നീലക്കുറിഞ്ഞി വസന്തം കാണാന്‍ ലെനയെത്തി; വിഡിയോ

Mail This Article
ശാന്തൻപാറ കള്ളിപ്പാറയില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂര്‍വകാഴ്ച കാണാനായി ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇവിടെ നിന്നുള്ള മനോഹരദൃശ്യങ്ങള്‍ നിറയുകയാണ്. അതിനിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ നടി ലെനയും കള്ളിപ്പാറയിലേക്ക് എത്തി. ലൈലാക് നിറത്തില്‍ കുന്നിന്‍ചെരിവാകെ പൂവിട്ടു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്നതിന്‍റെ വിഡിയോ ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇടുക്കിയിലൂടെ ഡ്രൈവ് ചെയ്യുന്ന മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞിടയ്ക്ക് കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുള്ളയനഗിരിയിലും സീതാലായനഗിരിയിലും ബാബാ ബുദ്ധൻഗിരിയിലും നീലക്കുറിഞ്ഞി പൂവിട്ടത് വാർത്തയായിരുന്നു. നിരവധിപേരാണ് ആ മനോഹര കാഴ്ച ആസ്വദിക്കാനായി അവിടേയ്ക്ക് യാത്ര പോയത്.
പന്ത്രണ്ടു വര്‍ഷത്തിന് ശേഷം പൂവിട്ട നീലക്കുറിഞ്ഞിപ്പൂക്കളുടെ കൂടുതല്‍ കാഴ്ചകളും വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കുമെന്ന് ലെന ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.
ശാന്തൻപാറ കള്ളിപ്പാറയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. ശാന്തൻ പാറയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ എന്ന മനോഹരഗ്രാമം. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കള്ളിപ്പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകളും ഹൃദയഹാരിയാണ്. ഇവിടെ നിന്ന് ചതുരംഗപ്പാറയുടെയും തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളുടെയും വിദൂരദൃശ്യം ആസ്വദിക്കാം. ഇതിന് മുൻപ് 2018 ൽ ചിന്നക്കനാൽ കൊളുക്കു മലയിലും 2020ൽ ശാന്തൻപാറ തോണ്ടിമലയിലുമാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്.
നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആർടിസി പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. മൂന്നാർ ഡിപ്പോയിൽ നിന്നു രാവിലെ 9നു ആരംഭിച്ച് ആനയിറങ്കൽ വഴി കള്ളിപ്പാറയിൽ ഉച്ചയ്ക്ക് ഒന്നിനെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് 2 മണിക്കൂർ നേരം മലയിലൂടെ നടന്നു കുറിഞ്ഞിപ്പൂക്കൾ കാണാം. മടക്കം വൈകീട്ട് 3 മണിക്ക് ആരംഭിച്ച്, 6 മണിക്ക് മൂന്നാർ ഡിപ്പോയിൽ മടങ്ങിയെത്തും. 300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കേട്ടറിഞ്ഞ് നീലക്കുറിഞ്ഞി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: Lena Shares Travel Video From Neelakurinji at Kallipara