ഒന്നോ രണ്ടോ ദിവസത്തെ അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് വയനാട്. സമുദ്രനിരപ്പില്‍ നിന്നും 2300 അടി മുതല്‍ 6800 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വയനാട്ടില്‍ കേരളത്തിലെ സമതല പ്രദേശങ്ങളെ അപേക്ഷിച്ച് സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. വേനല്‍ചൂടില്‍ വലഞ്ഞിരിക്കുന്നവരില്‍ ആസ്വാദ്യകരമായ കുളിരു നിറക്കാന്‍ വയനാട് യാത്രക്കാവും. വയനാട്ടിലെ പ്രധാന കാഴ്ചകളിലേക്ക്.
താമരശ്ശേരി ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്.
പൂക്കോട് തടാകം

സമുദ്രനിരപ്പില്‍ നിന്നും 2526 അടി ഉയരത്തിലാണ് ഈ പ്രകൃതി ഒരുക്കിയ ശുദ്ധജല തടാകമുള്ളത്. 13 ഏക്കറിലായി പരന്നു കിടക്കുന്ന പൂക്കോട് തടാകം ബോട്ട് യാത്രക്കും യോജിച്ച ഇടമാണ്. കാഴ്ചകൾ കണ്ട് തടാകത്തിന് ചുറ്റുമുള്ള നടപ്പാത വഴി ഒരു നടത്തവും ആകാം.
കുറുവ ദ്വീപ്

വയനാടിന്റെ ജില്ലാ ആസ്ഥാനമായ കല്‍പറ്റയില്‍ നിന്നും 40 കിലോമീറ്ററുണ്ട് കുറുവ ദ്വീപിലേക്ക്. കബനിയിലെ തുരുത്തുകളുടെ കൂട്ടമാണ് സഞ്ചാരികളുടെ വലിയ ആകര്‍ഷണമായ കുറുവ ദ്വീപ്. 950 ഏക്കറിലായി 150ഓളം ചെറു ദ്വീപുകള്‍ സവിശേഷമായ ആവാസ വ്യവസ്ഥ കൂടിയാണ്.
ബാണാസുര

കല്‍പറ്റയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. ബാണാസുരയില്‍ നിന്നും മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് ഏകദേശം 80 കിലോമീറ്റര്‍ ദൂരമുണ്ട്.
മുത്തങ്ങ

സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാതയിലാണ് വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ മുത്തങ്ങ വന്യജീവി സങ്കേതം. മാന്‍, ആന, കാട്ടുപോത്ത്, കടുവ തുടങ്ങി നിരവധി വന്യ ജീവികളെ ഈ കാടുകളില്‍ കാണാനാകും.
ചെമ്പ്ര

വയനാട്ടിലെ ഏറ്റവും ഉയരമുള്ള മല ഏതെന്നെ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ചെമ്പ്ര. ട്രെക്കിങ് പ്രേമികളാണ് നിങ്ങളെങ്കില്‍ ചെമ്പ്ര സവിശേഷമായ അനുഭവമായിരിക്കും. തേയില തോട്ടങ്ങളും ചെങ്കുത്തായ കയറ്റങ്ങളും കുത്തനെയുള്ള പാറക്കയറ്റങ്ങളും പുല്‍മേടുകളും മലമുകളിലെ ലൗ ലെയ്കുമെല്ലാം വ്യത്യസ്തമായ അനുഭവമാണ്.
എടക്കല്‍ ഗുഹ

ഒറ്റയടിക്ക് ചെറുശിലായുഗ സംസ്‌കാരത്തിലേക്ക് എത്തണമെങ്കില്‍ എടക്കല്‍ ഗുഹകളിലേക്ക് വച്ചു പിടിച്ചാല്‍ മതി. ഈ കാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങള്‍ എടക്കല്‍ ഗുഹയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളാണിത്.
English Summary: Top sights in Wayanad