ADVERTISEMENT

വാഗമണ്ണില്‍ നിന്ന് യാത്രാചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ഇന്ദ്രജിത്തും പൂര്‍ണിമയും. മനോഹരമായ ഒരു കുന്നിന്‍ചെരിവില്‍ ഇരുവരും ഇരിക്കുന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കൂടാതെ മലയും പച്ചപ്പും നിറഞ്ഞ കാഴ്ച ആസ്വദിച്ചുകൊണ്ട് വാഗമണ്ണിലേക്ക് വാഹനമോടിച്ച് വരുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. വിഡിയോയിൽ കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ ദൃശ്യം കാണാം.

സദാ ‌സമയവും മലകളെ വെള്ളപുതപ്പിൽ മൂടുന്ന കോടമഞ്ഞും നൂൽമഴയും മനോഹാരിതയും ഒരുമിച്ച വാഗമൺ സഞ്ചാരികളുടെ ഹൃദയം കവരും. അവധിക്കാല യാത്രയ്ക്കായി മിക്കവരും തിരഞ്ഞെടുക്കുന്നിടമാണിവിടം. 

നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്‍റെ ലോകത്തിലെ മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ട ഇടമാണ് വാഗമണ്‍. കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടം വര്‍ഷംമുഴുവന്‍ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിലായതിനാല്‍, ഒരിക്കലും തീരാത്ത കുളിരാണ് ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.

മഴയും മ‍ഞ്ഞും പച്ചപ്പും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വാഗമണ്‍. എല്ലാ സീസണിലും തണുത്തതും സുന്ദരവുമായ കാലാവസ്ഥയാണെങ്കിലും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്തിന് ശേഷമോ അല്ലെങ്കിൽ മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാലത്തിന് മുമ്പോ ആണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

പിക്നിക് സ്പോട്ട്

മഴക്കാലം കഴിഞ്ഞുള്ള സമയം വാഗമണ്‍ അങ്ങേയറ്റം സുന്ദരമാകുന്നു. പുല്‍മേടുകളില്‍ പച്ചപ്പ്‌ കൂടുകയും മരങ്ങള്‍ കൂടുതല്‍ പച്ചിലച്ചാര്‍ത്തണിയുകയും അന്തരീക്ഷം നേര്‍ത്ത മൂടല്‍മഞ്ഞിന്‍റെ പാടയില്‍ മുങ്ങി സുന്ദരമാവുകയും ചെയ്യും. കൂടാതെ, ഈ സീസണിൽ വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ സസ്യജാലങ്ങളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. പുൽമേടുകൾക്ക് മുകളിലൂടെയുള്ള ഫാമിലി പിക്നിക് വാഗമണിലെ ഏറ്റവും പ്രശസ്തമായ വിനോദങ്ങളിലൊന്നാണ്.

മാർച്ച് മുതൽ മെയ് വരെയുള്ള വേനല്‍ക്കാലത്ത്, 21-28 °C ആണ് ഇവിടുത്തെ താപനില. മനോഹരമായ കാലാവസ്ഥയും കടലിൽ നിന്നുള്ള തണുത്ത കാറ്റും പ്രസന്നമായ സൂര്യപ്രകാശവും തെളിഞ്ഞ ആകാശവും തേയിലത്തോട്ടങ്ങളുടെ പുത്തൻ സുഗന്ധവും മനസ്സിനെയും ആത്മാവിനെയും ഉന്മേഷപ്രദമാക്കും. 

സാഹസികപ്രേമികളെ ഇങ്ങോട്ടു പോരൂ

സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇടം കൂടിയാണ് വാഗമൺ. പാരാഗ്ലൈഡിങ്, ഹൈക്കിങ്, ട്രെക്കിങ്, ആന സവാരി തുടങി ഒട്ടേറെ വിനോദങ്ങള്‍ ഇവിടെയുണ്ട്. കയാക്കിങ്, കനോയിങ്, ബോട്ടിങ് എന്നിവയ്ക്കും വാഗമൺ പ്രശസ്തമാണ്.

പരിസരപ്രദേശത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്നും അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാവുന്ന ഇടം കൂടിയാണ് വാഗമണ്‍. കൊച്ചിയില്‍ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 40 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.

English Summary: Indrajith and Poornima enjoys Holiday in Vagamon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com