ADVERTISEMENT

പാലങ്ങൾകൊണ്ടു കവാടം തീർത്തു കോടിമതയും നാഗമ്പടവും കഞ്ഞിക്കുഴിയും താഴത്തങ്ങാടിയും അതിരുകൾ കാക്കുന്ന കൊച്ചു വലിയ നഗരം. കേരളത്തിലെ ആദ്യത്തെ കോളേജിന്റെയും അച്ചടിശാലകളുടെയും പാരമ്പര്യത്തിന്റെ കഥ പറയുന്ന അക്ഷരനഗരി. വഴിയോരങ്ങളിലിരുന്നു സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കച്ചവടക്കാരോടു നിങ്ങളിതൊക്കെ വായിക്കാറുണ്ടോ എന്നു ചോദിച്ചാൽ മലയാളം പുസ്‌തകങ്ങള്‍ വിൽക്കാൻ വയ്ക്കാതെ വീട്ടിൽ കൊണ്ടുപോയി വായിക്കും എന്നാണ് മറുപടി. ഒരുപാട് ഇംഗ്ലീഷ് പുസ്‌തകങ്ങളുടെ മലയാളം പരിഭാഷയും വായിക്കാറുണ്ടത്രെ. അക്ഷരം കൂട്ടിവായിക്കാൻ അറിയുന്ന എല്ലാവരും ഈ നഗരത്തിൽ വായിച്ചുവളരുന്നവരാണ്, വളർന്നുകൊണ്ടിരിക്കുന്നവരാണ്. 

vagamon-elappara

കോട്ടയംകാരുടെ മക്കളെല്ലാം വിദേശത്തു പഠിക്കാൻ പറക്കുന്നവരാണെന്ന പൊതുധാരണ നിലനിൽക്കെ തന്നെ കോട്ടയത്തിനു പുറത്തുള്ള ആൾക്കാർ കച്ചവടം, പഠനം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി ഇങ്ങോട്ടു ചേക്കേറാറുണ്ട്. മിക്ക കടകളും നേരമിരുട്ടി തുടങ്ങുമ്പോഴേക്കും അടക്കുന്നതുകാരണം നേരത്തേ കൂട്ടിൽ കയറുന്നവരാണ് കോട്ടയംകാർ. അതുപോലെ കോട്ടയം എന്നു കേൾക്കുമ്പോഴേ അച്ചായന്മാരെന്ന് ആളുകൾ ഓർക്കുന്നിടത്താണ് തിരുനക്കര അമ്പലവും താഴത്തങ്ങാടി ജുമാ മസ്‌ജിദും തലയുയർത്തി നിൽക്കുന്നതെന്നതും നല്ലൊരു കാഴ്‌ചയാണ്.

vagamon-mist-jpeg

കുത്തനെയുള്ള ഇറക്കങ്ങളിലൂടെ ഇലക്ട്രിക് ഓട്ടോകള്‍ ശബ്‌ദമുണ്ടാക്കാതെ പോകുമ്പോൾ സാധാ ഓട്ടോറിക്‌ഷകൾ വണ്ടി സ്‌റ്റാർട്ട് ചെയ്യാതെ ഇറങ്ങിപ്പോകുന്ന പ്രതീതിയാണ്. കോട്ടയത്തെ ഓട്ടോയാത്രകള്‍ക്കും ഒരു പ്രത്യേകതയുണ്ട്. മിനിമം ചാർജ് 30 രൂപയാണെങ്കിലും ഓട്ടോ ചേട്ടന്മാർ 40, 50 രൂപയൊക്കെ വാങ്ങും. അതെന്താണെന്നു ചോദിച്ചാൽ ഈ കുഞ്ഞുനഗരത്തിൽ എല്ലാം അടുത്തടുത്തായതുകൊണ്ടും കൂടുതൽ വൺവേകളായതുകൊണ്ടും തിരിച്ച് ഓട്ടം കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് മറുപടി.

മലരിക്കലിൽ പൂവിട്ടു തുടങ്ങിയ ആമ്പൽ വസന്തം.    ചിത്രം: വിഷ്ണു സനൽ∙ മനോരമ
മലരിക്കലിൽ പൂവിട്ടു തുടങ്ങിയ ആമ്പൽ വസന്തം. ചിത്രം: വിഷ്ണു സനൽ∙ മനോരമ

ഒന്നു കണ്ണോടിച്ചാൽ ഈ കൊച്ചുനഗരത്തിന്റെ വലിയ ഭംഗി നിങ്ങൾക്കും കാണാൻ സാധിക്കും. കോട്ടയത്തിനകത്തും അടുത്തും ഉള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Kumarakom-Resort-1248

കോട്ടയം ടു കുമരകം

ബേക്കർ ജംഗ്ഷനിൽനിന്നു പതിനാലു കിലോമീറ്റർ, അതായത് സാധാരണ ട്രാഫിക്കിൽ ഒരു അരമണിക്കൂർ ദൂരത്താണു കായലോരങ്ങളാൽ പേരുകേട്ട കുമരകം. വേമ്പനാട്ട് കായലിന്റെ തീരത്തുള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ആലപ്പുഴ മാത്രമല്ല കുമരകവും ഹൗസ് ബോട്ടുകളാലും മത്സ്യവിഭവങ്ങളാലും അന്തിക്കള്ളിനാലും പ്രശസ്തമാണ്. ഹൗസ് ബോട്ടുകളിലോ പുഴയോര റിസോർട്ടുകളിലോ താമസിച്ച് മനോഹര കാഴ്‌ചകൾ ആസ്വദിക്കാം. ഭക്ഷണവും പ്രകൃതിയുമെല്ലാം ചേർന്ന് ഒരു കിടിലൻ അനുഭവത്തിനു നേരേ വിട്ടോളൂ കുമരകത്തേക്ക്.

vagamon

കുട്ടിക്കാനവും വാഗമണ്ണും

കോട്ടയത്തുനിന്ന് ഏകദേശം രണ്ടേകാൽ മണിക്കൂർ യാത്രയാണ് ഈ രണ്ടു സ്ഥലങ്ങളിലേക്ക് ഉള്ളത്. കുട്ടിക്കാനത്തേക്ക് പാമ്പാടി – കാഞ്ഞിരപ്പള്ളി – മുണ്ടക്കയം – പെരുവന്താനം വഴിയും വാഗമണ്ണിലേക്ക് ഏറ്റുമാനൂർ – പാലാ – ഈരാറ്റുപേട്ട വഴിയും എത്താം.

വെള്ളച്ചാട്ടങ്ങളും ഹിൽ‌സ്‌റ്റേഷനുകളും അമ്മച്ചിക്കൊട്ടാരവും തുടങ്ങി എല്ലാതരം സഞ്ചാരികളെയും ആകർഷിക്കുന്ന ഇടങ്ങൾ കുട്ടിക്കാനത്തുണ്ട്. അതുപോലെ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന വാഗമൺ യാത്രാപ്രേമികൾക്കു കാത്തുവച്ചിരിക്കുന്നത് തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നും പൈന്‍മരങ്ങളുമൊക്കെയാണ്.

തീർഥാടനകേന്ദ്രങ്ങൾ

തീർഥാടകർക്കു സന്ദർശിക്കാൻ പറ്റിയ ഒരുപാട് ചരിത്രപ്രധാനവും മഹത്തായതുമായ സ്ഥലങ്ങളും കോട്ടയത്തിനകത്തും അടുത്തും ഉണ്ട്. തിരുനക്കര മഹാദേവർ ക്ഷേത്രത്തിന് 500 വർഷത്തെ പഴക്കത്തിന്റെ കഥ പറയാനുണ്ട്. ഇവിടുത്തെ ശിവവിഗ്രഹം സ്ഥാപിച്ചത് പരശുരാമനാണെന്നും കഥകളുണ്ട്. തിരുനക്കര പൂരം വളരെ പ്രധാനമാണ് കോട്ടയംകാർക്ക്.

thazhathangady-juma-masjid2

മീനച്ചിലാറിന്റെ തീരത്തുള്ള, കേരളത്തിലെ പഴക്കം ചെന്ന പള്ളികളിലൊന്നായ താഴത്തങ്ങാടി ജുമാ മസ്‌ജിദും ഇത്തരത്തില്‍ പ്രാധാന്യമുള്ള തീർഥാടനകേന്ദ്രമാണ്. കേരളീയശൈലിയിൽ മരം ഉപയോഗിച്ചുള്ള പഴയകെട്ടിടവും താഴത്തങ്ങാടിയുടെ പ്രത്യേകതയാണ്. പാലായ്ക്കടുത്തുള്ള ഭരണങ്ങാനവും സന്ദർശകരുടെയും വിശ്വാസികളുടെയും ഇഷ്ട ഇടമാണ്.

illikalkallu

പാലാ വഴി വാഗമൺ പോകുന്നവർക്ക് സന്ദർശിക്കാൻ എളുപ്പമാണ് ഇവിടം. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് നാനാദിക്കിൽനിന്നുമാണ് വിശ്വാസികൾ എത്തുന്നത്. ഏറ്റുമാനൂർ ക്ഷേത്രവും പ്രസിദ്ധമാണ്. മണർകാട് പള്ളിയും വാവരുപള്ളിയുമെല്ലാം കോട്ടയത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. 

അകത്തും അടുത്തും

യാത്രാ വ്ളോഗുകാർ പ്രശസ്‌തമാക്കിയ ഇല്ലിക്കൽകല്ലും അനവധി വെള്ളച്ചാട്ടങ്ങളും മാൻഗോ മെഡോസ് പാർക്കും നാലുമണിക്കാറ്റുമെല്ലാം കോട്ടയത്തിന്റെ കാഴ്‌ചകളാണ്. സിനിമയിലൂടെ കൂടുതൽ ആളുകൾ അറിഞ്ഞ, അല്ലെങ്കിൽ ആദ്യമായി കേൾക്കുന്ന ഇലവീഴാപൂഞ്ചിറ എന്ന സ്ഥലം കോട്ടയത്താണ്.

ആമ്പലുകൾ പൂക്കുന്ന മലരിക്കലും കലയെ ആഘോഷിക്കുന്ന മ്യൂസിയങ്ങളുമെല്ലാം ഇവിടെ കാണാം. സ്വാതി തിരുനാൾ മഹാരാജാവ് പണി കഴിപ്പിച്ച അതിപുരാതനമായ സൂര്യകാലടിമന മീനച്ചിലാറിന്റെ വടക്കേതീരത്തുള്ള മറ്റൊരു വിസ്‌മയ കാഴ‌്ചയാണ്. കായലോരങ്ങൾക്കും റബറിനും പേരുകേട്ട കോട്ടയത്ത് കാണാനും അറിയാനും സ്ഥലങ്ങൾ ഏറെയാണ്.

English Summary: Places to visit in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com