ADVERTISEMENT

േകരള ടൂറിസത്തെയും വയനാട് വൈത്തിരിയിലെ ഗ്രാമീണ സൗന്ദര്യത്തെയും പുകഴ്ത്തി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര. വയനാടിലെ എന്‍ ഊര് എന്ന ഗോത്ര പൈതൃക ഗ്രാമത്തിന്റെ വിഡിയോ പങ്കിട്ടായിരുന്നു ആനന്ദ് മഹീന്ദ്രയും ട്വീറ്റ്. ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായാണ് 'എന്‍ ഊര്' എന്ന ഗോത്ര പൈതൃക ഗ്രാമം വയനാട് പൂക്കോട് ഒരുക്കിയിരിക്കുന്നത്.

 

2010ൽ ആണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്.  ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ ആദ്യ പോസ്റ്റിങ് സമയത്ത് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയാണിതെന്നും അന്ന് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയപ്പോൾ അത്യധികം ആവേശഭരിതനായിരുന്നുവെന്നും ഇതിന് ചുക്കാൻ പിടിച്ച കലക്ടർ ബ്രോ എൻ. പ്രശാന്ത് പറയുന്നു. ആദിവാസി തനതു ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന കഫറ്റീരിയ, ആദിവാസി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സ്ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടന്‍ ടൂറിസത്തിന്റെ മുഖശ്രീയായി ഈ ഗ്രാമം ഒരുങ്ങിയത്. മാനന്തവാടി ടീ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ (പ്രിയദര്‍ശിനി) കീഴില്‍ പൂക്കോടുള്ള 25 ഏക്കര്‍ സ്ഥലത്താണു ഗോത്ര പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2022 ജൂണിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായത്. 

 

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഈ മാതൃക ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് പ്രശാന്ത് പറയുന്നു. പദ്ധതിക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഏതാനും ആഴ്‌ചകൾ മാത്രമേ ആയുള്ളൂവെങ്കിലും ഈ ഗ്രാമത്തിലെ ഓരോ കടയിലും പ്രതിദിനം 2,000 രൂപയിൽ കൂടുതൽ വിൽപന നടക്കുന്നു. 80,000 രൂപ വരെ വാരാന്ത്യ വിൽപ്പന റിപ്പോർട്ട് ചെയ്തെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Photo: Arun Varghese
Photo: Arun Varghese

 

Photo: Arun Varghese
Photo: Arun Varghese

വാരാന്ത്യങ്ങളിൽ ഏകദേശം 6,000 സന്ദർശകരെയും പ്രവൃത്തിദിവസങ്ങളിൽ ഏകദേശം 2,000 പേരെയും ഈ ടൂറിസം പദ്ധതി കാണാണെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോത്രവിഭാഗക്കാരുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയുകയും അറിയാത്തവര്‍ക്കു പറഞ്ഞും കാണിച്ചും കൊടുക്കുകയാണു ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം. പൂര്‍ണമായും ഗോത്രവിഭാഗക്കാര്‍ നിയന്ത്രിക്കുന്ന പദ്ധതിയാണിത്. ഹൈദരാബാദിലെ ശില്‍പഗ്രാമം, കൊടുങ്ങല്ലൂരിലെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്, വടകര ഇരിങ്ങല്‍ സര്‍ഗാലയ, ചെന്നൈ ദക്ഷിണച്ചിറ, ഭോപ്പാലിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ, പോണ്ടിച്ചേരിയിലെ ആരോവില്ലെ തുടങ്ങിയവ ഇതിനു സമാനമായ പദ്ധതികളാണ്.

 

ആദിവാസി ഗ്രാമം തന്നെ എന്‍ ഊരില്‍ പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം. വയനാടന്‍ ടൂറിസത്തിന്റെ കവാടമായി ഇതു മാറും. ആദ്യഘട്ടത്തില്‍ ട്രൈബല്‍ മാര്‍ക്കറ്റ്, ഗോത്ര ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയാണു പൂര്‍ത്തിയാക്കിയത്. ഗോത്ര കുടിലുകള്‍, ശുചിമുറി കെട്ടിടം, ആര്‍ട് മ്യൂസിയം, ആംഫി തിയറ്റര്‍, കലാകേന്ദ്രങ്ങള്‍, ആദിവാസി കരകൗശല ഉല്‍പന്നങ്ങള്‍, വനഉല്‍പന്നങ്ങള്‍, മുള കരകൗശല വസ്തുക്കള്‍, പച്ച മരുന്നുകള്‍, ആദിവാസി പരമ്പരാഗത ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, കളിമണ്ണു കൊണ്ടുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്ക് തുടങ്ങിയവയാണു  പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്. 

 

ഗ്രാമം വരുന്നതോടെ ആദിവാസി ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയും കലാകാരന്മാര്‍ക്ക് വരുമാനവും ലഭിക്കും. ഭക്ഷ്യസംസ്‌കരണം, പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കല്‍, ജൈവ കൃഷി തുടങ്ങിയ മേഖലയില്‍ മികച്ച പരിശീലനം എന്നിവ നല്‍കാന്‍ കഴിയും. പദ്ധതി വരുന്നതോടെ ഒട്ടേറെപ്പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. ‘എന്‍ ഊര്’ എന്ന ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

 

എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍. സബ് കലക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷന്‍. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ 13 ഊരുമൂപ്പന്മാര്‍ അംഗങ്ങളും. പദ്ധതി യാഥാര്‍ഥ്യമായതോടെ ജില്ലാ കവാടമായ ലക്കിടിയുടെ മുഖഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണുള്ളത്.

 

English Summary: Anand Mahindra share a video of En Ooru, Kerala’s first tribal village hamlet that aims to integrate the local population in the state’s booming tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com