ADVERTISEMENT

മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നാണ് ചൊക്രമുടി. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും ചാറ്റല്‍മഴക്കൊപ്പം ഓടിയെത്തുന്ന തണുത്ത കാറ്റും ആനമുടി കൊടുമുടിയുടെയും  ഇടുക്കി അണക്കെട്ടിന്‍റെയും മനോഹരമായ കാഴ്ചയുമെല്ലാം ചൊക്രമുടിയെ സ്പെഷ്യലാക്കുന്നു. ഏകദേശം 7,200 അടി ഉയരമുള്ള കൊടുമുടിയില്‍ നിന്നുള്ള സൂര്യോദയക്കാഴ്ചയ്ക്കും ആരാധകര്‍ ഏറെയാണ്‌.

chokramudi-peak3

ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഡിവിഷനിലാണ് കൊടുമുടി സ്ഥിതിചെയ്യുന്നത്. നിത്യഹരിത ഷോല വനങ്ങളാണ് ഇവിടെ ഏറെയുമുള്ളത്. നീലഗിരി താര്‍സ് , ഗൗറുകൾ, ഏഷ്യൻ ആനകൾ തുടങ്ങി അപൂർവയിനം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് ചൊക്രമുടി. മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളില്‍ പലരും ചൊക്രമുടിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടേക്ക് ട്രെക്കിങ് നടത്താറുണ്ട്‌. എന്നാല്‍ ദേശീയോദ്യാന പ്രദേശമായതുകൊണ്ട് തന്നെ ട്രെക്കിങ്ങിന് മുൻപ് വനം വകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. 

ചൊക്രമുടി കൊടുമുടിയിലേക്കുള്ള  ട്രെക്കിങ് പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം മാത്രം മതിയാകും. താരതമ്യേന എളുപ്പമുള്ള ട്രെക്കിങ്ങാണിത്. ഏകദേശം 10 കിലോമീറ്റര്‍ ദൂരം 3-5 മണിക്കൂറിനുള്ളിൽ നടന്നുകയറാനാവും. വിസ്മയകരമായ ഒരു തുടക്കം ആഗ്രഹിക്കുന്ന അമേച്വർ ട്രെക്കിങ് യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് ചൊക്രമുടിയിലെ ഈ ട്രെക്കിങ് സ്പോട്ട്. 

chokramudi-peak4

ട്രെക്കിങ് ആരംഭിക്കുന്നത് മൂന്നാറിൽ നിന്ന് ഒരു മണിക്കൂർ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന പോതമേട് എന്ന സ്ഥലത്ത് നിന്നാണ്. അവിടെ വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടാകും. ട്രെക്കിങ്ങിനിടയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് അവര്‍ നിർദേശങ്ങൾ നൽകും. അമേച്വർ ട്രെക്കർമാര്‍ക്ക് ആവശ്യമെങ്കില്‍ ഗൈഡുകളും ലഭ്യമാണ്. അതിരാവിലെ ട്രെക്കിങ് ആരംഭിക്കുന്നതാണ് നല്ലത്. പോകുമ്പോള്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മറ്റ് ലഘുഭക്ഷണങ്ങളുമെല്ലാം കൂടെ കരുതേണ്ടതുണ്ട്.

ചൊക്കാമുടിയിലെ കാഴ്ചയിലേക്ക്

തേയിലത്തോട്ടങ്ങളിൽ നിന്നാണ് ട്രെക്ക് ആരംഭിക്കുന്നത്. ദൂരെയായി കാണുന്ന അണ്ണാമലൈ കുന്നുകളുടെ കാഴ്ച അതിമനോഹരമാണ്. തുടക്കത്തില്‍ താരതമ്യേനെ നിരപ്പായ സ്ഥലങ്ങളിലൂടെയുള്ള നടത്തം കുറച്ചു കഴിയുമ്പോള്‍ ചെരിവു കുറഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെയാകുമ്പോള്‍ ട്രെക്കിംഗ് അല്‍പ്പം സാഹസികമാകും. വഴിയിൽ ധാരാളം സസ്യജന്തുജാലങ്ങളെ കാണാം. കുന്നിനെയാകെ പച്ച പുതപ്പിക്കുന്ന തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും അതിമനോഹരമായ കാഴ്ച ശ്വാസം നിലച്ചു പോകുന്നത്ര സുന്ദരമാണ്. ചൊക്രമുടി കൊടുമുടിയിൽ എത്തിയാല്‍ അൽപനേരം വിശ്രമിച്ച് ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാം. കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ച ശേഷം മടക്കയാത്ര തുടരാം. മടക്കയാത്ര പൂർത്തിയാക്കാൻ ഏകദേശം 1-1.5 മണിക്കൂർ മാത്രമേ എടുക്കൂ.

chokramudi-peak5

ചൊക്രമുടിയില്‍ ക്യാംപ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും അവസരമുണ്ട്, ഈ പരിസരങ്ങളില്‍ സഞ്ചാരികള്‍ ടെന്‍റടിച്ചു താമസിക്കാറുണ്ട്.  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ലൈസൻസ് ഉള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ചൊക്രമുടി ട്രക്കിങ് പാക്കേജ് നടത്തുന്നുണ്ട്. പോകുന്ന സമയത്ത് ഇത് ലഭ്യമാണോ എന്ന് അന്വേഷിച്ചിട്ട് വേണം യാത്ര തുടങ്ങാന്‍.

chokramudi-peak2

മഞ്ഞുകാലമാണ് ചൊക്രമുടി സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. ഡിസംബറോടെ താഴ്‌വരകളും മലനിരകളുമെല്ലാം മൂടൽമഞ്ഞിന്‍റെ കമ്പളം പുതയ്ക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത്  മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷവും തണുത്ത കാറ്റും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. മൂന്നാറിന്‍റെ സ്വകാര്യ അഭിമാനമായ നീലക്കുറിഞ്ഞിപ്പൂക്കള്‍ ഇവിടെയും പൂക്കാറുണ്ട്. സീസണാകുമ്പോള്‍ ഇവിടെ വന്നാല്‍ നീലക്കടല്‍ പോലെ പരന്നുകിടക്കുന്ന കുറിഞ്ഞിപ്പൂക്കളും കാണാം.

English Summary:  A trek to Chokramudi peak in Munnar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com