ADVERTISEMENT

കൊച്ചിയിലെ കായൽത്തീരങ്ങളെ തഴുകിയെത്തുന്ന കാറ്റ് ഇത്തിരി നേരം വിശ്രമത്തിനിറങ്ങുന്ന കടൽത്തീരമാണു ചെല്ലാനം. ചേറു പൊതിഞ്ഞു വരമ്പുണ്ടാക്കിയ പാടങ്ങൾക്കു നടുവിലൂടെ ചെല്ലാനത്തേക്കു നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്താൽ ‘മീൻ കെട്ടുകൾ’ കാണാം. തിരുതയും കാരച്ചെമ്മീനും കരിമീനും വളർത്തുന്ന മീൻകെട്ടിനപ്പുറം തിരമാലകൾ അലതല്ലുന്ന ശബ്ദം കേൾക്കാം. ഓലഞ്ഞാലി കുരുവികൾ കൂടുകൂട്ടിയ തെങ്ങുകളും വിവിധ ഇനം പക്ഷികളും അഴകു വിടർത്തുന്ന മനോഹര ഗ്രാമമാണു ചെല്ലാനം.

kumbalangi-travel1

അവിടേക്കു പുറപ്പെട്ടപ്പോൾ വൺഡേ ട്രിപ്പിൽ മറ്റൊരു സ്ഥലം കൂടി ഉൾപ്പെടുത്തി. കേരളത്തിലെ ‘ആദ്യ ടൂറിസം ഗ്രാമം’ എന്നു പ്രശസ്തി നേടിയ കുമ്പളങ്ങി. രുചിവൈവിധ്യമാണ് കുമ്പളങ്ങി ഗ്രാമത്തിന്റെ പ്രധാന ആകർഷണം. ചെല്ലാനത്തിന്റെ പ്രവേശന കവാടം അതി മനോഹരമാണ്. കടൽ അലമിറയിടുന്ന മത്സ്യകേന്ദ്രമാണു കൊച്ചിയുടെ തെക്കുഭാഗത്തുള്ള ചെല്ലാനം ബീച്ച്.

kumbalangi-travel2

ചന്തക്കടവ് പാലം കടന്ന് വളവു തിരിയുന്നിടത്ത്തി രമാലകളെ തടയാൻ പാറകൊണ്ടു വേലികെട്ടിയിട്ടുണ്ട്. വേലിയേറ്റം തടയാൻ നിരത്തിയിട്ടുള്ള പാറക്കെട്ടിനു മുകളിൽ നിന്നാൽ തോണിപ്പാട്ടും പാടി മീൻ പിടിക്കാൻ പോകുന്നവരെ കാണാം.തുഴയെറിഞ്ഞു ജീവിതം നെയ്യുന്നവരുടെ നിഴൽ ചെല്ലാനം കടപ്പുറത്തിന്റെ പടിഞ്ഞാറേ കടവിൽ കണ്ടു. കത്തിജ്ജ്വലിക്കുന്ന വെയിലും പകലന്തിയോളം അധ്വാനിക്കുന്ന നാട്ടുകാരും ചെല്ലാനത്തിന്റെ മുഖചിത്രമാണ്.

ചീനവലകളുടെ കായൽത്തീരം 

ചെല്ലാനം കടൽത്തീരം കണ്ടതിനു ശേഷം കുമ്പളങ്ങിയിലേക്കു നീങ്ങി. കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴിപുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ – ഇടക്കൊച്ചി താണ്ടി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ഏതു വഴിക്കു പോയാലും  കുമ്പളങ്ങിയുടെ ഭംഗി ഒരേപോലെയാണ്. നീട്ടിക്കെട്ടിയചൂണ്ടയിൽ കൊരുത്തിട്ട കുമ്പളങ്ങ പോലെ കൊച്ചിക്കായലിൽ പൊങ്ങിക്കിടക്കുന്നു കുമ്പളങ്ങി ഗ്രാമം. വെള്ളത്തിൽ മുങ്ങിയ പാടങ്ങളും വള്ളങ്ങളോടുന്ന വെള്ളക്കെട്ടും ഇതിനിടയിലേക്കു ചാഞ്ഞു കിടക്കുന്ന ചീനലവകളും ചേർന്ന് ആകെപ്പാടെ ജഗപൊക.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com