ചങ്ക്സിന്റെ നെഞ്ചിടിപ്പാണ് ഉളുപ്പുണി; ട്രെക്കിങ് പ്രേമികളുടെ സ്വർഗം

Uluppuni4
SHARE

ജീപ്പിന്റെ ചക്രം പതിഞ്ഞുണ്ടായ പാതയിലൂടെ പതുക്കെ മുകളിലേക്കു നടന്നു. ചരലും ചെമ്മണ്ണും കുഴഞ്ഞു കിടക്കുകയാണ്. കാലൊന്നു തെന്നിയാൽ ഉരുണ്ടുരുണ്ട് അടിവാരത്തെത്തും. ഇഞ്ചപ്പുല്ലിന്റെ കടയ്ക്കൽ പിടിച്ച് കുന്നു കയറുന്നതിനിടെ പുറകിൽ നിന്നൊരു ‘ഡ്യൂക്ക്’ ഇരമ്പിക്കുതിച്ചു വന്നു. ചെങ്കുത്തായ പാതയിലൂടെ ബൈക്കുമായി പാഞ്ഞു കയറിയ പയ്യൻ മലയുടെ നെറുകയിൽ ചെന്നു ‘ചിന്നം വിളിച്ചു’. തൊട്ടു പിന്നാലെ ഒരു സംഘം അതേ വഴിക്കു ബൈക്ക് പറപ്പിച്ചു. ഓഫ് റോഡ് റൈഡിന്റെ ഭയാനക വെർഷൻ! കേരളത്തിൽ മറ്റൊരിടത്തും ഇതിനു തുല്യമൊരു സാഹസപാത വേറെയില്ല, ഉറപ്പ്.

Uluppuni

മൊട്ടക്കുന്നിൽ പാരാഗ്ലൈഡിങ് ആരംഭിച്ച കാലത്ത് വാഗമൺ കാണാനെത്തിയ സാഹസികരാണ് ഉളുപ്പുണിയിലേക്കു വഴി തെളിച്ചത്. ഇരുചക്ര വാഹനങ്ങൾ മലയുടെ മുകളിലേക്ക് ഇരമ്പിക്കയറുന്ന ശബ്ദം അക്കാലത്തു കുരിശുമല വരെ കേൾക്കാമായിരുന്നു. വാഗമൺ പട്ടണത്തിൽ ജീപ്പോടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്ക് അതു കേട്ടു ഹാലിളകി. കുന്നിനു മുകളിലേക്ക് ജീപ്പോടിച്ചു കയറ്റി അവർ റെക്കോഡിട്ടു. പിൽക്കാലത്ത് ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രക്കിങ് പരമ്പരകളുണ്ടായി. പക്ഷേ, ആഘോഷങ്ങൾക്കു ദീർഘായുസ്സുണ്ടായില്ല. അമിതാവേശത്തിൽ മലകയറിയ ചിലർ മരണത്തെ വെല്ലുവിളിച്ചു. അതോടെ ഉളുപ്പുണിയിൽ വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചു. അന്നു മുതൽ സഞ്ചാരികൾ നടന്നു മലകയറി ഉ ളുപ്പുണിയുടെ ഭംഗിയാസ്വദിക്കുന്നു. 

വാഗമൺ യാത്രയെ വൺഡേ ട്രിപ്പാക്കുമ്പോൾ പോകാനുള്ള സ്ഥലങ്ങൾ തരംതിരിച്ച് സമയം ക്രമീകരിക്കണം. കോട മാഞ്ഞതിനു ശേഷവും മഞ്ഞു മൂടുന്നതിനു മുൻപും വ്യൂ പോയിന്റുകളിലെത്തണം. രാവിലെ ഏഴരയ്ക്ക് വാഗമൺ ബസ് സ്റ്റോപ്പിൽ നിന്നു പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തുംവിധം ജീപ്പ് സഫാരി പ്ലാൻ ചെയ്യാം. പൈൻമരക്കാട്, പാലൊഴുകുംപാറ, മൊട്ടക്കുന്ന്, പൈൻവാലി, സുയിസൈഡ് പോയിന്റ്, തങ്ങൾപാറ, മുണ്ടക്കയം വ്യൂ പോയിന്റ്, കുരിശുമല, മുരുകൻമല, ആശ്രമം, ഉളുപ്പുണി– ലിസ്റ്റ് പൂർണം.

Uluppuni3

വാഗമൺ എന്നു കേൾക്കുമ്പോൾ ആദ്യം തെളിയുന്ന ചിത്രം മൊട്ടക്കുന്നാണ്. മുപ്പതു വർഷത്തിലേറെയായി മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷൻ. ഗാനരംഗങ്ങളിലാണ് മൊട്ടക്കുന്ന് നിരന്തരം ദൃശ്യവൽകരിക്കപ്പെട്ടത്. ചെരിഞ്ഞ കുന്നിൽ നിന്നു രണ്ടാം താഴ്‌വരയിലേക്കു പുതിയ നടപ്പാത നിർമിച്ചതു മാത്രമാണ് മൊട്ടക്കുന്നിലെ ഒരേയൊരു മാറ്റം.

മൊട്ടക്കുന്നും പൈൻമരക്കാടും ഒരേ റോഡിന്റെ രണ്ടു ഭാഗങ്ങളിലായതിനാൽ പൈൻമരക്കാടിനെ രണ്ടാമത്തെ ഡെസ്റ്റിനേഷനാക്കി യാത്ര ചിട്ടപ്പെടുത്താം. കോട മാറി വെയിലുദിക്കുന്ന പ്രഭാതത്തിൽ പൈൻ മരങ്ങൾ നിഴൽ വീഴ്ത്തുന്നതു ത്രിഡി ഇമേജിലാണ്. കട്ടപ്പനയുടെ അതിർത്തിയിലുള്ള മലയുടെ നെറുകയിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയുടെ താളവും പക്ഷികളുടെ പാട്ടും പൈൻമരക്കാടിനു ഭംഗി കൂട്ടുന്നു. കരിയിലച്ചതുപ്പിൽ കാലുകൾ പൂഴ്ത്തി നടക്കുമ്പോൾ ‘ദേവദൂതനി’ലെ രംഗങ്ങളും ‘താളവട്ട’ത്തിലെ പാട്ടു സീനും ഓർമവരും. വാഗമണിലെ പൈൻമരക്കാടിനുള്ളിൽ ക്യാമറാ ഫ്രെയിമുകൾക്കു കൊടൈക്കനാലിലെ ലോക പ്രശസ്തമായ പൈൻമരക്കാടുകളെക്കാൾ ഭംഗിയാണ്. നട്ടുച്ചയ്ക്കും മഞ്ഞു പുകയുന്ന പൈൻമരക്കാട് ‘പ്രണയ സെൽഫി’കളുടെ താഴ്‌വരയായി മാറിയിട്ടുണ്ട്.

Uluppuni1

ഭക്ഷണക്കാര്യത്തിൽ വ്യാകുലതയില്ലാതെ യാത്ര തുടരാ ൻ കഴിയുന്നവർക്ക് ഉച്ചവെയിലിനെ കുടയാക്കി തങ്ങൾപാറയിലേക്കു നീങ്ങാം. വാഗമൺ യാത്രയിൽ കാഠിന്യമേറിയ മല കയറ്റങ്ങളിൽ ആദ്യത്തേതാണു തങ്ങൾ പാറ. ഒന്നര കിലോമീറ്റർ നീണ്ടു കിടക്കുന്ന മലയാണ് സൂഫി വര്യൻ ധ്യാനമിരുന്ന സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന തങ്ങൾപാറ. മലയുടെ പടിഞ്ഞാറേ ചെരിവിൽ ഫുട്ബോളിന്റെ ആകൃതിയിലൊരു പാറ കാണാം. ഉരുണ്ടു താഴേക്കു വീഴുമെന്ന മട്ടിൽ നിൽക്കുന്ന ഗോളാകൃതിയുള്ള ശിലയും അതിനു സമീപത്തുള്ള ധ്യാന സ്ഥലവുമാണ് തങ്ങൾപാറയിലെ കാഴ്ചകൾ.

തങ്ങൾ പാറയുടെ അടിവാരത്തുകൂടി പോകുന്ന റോഡ് കുരിശുമലയിലാണ് എത്തിച്ചേരുന്നത്. ഈ പാതയോരത്തു നിന്നാൽ മുണ്ടക്കയം പട്ടണവും ഗ്രാമങ്ങളും കാണാം. സഞ്ചാരികൾ വിശ്രമ സ്ഥലമാക്കിയതോടെ ഇവിടം ‘മുണ്ടക്കയം വ്യൂപോയിന്റ്’ എന്ന പേരിൽ അറിയപ്പെട്ടു.

പൂർണരൂപം വായിക്കാം

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA