‘മൊഞ്ചു’മല; കാറ്റും മഞ്ഞും കെട്ടിപ്പിടിച്ച് ഊഞ്ഞാലാടുന്ന മഞ്ചുമലയിലേക്ക്

Manjumala6
സത്രം എയർ സ്‌‌ട്രിപ്. ചിത്രം ജിമ്മി കമ്പല്ലൂർ
SHARE

ഒരു വഴി തീർന്നുവെന്ന് നമ്മൾ കരുതുമ്പോൾ അവിടെ പുതിയൊരു വഴി തുടങ്ങും എന്നാണല്ലോ പ്രമാണം. ഇവിടെ പക്ഷേ, അങ്ങനെയൊരു വഴി ഉണ്ടായിരുന്നില്ല! വന്ന വഴിക്കു തന്നെ തിരിച്ചു പോകണം. അതിനു വണ്ടി വട്ടം തിരിക്കണം. വഴിക്കു വീതി കുറവ്. ഒരു വശത്ത് കോൾഡ് സ്റ്റാർട്ടിന് ഏതെങ്കിലും യുട്യൂബന്മാർ വരണേയെന്നു പ്രാർഥിച്ചു കിടക്കുന്ന, പതിറ്റാണ്ടു പഴക്കമുള്ളൊരു മിനിലോറി. മറുവശത്ത് റോഡിന്റെ ഒത്ത നടുക്കു പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഇറങ്ങിപ്പോയതിന്റെ പേരിൽ അനാഥമായൊരു മഹീന്ദ്ര പിക്കപ്.

വഴിയരികിൽ ചെത്തിമിനുക്കിയിട്ടിരിക്കുന്ന ഈട്ടിത്തടികൾ. അതിന്റെ ചീളുകൾ കുട്ടയിലാക്കി വണ്ടിയുടെ പ്ലാറ്റ്ഫോമിലേക്ക് അപ്പുറത്തുനിന്നാരോ കുടഞ്ഞിടുന്നു.

Manjumala3
കണയങ്കവയലിൽ

ഹലോ, വണ്ടി മുന്നോട്ടു പോകില്ലേ?

പോകും, പക്ഷേ, 10 മിനിറ്റ് നിക്കണം. ഡ്രൈവർ സ്ഥലത്തില്ല– പിക്കപ്പിന്റെ മറുവശത്തുനിന്നൊരു മുതിർന്ന സ്ത്രീ ശബ്ദം. ആളെ കാണാനില്ല.

ഈ വഴി എങ്ങോട്ടാണ്?

കുറച്ചു കൂടി മുന്നോട്ടു പോകും. പിന്നെ തീരും! – മറുപടിക്ക് ഈട്ടിത്തടിയുടെ കാതലിനെക്കാൾ കടുപ്പം.

അപ്പുറം കാട് ആണോ?

കാടാണ്. കാടിനു നടുക്കുകൂടി മുണ്ടക്കയത്തേക്ക് ഒരു വഴിയുണ്ടായിരുന്നു. ഉരുളു പൊട്ടി ആ വഴി നാശമായി. ഇപ്പോൾ ആരും അങ്ങനെ പോകാറില്ല!

Manjumala7
സത്രം വ്യൂപോയിന്റിന്റെ കവാടം

‌അപ്പോൾ ഉറപ്പായി. തിരിച്ചുപോയേ പറ്റൂ. കുത്തനെയുള്ള ഇറക്കമാണ്. വഴിയെക്കാൾ കുഴികളാണു കൂടുതൽ. വഴിക്കു കഷ്ടിച്ചു 12 അടി വീതി. ഒരു വശം കൊക്ക. മറുവശം പാറക്കൂട്ടം. രണ്ടും കൽപിച്ച് വണ്ടി സ്റ്റാർട്ടാക്കി, റിവേഴ്സ് ഗിയറിട്ടു. സ്ക്രീനിലെ കാഴ്ച കണ്ടു ഞെട്ടിപ്പോയി. പാറക്കൂട്ടത്തിനു മുകളിൽനിന്ന് ആരോ പിടിച്ച ക്യാമറയിലെന്നപോലെ വണ്ടിയുടെ ആകാശദൃശ്യം. ഒപ്പം 4 വശത്തെ കാഴ്ചകളും. ഈ 360 ഡിഗ്രി ക്യാമറ എന്നൊക്കെ പറയുമെങ്കിലും ഇതിങ്ങനെയൊരു സംഭവമാണെന്നു മനസ്സിലായത് ഇപ്പോഴാണ്!

ഇനി പറയാം (ഇതുവരെ മന:പൂർവം പറയാതിരുന്നതാണ്)– ബ്രെസ്സയാണു വണ്ടി. 

വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ബ്രെസ്സ. വണ്ടിയുടെ ലുക്കും വർക്കുമെല്ലാം ഒന്നിനൊന്നു മെച്ചം എന്നു പറയും മുൻപേ, ഡ്രൈവിങ് സീറ്റിലിരിക്കുന്ന ആരെയും ആദ്യമൊന്ന് അമ്പരപ്പിക്കുന്ന ഈ 360 ഡിഗ്രി ക്യാമറ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. മുൻപൊക്കെ ആഡംബര വാഹനങ്ങളിൽ മാത്രമുണ്ടായിരുന്ന ഒന്നാണിത്. നെക്സയുടെ ബലേനോയിലാണ് സുസുക്കി ആദ്യം 360 ഡിഗ്രി ക്യാമറ ഘടിപ്പിച്ചത്. അതു ഹിറ്റായതോടെ ബ്രെസ്സയുടെ ടോപ് വേരിയന്റിലേക്കും ക്യാമറ വന്നു. വാഹനത്തിന്റെ 4 കോണുകളിലായി ഘടിപ്പിച്ച ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ടാണ് 360 ഡിഗ്രി വ്യൂ സ്ക്രീനിൽ ലഭ്യമാക്കുന്നത്. വണ്ടിയുടെ മുകളിൽ ആകാശത്തുനിന്ന് എടുത്ത പോലെയുള്ള വ്യൂ ആണിതിൽ ശ്രദ്ധേയം.

ഇടുക്കി ജില്ലയിലെ പാഞ്ചാലിമേടും കഴിഞ്ഞ് കണയങ്കവയൽ എന്ന ചെറിയ ഗ്രാമവും പിന്നിട്ട് കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ വീതിയുള്ള കൊയിനാട് എന്ന സ്ഥലത്താണിപ്പോൾ ബ്രെസ്സ കിടക്കുന്നത്. കൊയിനാട് ബോർഡ് വച്ചൊരു കെഎസ്ആർടിസി പോകുന്നതു കണ്ടു പിന്നാലെ വച്ചു പിടിപ്പിച്ചതാണ്. ഇടയ്ക്കു പടമെടുക്കാൻ ഒന്നുരണ്ടിടത്തു നിർത്തി. അപ്പോഴേക്കും ‘കെഎസ്ആർടിസി പോയല്ലോ, ഇതുവഴിയൊക്കെ ഇനി ആരു വരാൻ’ എന്നോർത്ത് ആരോ റോഡിനു നടുക്കു പാർക്ക്ചെയ്തിട്ടു പോയതാണു പിക്കപ്.

360 ഡിഗ്രി ക്യാമറയുടെ മികവിൽ ‘പുഷ്പം പോലെ’ ബ്രെസ്സ റോഡിൽ വട്ടം തിരി‍ഞ്ഞു. സംഗതി ശുഭം!

പാഞ്ചാലിമേടും കടന്ന്

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മാരുതി സുസുകിയുടെ ദീർഘകാല നിക്ഷേപമാണല്ലോ ബ്രെസ്സ. പേരിനൊപ്പമുണ്ടായിരുന്ന വിറ്റാര എന്നതു മറ്റൊരു കിടിലൻ വണ്ടിക്കു കൈമാറി ബ്രെസ്സ മാത്രമായി പുനർജനിച്ചപ്പോൾ മാറ്റങ്ങൾ ഒട്ടേറെ. അകത്തും പുറത്തും കരുത്തിലും മികവിലും വന്ന മാറ്റങ്ങൾ വിലയിരുത്താനൊരു ‘ഓൾ ടെറെയ്ൻ’ ട്രാവലോഗ് ആണ് ഇത്തവണ ഫാസ്റ്റ് ട്രാക്ക് പ്ലാൻ ചെയ്തത്. കോട്ടയത്തുനിന്ന് അതിരാവിലെ തുടങ്ങിയ യാത്ര മുണ്ടക്കയവും പെരുവന്താനവും പിന്നിട്ട് മുറിഞ്ഞപുഴയിൽനിന്ന് അകത്തേക്കുള്ള വഴിയിൽ പാഞ്ചാലിമേടും കടന്നാണ് കൊയിനാട് വരെയെത്തിയത്. സാധാരണ വിനോദസഞ്ചാരികൾ പഞ്ചാലിമേട്ടിലെ കാറ്റും മഞ്ഞും കൊണ്ട് മടങ്ങിപ്പോകാറാണല്ലോ പതിവ്. അവിടെനിന്നു മുന്നോട്ടുപോയാൽ എന്തുണ്ട് കാഴ്ചകൾ എന്നറിയാനാണു ബ്രെസ്സ ഇക്കണ്ട വഴിയെല്ലാം താണ്ടിയത്.

Manjumala4
പാഞ്ചാലിമേടിന്റെ കവാടം

മഹാഭാരതത്തിലെ പാഞ്ചാലിയും പഞ്ചപാണ്ഡവരും വനവാസകാലത്ത് സന്ദർശിച്ചു എന്ന ഐതിഹ്യമുള്ള സ്ഥലമാണു പാഞ്ചാലിമേട്. കാറ്റും മഞ്ഞും കെട്ടിപ്പിടിച്ച് ഊഞ്ഞാലാടുന്ന മൊട്ടക്കുന്നുകൾക്കു സമീപം കുരിശുമലയും കുപ്പക്കയം വള്ളിയാംകാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഭുവനേശ്വരി ക്ഷേത്രവുമുണ്ട്. പാഞ്ചാലിമേട്ടിൽനിന്ന് കണയങ്കവയലിലേക്കുള്ള വഴിയേ മുന്നോട്ടു പോയി.അതിരാവിലെ കോടമഞ്ഞ് നടക്കാനിറങ്ങുന്ന സ്ഥലം. വഴിയരികിലെ വീടുകളുടെ അടുക്കളയിൽ

നിന്നുയരുന്ന പുകയും കോടമഞ്ഞും തമ്മി‍ൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കണയങ്കവയൽ എത്തും മുൻപു വരെയുള്ള വഴികളുടെ ഇരുവശവും ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ട്. കണയങ്കവയലിൽ 2 ചായക്കടകളും മറ്റു കടകളുമുണ്ട്. നാടൻ രുചിയിൽ ബ്രേക് ഫാസ്റ്റ് കഴിക്കാൻ പറ്റിയ ആംബിയൻസുള്ള സ്ഥലം!

Manjumala5

പരുന്തുംപാറയ്ക്കപ്പുറം

പാഞ്ചാലിമേട്ടിൽനിന്ന് തിരികെ മുറിഞ്ഞപുഴയിലെത്തി യാത്ര തുടർന്നു. കുട്ടിക്കാനവും പീരുമേടും കഴിഞ്ഞ്, പരുന്തുംപാറയ്ക്കുള്ള തിരിവിൽ സ്കൂൾ കുട്ടികളുടെ നീണ്ട പട. അതിലാരോ ഒരു വാഹനപ്രേമിക്കൊച്ചൻ സംഗതി തിരിച്ചറിഞ്ഞു.

ദേണ്ടെടാ, പുത്തൻ ബ്രെസ്സ!

പിന്നെ കേട്ടതൊരു ആരവമായിരുന്നു. കെട്ടിപ്പിടിക്കാൻ വന്നവരെ വിനയപൂർവം വെട്ടിയൊഴിഞ്ഞ്, ഇടംതോൾ മെല്ലെച്ചെരിച്ച് മുന്നോട്ടു നടക്കുന്ന മെഗാസ്റ്റാർ ലാലേട്ടനെപ്പോലെ, വലത്തേക്കുള്ള ഇൻഡിക്കേറ്ററിട്ടു ബ്രെസ്സ വളവു തിരിഞ്ഞു.

പരുന്തുംപാറ എന്നു പേരു വൈറലാകും മുൻപു ഡെത്ത് വാലി എന്നായിരുന്നു ഈ പ്രദേശത്തിന്റ പേര്. വികസനവും കയ്യേറ്റവും മത്സരിച്ച് കുതിച്ചപ്പോഴുണ്ടായ ഇപ്പോഴത്തെ പരുന്തുംപാറയ്ക്കു ഡെത്ത് വാലി എന്ന പേരു ചേരില്ല. അതുകൊണ്ടാവും പിഡബ്ല്യുഡിക്കാരുടെ മൈൽക്കുറ്റിയിൽനിന്നെല്ലാം ആരോ മന:പൂർവം ആ പേരു മായിച്ചു കളഞ്ഞിരിക്കുന്നു.

പരുന്തുംപാറ എന്ന സ്ഥലപ്പേരിനു കാരണമായ പാറക്കൂട്ടത്തിലേക്ക് ബ്രെസ്സ ടാർ റോഡിൽനിന്നു നേരിട്ട് ഓടിച്ചുകയറ്റി. ഒരു കുലുക്കവുമില്ലാതെ, ടാർ റോഡ് അല്ലെന്നു പരിഭവം പറയാതെ വണ്ടി നേരെ കയറി. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ പാറക്കൂട്ടത്തിനു മുകളിൽ തലയെടുപ്പോടെ നിൽക്കാൻ പറ്റുന്നിടം വരെ വണ്ടി കയറ്റാനായി. ഫൊട്ടോഗ്രഫർ ജിമ്മിക്കു ക്ലിക് ചെയ്യാൻ പാകത്തിനു തിരിഞ്ഞും ചെരിഞ്ഞും തലയുയർത്തിയും താഴ്ത്തിയും അനേകം പോസുകൾ. ടാർ വഴിയും കുഴിയും കയറ്റവും കഴിഞ്ഞ് ഇപ്പോൾ ബ്രെസ്സ നിൽക്കുന്നതു പരുന്തുംപാറയിലെ കൂറ്റൻ പാറപ്പുറത്താണ്!

കാറ്റു കുറവുണ്ട് രാവിലെ പരുന്തുംപാറയിൽ. സഞ്ചാരികളുമില്ല. എങ്കിലും ചായക്കട നടത്തുന്ന രാജൻ രാവിലെ തന്നെ ഉഷാറാണ്. ബ്രിട്ടിഷുകാരുടെ കാലത്തു തമിഴ്നാട്ടിൽനിന്നു തേയിലക്കൃഷിക്കു വണ്ടിപ്പെരിയാറിലെത്തിയവരാണ് രാജന്റെ പൂർവികർ. 2 പെൺമക്കളെയും രാജൻ നല്ല നിലയിൽ പഠിപ്പിച്ചു. തിരുപ്പൂരിൽ തുന്നൽ ജോലിയായിരുന്നു. അതു നിർത്തി നാട്ടിലെത്തി. ഇവിടെ സ്വന്തമായി തുന്നൽക്കടയുണ്ട്. കൂടെ ഈ ചായക്കടയും.

പരുന്തുംപാറ – സത്രം റൂട്ടിലെ കാഴ്ച

ഇനിയൽപം റിലാക്സ് ചെയ്യണം. അതിനു പരുന്തുംപാറയിലെ ഈ കാറ്റാണ് ബെസ്റ്റ് – രാജൻ ചിരിച്ചുകൊണ്ട് ഒരു ചായയെടുത്തുതന്നു.

മു‍ൻപ് പരുന്തുംപാറയിൽ ബവ്‌റിജസ് ഔട്‌ലെറ്റ് ഉണ്ടായിരുന്നു. കാറ്റിൽപ്പോലും ലഹരി നിറഞ്ഞ കാലം. അക്കാലത്ത് രാവിലെ മുതൽ വൈകിട്ടു വരെ ഒരേ തിരക്കായിരുന്നു. ഔട്ട്‌ലെറ്റ് പൂട്ടിയതോടെ ആളു കുറഞ്ഞു. കച്ചവടത്തിന്റെ കാറ്റുപോയി!

ഇനി അൽപം ഓഫ് റോഡാകാം!

സഞ്ചാരികൾ യാത്ര അവസാനിപ്പിക്കുന്ന പരുന്തുംപാറയിൽനിന്നു വീണ്ടും മുന്നോട്ട്. ചെറിയ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും ബോർഡുകൾ പിന്നിട്ട് ഒരു തേയിലത്തോട്ടത്തിനു നടുവിലൂടെയുള്ള വഴി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു ജംക്‌ഷനിലെത്തി. സത്രം ജംക്‌ഷൻ എന്ന ബോർഡുണ്ട്. വഴി രണ്ടായി തിരിയുന്നു. 2 വഴിക്കുപോയാലും സത്രത്തിലെത്താം. ഏതു വഴി പോകണമെന്ന് ആലോചിച്ചു നിൽക്കെയാണ് പ്രായം എഴുപതു പിന്നിട്ട ഒരാൾ അടുത്തേക്കു വന്നത്.

പേര് ആൻഡ്രൂസ്. പരുന്തുംപാറയ്ക്ക് അടുത്തുള്ള താമസക്കാരനാണ്. ഭാര്യ അന്നയും കൂടെയുണ്ട്. അ‍ഞ്ചു കിലോമീറ്ററോളം നടന്നാണ് ഇവിടെ വരെ എത്തിയത്. അരണക്കല്ലിലെ അക്ഷയ സെന്ററിൽ പോകണം. ഇനി നടക്കാൻ വയ്യ. വല്ല വണ്ടിയും വരുമെന്നു കരുതി കാത്തുനിൽക്കുകയായിരുന്നു. കൂടെപ്പോരട്ടേ എന്നായി ആൻഡ്രൂസ്.

അപരിചിതമായ നാട്ടുവഴിയിൽ, അന്നാട്ടുകാരായ 2 വയോധികരെ കണ്ടുമുട്ടിയതിനു ദൈവത്തിനു നന്ദി പറ‍ഞ്ഞു. അതുവരെ കാലിയായിക്കിടന്ന ബ്രെസ്സയുടെ പിൻസീറ്റിലേക്ക് അവർ 2 പേരും കയറി. അരണക്കൽ എസ്റ്റേറ്റിനു നടുവിലൂടെയുള്ള വഴിയേ പോകാമെന്ന് ആൻഡ്രൂസ്. രണ്ടു വഴിയും മോശമാണ്, അതിൽ ഭേദപ്പെട്ട വഴിയാണത്രേ അത്.

100 മീറ്റർ മുന്നോട്ടു പോയില്ല, കാലാവസ്ഥ ആകെ മാറി. അതുവരെ കണ്ട കാഴ്ചകളിൽനിന്നെല്ലാം വ്യത്യസ്തമായ ലോകം. കാണാൻ അഴകുള്ള തേയിലത്തോട്ടം. ടാറില്ലാത്ത വഴി. ഇടയ്ക്ക് ഇടത്തരം കുഴികൾ. തേയിലകൊളുന്ത് എടുക്കാൻ വരുന്ന ലോറികൾ മാത്രം ഓടുന്ന വഴിയിലൂടെയാണ് യാത്ര. അകത്തിരിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കാൻ മിടുക്കുള്ള സസ്പെൻഷൻ. 

ഇടയ്ക്കു പലയിടത്തും വണ്ടി നിർത്തി. ഓരോ ലൊക്കേഷനിലും ഫൊട്ടോഗ്രഫർക്ക് ആവേശം കൂടുകയാണ്. ചുവപ്പുനിറമുള്ള ബ്രെസ്സയും പച്ചനിറത്തിലുള്ള തേയിലത്തോട്ടവും ചേരുമ്പോൾ പ്രകൃതിയുടെ മിശ്രണം എന്നല്ലാതെ എന്തു പറയാൻ!

സത്രം, എയർ സ്ട്രിപ്

ശബരിമലയിലേക്കുള്ള കാനനപാത തുടങ്ങുന്ന സ്ഥലമാണ് സത്രം. അവിടെനിന്ന് വനത്തിലൂടെ കാൽനടയായി ശബരിമലയിലേക്കു പോകുന്ന അയ്യപ്പഭക്തർ ഒട്ടേറെയുണ്ട്. വണ്ടിപ്പെരിയാറിൽനിന്ന് സത്രം വരെ പോകുന്ന ടാർ റോഡിലേക്കാണ്, പരുന്തുംപാറയിൽനിന്നുള്ള ഈ വഴി ചെന്നെത്തുക.

അധികം ടൂറിസ്റ്റുകളും സഞ്ചരിക്കാത്ത വഴി. അത്യപൂർവ സുന്ദരമായ കാഴ്ചകൾ. അരണക്കൽ ജംക്‌ഷനിൽ ആൻഡ്രൂസൂം അന്നയും ഇറങ്ങി. സത്രം വരെയെത്തുന്നിടത്തു വഴി തീരും. അതിനു മു‍ൻപൊരു ജംക്‌ഷനുണ്ട്. അവിടെനിന്നാണ് സൂയിസൈഡ് പോയിന്റിലേക്കു തിരിയുന്നത്. 

വഴിയിലെ തൊഴിലാളി സത്രങ്ങൾ കാഴ്ചയ്ക്കു ഹരം പകരും. ബ്രിട്ടിഷുകാരുടെ മാതൃകയിലുള്ള ഡ്രസ് കോഡിലാണ് ഇപ്പോഴും നാട്ടുകാരായ തേയിലത്തോട്ടം മാനേജർമാർ ഡ്യൂട്ടിക്കിറങ്ങുക. തലയിലൊരു തൊപ്പി, കയ്യിലൊരു വടി. നിക്കറും ടീഷർട്ടുമാണ് വേഷം. ഷൂസിനൊപ്പം ഉപയോഗിക്കുന്നതു മുട്ടുവരെ വലിച്ചു കയറ്റി വയ്ക്കാവുന്ന സോക്സ്. ബ്രിട്ടിഷുകാർ നാടുവിട്ടിട്ടും ആചാരങ്ങളും വേഷവിധാനങ്ങളും നാട്ടിൽത്തന്നെ കറങ്ങിനിൽക്കുകയണല്ലോ!

തേക്കടിയിൽനിന്നുള്ള ടൂറിസ്റ്റുകളെയുമായി ട്രിപ്പു ജീപ്പുകാരുടെ സ്ഥിരം സഞ്ചാരപാതയാണ് ഇത്. ബ്രെസ്സ സൂയിസൈഡ് പോയിന്റിലേക്കു പോയില്ല, പകരം ഇടത്തേക്കു തിരി‍ഞ്ഞു. മഞ്ചുമലയെന്നും മഞ്ഞുമലയെന്നും വിളിക്കുന്ന പ്രദേശത്താണു യാത്ര. കഴിഞ്ഞ പതിറ്റാണ്ടിൽ എന്നോ ഒരിക്കൽ ടാർ പുരണ്ടതിന്റെ അവശിഷ്ടങ്ങൾ ബാക്കിയായ വഴി. എൻസിസി കെഡറ്റുകൾക്കു പരിശീലനപ്പറക്കലിനു സൗകര്യമൊരുക്കാൻ നിർമിച്ച സത്രം എയർ സ്ട്രിപ്പിലേക്കാണത്. ട്രിപ്പു ജീപ്പുകൾ മാത്രമോടി തേഞ്ഞുതീർന്ന റോഡ്! ആ വഴിയിലും ബ്രെസ്സയ്ക്കു കുലുക്കമില്ല!

4 കിലോമീറ്റർ സഞ്ചരിച്ചാൽ എയർ സ്ട്രിപ്പിന്റെ അടുക്കലെത്താം. 650 മീറ്റർ നീളമുള്ള റൺവേയ്ക്കു ചുറ്റിനും ഹിമാലയത്തെ ഓർമിപ്പിക്കുന്ന പർവത ശൃംഗങ്ങൾ തലയുയർത്തി നിൽക്കുന്നു. പച്ചയടിച്ച മൊട്ടത്തല പോലെ തോന്നും അവ കണ്ടാൽ.

ലോകത്ത് വിമാനമിറങ്ങാൻ ഏറ്റവും ക്ലേശകരമായ എയർപോർട്ടുകളിലൊന്നായി അറിയപ്പെടുന്ന ഭൂട്ടാനിലെ പാരോ എയർപോർട്ടിനെ  ഓർമിപ്പിക്കുന്നു സത്രം എയർ സ്ട്രിപ്. റൺവേയിൽ വിമാനം ടച്ച്ഡൗൺ ചെയ്യേണ്ടിടത്തു ചെറിയൊരു കുന്നുണ്ട്. അതു കൂടി ഇടിച്ചുകളയാതെ അവിടെ വിമാനമിറങ്ങില്ല. മുൻപു 2 തവണ വിമാനമിറക്കാൻ ശ്രമിച്ചിട്ടും ഫലിച്ചില്ല. പക്ഷേ, എയർ സ്ട്രിപ് ഉപേക്ഷിച്ചു പോകാനൊന്നും  എൻസിസിക്കു പദ്ധതിയില്ല. നിർമാണം തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. 

റൺവേയുടെ സമീപത്തെ മലകൾക്കു മുകളിൽ, എൻസിസി എയർവിങ് കെഡറ്റുകൾക്ക് താമസിച്ചു പഠിക്കാനായി നിർമിച്ച കെട്ടിടങ്ങളുമുണ്ട്. മേൽക്കൂര പോലും പൂർത്തിയാകാതെ പാതിവഴിയിൽ നിർമാണം നിലച്ച അവ ചുറ്റുമുള്ള ചെറിയ മലകളിലെ പൊന്തക്കാടുകളിൽക്കിടയിൽ പലയിടത്തായി ഒളിച്ചു നിൽക്കുന്നു!

ഇനിയൊന്നു പറക്കാം!

സത്രം എയർ സ്ട്രിപ് കണ്ടപ്പോഴാണ് ബ്രെസ്സയ്ക്കും പറക്കാൻ മോഹമുദിച്ചത്. ഇതുവരെ ചുരങ്ങളും മലകളും മലരികളും താണ്ടിയ ബ്രെസ്സയ്ക്കുമില്ലേ പറക്കാൻ ഉള്ളിൽ മോഹം! അതിനു പറ്റിയ വഴി തമിഴ്നാട്ടിലുണ്ട്. വണ്ടിപ്പെരിയാറിലെത്തി കുമളിയും പിന്നിട്ട് തമിഴ്നാട് അതിർത്തി കടന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തമിഴ്നാട്ടിലേക്കു ജലമെത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പുകളും കണ്ട്, ലോവർക്യാംപും പിന്നിട്ട് ചുരമിറങ്ങിയ ബ്രെസ്സ തമിഴ്നാട് ഈയിടെ നിർമിച്ച അതിമനോഹരമായ നിരപ്പുവഴിയിലേക്കിറങ്ങി. 

Manjumala1
തമിഴ്നാട്ടിലെ സുന്ദര പാത

സത്രം എയർസ്ട്രിപ്പിന്റെ അതേ മാതൃകയിൽ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന വഴി. ഇടവഴിയിലെ ചെറിയ പട്ടണങ്ങൾ ഒഴിവാക്കി സഞ്ചരിക്കാൻ ബൈപാസുകളും നിർമിച്ചിട്ടുണ്ട്. ഇരുവശത്തും തെങ്ങിൻ തോപ്പുകൾ, മുന്തിരിത്തോട്ടങ്ങൾ. വഴിയരികെ ചെറിയ ചായക്കടകളിൽ, തമിഴ് രുചിയുള്ള ബജികളും ലഡുവും മുറുക്കുമെല്ലാം കിട്ടും.

നാട്ടുകോഴി കൊളമ്പും സ്വർണനിറത്തിലുള്ള പൊറോട്ടയും ചൂടോടെ മുന്നിൽവച്ചു തരുന്ന ചെറിയ തട്ടുകടകളാണ് ഈ വഴിയിലെ മറ്റൊരു പ്രലോഭനം.

വേഗം 80 കി.മീ പിന്നിട്ടുവെന്നു മനസ്സിലായത്, വണ്ടിയുടെ വേഗമുന്നറിയിപ്പ് നൽകുന്ന സെൻസർ ബീപ് ചെയ്തപ്പോഴാണ്. ഒരു കുലുക്കം പോലുമില്ലാതെ 100 കി.മീ വേഗവും പിന്നിട്ടു,  ബ്രെസ്സയുടെ കുതിപ്പ്. സ്റ്റിയറിങ് വീലിലോ സ്റ്റെബിലിറ്റിയിലോ ഒരു പ്രശ്നവുമില്ല. അറിയാൻ പോലുമില്ല, വേഗം.

140 കിലോമീറ്ററിലേക്കു കാലു കൊടുത്താലും, വഴി ക്ലീനെങ്കിൽ ബ്രെസ്സ ഇങ്ങനെ തന്നെ പോകുമെന്നതു മാരുതി സുസുക്കിയുടെ ഉറപ്പ്.

അതിനപ്പുറം,  ഈ യാത്ര സഫലമാകാൻ മറ്റെന്തു വേണം! 

English Summary: Manjumala Tourism in Idukki 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}