട യാത്രയുമാണ് പ്രധാന ആകര്‍ഷണം. മഴക്കാലത്ത് പലപ്പോഴും അടച്ചിടാറുണ്ടെന്നതിനാല്‍ സഞ്ചാരികള്‍ യാത്രക്ക് പദ്ധതിയിടും മുന്‍പ് അന്വേഷിക്കുന്നത് നന്നായിരിക്കും. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ 04936203428 നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ അറിയാനാകും. രാവിലെ ഒൻപത് മണി മുതല്‍ കുറുവ ദ്വീപില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മുത്തങ്ങ

സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാതയിലാണ് വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ മുത്തങ്ങ വന്യജീവി സങ്കേതം. മാന്‍, ആന, കാട്ടുപോത്ത്, കടുവ തുടങ്ങി നിരവധി വന്യ ജീവികളെ ഈ കാടുകളില്‍ കാണാനാകും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായുള്ള വയനാട്- മുതുമല- ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയ പാര്‍ക്കിന് 2500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈയൊരു വിശാലത്ത പ്രദേശത്തെ വന്യജീവി സമ്പത്തിലും പ്രതിഫലിക്കാറുണ്ട്. 

wayanad1
Image From Shutterstock

സ്വന്തം വാഹനങ്ങളില്‍ മൈസൂരിലേക്കുള്ള വഴിയില്‍ പോയാല്‍പോലും ധാരാളമായി മൃഗങ്ങളെ കാണാനാകും. വനം വകുപ്പിന്റെ പ്രത്യേകം ജീപ്പിലൂടെയും കാടിനെ ആസ്വദിക്കാനാകും. മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുത്തങ്ങ- 04936271010. 

ബാണാസുര 

കല്‍പറ്റയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. ബാണാസുരയില്‍ നിന്നും മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് ഏകദേശം 80 കിലോമീറ്റര്‍ ദൂരമുണ്ട്. അതുകൊണ്ടുതന്നെ വയനാട്ടില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നല്ലതാണ്. 

wayanad-banasura-sagar-tourism-sub-image-845-440-1-

6732 അടി ഉയരമുള്ള ബാണാസുരമല ഉയരത്തിന്റെ കാര്യത്തില്‍ വയനാട്ടിലെ രണ്ടാമത്തെ മലയാണ്. കാറ്റു കുന്ന്, ബാണാസുര മല, സായിപ്പു കുന്ന് എന്നിവയാണ് പ്രദേശത്തെ പ്രധാന മലകള്‍. ഇവയിലേക്കുള്ള ട്രക്കിംങുകളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. 

wayanad
Image From Shutterstock

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടാണ് ബാണാസുര സാഗര്‍ അണക്കെട്ട്. അണക്കെട്ടിലെ നടത്തവും കുതിര സവാരിയും പാര്‍ക്കിലെ കളികളുമൊക്കെയായി മണിക്കൂറുകള്‍ ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് ബാണാസുര. 

ചെമ്പ്ര 

വയനാട്ടിലെ ഏറ്റവും ഉയരമുള്ള മല ഏതെന്നെ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ചെമ്പ്ര. ട്രക്കിംങ് പ്രേമികളാണ് നിങ്ങളെങ്കില്‍ ചെമ്പ്ര സവിശേഷമായ അനുഭവമായിരിക്കും. തേയില തോട്ടങ്ങളും ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള പാറക്കയറ്റങ്ങളും പുല്‍മേടുകളും മലമുകളിലെ ലൗ ലെയ്കുമെല്ലാം വ്യത്യസ്തമായ അനുഭവമാണ്. 

chembra-peak

ട്രെക്കിങ് ആസ്വദിക്കണമെങ്കില്‍ ഒരു മുഴുവന്‍ ദിവസം ചെമ്പ്രക്ക് വേണ്ടി മാറ്റിവെക്കേണ്ടതുണ്ട്. ആഗസ്ത് മുതല്‍ മെയ് വരെയുള്ള മഴ ഒഴിഞ്ഞു നില്‍ക്കുന്ന മാസങ്ങളാണ് ചെമ്പ്ര സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ഉച്ചക്ക് രണ്ടിന് മുമ്പായി എത്തുന്നവര്‍ക്ക് മാത്രമേ ട്രക്കിംങിന് അവസരമുണ്ടാവൂ. രാവിലെ ഏഴ് മണി മുതല്‍ ട്രക്കിംങിന് അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.എഫ്.ഒ സൗത്ത് വയനാട് ഫോണ്‍- +914936-203428, 282001.

എടക്കല്‍ ഗുഹ

ഒറ്റയടിക്ക് ചെറുശിലായുഗ സംസ്‌കാരത്തിലേക്ക് എത്തണമെങ്കില്‍ എടക്കല്‍ ഗുഹകളിലേക്ക് വച്ചു പിടിച്ചാല്‍ മതി. ഈ കാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങള്‍ എടക്കല്‍ ഗുഹയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളാണിത്. പൂര്‍ണ്ണമായും ഗുഹയെന്ന് ഇതിനെ വിളിക്കാനാവില്ല. അമ്പുകുത്തിമലയുടെ പാറയിലുണ്ടായ 98 അടി നീളവും 22 അടി വീതിയുമുള്ള കൂറ്റന്‍ വിള്ളലിന് മുകളിലേക്ക് വീണുറച്ച മറ്റൊരു കൂറ്റന്‍ പാറയാണ് മേല്‍ക്കൂര പോലെ പ്രവര്‍ത്തിച്ച് പാറയിലെ വിള്ളലിനെ ഗുഹയാക്കി മാറ്റുന്നത്. 

Edakkal-Caves1

സമുദ്ര നിരപ്പില്‍ നിന്നും 3900 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിലെ ഗുഹയിലാണ് ഈ പൗരാണിക നിര്‍മ്മിതികളുള്ളത്. ബി.സി 4000 വരെ പഴക്കമുള്ള ശിലാലിഖിതങ്ങളാണിതെന്ന് കണക്കാക്കപ്പെടുന്നു. ചരിത്രത്തിലെ പല കാലഘട്ടങ്ങളിലും എടക്കല്‍ ഗുഹയില്‍ മനുഷ്യവാസമുണ്ടായിരുന്നതായും കരുതപ്പെടുന്നു. മൈസൂരില്‍ നിന്നും മലബാര്‍തീരത്തേക്കുള്ള കച്ചവട പാതകൂടിയായിരുന്നു ഈ പ്രദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്തു കിലോമീറ്ററും കല്‍പ്പറ്റയില്‍ നിന്നും 25 കിലോമീറ്ററുമുണ്ട് എടക്കല്‍ ഗുഹയിലേക്ക്.

സഞ്ചാരികള്‍ക്ക് കാണാനേറെയുള്ള നാടാണ് വയനാട്. ഒന്നോ രണ്ടോ ദിവസമെടുത്തുള്ള യാത്രയില്‍ വയനാട്ടിലെ പ്രധാന സ്ഥലങ്ങളുടെ മൂന്നിലൊന്നു പോലും കണ്ടു തീര്‍ക്കാനാവില്ല. ഇതു മനസില്‍ വച്ചു വേണം വയനാട്ടില്‍ കാണേണ്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍. അതുകൊണ്ടു തന്നെ വ്യക്തമായ പ്ലാനിങ്ങോടെയുള്ള യാത്രകളായിരിക്കും വയനാട് യാത്രയെ കൂടുതല്‍ സുന്ദരമാക്കുക. 

English Summary:  Places to Visit in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com