നീലക്കൊടുവേലിയുണ്ടോ? മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കൽ കല്ല്- വിഡിയോ

illikkal-kallu-travel2
Amarjith Paul/shutterstock
SHARE

മഞ്ഞിൽ പൊതിഞ്ഞ മലനിരകളും സദാ വീശിയടിക്കുന്ന കാറ്റും നൂൽമഴയും. പ്രകൃതിയോടു ലയിക്കാൻ ഇതിൽപരം വേറെന്താണു വേണ്ടത്. വൺഡേ ട്രിപ്പിന് കുട്ടികളൊത്ത് അടിച്ചുപൊളിക്കാൻ മികച്ചയിടമാണ് ആകാശത്തെ വെല്ലുവിളിച്ചു മുഷ്ടിചുരുട്ടി നിൽക്കുന്ന ഭീമന്‍ കല്ലായ ഇല്ലിക്കല്‍ കല്ല്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ കാണാം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കല്‍ കല്ല്.

ഇല്ലിക്കൽ കല്ല് ‘പൊളി’ വൈബ്

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4000 അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്കു ചെന്നാൽ മാത്രമേ ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത അടുത്തു കാണാൻ സാധിക്കൂ. ടാറിട്ട റോഡിന് ഇരുവശത്തും പച്ചപ്പു നിറഞ്ഞ പുല്ലുകളാണ്.

നടന്നു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് താഴെ നിന്ന് ജീപ്പിലേറി മുകളിലെത്താം. ആറുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 380 രൂപയാണ് ജീപ്പ് ചാർജ്. മിന്നിമറയുന്ന മഞ്ഞിന്റെ കാഴ്ച ആസ്വദിച്ച് നടന്നു കയറണമെങ്കിൽ അതുമാവാം. എന്തായാലും ഇല്ലിക്കൽ കല്ലിന്റെ വൈബ് പൊളിയാണ്.

illikkal-kallu-travel

യാത്രയുടെ ഹൈലൈറ്റ് ആ മലമുകളിലെ മൂടുപടത്തിലാണ്

ജീപ്പിലെത്തിയാലും തീർന്നില്ല, ആ ഭീമൻ കല്ലിനെ അടുത്തു കാണണമെങ്കിൽ കുത്തനെയുള്ള കയറ്റം കയറി മുകളിലെത്തണം. ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയാണ്. സുരക്ഷ ഉറപ്പാക്കാനായി ഇരുവശത്തും സ്റ്റീൽ കൈവരികളുണ്ട്. അതിൽ പിടിച്ച് ധൈര്യമായി കയറാം. നടന്നുകയറാൻ ഇത്തിരി ബുദ്ധിമുട്ടുമെങ്കിലും മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കൽകല്ലിന്റെ കാഴ്ചയും അടിവാരത്തെ കാഴ്ചയും കാണണമെങ്കിൽ കഷ്ടപ്പെടണം. അസാധ്യ ഭംഗി തന്നെയാണ്. 

illikkal-kallu-travel1

പച്ചപ്പിന്റെ കടലിനിടയിൽ ഇടയ്ക്ക് പൊട്ടുപോലെ ചെറുപട്ടണങ്ങൾ കാണാം. അതിനിടയിലൂടെ ഞരമ്പുകൾ പോലെ മീനച്ചിലാറിന്റെ കൈവഴികൾ. കോടമഞ്ഞിന്റെ കട്ടിയേറിയ മൂടുപടത്തിൽ ചുറ്റുമുള്ളതൊന്നും  കാണാനാവില്ല.

illikkal-kallu-travel4

എല്ലായിടത്തും വെളുത്ത പുതപ്പണിഞ്ഞ കോടമഞ്ഞാണ്. സദാ സമയവും ഇളംകാറ്റ് വീശും. അങ്ങനെ കോടമഞ്ഞിന്റെ വെള്ളത്തിരശ്ശീല മാറിത്തുടങ്ങും. പച്ച പുതച്ചു നിൽക്കുന്ന കുന്നിനുമുകളിൽ, ആരോ കൊത്തിവച്ച ശിൽപം പോലെ തലയുയർത്തി ഇല്ലിക്കൽ കല്ല്, ആരെയും വശീകരിക്കുന്ന ഭംഗിയാണ്. 

നീലക്കൊടുവേലിയുണ്ടോ?

ഇല്ലിക്കല്‍ കല്ലിനെപ്പറ്റി നിരവധി കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് അവയില്‍ ഒന്ന്. ഈ ചെടി കിട്ടുന്നവര്‍ സമ്പന്നരാകും എന്നൊരു വിശ്വാസമുണ്ട്‌. പഞ്ചപാണ്ഡവരുടെ വനവാസകാലവുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്.

illikkal-kallu-travel5

ഇവിടെ താമസിച്ചിരുന്ന കാലത്ത് ഭീമന്‍ പാഞ്ചാലിയോടു ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ പാഞ്ചാലി ഭക്ഷണം നല്‍കാന്‍ അല്‍പം വൈകിപ്പോയി. ഇതില്‍ കുപിതനായ ഭീമന്‍ വലിയ ഒരു ഉലക്കയെടുത്ത് പുറത്തേക്കെറിഞ്ഞത്രേ. കൂനന്‍ കല്ലിന്‍റെയും കുടക്കല്ലിന്‍റെയും ഇടയിലൂടെ ആ ഉലക്ക ചെന്ന് വീണ സ്ഥലത്ത് ഒരു തോടുണ്ടായി. ‘ഒലക്കപ്പാറ തോട്’ എന്നാണ് ഇതിന്‍റെ പേര്.

ശ്രദ്ധിക്കാം

കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറാതെ നോക്കണം. കാരണം ഇരുവശത്തും കൊക്കയാണ്. അപകടകരമായ വഴികളിലേക്കും ചരിവുകളിലേക്കും സാഹസികത കാണിക്കാൻ ഇറങ്ങിച്ചെല്ലരുത്, നിയമവിരുദ്ധമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്.

illikkal-kallu-travel3
Manu M Nair/shutterstock

സുരക്ഷയ്ക്കായി സ്റ്റീൽ കൈവരികൾ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നൽ സാധ്യത കൂടുതലുള്ള പ്രദേശമാണ് ഇല്ലിക്കൽ കല്ല്. മിന്നലും ഇടിയുമുള്ളപ്പോൾ അവിടേക്കുള്ള യാത്ര അപകടകരമാണ്‌.

എങ്ങനെ എത്താം

കോട്ടയം, പാലാ, ഇൗരാട്ടുപേട്ട, തീക്കോയി വഴി ഇല്ലിക്കൽ കല്ലിലെത്താം. വാഗമണ്ണിൽനിന്ന് തീക്കോയി വഴിയും എറണാകുളത്തുനിന്ന് മേലുകാവ്, മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലു കാണാനെത്താം.

English Summary: Illikkal Kallu the best viewpoint in Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS