മഴ നനയാം, കുന്നു കയറാം... പൊന്മുടി ചന്തത്തിൽ അലിയാം

ponmudi-trip
SHARE

പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലതു കെഎസ്ആർടിസി യാത്രയാണ്. ആനവണ്ടിയുടെ സൈഡ്സീറ്റിൽ നനുത്ത മഴ ആസ്വദിച്ച് യാത്ര. പ്രഭാതദൃശ്യങ്ങൾ ആസ്വദിക്കാനായി പുലർച്ച അഞ്ചരയ്ക്കുള്ള ബസിൽ കയറി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണി‍ഞ്ഞ പൊന്മുടി. നഗരത്തിന്റെ തിരക്കിൽ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോൾ വിതുര ടൗണ്‍. ഇവിടെ നിന്നു വലത്തോട്ടു പോയാൽ പേപ്പാറ ഡാം. 

കിലോമീറ്റർ ചുറ്റളവിൽ പച്ചപ്പിന്റെ കാഴ്ചകളൊരുക്കുന്ന വന്യജീവി സങ്കേതം. വാഴ്‌വന്തോൾ വെള്ളച്ചാട്ടവും അറുമുഖം കുന്നുമെല്ലാം കാഴ്ചയാകുന്ന പേപ്പാറ ഫൊട്ടോഗ്രാഫർമാരുടെ പ്രിയ ലൊക്കേഷനാണ്. സൈക്കിൾ ചവിട്ടി മലകയറുന്ന ചെറുപ്പക്കാരുടെ നിരയാണ് ആദ്യം കണ്ടത്. ഗ്രാമക്കാഴ്ച രസം പകർന്നു. കോഴിക്കോട്ടു നിന്നു പുറപ്പെട്ട് തിരുവനന്തപുരം കടന്ന് പൊന്മുടിയിൽ എത്തുമ്പോൾ പതിവു കാഴ്ചകൾക്കും ഭംഗിയേറിയതായി തോന്നി. ദൃശ്യചാരുതയുടെ വസന്തോത്സവമാണ് ഈ മനോഹരപാത യാത്രക്കാർക്ക് സമ്മാനിക്കുന്നത്. എല്ലാ വശങ്ങളും ഗിരിനിരകളാലും ഹരിതാഭമായ ഇടങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്ന പാത. കുന്നിനു മുകളിലേക്ക് പ്രവേശിച്ചപ്പോൾ കാലാവസ്‌ഥ മാറി. 

Ponmudi

കോടമഞ്ഞും തണുപ്പും. തിരുവനന്തപുരത്തു വേനൽ കനക്കുന്ന സമയത്തു പോലും പൊന്മുടിയിൽ തണുപ്പാണ്. പരസ്പരം കൂട്ടിമുട്ടിയാൽ അറിയാത്തത്രയും മഞ്ഞുമൂടിയ പ്രഭാതത്തിലേക്ക് ഇറങ്ങി. പുൽമേടുകളിലൂടെ നടന്നു. പാതയോരത്ത് നിറങ്ങൾ ചാലിച്ചെഴുതിയ പോലെ കാട്ടുപൂക്കളുടെ നിര. നിറയെ പൂമ്പാറ്റകളുമുണ്ട്. കല്ലാറിലെത്തുമ്പോൾ ദൂരെയായി പൊന്മുടിക്കാഴ്ചകളുടെ പൊൻവെയിൽ കാണാം. റോഡിനു സമാന്തരമായി ഒഴുകുന്ന കല്ലാർ അരുവിയുടെ കൈപിടിച്ചാണു യാത്ര. സഹ്യപർവത നിരകളിലെ ‘ചെനുമഞ്ചി’ൽ നിന്ന് ആരംഭിക്കുന്നുവെന്നു കരുതപ്പെടുന്ന കല്ലാറിൽ നിന്നാണു വാമനപുരം നദിയുടെ തുടക്കം. ഉരുളൻക്കല്ലുകളിൽ തട്ടിച്ചിതറി ഒഴുകുന്ന കല്ലാറിന്റെ താളം മുന്നോട്ടു ചെല്ലുന്നതിനനുസരിച്ചു മുറുകുന്നു. പൊന്മുടിയിലേക്കുള്ള പ്രവേശന കവാടമായ സുവർണ താഴ്‌വര(ഗോൾഡൻ വാലി)യിലാണ് ചെന്നെത്തുന്നത്. 

Ponmudi1

സുരക്ഷാസമിതി പ്രവർത്തകരുടെ അനുവാദത്തോടെ മാത്രമേ ഇനി യാത്ര തുടരാനാവൂ. കുന്നുകയറിച്ചെല്ലുന്നവർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും സമിതി പ്രവർത്തകർ കൃത്യമായി പറഞ്ഞു തരും. കാഴ്ചകൾക്കായി മനസ്സിനെ ഒരുക്കിയെടുക്കാനും വിശ്രമിക്കാനും ഗോൾഡൻ വാലിയിൽ സൗകര്യമുണ്ട്. റോഡിൽ നിന്നു പടവുകളിറങ്ങിച്ചെല്ലുന്നത് കല്ലാറിന്റെ മറ്റൊരു കാഴ്ചയിലേക്കാണ്. കാലം കടഞ്ഞെടുത്ത മിനുസമേറിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറുന്ന അരുവി. മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തിൽ നീരാടാം. മലവെള്ളപ്പാച്ചിൽ കൊണ്ടുവന്ന് അരുവിക്ക് കുറുകെയിട്ട വലിയ മരങ്ങളും ദാഹമകറ്റാനെത്തിയ കുരുവികളും ഗോൾഡൻ വാലിയിലെ കാഴ്ചകൾക്കു മാറ്റു കൂട്ടുന്നു.

കയറിത്തുടങ്ങാം ചുരങ്ങൾ

ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം പൊന്മുടിയിലെത്താൻ. ഓരോ വളവു കഴിയുമ്പോഴും കാടിന്റെ കാഴ്ചകൾക്കു കട്ടിയേറുന്നു. പച്ചപുതച്ചു നിൽക്കുന്ന വൻമരങ്ങൾ. തുള്ളിച്ചിതറിയൊഴുകുന്ന അരുവിയുടെ സംഗീതം. വനത്തിനുള്ളിലൂടെ മറ്റേതോ ലോകത്തേക്കു സഞ്ചരിക്കുന്ന പ്രതീതി. കാടിനു നടുവിലൂടെയുള്ള പാതയിലൂടെ യാത്ര തുടർന്നു. ഇരുവശത്തുമുള്ള മരങ്ങൾ ശിഖരങ്ങൾക്കൊണ്ടു പരസ്പരം കെട്ടി പ്പിടിക്കുന്നു. ഇടയ്ക്കിടെ പച്ചപ്പിന്റെ നിഴൽ തുളച്ചെത്തുന്ന വെളിച്ചത്തിന്റെ ചിത്രപ്പണികൾ. ഒരുവശത്ത് ആഴമേറിയ താഴ്‌വരയും മറുവശത്തു മനോഹരമായ തേയിലത്തോട്ടങ്ങളും. താഴേക്കു നോക്കുമ്പോൾ ഒന്നും കാണാൻ വയ്യ. കോടമഞ്ഞു കാഴ്ചകളെ മറച്ചുപിടിക്കുന്നു.

പൂർണരൂപം വായിക്കാം

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS