ലോകത്തെ ആദ്യ പെപ്പർ എക്സ്ചേഞ്ച് കൊച്ചിയിലെ ഈ തെരുവിലാണ്

Mattancherry1
Gilitukha/Istock
SHARE

വെയിലിൽ വാടിക്കിടക്കുന്ന മട്ടാഞ്ചേരി ബസാറിലൂടെ നടക്കുമ്പോൾ ചരിത്രം തൊട്ടുരുമ്മിപ്പോകും. ചുണ്ണാമ്പു വെള്ളത്തിൽ മുക്കിയുണക്കിയ ചുക്കിന്റെയും കുരുമുളകിന്റെയും സുഗന്ധം മൂക്കിലേക്കടിച്ചു കയറും. ഉപ്പു കാറ്റ് നാവിൽ രുചിക്കും. ഒരു വശത്തു കൊച്ചി കായലും മറു വശത്തു തിരക്കേറെയുണ്ടായിരുന്ന റോഡും. ചരിത്രം യാത്രകൾ രേഖപ്പെടുത്താൻ തുടങ്ങിയ കാലം മുതൽ സഞ്ചാരികളുടെ കുറിപ്പിൽ ഇവിടെ പാണ്ട്യാലകളിൽ നിറച്ചുവച്ചിരുന്ന കുരുമുളകിന്റെയും കറുവപ്പട്ടയുടെയും ഏലത്തിന്റെയും വർണനകളുണ്ട്. കാലിയാകാത്ത കലവറകളും നിറഞ്ഞു കവിഞ്ഞ പണപ്പെട്ടികളുമായി ബൗണ്ടറി കനാൽ മുതൽ മട്ടാഞ്ചേരി ബസ് സ്റ്റാൻഡ് വരെ മട്ടാഞ്ചേരി ബസാർ നീണ്ടുകിടന്നു. ചൈനക്കാരും അറബികളും പോർച്ചുഗീസുകാരും ഡച്ച്, ഇംഗ്ലിഷ് വർത്തക പ്രമാണിമാരും കച്ചവടത്തിനു വന്ന ഇൗ തെരുവിൽ നിൽക്കുമ്പോൾ ഒന്നോർക്കുക, 500 വർഷം പഴക്കമുള്ള വാണിജ്യ കേന്ദ്രത്തിലാണു നാം.

മറക്കാതെ കോൽക്കണക്ക്

പാണ്ട്യാലയിൽ നിന്ന് പുറത്തെ മിനി ലോറിയിലേക്കു ചാക്കു കയറ്റുന്ന തൊഴിലാളിയുടെ ചെവിയിൽ പെൻസിൽ പോലൊരു കോൽ. രണ്ടുപേർക്കു മാത്രം കടന്നുപോകാവുന്ന വാതിലിനു മുന്നിൽ ആ കോൽ ശേഖരിക്കാൻ കണക്കപ്പിള്ളയുണ്ട്. ഭാഷയും സംഖ്യാ ഗണിതവും ലോകം മുഴുവൻ ഒരേ രൂപത്തിലാവും മുൻപു കൊച്ചിയിൽ വ്യാപാരത്തിനുപയോഗിച്ച കണക്കാണിത്. കോൽ എണ്ണി നോക്കി, പുറത്തേക്കുപോയ ചാക്കിന്റെ എണ്ണമറിയാം. ഇന്നും ചില കടകളിൽ ആ കണക്കുണ്ട്.

ചരക്കു ലോറികളും കൈവണ്ടികളും ബസാർ റോഡിൽ നിറഞ്ഞകാലം അന്യമായി. പാണ്ടികശാലകൾ ശൂന്യമായി. പലതും ഹോട്ടലുകളും  മ്യൂസിയങ്ങളുമായി .52 രാജ്യങ്ങളുമായി ഇവിടെ നിന്നു കച്ചവടം നടത്തിയിരുന്നതായി ചരിത്ര രേഖകളിലുണ്ട്. കൽവത്തി കനാൽ പാലം മുതൽ ജൂതത്തെരുവു വരെ ഏതാണ്ട് ഇരുന്നൂറോളം ഗോഡൗണുകളുണ്ടായിരുന്നു ബസാറിൽ; നൂറുകണക്കിനു ടൺ ചരക്കു സൂക്ഷിക്കാൻ കഴിയുന്നവ. അതെല്ലാം നാശാവസ്ഥയിലാണ്. എഴുപതുകളുടെ അവസാനം വരെ ബസാർ റോഡിലൂടെ നടക്കാൻപോലും കഴിയാത്ത തിരക്കായിരുന്നു. ഇന്നിപ്പോൾ കുട്ടികൾക്കു കളിസ്ഥലം.

Mattancherry
Credit:Elena Odareeva/Istock

വിരലുകൾ പറഞ്ഞ കണക്ക്

ലോകത്തെ ആദ്യ പെപ്പർ എക്സ്ചേഞ്ച് ഇൗ തെരുവിലാണ്. തോർത്തുകൊണ്ടു കൈ കൂട്ടിക്കെട്ടി വിരലുകൾ കൊണ്ടായിരുന്നു പുരാതന കാലങ്ങളിൽ കച്ചവടക്കണക്ക് ഉറപ്പിച്ചിരുന്നത്. വിൽക്കുന്നവനും വാങ്ങുന്നവനും മാത്രം അറിയുന്ന ഇൗ കണക്ക് ഇല്ലാതായിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളു.

ചരിത്രം നടന്ന വഴി

കാലവർഷത്തിൽപോലും കപ്പലുകൾക്കു സുരക്ഷിതമായി നങ്കൂരമിടാൻ കഴിയുന്ന സ്ഥലമെന്ന നിലയിലാണു കൊടുങ്ങല്ലൂർ തുറമുഖം നശിച്ച ശേഷം കപ്പലുകൾ കൊച്ചിയിലേക്കു വന്നത്. അറബികൾ കോഴിക്കോട്ടു പോയപ്പോൾ ചൈനക്കാർ കൊച്ചിക്കു വന്നു. മട്ടാഞ്ചേരിയോടു ചേർന്നുള്ള കൽവത്തിയിൽ വലിയ തടാകമുണ്ടായിരുന്നു. ആയിരക്കണക്കിനു വലിയ വള്ളങ്ങളും വേണമെങ്കിൽ ചെറു കപ്പലുകളും നങ്കൂരമിടാൻ കഴിയുന്ന സ്ഥലം. പോർച്ചുഗീസുകാർക്കു കോട്ട പണിയാൻ അനുമതി നൽകിയതോടെ ബസാറിൽ വ്യാപാരം പുഷ്ടിപ്പെട്ടു. മണിമലയാർ വഴി കിഴക്കൻ മലകളിലെ സുഗന്ധവ്യഞ്ജനങ്ങൾ കൊച്ചിയിലെത്തി. കിഴക്കുനിന്നുള്ള വ്യാപാരം കോട്ടയം താഴത്തങ്ങാടിയിലാണു കേന്ദ്രീകരിച്ചത്. അവിടെ നിന്നു കൊച്ചിക്കു വള്ളത്തിൽ. കൊടുങ്ങല്ലൂർ, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ നിന്നും ചരക്കുമായി കേവു വള്ളങ്ങൾ വന്നു.

കോട്ട പോലുള്ള പാണ്ട്യാലകൾ

ഓരോ കച്ചവടക്കാരനും ഒരു പാണ്ടികശാല അഥവാ പാണ്ട്യാലയുണ്ടാവും. പുറകുവശത്തു കായലിനഭിമുഖമായി ജെട്ടി. പാണ്ട്യാലയുടെ മുൻവശം റോഡിലേക്കാണു തുറക്കുന്നത്. ഉയരമുള്ള ഭിത്തികൾ, തറയിൽ മരത്തിന്റെ കന ഉരുപ്പടികൾ നിരത്തി ഇൗർപ്പത്തെയും കീടങ്ങളെയും തടയുന്നു. നടുവിലൊരു മുറ്റം. അവിടെയാണ് ഉൽപന്നങ്ങൾ ഉണക്കുന്നതും പൊതിയുന്നതും. പുറം കടലിൽ കപ്പലിൽ വരുന്ന ചരക്കും ഇതുപോലെ വഞ്ചിയിൽ പാണ്ടികശാലയിലേക്കു കൊണ്ടുവരും. ഹാർബർ ടെർമിനസ് വന്നപ്പോൾ ട്രെയിൻ വഴിയും ബസാറിലേക്കു ചരക്കു വന്നു. വ്യാപാരത്തിനു തോണികൾ വന്നടുക്കുന്നതിന് ഇറിഗേഷൻ വകുപ്പിനു ഫീസ് നൽകണമായിരുന്നു. ലൈസൻസ് വേണ്ടെങ്കിലും ആ ജെട്ടിയും ഓഫിസുമെല്ലാം ഇപ്പോഴുമുണ്ട്. മട്ടാഞ്ചേരിയിലേക്കുള്ള ചരക്കിന്റെ നികുതി പിരിക്കാൻ തേവരയിലും ഇടക്കൊച്ചിയിലും ചെക്പോസ്റ്റുകൾ ഉണ്ടായിരുന്നു.

പാലം ചെയ്തത്

റോഡും പാലവും വന്നതോടെ കരമാർഗം ഗതാഗതം മെച്ചപ്പെട്ടു. മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവുകളിലേക്കു ലോറികൾ വരാതായി. കായലിന്റെ കിഴക്കേക്കരയിൽ എറണാകുളം മാർക്കറ്റ് ശക്തിപ്പെട്ടു. ചരക്കുകൾ തുറമുഖത്തു വാർഫിൽ നേരിട്ടിറക്കാമെന്നായി. തൊഴിലാളി സംഘടനയായ ‘സിടിടിയുവിന്റെ 12000 പട’ എന്നു കേട്ടാൽ ഒരു കാലത്തു മട്ടാഞ്ചേരി മാർക്കറ്റ് വിറയ്ക്കുമായിരുന്നു. പിന്നീടു  മട്ടാഞ്ചേരി കലാപത്തിൽ ഗോഡൗണുകൾ കൊള്ളയടിക്കപ്പെട്ടു. ചരക്കുകൾ റോഡിലേക്കു വലിച്ചിട്ടു തീയിട്ടു. പല വ്യപാരികളും കച്ചവടം അവസാനിപ്പിച്ചു. 

പുകഴ്പെട്ട വ്യാപാര കേന്ദ്രമായിരുന്ന മട്ടാഞ്ചേരി ബസാർ മെല്ലെ മാറുകയാണ്. ശിൽപ മ്യൂസിയങ്ങളുടെ പേരിലാണ് ഇന്നു ബസാർ അറിയപ്പെടുന്നത്. നൂറ്റമ്പതിലേറെ ആർട്ട് എംപോറിയങ്ങൾ. കൊച്ചിയുടെ പൗരാണികത തേടി വിദേശികളെത്തുമ്പോൾ ഒറിജിനലും വ്യാജനും വിൽക്കപ്പെടുന്നു. കച്ചവടത്തിന്റെ നേരും നെറിവുമുള്ള ചരിത്രമായിരുന്നു കൊച്ചിയുടെ പെരുമ. ഇൗ തെരുവിലൂടെ നടക്കുമ്പോൾ അതും ഓർമയാവുന്നു.

English Summary: Mattancherry Travel experience 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA